Asianet News MalayalamAsianet News Malayalam

മകന്‍റെ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞ പിതാവ് മരിച്ചു

റബ്ബര്‍ഷീറ്റ് വിറ്റുകിട്ടിയ പണം ഓട്ടോറിക്ഷ വാങ്ങാന്‍ രാഹുല്‍ ആവശ്യപ്പെട്ടതാണ് തുടക്കം. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ രാഹുലിന് പണം നല്‍കാന്‍ ജോസഫ് തയ്യാറായില്ല

man died after attacked by son in idukki
Author
Idukki, First Published Feb 24, 2020, 9:17 AM IST

ഇടുക്കി: ഓട്ടോറിക്ഷ വാങ്ങാന്‍ പണം നല്‍കാത്തതിന്‍റെ പേരില്‍ മകന്‍ മര്‍ദ്ദിച്ച് അവശനാക്കിയ പിതാവ് മരിച്ചു. ചികിത്സയിലിരിക്കെ 64 കാരനായ ഉപ്പുതോട് പുളിക്കക്കുന്നേല്‍ ജോസഫാണ് മരിച്ചത്. അച്ഛനെ മര്‍ദ്ദിച്ച മകന്‍ രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 9നാണ് ജോസഫിനെ രാഹുല്‍ മര്‍ദ്ദിച്ചത്. 

റബ്ബര്‍ഷീറ്റ് വിറ്റുകിട്ടിയ പണം ഓട്ടോറിക്ഷ വാങ്ങാന്‍ രാഹുല്‍ ആവശ്യപ്പെട്ടതാണ് തുടക്കം. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ രാഹുലിന് പണം നല്‍കാന്‍ ജോസഫ് തയ്യാറായില്ല. തുടര്‍ന്ന് രാഹുല്‍ ജോസഫിനെ മര്‍ദ്ദിച്ചു. പൊലീസിനോട് കുറ്റം സമ്മതിച്ച രാഹുല്‍, തന്‍റെ ആക്രമണം ചെറുക്കാന്‍ പോലും അച്ഛന്‍ ശ്രമിച്ചില്ലെന്ന് പറഞ്ഞു. 

മര്‍ദ്ദനത്തില്‍ ജോസഫിന്‍റെ രണ്ട് വാരിയെല്ലുകള്‍ തകര്‍ന്ന് ശ്വാസകോശത്തില്‍ കയറിയിരുന്നു. ജോസഫിനെ ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. 

അക്രമാസക്തനായ മകനെ ഭയന്ന് അമ്മ സാലിക്കുട്ടി പൂഞ്ഞാറിലെ ബന്ധുവീട്ടിലാണ് താമസം. ദിവസങ്ങള്‍ക്ക് മുമ്പ് സ്വന്തം സ്ഥലത്തെ റബ്ബര്‍തോട്ടം രാഹുല്‍ തീയിട്ട് നശിപ്പിച്ചിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 

Follow Us:
Download App:
  • android
  • ios