Asianet News MalayalamAsianet News Malayalam

പെരുമ്പാവൂരിൽ നിരോധിത ലഹരിവസ്തുക്കൾ സുലഭം; കുറ്റകൃത്യങ്ങൾ പെരുകിയിട്ടും അനങ്ങാതെ എക്സൈസും പൊലീസും

പെരുമ്പാവൂർ നഗരമധ്യത്തിലുള്ള റോഡരികില്‍, എക്സൈസ് സിഐ ഓഫീസിന്‍റെ മൂക്കിന് താഴെയാണ് അനധികൃത പുകയില കച്ചവടം നടക്കുന്നത്.

drugs available crime rate increasing report
Author
Kochi, First Published Nov 29, 2019, 8:11 AM IST

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികൾ ഏറെയുള്ള പെരുമ്പാവൂരിൽ റോഡരികിൽ പരസ്യമായി നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നു. എക്സൈസ് ഓഫീസിന് തൊട്ടടുത്ത് പെരുവഴിയിൽ നടക്കുന്ന നിയമലംഘനം നിയമപാലകർ കണ്ടമട്ടില്ല. ഏഷ്യാനെറ്റ് ന്യൂസ് സംഘം നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവിന്‍റെയും നിരോധിത പുകയില ഉൽപ്പന്നങ്ങളുടെയും സുലഭമായ ലഭ്യത കണ്ടെത്തിയത്.

ലഹരി ഉപയോഗിച്ച ശേഷം ഇതരസംസ്ഥാന തൊഴിലാളി, നഗരത്തിൽ യുവതിയെ ബലാത്സംഘം ചെയ്ത ശേഷം കൊലപ്പെടുത്തിയത് കഴിഞ്ഞ ദിവസം രാത്രിയാണ്. ലഹരി ഉപയോഗിച്ച ശേഷമാണ് പ്രതി ഉമർ കൊലപാതകം നടത്തിയതെന്ന് പുറത്തുവന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. പെരുമ്പാവൂർ നഗരമധ്യത്തിലുള്ള റോഡരികില്‍, എക്സൈസ് സിഐ ഓഫീസിന്‍റെ മൂക്കിന് താഴെയാണ് അനധികൃത പുകയില കച്ചവടം നടക്കുന്നത്. സംസ്ഥാനത്ത് നിരോധിച്ച പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതിൽ അധികവും ഇതര സംസ്ഥാനക്കാരാണ്. വാങ്ങുന്നവരിൽ നാട്ടുകാർക്കൊപ്പം ഇതര സംസ്ഥാന തൊഴിലാളികളും ഏറെയാണ്.

ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പല റോഡുകളിലും ഈ കച്ചവടം വ്യാപകമാണ്. ഇരുപത് രൂപയാണ് ഒരു പാക്കറ്റിന് വില ഈടാക്കുന്നത്. ഒരു പരിചയവുമില്ലാത്ത ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിനും ഇവിടെ നിന്നും പുകയില ഉൽപ്പന്നങ്ങൾ കിട്ടി.സാധനങ്ങൾ കടത്തിക്കൊണ്ട് വരുന്നതും അയൽ സംസ്ഥാനങ്ങളിൽ നിന്നാണ്. പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറികളിലും മറ്റും ജോലി ചെയ്യുന്ന തൊഴിലാളികളെ ലക്ഷ്യമിട്ട് ലക്ഷക്കണക്കിനു പാക്കറ്റ് പുകയിലയാണ് ആഴ്ചതോറും ഇവിടെ എത്തിക്കുന്നത്. പരാതി വ്യാപകമാകുമ്പോൾ എക്സൈസ് പരിശോധന നടത്തി പേരിന് കുറച്ച് പിടികൂടും.  ലഹരി കൂട്ടാൻ പല വിധത്തിലുള്ള പരീക്ഷണങ്ങളാണ് ഇവിടുത്തെ തൊഴിലാളികൾ നടത്തുന്നത്.

പുകയില ഉൽപ്പന്നങ്ങൾക്കൊപ്പം കഞ്ചാവും ഇവിടെ ആവശ്യക്കാർക്ക് യഥേഷ്ടം കിട്ടും.  പൊലീസും എക്സൈസും പരിശോധന കർശമനാക്കിയില്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗിച്ച ശേഷമുള്ള കുറ്റകൃത്യങ്ങൾ പെരുമ്പാവൂരില്‍ ഇനിയും പെരുകും.

Follow Us:
Download App:
  • android
  • ios