തിരുവാങ്കുളം: മോഷ്ടിക്കാനായാണ് വീടു കുത്തിത്തുറന്ന് അകത്തു കയറിയത്. മുറികള്‍ അരിച്ചു പെറുക്കിയപ്പോള്‍ പട്ടാളക്കാരന്‍റെ തൊപ്പി കണ്ടു. രാജ്യസ്നേഹം ഉണര്‍ന്ന കള്ളന്‍ ക്ഷമ എഴുതി വെച്ച് സ്ഥലം വിട്ടു. തിരുവാങ്കുളം ജങ്ഷന് സമീപമുള്ള വീട്ടില്‍ കയറിയ മോഷ്ടിക്കാന്‍ കയറിയ കള്ളനാണ് നാട്ടുകാരെയും പൊലീസുകാരെയും ഒരുപോലെ 'ചിരിപ്പിക്കുന്നത്'.

തിരുവാങ്കുളം പാലത്തിങ്കല്‍ ഐസക് മാണിയുടെ വീട്ടിലാണ് ബുധനാഴ്ച രാത്രി മോഷണം നടന്നത്. മുന്‍ സൈനികനായ അദ്ദേഹം ഇപ്പോള്‍ വിദേശത്താണ്. വീടിനകത്ത് കയറിയ കള്ളന്‍ മുറികള്‍ പരിശോധിച്ചപ്പോള്‍ പട്ടാളക്കാരന്‍റെ തൊപ്പി കാണുകയായിരുന്നു. രാജ്യസ്നേഹം തോന്നിയ കള്ളന്‍ ക്ഷമാപണം എഴുതി വെച്ച് സ്ഥലം വിടുകയായിരുന്നു. 

അവസാന നിമിഷമാണ് മനസ്സിലായത്. തൊപ്പി കണ്ടപ്പോള്‍. ക്ഷമിക്കണം പട്ടാളക്കാരന്‍റെ വീടാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ പൂട്ടു പൊളിച്ച് അകത്തു കയറില്ലായിരുന്നു എന്ന കുറിപ്പെഴുതി വെച്ച കള്ളന്‍ ഒരു ജോഡി ഡ്രസ്സും കുറച്ചു മദ്യവും 150 രൂപയും എടുത്തെന്നും കുറിച്ചു.

സമീപത്തെ ഭാരത് ടയേഴ്സില്‍ നിന്ന് മോഷ്ടിച്ച കാഷ് ബാഗും ഉടമയുടെ പഴ്സും കള്ളന്‍ ഐസക് മാണിയുടെ വീട്ടില്‍ ഉപേക്ഷിക്കുകയും ചെയ്തു. ബാഗിലുണ്ടായിരുന്ന 10,000 രൂപ നഷ്ടപ്പെട്ടു. അടുത്തുള്ള അഞ്ചു കടകളിലും മോഷണം നടന്നിട്ടുണ്ട്. എല്ലായിടത്തും പൂട്ടു പൊളിച്ചായിരുന്നു കള്ളന്‍ അകത്ത് കയറിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കള്ളന്‍റെ മുഖം വ്യക്തമായിട്ടില്ല.