മലപ്പുറം: കനത്തമഴയിലുണ്ടായ ദുരന്തത്തില്‍ നിന്നും കരകയറാന്‍ ഇനിയും മലപ്പുറം കവളപ്പാറ സ്വദേശികള്‍ക്ക് കഴിഞ്ഞിട്ടില്ല. 48 പേര്‍ മരിക്കുകയും 11 പേരെ കാണാതാവുകയും ചെയ്തു. സമ്പാദ്യങ്ങളെല്ലാം നഷ്ടപ്പെട്ടു. ദുരന്തമുണ്ടായിട്ട് നാല് മാസം കഴിഞ്ഞിട്ടും ദുരിതബാധിതര്‍ക്ക് ആവശ്യമായ സഹായമെത്തിയിട്ടില്ല. സഹായത്തിനായി പ്രതിഷേധസമരവുമായി ഇറങ്ങിയിരിക്കുകയാണ് കവളപ്പാറയിലെ ദുരന്തബാധിതര്‍.

വീടും സ്ഥലവും നഷ്ടമായവര്‍ക്ക് ഉടന്‍ വീട് നല്‍കുക, അടിയന്തര ധനസഹായം ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കവളപ്പാറ പുനരുദ്ധാരണത്തിനായി രൂപീകരിച്ച റീ ബില്‍ഡ് നിലമ്പൂരിനോ സംസ്ഥാന സര്‍ക്കാറിനോ ഇതുവരെ സഹായമെത്തിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് സമരം ചെയ്യുന്നത്. പ്രശ്നങ്ങളില്‍ ഉടന്‍ നടപടിയുണ്ടായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണ് സമരക്കാരുടെ തീരുമാനം. അധികൃതര്‍ വേണ്ട  നടപടിയെടുത്തില്ലെങ്കില്‍ അനിശ്ചിതകാല സമരം ഉള്‍പ്പെടെയുള്ള സമരപരിപാടിയിലേക്ക് നീങ്ങുമെന്നും കവളപ്പാറ നിവാസികള്‍ മുന്നറിയിപ്പ് നല്‍കുന്നു.