കോഴിക്കോട്: കുപ്രസിദ്ധ മയക്കുമരുന്ന് വിൽപനക്കാരൻ ബ്രൗൺ ഷു​ഗറുമായി പൊലീസ് പിടിയിൽ. രാമനാട്ടുകരയിലും പരിസരപ്രദേശങ്ങളിലും നടത്തിയ പരിശോധനയിലാണ് പുളിക്കൽ വയനാടിപുറായിൽ ഷെജുവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 6.7 ഗ്രാം ബ്രൗൺ ഷുഗറാണ് ഷെജുവിന്റെ പക്കൽനിന്ന് പൊലീസ് പിടികൂടിയത്. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പാർട്ടി സർക്കിൾ ഇൻസ്പെക്ടർ പി സജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ് ഷെജു. മുംബൈയിൽ നിന്നും കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ബ്രൗൺ ഷുഗർ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികൂടിയാണ് ഇയാൾ. അതേസമയം, ഇതേദിവസം രാമനാട്ടുകരയിൽ നടത്തിയ പരിശോധനയിൽ 98 ഗ്രാം കഞ്ചാവുമായി മുന്നിയുർകുന്ന് വീട്ടിൽ ചന്ദ്രൻ (52) എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. സംഘത്തിലെ മറ്റ് അംഗങ്ങൾക്കായി വിശദമായ അന്വേഷണം നടന്നുവരികയാണ്. എക്സൈസ് ഇൻസ്പെക്ടർ ജിജോ ജെയിംസ്, ഐ ബി പ്രിവന്റീവ് ഓഫീസർ ഗഫൂർ, സിവിൽ എക്സൈസ് ഓഫീസർമാരായ ദിനോബ്, അജിത്ത്, അനുരാജ്, അനിൽ, സന്തോഷ് കുമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.