Asianet News MalayalamAsianet News Malayalam

സമൂഹമാധ്യമങ്ങളിലൂടെ വർഗീയ പ്രചരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് മലപ്പുറം ജില്ലാകളക്ടര്‍

പ്രതിഷേധത്തിന് അനുമതി നിൽകുമ്പോൾ നിലവിലുള്ള നിബന്ധനകൾ കർശനമായി പാലിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു...

If someone makes communal campaign through social media will punished, says collector Malappuram
Author
Malappuram, First Published Jan 20, 2020, 11:34 PM IST

മലപ്പുറം: സമൂഹമാധ്യമങ്ങളിലൂടെ വർഗീയ പ്രചരണം നടത്തുന്നവർക്കെതിരെ ഐ.ടി ആക്ട് പ്രകാരം ശക്തമായ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്. നാട്ടിൽ സമാധാനവും സ്വൈര്യജീവിതവും ഉറപ്പു വരുത്തുന്നതിന് എല്ലാവരും സഹകരിക്കണമെന്നും കലക്ടർ ജാഫർ മലിക് പറഞ്ഞു. കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള റോഡുകളിൽ ഗതാഗത തടസ്സം ഉണ്ടാക്കുന്ന തരത്തിൽ പ്രതിഷേധ പ്രകടനങ്ങൾ ഒഴിവാക്കണം. പ്രതിഷേധങ്ങൾ പൊതുനിരത്തുകളിൽ ഒഴിവാക്കണമെന്നും  അതിനായി കഴിവതും മൈതാനങ്ങൾ തെരഞ്ഞെടുക്കണമെന്നും കലക്ടർ അഭ്യർഥിച്ചു. പ്രതിഷേധത്തിന് അനുമതി നിൽകുമ്പോൾ നിലവിലുള്ള നിബന്ധനകൾ കർശനമായി പാലിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു. 

വർഗീയ ധ്രുവീകരണത്തിനും സാമുദായിക സംഘർഷത്തിനും വഴിവയ്ക്കുന്ന നീക്കങ്ങൾ തടയാൻ രാഷ്ട്രീയ കക്ഷികളുടേയും മതസംഘടനകളുടേയും പിന്തുണയുണ്ടാകണമെന്നും ജനാധിപത്യ മാർഗത്തിലുള്ള പ്രതിഷേധങ്ങളെ ഒരു രീതിയിലും തടയില്ലെന്നും എന്നാൽ മറ്റു മതസ്ഥരുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന നടപടികൾ ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. 

ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് താലൂക്ക് തലത്തിൽ രാഷ്ട്രീയപാർട്ടികളുടേയും മതസംഘടനാ നേതാക്കളുടേയും യോഗം വിളിക്കും. ബസ് ഓപ്പറേറ്റേഴ്‌സ് സംഘടനാഭാരവാഹികൾ, വ്യാപാര സംഘടനാ പ്രതിനിധികൾ തുടങ്ങിയവരെയും യോഗത്തിൽ പങ്കെടുപ്പിക്കും. കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

Follow Us:
Download App:
  • android
  • ios