നിറകൂട്ടുകള്‍കൊണ്ട്  ലോക്ക് ഡൗണ്‍ കാലത്ത് തന്റെ വിരസത ഒഴിവാക്കുകയാണ് ചിത്രകാരനും തൊഴില്‍ പരിശീലകനുമായ രാജീവ് ചെല്ലാനം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി  തന്റെ സുഹൃത്തുക്കളുമായുള്ള ആത്മബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതിനാണ് രാജീവ് സമയം ചിലവഴിച്ചത്. ഇതിനായി അദ്ദേഹം തിരഞ്ഞെടുത്തത് സ്വയം കൈവശമുണ്ടായിരുന്ന ചിത്രകലയും. വര്‍ണങ്ങള്‍കൊണ്ട് ക്യാന്‍വാസില്‍ സുഹൃത്തുകളുടെ വേറിട്ട ഭാവങ്ങള്‍ വരച്ചെടുക്കുന്ന തിരക്കിലാണ് രാജിവ് ഇപ്പോള്‍.

തോക്കുപാറയിലെ വീട്ടിലിരുന്ന് ഓര്‍മ്മയില്‍ തെളിയുന്ന സുഹൃത്തുക്കളുടെ ചിത്രം ഫേസ് ബുക്ക്,വാട്‌സ് അപ്പ് പ്രൊഫൈലുകളില്‍ നിന്നും തപ്പിയെടുത്താണ് രാജീവ് ക്യാന്‍വാസില്‍ ജീവസുറ്റ ചിത്രങ്ങളാക്കി തീര്‍ക്കുന്നത്.തിരക്കുകള്‍ക്കിടയില്‍ ലഭിച്ച ലോക്ക് ഡൗണ്‍ കാലത്ത് മങ്ങലേറ്റ സുഹൃദ് ബന്ധങ്ങള്‍ പൊടി തട്ടിയെടുക്കാന്‍ കഴിഞ്ഞുവെന്ന് രാജീവ് ചെല്ലാനം പറഞ്ഞു.പൂര്‍ത്തീകരിക്കുന്ന ചിത്രങ്ങള്‍ നവമാധ്യങ്ങളിലൂടെ സുഹൃത്തുക്കള്‍ക്കയച്ചു കൊടുക്കുന്നതിനൊപ്പം തന്റെ നവമാധ്യമ അക്കൗണ്ടുകളിലും രാജീവ് ചെല്ലാനം പങ്ക് വയ്ക്കുന്നുണ്ട്.ഇതിനോടകം നൂറിലധികം സുഹൃത്തുക്കളുടെ ചിത്രം രാജീവ് ചെല്ലാനം വരച്ചു കഴിഞ്ഞു.

കളര്‍ ഫോട്ടോഗ്രാഫിക്ക് മുന്‍പ് ചിത്രങ്ങള്‍ തീര്‍ക്കാന്‍ ഉപയോഗിച്ചിരുന്ന സ്റ്റംമ്പിംങ്ങ് കളര്‍ പൗഡറാണ് രാജീവ് ചിത്രങ്ങള്‍ തീര്‍ക്കാനിപ്പോള്‍ ഉപയോഗിച്ച് വരുന്നത്. പെന്‍സില്‍ ഡ്രോയിംഗിനപ്പുറം ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ തീര്‍ക്കാനാകുമെന്നതാണ് സ്റ്റംമ്പിംങ്ങ് കളര്‍ പൗഡറിന്റെ പ്രത്യേകത. എറണാകുളം ചെല്ലാനം സ്വദേശിയെങ്കിലും നാളുകളേറെയായി രാജീവ് അടിമാലി തോക്കുപാറയിലാണ് താമസിക്കുന്നത്.പ്രശസ്ത ചിത്രകാരനായ പി വി നന്ദന്റെ ശിഷ്യഗണങ്ങളില്‍ ഒരാളാണ് രാജീവ് ചെല്ലാനം.ഈ ലോക്ക് ഡൗണ്‍ കാലത്ത് മാത്രമല്ല മുമ്പും രാജീവ് ചെല്ലാനം ചിത്രരചനയിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. 

മൂന്നാര്‍ ബ്യൂട്ടിഫിക്കേഷന്റെ ഭാഗമായി മൂന്നാര്‍ ടൗണിലെ മതിലുകള്‍ ചിത്രങ്ങളാല്‍ വര്‍ണ്ണാഭമാക്കിയതും പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താന്‍ അടിമാലി ആയിരമേക്കര്‍ ജനത യു പി സ്‌കൂളിന്റെ ഭിത്തികളില്‍ ചിത്രങ്ങള്‍ ചാലിച്ചതും മനസ്സില്‍ നന്മ തുടിക്കുന്ന ഈ ചിത്രകാരനിലൂടെയായിരുന്നു.പിന്തുണയുമായി ഭാര്യയും മലയാള അധ്യാപികയുമായ ബിന്ദു രാജീവും ഒപ്പമുണ്ട്.