മലപ്പുറം: ബി.ജെ.പി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നതിന്‍റെ വിരോധത്തില്‍ ബുള്ളറ്റ്  ബൈക്ക് തീവെച്ചു നശിപ്പിച്ചതായി പരാതി.മലപ്പുറം പരപ്പനങ്ങാടി കോട്ടത്തറയിലെ സുബിജിത്തിന്‍റെ ബുള്ളറ്റ് ബൈക്കാണ് കത്തിച്ചത്.

സി.പി.എം പ്രവര്‍ത്തകനാണ് കൃഷ്ണൻകുട്ടി.അദ്ദേഹത്തിന്‍റെ രണ്ട് ആൺമക്കളും സുബിജിത്തും സുകൃജിത്തും ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരായിരുന്നു.കഴി‍ഞ്ഞ വര്‍ഷം ഇരുവരും ബി.ജെ.പി വിട്ട് സി.പി.എം പ്രവര്‍ത്തകരായി. അന്നുമുതല്‍  സ്ഥലത്തെ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍  ഭീഷണിയുമായി പിന്നാലെയുണ്ടെന്ന് സുബിജിത്ത് പറഞ്ഞു.

"

കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് സഹോദരൻ സുകൃജിത്തിനെ അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു. പിന്നാലെയാണ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റ് ബൈക്ക് കത്തിച്ചത്. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. പരപ്പനങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പ്രതികളെക്കുറിച്ച് സൂചന കിട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.എന്നാല്‍ ആക്രമണം ശ്രദ്ധയില്‍പെട്ടില്ലെന്നും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടാവാനുള്ള സാധ്യതയില്ലെന്നും ബി.ജെ.പി ജില്ലാ നേതൃത്വം വ്യക്തമാക്കി.