Asianet News MalayalamAsianet News Malayalam

വിലക്കുറവില്‍ പച്ചക്കറിയും പലവ്യഞ്ജനങ്ങളും വീട്ടുമുറ്റത്തേക്ക്; കോഴിക്കോട് സേവ് ഗ്രീന്റെ സഹകരണവണ്ടി

കൊവിഡിനെതിരെ അതിജാഗ്രത തുടരുന്ന സാഹചര്യത്തില്‍ ആളുകള്‍ നിത്യോപയോഗ സാധനങ്ങള്‍ക്കായി പുറത്തിറങ്ങുന്നത് തടയുക, മിതമായ നിരക്കില്‍ സാധനം  ആവശ്യക്കാരിലേക്ക് എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ്  പ്രവര്‍ത്തനം.

special vehicle with food materials by save green in kozhikode for helping peoples in home
Author
Kozhikode, First Published Mar 29, 2020, 7:52 PM IST

കോഴിക്കോട്: കൊവിഡ് 19  പ്രതിരോധത്തിന്റെ ഭാഗമായി നഗരത്തിലെ വീടുകളില്‍ കഴിയുന്നവര്‍ക്ക്  വിലക്കുറവില്‍ പച്ചക്കറികളും പലവ്യഞ്ജനങ്ങളുമായി സേവ് ഗ്രീന്‍ സഹകരണവണ്ടി വീട്ടുമുറ്റത്തേക്ക്.  കോഴിക്കോട് കോര്‍പ്പറേഷന്റെയും കണ്‍സ്യുമര്‍ ഫെഡിന്റെയും സഹകരണത്തോടെ സേവ് ഗ്രീന്‍  അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഇത് സംഘടിപ്പിക്കുന്നത്. 

കൊവിഡിനെതിരെ അതിജാഗ്രത തുടരുന്ന സാഹചര്യത്തില്‍ ആളുകള്‍ നിത്യോപയോഗ സാധനങ്ങള്‍ക്കായി പുറത്തിറങ്ങുന്നത് തടയുക, മിതമായ നിരക്കില്‍ സാധനം  ആവശ്യക്കാരിലേക്ക് എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ്  പ്രവര്‍ത്തനം. ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്  സഹകരണ വാഹനത്തില്‍ പച്ചക്കറികളും പലവ്യഞ്ജനങ്ങളും വീട്ടുപടിക്കല്‍ എത്തിക്കും.

പൊതു വിപണിയിലേതിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ് വില്‍പന.  വണ്ടിയുടെയും ജീവനക്കാരുടെയും ചെലവ്  സേവ് ഗ്രീന്‍ വഹിക്കും. വാര്‍ഡ് കൗണ്‍സിലര്‍മാര്‍ക്കും റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കും സഹകരണ വണ്ടിയുടെ സഹായം തേടാം. നിശ്ചിത സ്ഥലങ്ങളിലേക്കാണ് സാധനങ്ങള്‍ എത്തിക്കുന്നത്. ഇതിനു പുറമേ വീടുകളില്‍ പച്ചക്കറി കൃഷി  പ്രോത്സാഹിപ്പിക്കുന്നതിനായി  ഗുണമേന്മയുള്ള വിത്തിനങ്ങളും തുണിയില്‍ തീര്‍ത്ത ഗ്രോ ബാഗുകളും സഹകരണ വാഹനം വഴി ലഭിക്കും.

സാധനങ്ങള്‍ വേണ്ടവര്‍ തുണി സഞ്ചി കരുതണം.  ഫോണ്‍: 8281380070, 9961858168. സഹകരണ വണ്ടിയുടെ ഫ്‌ളാഗ് ഓഫ് കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ മെഹബൂബ്, സേവ് ഗ്രീന്‍ പ്രസിഡന്റ് എം പി രജുല്‍ കുമാര്‍, വൈസ് പ്രസിഡന്റ് മുകുന്ദന്‍  എന്നിവര്‍  പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios