വയനാട്: കൊവിഡ് 19 ഭീതിയില്‍ കവലകള്‍ നിശ്ചലമായതോടെ ദുരിതത്തിലായിരിക്കുകയാണ് സംസ്ഥാനത്തെ ലോട്ടറി വില്‍പ്പനക്കാർ. ശാരീരിക പരിമിതികളെയടക്കം അതിജീവിച്ച് പലരും ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ പാടുപെടുന്നതിനിടെ ലോട്ടറി വില്‍പ്പന താല്‍കാലികമായി നിർത്താനും തീരുമാനിച്ചത് വലിയ തിരിച്ചടിയായി. രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ലോട്ടറി വില്‍പന ഈമാസം നിർത്തിവയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. സംസ്ഥാനത്തെ ആയിരക്കണക്കിന് ലോട്ടറി വില്‍പനക്കാരുടെ ആകെയുള്ള വരുമാനവും ഇതോടെ നിലച്ചു.

മാർച്ച് 31 വരെയുള്ള നറുക്കെടുപ്പും സർക്കാർ  നിർത്തിവച്ചു. മാർച്ച് 22 മുതൽ 31 വരെ നറുക്കെടുക്കേണ്ട പൗർണമി ആർഎൻ 435, വിൻവിൻ ഡബ്ല്യു 557, സ്ത്രീശക്തി എസ്എസ് 202, അക്ഷയ എകെ 438, കാരുണ്യ പ്ലസ് കെഎൻ 309, നിർമൽ എൻആർ 166, കാരുണ്യ കെആർ 441, പൗർണമി ആർഎൻ 436, വിൻവിൻ ഡബ്ല്യു 558, സ്ത്രീശക്തി എസ്എസ് 203, സമ്മർ ബമ്പർ ബിആർ 72 എന്നിവയുടെ നറുക്കെടുപ്പ് ഏപ്രിൽ അഞ്ച് മുതൽ 14 വരെയുള്ള ദിവസങ്ങളിൽ നടത്തും. ഏപ്രിൽ ഒന്ന് മുതൽ 14 വരെയുള്ള എല്ലാ ഭാഗ്യക്കുറികളും റദ്ദാക്കിയിട്ടുണ്ട്.