തിരുവനന്തപുരം : ടിക് ടോക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നൽകി പ്രലോഭിച്ച് വയനാട്ടിലെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച യുവാവിനെ പളളിയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.കാസർഗോഡ്, കുമ്പള,കോയിപ്പടി, ഗട്ടിസമാജം ഹാളിനു സമീപം ഹർസീന മൻസിലിൽ ആഷിക് (23) ആണ് പിടിയിലായത്. പ്രതി ബ്ലാംഗ്ലൂരിലെ റസ്റ്റോറന്റിൽ സൂപ്പർവൈസറാണ്.  

പഠനത്തിനായി എറണാകുളത്തുള്ള ഹോസ്റ്റലിൽ താമസിക്കുകയായിരുന്നു പെൺകുട്ടി. പിതാവിന്റെ അനുജനെന്ന് ഹോസ്റ്റൽ അധികൃതരെ തെറ്റിദ്ധരിപ്പിച്ച ശേഷം പെൺകുട്ടിയെ വീട്ടിലേക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. രണ്ട് ദിവസങ്ങൾക്ക് ശേഷം പെൺകുട്ടി ഹോസ്റ്റലിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ഹോസ്റ്റൽ അധികൃതർ ബന്ധുക്കളെ വിളിച്ച് വിവരം അന്വേഷിച്ചപ്പോഴാണ് വീട്ടിൽ എത്തിയിട്ടില്ലെന്ന വിവരം അറിയുന്നത്.

പെൺകുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കൾ പള്ളിക്കൽ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ആറ്റിങ്ങൽ ഡിവൈഎസ്പി പി വി  ബേബിയുടെ നിർദ്ദേശാനുസരണം പള്ളിക്കൽ എസ് എച്ച് ഒ അജി ജി നാഥ്, എസ് ഐ പി. അനിൽകുമാർ, എ എസ് ഐമാരായ ജിഷി, അനിൽകുമാർ സി പി ഒ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.