കോഴിക്കോട്: കൊവിഡ് 19 ജാഗ്രതാക്കാലത്തും സുരക്ഷിത മാര്‍ഗ്ഗങ്ങളിലൂടെ മാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനും ഫലപ്രദമായ നടപടികളുമായി ഹരിതകേരളം മിഷന്‍. കൊറോണ വൈറസ് രോഗബാധയുടെ വ്യാപനത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് മാലിന്യ നീക്കവും സംസ്‌കരണവും ഭാഗികമായി തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. 

പ്രത്യേക പരിശീലനം നല്‍കിയ ഹരിതകര്‍മ്മ സേനാംഗങ്ങളാണ് മാലിന്യ ശേഖരണം നടത്തുന്നത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ് അനുസരിച്ചാണ് കൊവിഡ് കേന്ദ്രങ്ങളില്‍ നിന്ന് ശേഖരിക്കുന്നതുള്‍പ്പെടെയുള്ള മാലിന്യം കൈകാര്യം ചെയ്യുന്നത്. 

ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും 0.5 ശതമാനം ബ്ലീച്ചിംഗ് ലായനിയോ ഒരു ശതമാനം സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ലായനിയോ ഉപയോഗിച്ച് അണുവിമുക്തമാക്കിയാണ് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നത്. കമ്യൂണിറ്റി കിച്ചണുകളിലെ ജൈവ അജൈവ മാലിന്യങ്ങളും ശാസ്ത്രീയമായി തന്നെ സംസ്‌കരിക്കുന്നുണ്ടെന്ന് ഹരിതകര്‍മ്മസേന ഉറപ്പുവരുത്തുന്നുണ്ട്. അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിലെ മാലിന്യങ്ങളും ഉറവിടത്തില്‍  ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഏകോപനവും ഹരിതകേരളം മിഷന്‍ നിര്‍വഹിക്കുന്നുണ്ട്. 

കൊവിഡ് ജാഗ്രതാക്കാലത്ത് മാലിന്യ സംസ്‌കരണം സുഗമമാക്കുന്നതിനായി ഹരിതകേരളം മിഷന്‍ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ജൈവ മാലിന്യങ്ങള്‍ അതതിടങ്ങളില്‍ കുഴി കമ്പോസ്റ്റ് / ബയോകമ്പോസ്റ്റ് / തുമ്പൂര്‍മുഴി കമ്പോസ്റ്റിംഗ് ഇവയിലേതെങ്കിലും മാതൃകയില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാവുന്നതാണ്. കമ്മ്യൂണിറ്റി കിച്ചണുകളില്‍ നിന്നും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വാഴയിലയിലോ അലൂമിനിയം ഫോയിലിലോ പാക്ക് ചെയ്ത് നല്‍കുന്നതാണ് ഉചിതം. നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഇതിനായി ഉപയോഗിക്കുന്നത് തീര്‍ത്തും ഒഴിവാക്കണം. 

അജൈവ മാലിന്യം നീക്കം ചെയ്യാന്‍ പറ്റാത്ത സാഹചര്യത്തില്‍ അതാതിടങ്ങളിലെ മെറ്റീരിയല്‍ കളക്ഷന്‍ കേന്ദ്രങ്ങളില്‍ ശേഖരിച്ച് സൂക്ഷിക്കണം. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിന്റെ ഭാഗമായും അജൈവ മാലിന്യത്തിന്റെ അളവ് കൂടാന്‍ സാധ്യതയുള്ളതിനാല്‍ അത്തരം മാലിന്യങ്ങളും അതാതിടങ്ങളില്‍  തരംതിരിച്ച് സൂക്ഷിക്കണം.

ലോക്ഡൗണ്‍ തീരുന്ന മുറയ്ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ മാലിന്യനീക്കം ഉറപ്പാക്കാനുള്ള പദ്ധതി നടപ്പാക്കാനാണ് ഹരിതകേരളം മിഷന്‍ ശ്രമിക്കുന്നത്. ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി തുടങ്ങിയ മഴക്കാല രോഗങ്ങള്‍ക്കെതിരെയുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം സംഘടിപ്പിക്കും. ഫോണ്‍ : 0471 2449939, ഇമെയില്‍: