പത്തനംതിട്ട: ആറന്മുള എരുമക്കാട് ഭൂരഹിത കര്‍ഷക തൊഴിലാളി കോളനിയിലെ വീടുകള്‍ നിലം പൊത്താറായ അവസ്ഥയിൽ. 30 വർഷം മുൻപ് സർക്കാർ നൽകിയ ഒറ്റമുറി വീടുകൾ നിലം പൊത്തറായിട്ടുംം അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. 15 കുടുംബങ്ങളാണ് എരുമക്കാട് ഭൂരഹിത ക‍ർഷക തൊഴിലാളി കോളനിയിലുള്ളത്. ഇവരിലധികവും പട്ടികജാതി വിഭാഗക്കാർ. 30 വ‍ർഷം മുൻപാണ് 4 സെന്‍റ് ഭൂമിയും ഒറ്റമുറി വീടും ഇവ‍ർക്ക് പതിച്ചു നൽകിയത്. പിന്നീട് ഭൂമിക്ക് പട്ടയം ലഭിച്ചു. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ ഇന്നും പരിമിതം. വീടുകൾ ഏതു നിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിൽ. അസുഖ ബാധിതരുൾപ്പെടെ ദുരിതത്തില്‍ കഴിയുകയാണ്. 

വേനൽ കടുത്തതോടെ കുടിവെള്ളത്തിനും മാ‍ർഗ്ഗമില്ലെന്ന് കോളനി വാസികൾ. വെള്ളം തലചുമടായി എത്തിക്കണം.പല വീടുകൾക്കും ശുചിമുറിയും ഇല്ല. ആറന്മുള പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലാണ് കോളനി.ഇവിടുത്ത അവസ്ഥകൾ കാണിച്ച് പല തവണ പഞ്ചായത്തിനും ജില്ലാ ഭരണകൂടത്തിനും നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. കോളനിയിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.