കൽപ്പറ്റ: പൊതുസ്ഥലങ്ങളിൽ തുപ്പി വൃത്തികേടാക്കുന്നവരെ പിടികൂടി സുൽത്താൻ ബത്തേരി നഗരസഭ. കഴിഞ്ഞ ദിവസം ബത്തേരി ടൗണിലെ റോഡിൽ 'തുപ്പിയ' അഞ്ചുപേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. പഴയ ബസ് സ്റ്റാൻഡ്‌, ചുങ്കം ജങ്ഷൻ, എംജി റോഡ്, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിക്കപ്പെട്ടത്. നഗരസഭാ ആരോഗ്യവിഭാഗവും ബത്തേരി പോലീസും ചേർന്നാണ് നടപടി തുടങ്ങിയിട്ടുള്ളത്. 

മുന്നറിയിപ്പ് വകവെക്കാതെ, വെറ്റില മുറുക്കാൻ ചില്ലറയായി വിൽപ്പന നടത്തുകയും കടയുടെ മുൻവശം മുറുക്കി തുപ്പി വൃത്തിഹീനമാക്കുകയും ചെയ്തതിന്റെ പേരിൽ മൂന്നു കടകൾക്കുനേരെയും നഗരസഭാ നടപടിയാരംഭിച്ചു. കടയുടമകളിൽനിന്ന് പിഴയീടാക്കുന്നതിനായി നോട്ടീസ് നൽകിയിട്ടുണ്ട്. തുപ്പി വൃത്തികേടാക്കുന്നവരിൽനിന്ന് നഗരസഭ 500 രൂപയാണ് പിഴ ഈടാക്കുന്നത്. 

അതേസമയം, പോലീസ് കേസെടുത്താൻ 2000 രൂപവരെ കോടതിയിൽ പിഴയൊടുക്കേണ്ടിവരും. വരുംദിവസങ്ങളിലും തുടർച്ചയായി ടൗണിൽ പരിശോധന നടത്തുമെന്ന് നഗരസഭാധികൃതർ അറിയിച്ചു. പൊതുസ്ഥലങ്ങളിൽ തുപ്പുന്നവർക്കും മല-മൂത്രവിസർജനം നടത്തുന്നവർക്കുംനേരെ നടപടി സ്വീകരിക്കാൻ കഴിഞ്ഞ ജനുവരിയിലാണ് നഗരസഭാ കൗൺസിൽ തീരുമാനമെടുത്തത്. കേരള മുനിസിപ്പല്‍ ആക്ട് 341 പ്രകാരമാണ് പിഴ ഈടാക്കുന്നത്.

പൊതുസ്ഥലത്ത് തുപ്പിയാല്‍ പോക്കറ്റ് കാലിയാകും; കര്‍ശന നടപടിയുമായി നഗരസഭ