Asianet News MalayalamAsianet News Malayalam

പ്രളയത്തില്‍ തകര്‍ന്ന റോഡിന്റെ നിര്‍മ്മാണം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞതായി പരാതി

സംസ്ഥാനത്തെ പച്ചക്കറികലവറയായ വട്ടവടയിലേക്ക് പോകുന്ന ദേശീയപാതയാണ് വനംവകുപ്പിന്റെ എതിര്‍പ്പുമൂലം പണികള്‍ ആരംഭിക്കാന്‍ കഴിയാതെ കിടക്കുന്നത്. 

forest officers allegedly blocked the construction works of roads in flooded area of munnar
Author
Idukki, First Published Jan 23, 2020, 10:09 PM IST

ഇടുക്കി: വിനോദസഞ്ചാരികളും ആയിരക്കണക്കിന് തോട്ടംതൊഴിലാളികളും യാത്ര ചെയ്യുന്ന മൂന്നാര്‍-വട്ടവട റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞതായി പരാതി. പ്രളയത്തില്‍ തകര്‍ന്നതാണ് ഈ റോഡുകള്‍. പണികള്‍ തുടരാന്‍ അനുവധിച്ചില്ലെങ്കില്‍ സി.പി.ഐയുടെ നേത്യത്വത്തില്‍ റോഡ് ഉപരോധസമരമടക്കം നടത്തുമെന്ന് പാര്‍ട്ടി അസി. സെക്രട്ടറി കാമരാജ് പറഞ്ഞു. 

സംസ്ഥാനത്തെ പച്ചക്കറികലവറയായ വട്ടവടയിലേക്ക് പോകുന്ന ദേശീയപാതയാണ് വനംവകുപ്പിന്റെ എതിര്‍പ്പുമൂലം പണികള്‍ ആരംഭിക്കാന്‍ കഴിയാതെ കിടക്കുന്നത്. 2018ലുണ്ടായ കനത്തമഴയില്‍ പച്ചക്കാട് എസ്റ്റേറ്റിന്റെ മലയുടെ ഒരുഭാഗം ഇടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. ഇതോടെ റോഡിന്റെ ഒരുഭാഗം പൂര്‍ണ്ണമായി ഇടിഞ്ഞു. ഇരുവാഹനങ്ങള്‍ കടന്നുപോയിരുന്ന റോഡിലൂടെ നിലവില്‍ കഷ്ടിച്ച് ഒരുവാഹനം മാത്രമാണ് കടന്നുപോകുന്നത്. 

മാസങ്ങളോളം തകര്‍ന്നുകിടന്ന റോഡിന്റെ സംരക്ഷണഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഫണ്ട് അനുവധിച്ച് നിര്‍മ്മാണം ആരംഭിച്ചെങ്കിലും വനഭൂമിയാണെന്ന് ആരോപിച്ച് പണികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് സി.പി.ഐ അസി. സെക്രട്ടറി കാമരാജ് വ്യക്തമാക്കി. പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ റോഡ് ഉപരോധമടക്കമുള്ള സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാര്‍ സന്ദര്‍ശനത്തിനെത്തുന്ന ഭൂരിഭാഗം സഞ്ചാരികളും എക്കോ പോയിന്റ്, കുണ്ടള, ടോപ് സ്റ്റേഷന്‍ ഭാഗങ്ങളിലേക്ക് ഇതുവഴിയാണ് യാത്ര ചെയ്യുന്നത്. റോഡ് തകര്‍ന്ന കിടക്കുന്നതുമൂലം ഒരു നിരയായി മാത്രമാണ് വാഹനങ്ങള്‍ കടന്നു പോകുന്നത്. വിനോദ സഞ്ചാരികളുടെ തിരക്കുള്ള സമയത്ത് മണിക്കൂറുകളുടെ ഗതാഗതക്കുരുക്കാണ് മേഖലയില്‍ അനുഭവപ്പെടുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നോടിയായി പണികള്‍ ആരംഭിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വട്ടവടയടക്കമുള്ള ഭാഗങ്ങള്‍ ഒറ്റപ്പെടും. കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന പച്ചക്കറിയുടെ വരവും നിലയ്ക്കും.

Follow Us:
Download App:
  • android
  • ios