പുല്‍പ്പള്ളി: കോളനിവാഴ്ചയുടെ കാലത്തിന്റെ അവശേഷിപ്പായി നിന്ന സ്രാമ്പി അധികൃതരുടെ അവഗണനക്കൊടുവില്‍ നിലംപൊത്തി. പുല്‍പ്പള്ളിക്കടുത്ത പാക്കം എന്ന പ്രദേശത്ത് 1886 ല്‍ ബ്രിട്ടീഷുകാരാണ് സ്രാമ്പി പണി കഴിപ്പിച്ചത്. ഇന്നലെയുണ്ടായ കനത്ത കാറ്റിലും മഴയിലുമാണ് സ്രാമ്പി നിലംപൊത്തിയത്. ബ്രിട്ടീഷ് അധികാരികളുടെ സുഖവാസത്തിനും വനം മേല്‍നോട്ടത്തിനും മൃഗവേട്ടക്കുമൊക്കെയാണ് സ്രാമ്പി പണി കഴിപ്പിച്ചത്. 

ബ്രിട്ടീഷ് ഭരണകാലത്തിന്റെ അവശേഷിപ്പിക്കുകളായി നില്‍ക്കുന്ന സ്രാമ്പി സംരക്ഷിക്കണമെന്ന് പല തവണ ചരിത്ര അധ്യാപകരടക്കമുള്ള നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാത്തതിനാലാണ് ചരിത്ര സ്മാരകം തകര്‍ന്നതെന്ന ആരോപണം ശക്തമാണ്. അതേ സമയം സ്രാമ്പിയുടെ അവശിഷ്ടങ്ങള്‍ നശിച്ച് പോവാത്ത രീതിയില്‍ സുരക്ഷിതമായി സൂക്ഷിച്ചു വെയ്ക്കാന്‍ തീരുമാനിച്ചതായി ചെതലയം വനംവകുപ്പ് റെയ്ഞ്ച് ഓഫീസര്‍ ടി. ശശികുമാര്‍ അറിയിച്ചു.

സ്രാമ്പിയെന്ന വാക്ക് കന്നഡയില്‍ നിന്നെത്തിയതാണെന്ന് പറയപ്പെടുന്നു. ഇംഗ്ലീഷ് ഭാഷയില്‍ ഹട്ട് എന്നാണ് ഇതിനര്‍ഥം. പൂര്‍ണമായും തേക്കിന്‍ മരത്തില്‍ തീര്‍ത്ത കെട്ടിടത്തിന്റെ ഒന്നാംനിലയിലാണ് താമസസൗകര്യമുണ്ടായിരുന്നത്. താഴെനിന്നും പടികളും പണിതിട്ടുണ്ട്. 19-ാം നൂറ്റാണ്ടിലെ ബ്രിട്ടീഷുകാരുടെ കെട്ടിടനിര്‍മാണ വൈദഗ്ധ്യം അതിശയിപ്പിക്കുന്നതായിരുന്നു. അക്കാലത്ത് വൈസ്രോയിമാരും പ്രഭുക്കന്മാരും ഇവിടെയെത്തി താമസിച്ചുണ്ടെന്ന് പറയപ്പെടുന്നു. അക്കാലത്ത് ജില്ലയുടെ പലഭാഗങ്ങളിലും വനത്തിനുള്ളില്‍ ഇത്തരത്തില്‍ കെട്ടിടങ്ങള്‍ ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയിട്ടുണ്ട്. 

മുത്തങ്ങ, തോല്‍പെട്ടി, ബാവലി തുടങ്ങിയ സ്ഥലങ്ങളിലാണ് മറ്റുസ്രാമ്പികള്‍ പണിതിരിക്കുന്നത്. ഇവയില്‍ ഏറ്റവുമധികം അവഗണന നേരിട്ടിരുന്നത് പാക്കം സ്രാമ്പിയായിരുന്നു. മറ്റുസ്രാമ്പികളിലാകട്ടെ വനംവകുപ്പിന്റെ മേല്‍നോട്ടത്തില്‍ വിനോദസഞ്ചാരികള്‍ക്ക് താമസസൗകര്യവും മറ്റുമൊരുക്കി സംരക്ഷിച്ചുപോരുന്നുണ്ട്. നൂറ്റാണ്ടിന്റെ പഴക്കമുള്ള ഈ സ്മാരകത്തിന്റെ കഴുക്കോലും തൂണുകളും സംരക്ഷിക്കപ്പെടാതെ ചിതലരിച്ച് നാശത്തിന്റെ വക്കിലായിരുന്നു. കാലങ്ങളെ അതിജീവിച്ച സ്രാമ്പിയിലെ ഉരുപ്പടികളും കാണാനുണ്ടായിരുന്നില്ല.  

2013-ല്‍ കെ.ബി. ഗണേഷ് കുമാര്‍ വനംമന്ത്രിയായിരുന്നപ്പോള്‍ ഇക്കോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്രാമ്പി വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവെച്ചതോടെ ഈ പദ്ധതിയും പെരുവഴിയിലായി. പിന്നീട് ഇതുവരെ സ്രാമ്പിയുടെ പുനരുദ്ധാരണത്തിനായി ഒരുതരത്തിലുള്ള പ്രവര്‍ത്തനങ്ങളും ബന്ധപ്പെട്ട വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നില്ല. സ്രാമ്പിയുടെ കാവലിനായി ഒരാളെ നിയോഗിച്ചതല്ലാതെ നൂറ്റാണ്ടിന്റെ പ്രൗഢിയോടെ വയനാട്ടിലെ ബ്രിട്ടീഷ് അധിനിവേശ ചരിത്രത്തിന്റെ നേര്‍ക്കാഴ്ചയായ അധികൃതര്‍ പാടെ അവഗണിച്ചില്ലാതാക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.