കായംകുളം: സ്‌കൂളിന് മുന്നില്‍ വച്ച് ക്രിമിനല്‍ സംഘം പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ധിച്ച് പണം തട്ടിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കുട്ടിയെ  മര്‍ദ്ദിക്കുന്നത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുല്ലുകുളങ്ങര എന്‍ ആര്‍ പി എം ഹയര്‍സെക്കന്‍ററി സ്‌കൂളിന് മുന്നില്‍ കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മര്‍ദ്ദിച്ചത്. പണം ആവശ്യപ്പെട്ടാണ് മര്‍ദ്ദനമെന്നും ഇവര്‍ സ്ഥിരമായി കുട്ടികളില്‍ നിന്നും ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നതായും പൊലീസ് പറഞ്ഞു. ദൃശ്യങ്ങള്‍ പുറത്തായതോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.