അമ്പലപ്പുഴ: അമ്മയും കാമുകനും ചേർന്ന് മർദ്ദിച്ച മൂന്ന് വയസുകാരന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് ആശുപത്രി അധികൃതർ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം പുതുവൽ മോനിഷയുടെ മകൻ വിശാഖിനെയാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്ന കുട്ടിയെ ശിശു രോഗ സർജറി വിഭാഗം മേധാവി ഡോ. സാം വർക്കിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് പരിശോധിക്കുന്നത്.

വിശാഖിന് ഇപ്പോൾ ശസ്ത്രക്രിയ ചെയ്യേണ്ട ആവശ്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. കുട്ടിയെ നാളെ (തിങ്കൾ) എംആർഐ സ്കാനിംഗിന് വിധേയമാക്കും. കുട്ടിയുടെ ആരോഗ്യനില വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് കൂടിയിരുന്നു. മോനിഷയുടെ മാതാവാണ് കുട്ടിക്കൊപ്പം ഐസിയുവിൽ ഉള്ളത്. 

ചൈൽഡ് വെൽഫെയറിന്റെ മേൽനോട്ടത്തിൽ കുട്ടിയെ പരിചരിക്കാൻ ഒരു അംഗൻവാടി ജീവനക്കാരിയേയും നിയോഗിച്ചിട്ടുണ്ട്. മോനിഷയേയും കാമുകൻ വൈശാഖിനെയും കഴിഞ്ഞ രാത്രിയിൽ ചേർത്തല കോടതി റിമാൻഡ് ചെയ്തിരുന്നു. മൂന്നു മാസം മുൻപ് മോനിഷക്കൊപ്പം താമസമാരംഭിച്ച വൈശാഖ് കുട്ടിയെ പതിവായി മർദ്ദിച്ചിരുന്നു. ശനിയാഴ്ച രാവിലെ അതിക്രൂരമായി മർദ്ദിച്ച വൈശാഖിനെ നാട്ടുകാരാണ് പൊലീസിൽ ഏൽപ്പിച്ചത്.

Read Also: മൂന്ന് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസ്: അമ്മയെ വധശ്രമം ചുമത്തി അറസ്റ്റ് ചെയ്തു