കോഴിക്കോട്: നിപ കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലിചെയ്ത താല്‍കാലിക ജീവനക്കാര്‍ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ സ്ഥിരം നിയമനം നല്‍കാന്‍ തീരുമാനമായി. സമരം ചെയ്യുന്ന ജീവനക്കാരും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇതോടെ ജീവനക്കാര്‍ നിരാഹാര സമരം അവസാനിപ്പിച്ചു.

നിപ കാലയളവായ 2018 മെയ് മുതല്‍ ജൂണ്‍ പത്ത് വരെ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്തവര്‍ക്ക് സ്ഥിരം നിയമനം നല്‍കുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ജോലി ലഭിച്ച 47 പേരെ ഡിസംബര്‍ 31ന് പിരിച്ച് വിട്ടു. പലരും ആ കാലയളവില്‍ ജോലി ചെയ്തവരല്ലെന്നായിരുന്നു കണ്ടെത്തല്‍. 

പിന്നീട് പല തവണ ചര്‍ച്ച നടന്നെങ്കിലും തിരിച്ചെടുക്കാന്‍ തയ്യാറായില്ല. ഇതോടെ ജീവക്കാര്‍ അനിശ്ചിത കാല നിരാഹാര സമരം തുടങ്ങി. 47 പേരും അര്‍ഹരാണോയെന്ന് കണ്ടെത്താന്‍ പ്രത്യേക പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് സമരക്കാര്‍ നിരാഹാരം അവസാനിപ്പിച്ചത്.