Asianet News MalayalamAsianet News Malayalam

തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങള്‍ തൊട്ടറിഞ്ഞ നേതാവ് എസ്. സുന്ദരമാണിക്യം വിടവാങ്ങി

മൂന്നാറിലെ എസ്റ്റേറ്റ് തൊഴിലാളിയായി ജോലി ചെയ്ത് വന്നിരുന്ന വേളയിലാണ് സി പി എം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുവാനുള്ള അവസരം ലഭിച്ചത്. ചെറുപ്പം മുതല്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന സുന്ദരമാണിക്യം എംഎല്‍എ ആയി പ്രവര്‍ത്തിക്കുന്ന വേളയില്‍ എതിരാളികളുടെ പോലും പ്രശംസ പിടിച്ചു പറ്റിയിരുന്നു. 

leader of the plantation labour s. sundaramanikyam passed away
Author
Idukki, First Published Dec 14, 2019, 11:02 AM IST

ഇടുക്കി: മുന്‍ ദേവികുളം എംഎല്‍എയും തോട്ടം തൊഴിലാളി നേതാവുമായിരുന്ന എസ്. സുന്ദരമാണിക്യം വിടവാങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെ വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ദീര്‍ഘനാളുകളായി രോഗബാധിതനായിരുന്നു. പുലര്‍ച്ചെ അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും അന്ത്യം സംഭവിച്ചിരുന്നു. 

1987 ലെ തെരഞ്ഞെടുപ്പിലായിരുന്നു ദേവികുളം മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എന്‍. ഗണപതിയെ തോല്‍പ്പിച്ച് സി പി എംന്റെ നിയമസഭാംഗമായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നാറിലെ എസ്റ്റേറ്റ് തൊഴിലാളിയായി ജോലി ചെയ്ത് വന്നിരുന്ന വേളയിലാണ് സി പി എം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുവാനുള്ള അവസരം ലഭിച്ചത്. ചെറുപ്പം മുതല്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന സുന്ദരമാണിക്യം എംഎല്‍എ ആയി പ്രവര്‍ത്തിക്കുന്ന വേളയില്‍ എതിരാളികളുടെ പോലും പ്രശംസ പിടിച്ചു പറ്റിയിരുന്നു. 

തൊഴിലാളിയുടെ ഉന്നമനത്തിനായി എന്നും സ്വരമുയര്‍ത്തിയിരുന്ന അദ്ദേഹത്തിന് തൊഴിലാളികളില്‍ നിന്നും മികച്ച പുന്തുണയായിരുന്നു ലഭിച്ചിരുന്നത്. സി പി എം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ്, പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയേറ്റ് അംഗം, എസ് സി , എസ് റ്റി ഫെഡറേഷന്‍ ഭാരവാഹി, സി ഐ റ്റിയു ജില്ലാ, സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 87 ലെ വിജയത്തെ തുടര്‍ന്ന് 91, 96 തുടങ്ങിയ വര്‍ഷങ്ങളിലും സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും കോണ്‍ഗ്രസിന്റെ ഏ കെ മണിയോട് പരാജയപ്പെട്ടു. തോട്ടം തൊഴിലാളിയായ അന്നമ്മാള്‍ സുന്ദരമാണിക്യം ആണ് ഭാര്യ. ആനനന്ദജ്യോതി, റാണി മുരുകരാജന്‍, അരുണ്‍, സ്റ്റാലിന്‍, അന്‍പുസെല്‍വി എന്നിവര്‍ മക്കളാണ്. ഇതില്‍ സ്റ്റാലിന്‍ മാത്രമാണ് സജീവരാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നത്. സി.പി.എം പ്രവര്‍ത്തകനായ സ്റ്റാലിന്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്ത് അംഗമാണ്.

സുന്ദമാണിക്യം ഓർമ്മയിലേക്ക് പിൻവാങ്ങുന്നത് തൊഴിലാളികളുടെ പ്രിയങ്കരനായി...

തോട്ടം തൊഴിലാളിയായി ജീവിതം ആരംഭിച്ച് കേരള നിയമസഭാംഗമായ സുന്ദമാണിക്യം ഓര്‍മ്മയിലേയ്ക്ക് പിന്‍വാങ്ങുന്നത് തൊഴിലാളികളുടെ ഏറ്റവും പ്രിയങ്കരനായ നേതാവായി. കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങളോടും ചിട്ടയാര്‍ന്ന പ്രവര്‍ത്തനങ്ങളോടും ചെറുപ്പം മുതല്‍ ആഭിമുഖ്യം തോന്നിയിരുന്ന സുന്ദരമാണിക്യം പിന്നീട് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സഹയാത്രികനാക്കി. സൗമ്യനും മിതഭാഷിയുമായിരുന്ന അദ്ദേഹം വേദിയിലിലെത്തിയാല്‍ ഉജ്ജ്വല പ്രാസംഗികനായി മാറുമായിരുന്നു. 

അധികാരത്തിലിരിക്കുമ്പോഴും അതിനുശേഷവും എളിമയാര്‍ന്ന ജീവിതശൈലിയും വിനയപൂര്‍വ്വമായ പെരുമാറ്റവും എതിരാളികളുടെ ഇടയില്‍പ്പോലും മതിപ്പുള്ളവാക്കിയിരുന്നു. തോട്ടം തൊഴിലാളിയുടെ പ്രശ്നങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തിരുന്ന അദ്ദേഹം നിയമസഭയിലെത്തുന്ന വേളയിലെല്ലാം ഉന്നയിച്ചിരുന്നതും തോട്ടം തൊഴിലാളിയുടെ പ്രശ്നങ്ങള്‍ തന്നെ. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള ആരെയും അഭിവാദനം ചെയ്ത് കടന്നുപോകുന്ന അദ്ദേഹം അധികാരം സ്വന്ത നേട്ടങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നില്ല. 

സ്വന്തമായി ഒരു വാഹനം പോലുമില്ലാത്ത അദ്ദേഹം സാധാരണക്കാരുടെ വാഹനമായ ഓട്ടോയിലാണ് ഏറെയും യാത്ര ചെയ്തിരുന്നത്. ഓട്ടോയില്ലാത്ത വേളയില്‍ കാല്‍നടയായിട്ടായിരുന്നു സഞ്ചാരം. ഭൂ വിവാദങ്ങള്‍ ഏറെ നിലനില്‍ക്കുന്ന ദേവികുളം നിയോജകമണ്ഡലത്തില്‍ വിവാദങ്ങൾക്ക് നില്‍ക്കാത്ത വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ദേവികുളം നിയോജകണ്ഡലം രൂപീകൃതമായതിനു ശേഷം സി പി എം നേതാവായിരുന്ന ജി. വരദന്‍ ആറു വട്ടം ജയിച്ച മണ്ഡലത്തില്‍ വരദന്റെ പിന്‍ഗാമിയായിട്ടായിരുന്നു സുന്ദരമാണിക്യത്തിന്റെ രാഷ്ട്രീയ അരങ്ങേറ്റം. സാധാരണക്കാരായ രാഷ്ട്രീയക്കാരില്‍ നിന്നും എന്നും വ്യത്യസ്തനായിരുന്നു അദ്ദേഹം. ഉപജാപക കൂട്ടുകെട്ടുകളോട് വൈമുഖ്യം പുലര്‍ത്തിയിരുന്നതില്‍ വലിയ ഒരു സൗഹൃദവലയം അദ്ദേഹത്തിനുണ്ടായിരുന്നില്ല.

Follow Us:
Download App:
  • android
  • ios