Asianet News MalayalamAsianet News Malayalam

ആയുർവേദ ഡോക്ടറുടെ വീട്ടിൽ കവർച്ച; തമിഴ്നാട് സ്വദേശിയും ഭാര്യയും കൂട്ടാളിയും പിടിയിൽ

സ്വർണ്ണം വിറ്റ് മഞ്ജുനാഥ് വാങ്ങിയ മിനി ലോറി, കവർച്ചക്കായി യാത്രചെയ്യാൻ ഉപയോഗിക്കുന്ന സ്‌കൂട്ടർ എന്നിവയും പൊലീസ് കണ്ടെടുത്തു. അടഞ്ഞ് കിടക്കുന്ന വീടുകൾ നിരീക്ഷിച്ച ശേഷം രാത്രിയെത്തി വാതിലുകൾ തകർത്ത് കവർച്ച നടത്തുന്നതാണ് സംഘത്തിന്റെ രീതിയെന്ന് പൊലീസ് പറയുന്നു. 

tamil nadu man held for ayurvedic doctors home robbed
Author
Kottakkal, First Published Jan 24, 2020, 7:15 PM IST

കോട്ടക്കൽ: ആയുർവേദ ഡോക്ടറുടെ വീട്ടിൽ നിന്ന് മുപ്പത് പവൻ സ്വർണ്ണവും 30,000 രൂപയും കവർന്ന കേസിൽ തമിഴ്നാട് സ്വദേശിയും ഭാര്യയും സഹായിയും പിടിയിൽ. മഞ്ജുനാഥ് (39), ഇയാളുടെ ഭാര്യ പാഞ്ചാലി (33),  കൂട്ടാളി അറമുഖൻ എന്ന കുഞ്ഞൻ (24) എന്നിവരെയാണ് തിരൂർ ഡിവൈ.എസ്.പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 

കവർച്ചാ കേസിൽ 10 വർഷത്തെ തടവ് ജീവിതം കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം വീണ്ടും കവർച്ചാ രംഗത്ത് തുടരുന്നതിനിടെയാണ് മഞ്ജുനാഥ് പിടിയിലാവുന്നത്. തമിഴ്നാട് സ്വദേശിയായ മഞ്ജുനാഥ് വർഷങ്ങളായി കേരളത്തിലാണ് താമസം. കേരളത്തിലും തമിഴ്നാട്ടിലുമായി ഒട്ടേറെ കവർച്ചാ കേസുകളുണ്ട്. ഏറെ കാലം ഇവർ താനൂരിൽ താമസിച്ചിരുന്നു. മഞ്ജുനാഥ് ഇപ്പോൾ വളാഞ്ചേരി പൈങ്കണ്ണൂരിലാണ് താമസിക്കുന്നത്.

ആക്രിക്കച്ചവടക്കാരെന്ന വ്യാജേനയാണ് മഞ്ജുനാഥ് പൈങ്കണ്ണൂരിൽ കഴിഞ്ഞിരുന്നത്. സംഘത്തിൽ നിന്ന് 17 പവൻ സ്വർണ്ണവും 1.60ലക്ഷം രൂപയും കണ്ടെടുത്തു. സ്വർണ്ണം വിറ്റ് മഞ്ജുനാഥ് വാങ്ങിയ മിനി ലോറി, കവർച്ചക്കായി യാത്രചെയ്യാൻ ഉപയോഗിക്കുന്ന സ്‌കൂട്ടർ എന്നിവയും പൊലീസ് കണ്ടെടുത്തു. അടഞ്ഞ് കിടക്കുന്ന വീടുകൾ നിരീക്ഷിച്ച ശേഷം രാത്രിയെത്തി വാതിലുകൾ തകർത്ത് കവർച്ച നടത്തുന്നതാണ് സംഘത്തിന്റെ രീതിയെന്ന് പൊലീസ് പറയുന്നു. 

കഴിഞ്ഞ മാസം 23ന് പുലർച്ചെയായിരുന്നു ഡോക്ടറുടെ വീട്ടിലെ മോഷണം. ഡോക്ടറും കുടുംബവും ചെന്നൈയിലേക്ക് പോയതിനിടെയായിരുന്നു സംഭവം. മോഷണ സ്വർണ്ണം വിൽക്കാൻ സഹായിച്ചതിനാണ് പാഞ്ചാലിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഘത്തെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios