കോഴിക്കോട്: ലോക്ക് ഡൗണില്‍ വീട്ടില്‍ അകപ്പെട്ടവര്‍ക്ക് ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ വീടുകളില്‍ എത്തിക്കാന്‍ മൊബൈല്‍ ആപ്പുമായി ഡിവൈഎഫ്ഐ കോഴിക്കോട് ജില്ല കമ്മിറ്റി. 'ഗെറ്റ് എനി'  [GetanY] എന്ന പേരുള്ള ആപ്പ് കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലാണ് ഇപ്പോള്‍ സേവനം ലഭ്യമാക്കുന്നത്. 

കോർപ്പറേഷൻ പരിധിയിൽ 15 കേന്ദ്രങ്ങളിലായി 10 പ്രവർത്തകർ വീതം (150 പ്രവർത്തകർ എല്ലാ സമയവും ഈ ആപ്പിലൂടെ അവശ്യവസ്തുക്കൾ വിതരണം ചെയ്യാനായി ഉണ്ടാവും. ആപ്പ് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ് പുറത്തിറക്കി. ഡിവൈഎഫ്ഐ കോഴിക്കോട് ജില്ല സെക്രട്ടറി വി.വസീഫ്, ആപ്പ് നിര്‍മ്മാതാവ് ജംഷിദ് തുടങ്ങിയവര്‍ പങ്കെടുത്തു.

കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തുടക്കം മുതല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും വേണ്ട മുന്‍ കരുതലുകളുമെടുത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ജില്ലയിലുട നീളം അവശ്യസാധനങ്ങളും മരുന്നുകളും എത്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്.

ഡിവൈഎഫ്ഐ സന്നദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി ഐ.ടി മേഖലയിലെ യുവ സംരംഭകരായ അരുൺ രാജ്, രാജു ജോർജ്ജ്, ജംഷിദ്  എന്നിവരാണ് ഈ സേവനത്തിന് പിന്നിൽ പ്രവർത്തിച്ചത്. ജനങ്ങൾക്ക് www.getanyapp.com എന്ന വെബ്‌സൈറ്റ് വഴിയും ഗൂഗിൾ പ്ലേ-സ്റ്റോറിൽ നിന്ന് നേരിട്ടും ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം(https://play.google.com/store/apps/details?id=com.geteat.user).