Asianet News MalayalamAsianet News Malayalam

എറണാകുളം ജില്ലയില്‍ നാളെ 'യെല്ലോ' അലര്‍ട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ജില്ലയില്‍ നാളെ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും മഴ ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്താണ്  അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

heavy rain holiday for educational institutions in ernakulam
Author
Kochi, First Published Aug 13, 2019, 3:53 PM IST

കൊച്ചി: എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും (ആഗസ്റ്റ് 14) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ നാളെ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും മഴ ശക്തമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് ബുധനാഴ്ചയും അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. സിബിഎസ്ഇ, ഐസിഎസ്ഇ, ഐസ്ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. പരീക്ഷകള്‍ സംബന്ധിച്ച് സര്‍വകലാശാലകളും പിഎസ്‍സിയും അടക്കം പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ളവരുടെ അറിയിപ്പുകളാണ് പാലിക്കേണ്ടതെന്ന് കളക്ടര്‍ അറിയിച്ചു.

അവധി ആഘോഷിക്കാൻ കുളത്തിലേക്കും പുഴയിലേക്കും കുട്ടികള്‍ പോകാതിരിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ നിര്‍ദ്ദേശം നല്‍കി. മുൻകരുതൽ നടപടി എന്ന നിലയ്ക്ക് മാത്രമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്നും നിലവിൽ പരിഭ്രാന്തരാകേണ്ട യാതൊരു സാഹചര്യവും ജില്ലയിലില്ലെന്നും കളക്ടര്‍ വ്യക്തമാക്കി. 

മുന്നൊരുക്കങ്ങൾ ജനങ്ങളുടെ സുരക്ഷക്കുവേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാണമെന്നും പൂര്‍വ്വസ്ഥിതിയിലേക്ക് നാടിനെ മടക്കിക്കൊണ്ടുവരാന്‍ എല്ലാവരുടെയും സഹായസഹകരണങ്ങള്‍ ഉണ്ടാകണമെന്നും കളക്ടര്‍ ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചു.

Follow Us:
Download App:
  • android
  • ios