Asianet News MalayalamAsianet News Malayalam

ഒരിറ്റ് ശുദ്ധജലമില്ല; പ്രളയബാധിത പ്രദേശങ്ങള്‍ നെട്ടോട്ടത്തില്‍

മ്പുകളില്‍ നിന്ന് വീടുകളിലേക്ക് തിരിച്ചത്തിയതോടെ കുടിക്കാനോ കുളിക്കാനോ പോലും വെള്ളമില്ലാത്ത ഗതികേടിലാണ് പ്രളയബാധിത മേഖലകളിലെ ജനങ്ങള്‍. പലയിടങ്ങളിലും വാട്ടര്‍ അതോറിറ്റി പൈപ്പുകള്‍ ചെളി കയറി അടഞ്ഞ നിലയിലാണ്

fresh water crisis in ernakulam district
Author
Kochi, First Published Aug 25, 2018, 6:41 AM IST

കൊച്ചി: എറണാകുളത്തെ പ്രളയബാധിത മേഖലകളില്‍ ശുദ്ധജല ക്ഷാമം രൂക്ഷമായി തുടരുന്നു. വെള്ളപ്പാച്ചിലില്‍ തകര്‍ന്ന ജലവിതരണ പൈപ്പുകള്‍ മാറ്റി സ്ഥാപിച്ചാല്‍ മാത്രമേ ഈ മേഖലയില്‍ ജല വിതരണം തുടങ്ങാനാകൂ. വാട്ടര്‍ ടാങ്കറുകളില്‍ വെള്ളം എത്തിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നതെങ്കിലും ഭൂരിഭാഗം പ്രദേശങ്ങളിലും നടപ്പായിട്ടില്ല.

ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് തിരിച്ചത്തിയതോടെ കുടിക്കാനോ കുളിക്കാനോ പോലും വെള്ളമില്ലാത്ത ഗതികേടിലാണ് പ്രളയബാധിത മേഖലകളിലെ ജനങ്ങള്‍. പലയിടങ്ങളിലും വാട്ടര്‍ അതോറിറ്റി പൈപ്പുകള്‍ ചെളി കയറി അടഞ്ഞ നിലയിലാണ്. ബദല്‍ മാര്‍ഗമായി വാട്ടര്‍ ടാങ്കറുകളില്‍ വെള്ളം എത്തിക്കുമെന്ന ജല അതോറിറ്റിയുടെ അറിയിപ്പും പാഴായി.

മറ്റു വഴികള്‍ അടഞ്ഞതോടെ പ്രദേശവാസികള്‍ തന്നെ ഓട്ടോറിക്ഷയില്‍ ശേഖരിച്ച് കൊണ്ടുവരുന്ന വെള്ളം മാത്രമാണ് ആശ്വാസം. വീടുകളിലെ ചെളി വൃത്തിയാക്കാന്‍ പോലും കിണറ്റിലെ മലിന വെള്ളമാണ് ഉപയോഗിക്കുന്നത്. കിണര്‍ വൃത്തിയാക്കാന്‍ പ‌ഞ്ചായത്തില്‍ നിന്ന് നല്‍കിയത് ക്ലോറിന്‍ മാത്രം. കിണറ്റിലെ വെള്ളം ഉപയോഗിച്ച് കുളിച്ചവരില്‍ പലര്‍ക്കും ചൊറിച്ചില്‍ അനുഭവപ്പെടുന്നുണ്ട്.

ശുദ്ധജല സ്രോതസ്സുകള്‍ തന്നെ ഇല്ലാതായതോടെ സ്വകാര്യ കുടിവെള്ള വിതരണ ഏജന്‍സികളും ബുദ്ധിമുട്ടിലായി. എന്നാല്‍, ശുദ്ധജല വിതരണം കാര്യക്ഷമമാക്കാനുള്ള അടിയന്തിര നടപടികള്‍ ആരംഭിച്ചതായി വാട്ടര്‍ അതോറിറ്റി വ്യക്തമാക്കി. പൈപ്പുകളിലെ ചെളി നീക്കാനുള്ള നടപടി തുടങ്ങിയെന്നും എത്രയും വേഗം ശുദ്ധജല വിതരണം പുനസ്ഥാപിക്കുമെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു. 

Follow Us:
Download App:
  • android
  • ios