Asianet News MalayalamAsianet News Malayalam

ജില്ലയിലാകെ കമ്മ്യൂണിറ്റികിച്ചന്‍ തയാര്‍; സന്നദ്ധ സേനയും സജ്ജമാക്കി തിരുവനന്തപുരം

73 പഞ്ചായത്തുകളിലും ഇതിന്റെ ഭാഗമായി ഹെല്‍പ്പ് ലൈനും സജ്ജീകരിച്ചിട്ടുണ്ട്. ഇന്ന് ആയിരക്കണക്കിന് ജനങ്ങള്‍ക്കാണ് സംവിധാനം വഴി ഭക്ഷണം ലഭ്യമായത്. പൊതു ഇടങ്ങളിലും ലോഡ്ജുകളിലും കഴിയുന്നവര്‍ക്കും കമ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനം ആരംഭിച്ചതോടു കൂടി ഭക്ഷണം ലഭിച്ചു.

community kitchens starts all over the district in thiruvananthapuram
Author
Thiruvananthapuram, First Published Mar 27, 2020, 7:45 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വ്യാപിക്കുന്നത് കണക്കിലെടുത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ പട്ടിണിയാവാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചന്‍ പദ്ധതി ജില്ലയിലാകെ നടപ്പാക്കി തിരുവനന്തപുരം. തെരുവില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും ഒറ്റയ്ക്ക് കഴിയുന്നവര്‍ക്കും ഭക്ഷണം പാകം ചെയ്യാന്‍ കഴിയാത്ത വയോജനങ്ങള്‍ക്കും വേണ്ടി സൗജന്യമായി ഭക്ഷണം നല്‍കുന്നതിനായി തിരുവനന്തപുരം ജില്ലയിലാകെ കമ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

ജില്ലയിലെ 73 പഞ്ചായത്തുകളിലും ഇതിന്റെ ഭാഗമായി ഹെല്‍പ്പ് ലൈനും സജ്ജീകരിച്ചിട്ടുണ്ട്. ഇന്ന് ആയിരക്കണക്കിന് ജനങ്ങള്‍ക്കാണ് സംവിധാനം വഴി ഭക്ഷണം ലഭ്യമായത്. പൊതു ഇടങ്ങളിലും ലോഡ്ജുകളിലും കഴിയുന്നവര്‍ക്കും കമ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനം ആരംഭിച്ചതോടു കൂടി ഭക്ഷണം ലഭിച്ചു.

കുടുംബശ്രീയുടെ സഹായത്തോടു കൂടിയാണ് എല്ലാ ഇടത്തും കമ്യൂണിറ്റി കിച്ചണ്‍ സജ്ജീകരിച്ചിട്ടുള്ളത്. പഞ്ചായത്തുകള്‍ തയ്യാറാക്കിയ ലിസ്റ്റിലുള്ളവര്‍ക്ക് സൗജന്യമായും അല്ലാതെ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് 20 രൂപ നിരക്കിലാണ് ഭക്ഷണം നല്‍കി വരുന്നത്. വീടും സ്ഥലവും അനുബന്ധ വിവരങ്ങളും നല്‍കിയാല്‍ ഭക്ഷണം വീട്ടിലെത്തിക്കാന്‍ യുവാക്കളുടെ സന്നദ്ധസേനയും പഞ്ചായത്തടിസ്ഥാനത്തില്‍ രൂപീകരിച്ചു കഴിഞ്ഞു,

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 22 മുതല്‍ 40 വയസ്സ് വരെ പ്രായമുള്ളവരെ ഉള്‍പ്പെടുത്തിയാണ് സാമൂഹിക സന്നദ്ധ സേന രൂപീകരിച്ചത്. സാനിറ്റൈസറും മാസ്‌ക്കും അടക്കമുള്ള മുന്‍കരുതലോടെയാകും ഭക്ഷണവിതരണം. ഇന്നു രാവിലെ വിതുരയിലെ ഐസറില്‍ പ്രവര്‍ത്തിക്കുന്ന ലേബര്‍ ക്യാമ്പിലെ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണമൊരുക്കിയ ആദ്യ കിച്ചണും നന്ദിയോട് ഗ്രാമപഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചണും  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു സന്ദര്‍ശിച്ച് വേണ്ട നിര്‍ദ്ദേശം നല്‍കി. ജില്ലാ പഞ്ചായത്തിന്റെ പാഥേയം പദ്ധദിയുടെ ഭാഗമായി 6000 പേര്‍ക്ക് ഇതു കൂടാതെ ഭക്ഷണമെത്തിച്ചു വരുന്നുണ്ട്.

Follow Us:
Download App:
  • android
  • ios