കൊണ്ടോട്ടി: സ്വർണ്ണക്കടത്തിന് പുതിയ തന്ത്രങ്ങൾ മെനഞ്ഞ് കള്ളക്കടത്ത് മാഫിയ. ഈത്തപ്പഴത്തിനകത്തും ചോക്ലേറ്റിനുള്ളിലും ഒളിപ്പിച്ച 3.5 ലക്ഷം രൂപക്കുള്ള 90 ഗ്രാം സ്വർണത്തിന് പുറമെ ഷൂവിനകത്തും വസ്ത്രത്തിനുള്ളിലും ഒളിപ്പിച്ച് കടത്തിയ സ്വർണ്ണവും കസ്റ്റംസ് ഇന്റലിജൻറ്‌സ് വിഭാഗം പിടികൂടി. 

രണ്ട് പേരിൽ നിന്നായി 13 ലക്ഷം രൂപയുടെ സ്വർണ്ണമാണ് ശനിയാഴ്ച പിടികൂടിയത്. വയനാട് പെരിയ സ്വദേശി അബൂബക്കറാണ് ഈത്തപ്പഴത്തിനകത്തും ചോക്ലേറ്റിനകത്തും ഒളിപ്പിച്ച് സ്വർണ്ണം കടത്തിയത്. കാസർകോട് സ്വദേശി മുഹമ്മദ് കാസിമാ (27)ണ് ഷൂവിനുള്ളിലും വസ്ത്രത്തിനുള്ളിലായും 178 ഗ്രാം സ്വർണ്ണം കടത്തിയത്. ഇതിന്  9.2ലക്ഷം രൂപ വില വരും. രണ്ട് പേരും ദുബൈയിൽ നിന്നാണ് എത്തിയിരുന്നത്.