Asianet News MalayalamAsianet News Malayalam

കരിപ്പേൽ ചാൽ പുനർജനിച്ചു; ഒപ്പം കരകയറിയത് ഒരു കൂട്ടം മനുഷ്യരും

ചേർത്തല തെക്ക്, കടക്കരപ്പള്ളി പഞ്ചായത്തുകളിലൂടെ ഒഴുകുന്ന കരിപ്പേൽ ചാലിൽ നാളുകളായി അടിഞ്ഞുകൂടിയ ചെളി ഇരു പഞ്ചായത്തുകളിലേയും പ്രദേശവാസികൾക്ക് തീരാ ദുരിതമായിരുന്നു.

rebuilding of a stream in alappuzha re constructed the life of two villages
Author
Alappuzha, First Published Jan 20, 2020, 9:40 PM IST

ആലപ്പുഴ: മുപ്പത് വർഷമായി മലിനമായി കിടന്ന കരിപ്പേല്‍ ചാലിന്‍റെ പുനരുജ്ജീവനം സമൂഹത്തിൽ ഒറ്റപ്പെട്ടു പോയ ഒരു കൂട്ടം മനുഷ്യർക്ക് സമ്മാനിച്ചത് പുതുജീവന്‍.  കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ചേർത്തല തെക്ക്, കടക്കരപ്പള്ളി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കരിപ്പേൽ ചാലിന്‍റെ പുനർജന്മമാണ് ഒരു സമൂഹത്തിന് തന്നെ വെളിച്ചമായത്. 

ചേർത്തല തെക്ക്, കടക്കരപ്പള്ളി പഞ്ചായത്തുകളിലൂടെ ഒഴുകുന്ന കരിപ്പേൽ ചാലിൽ നാളുകളായി അടിഞ്ഞുകൂടിയ ചെളി ഇരു പഞ്ചായത്തുകളിലേയും പ്രദേശവാസികൾക്ക് തീരാ ദുരിതമായിരുന്നു. കരപ്രദേശമായിരുന്നതിനാൽ തെങ്ങ് കൃഷി ധാരാളമുണ്ടായിരുന്ന ഇവിടങ്ങളിൽ ചാലിൽ നിന്നുള്ള ചെളിയാണ് തെങ്ങിന് വളമായി ഇട്ടിരുന്നത്. കൃഷി കുറഞ്ഞതോടെ ചാലിൽ നിന്നു ചെളി നീക്കാതായി. ഇതോടെ ചെറിയ മഴ പെയ്താൽ പോലും ചാലിന്റെ ഇരു വശങ്ങളിലും താമസിക്കുന്ന അംബേദ്ക്കർ കോളനിയിലെ നൂറോളം കുടുംബങ്ങൾക്ക് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ട അവസ്ഥയായി.

വെള്ളപ്പൊക്കം കാരണം കഴിഞ്ഞ എട്ടു വർഷത്തിനിടെ മാസങ്ങളോളം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയേണ്ടിവന്നവർക്ക് ശാശ്വത പരിഹാരമാണ് കരിപ്പേൽ ചാലിന്റെ പുനരുജ്ജീവനത്തോടെ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യം വച്ചത്. 2019 ജനുവരിയിൽ ഹരിതകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി പ്രത്യേക പദ്ധതിയായാണ് കരിപ്പേൽ ചാലിന്റെ പുനരുജ്ജീവന പദ്ധതിക്ക് തുടക്കമിട്ടത്. 

പ്ലാൻ ഫണ്ടിൽ നിന്ന് 28 ലക്ഷം രൂപയാണ് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ഇതിനുവേണ്ടി വകയിരുത്തിയത്. കൂടാതെ ചേർത്തല തെക്ക്, കടക്കരപ്പള്ളി പഞ്ചായത്തുകൾ ചേർന്ന് 27 ലക്ഷം രൂപ ചാലിന്റെ നവീകരണത്തിനായി നൽകി. ചാലിന്റെ നവീകരണത്തിന് ശേഷം മത്സ്യങ്ങൾ പെറ്റുപെരുകാൻ തുടങ്ങിയതും കമ്പവലകൾ പുനഃസ്ഥാപിച്ചതും പ്രദേശവാസികൾ വിവിധ ആവശ്യങ്ങൾക്കായി ചാലിനെ ആശ്രയിക്കാൻ തുടങ്ങിയതുമൊക്കെ പുനരുജ്ജീവനത്തിന്റെ ഫലമാണ്.

Follow Us:
Download App:
  • android
  • ios