തൊടുപുഴ: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം വീട്ടമ്മമാരുള്‍പ്പെടെ ഒട്ടുമിക്കയാളുകളും അല്‍പം വൈകിയാണുണരുന്നത്. എന്നാല്‍ ജമീല താത്തക്കും ഏഴംഗ സംഘത്തിനും നേരെ വിപരീതമാണ് ലോക്ക് ഡൗണ്‍ കാലം. പുലര്‍ച്ചെ നാലരക്ക് ഉണരുന്നത് മുതല്‍ തിരക്കാരംഭിക്കുമെന്ന് പറയാം. സമയമല്‍പ്പം തെറ്റിയാല്‍ ദിവസേന തയ്യാറാക്കുന്ന തൊള്ളായിരത്തോളം ഭക്ഷണപ്പൊതികളും വൈകും. അത് സംഭവിച്ചുകൂടാത്തതിനാല്‍ നേരം പുലരുമ്പോഴേക്കും അവരേഴു പേരും സജീവമായിക്കഴിഞ്ഞിരിക്കും.

 തൊടുപുഴ നഗരസഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സമൂഹ അടുക്കളയിലെ കലവറക്കാരുടെ പ്രവര്‍ത്തനമിങ്ങനെയാണ്. നഗരസഭാ സിഡിഎസ് ചെയര്‍പേഴ്സണ്‍ കെ ജമീല, സിഡിഎസ്  അംഗങ്ങളായ അജിതാ മോഹന്‍, ഉഷാകുമാരി, പാചകക്കാരായ ഷംസുദ്ദീന്‍, ഡിറ്റോ, അടുക്കളയിലെ സഹായികളും നഗരസഭാ ജീവനക്കാരുമായ തിലോത്തമ, സബൂറ എന്നിവരേഴ് പേരും എല്ലാ ദിവസവും പുലര്‍ച്ചെ അഞ്ചേകാലോടെ സമൂഹ അടുക്കള പ്രവര്‍ത്തിക്കുന്ന തൊടുപുഴ ആനുക്കൂട് അമൃതാ കേറ്ററിംഗില്‍ എത്തിയിരിക്കും.

ആദ്യഘട്ടമായി പ്രഭാത ഭക്ഷണം തയ്യാറാക്കലാണ്. വന്നയുടന്‍ അടുപ്പില്‍ തീ പകര്‍ന്നാല്‍ പിന്നെ പച്ചക്കറി അരിയല്‍ മുതല്‍ പാത്രം കഴുക്ക് വരെ വിശ്രമമില്ലാത്ത ജോലിയാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു നേരം മാത്രം മുന്നൂറോളം ഭക്ഷണപ്പൊതികള്‍ തയ്യാറാക്കേണ്ടതിനാല്‍ ഓരോരുത്തര്‍ക്കും കൃത്യമായി ചുമതലകള്‍ വീതിച്ച് നല്‍കിയിട്ടുണ്ട്. പ്രഭാത ഭക്ഷണമായി പുട്ട് കടല, ഉപ്പുമാവ് പീസ് കറി, ചപ്പാത്തി മുട്ടക്കറി, ഇഡലി സാമ്പാര്‍ എന്നിങ്ങനെ വിവിധയിനങ്ങളിലേതെങ്കിലുമാണ് തയ്യാറാക്കുക.

എട്ട് മണിയോടെ പ്രഭാത ഭക്ഷണം റെഡി. അപ്പോഴേക്കും നഗരസഭാ ചെയര്‍പേഴ്സണ്‍ സിസിലി ജോസ്, സമൂഹ അടുക്കളയുടെ ചാര്‍ജ് വഹിക്കുന്ന നഗരസഭാംഗം റ്റി.കെ. സുധാകരന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍  ഊഴമിട്ട് കൗണ്‍സിലര്‍മാര്‍ എത്തിച്ചേരും. ഈ സമയം വാഴയില കെട്ടുകളുമായി രാജപ്പന്‍ ചേട്ടനും ഹാജര്‍. പിന്നെ എല്ലാവരും കൂടി ഭക്ഷണം പൊതിയാക്കുന്ന ജോലിയിലേക്ക്. എട്ടരയോടെ നഗരസഭയുടെ ജീപ്പും വാനുമെത്തും. ഇതിലേക്ക് കയറ്റുന്ന ഭക്ഷണപ്പൊതികള്‍ മിനിട്ടുകള്‍ക്കുള്ളില്‍ നഗരത്തിന്റെ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ടു കഴിയുന്നവരുടെ അടുക്കലേക്കെത്തും.

ഇതിനിടയില്‍ കലവറക്കാര്‍ തിടുക്കത്തില്‍ വല്ലതും കഴിച്ച് ഉച്ചയൂണിനുള്ള അരി വേവിക്കാനാരംഭിച്ചിചിട്ടുണ്ടാവും. ചോറ് തയ്യാറാക്കുന്നത് വിറക് കത്തിക്കുന്ന അടുപ്പിലാണ്. ലോക്ക് ഡൗണായതിനാല്‍ വിറക് ലഭ്യമാക്കുന്നതിന് പ്രായോഗികമായി ബുദ്ധിമുട്ടിയിരുന്നു. ഇതറിഞ്ഞ അമൃതാ കേറ്ററിംഗ് ഉടമ തങ്ങളുടെ ശേഖരത്തിലുള്ള വിറക് സമൂഹ അടുക്കളയിലേക്ക് കടമായി നല്‍കുകയായിരുന്നു. ചോറ് വേവുന്നതോടൊപ്പം സാമ്പാര്‍, തോരന്‍, കാളന്‍, രസം, കിച്ചടി തുടങ്ങിയവയിലേതെങ്കിലുമൊക്കെ കറികള്‍ ഗ്യാസ് അടുപ്പില്‍ തയ്യാറാവുന്നുണ്ടാവും. മിക്ക ദിവസങ്ങളിലും കപ്പയോ ചക്കയോ ഉപയോഗിച്ചുള്ള ഒരു സ്പെഷല്‍ കറിയുമുണ്ട്. 11.30 ഓടെ തയ്യാറാകുന്ന ഉച്ചഭക്ഷണം കൗണ്‍സിലര്‍മാരുടെ കൂടി സഹായത്തോടെ ഇലപ്പൊതികളാക്കി 12 ന് വിതരണം തുടങ്ങും.

അടുക്കളക്കാര്‍ ഊണ് കഴിച്ച് അല്‍പ്പമൊന്ന് വിശ്രമിച്ചെന്ന് വരുത്തി അത്താഴം തയ്യാറാക്കാനുള്ള തിരക്കിലേക്ക്. ചപ്പാത്തിയും ഒപ്പം നല്‍കാന്‍ കടല, മുട്ട, പീസ് എന്നിങ്ങനെയേതെങ്കിലും കറികളും. നാല് മണിയോടെ വൈകിട്ടത്തേക്കുള്ള ഭക്ഷണം തയ്യാറായി പൊതികള്‍ വിതരണം തുടങ്ങും. ഇതിനിടെ നഗരസഭാ അതിര്‍ത്തിക്കുള്ളിലെ അഗതികളെ പാര്‍പ്പിച്ചിരിക്കുന്ന എപിജെ അബ്ദുള്‍ കലാം സ്‌കൂളില്‍ മൂന്ന് നേരവും ഭക്ഷണം എത്തിച്ചും നല്‍കുന്നുണ്ട്.
 അടുക്കള വൃത്തിയാക്കലും പാത്രങ്ങള്‍ കഴുകലും പൂര്‍ത്തിയാക്കി വൈകിട്ട് ആറരയോടെയാണ് കലവറക്കാര്‍ വീടുകളിലേക്ക് മടങ്ങുക.

അടുക്കളയിലെ ജോലിത്തിരക്കിനിടെ ആരോഗ്യ വകുപ്പില്‍ നിന്നുള്‍പ്പെടെയുള്ള വിവിധ ഉദ്യോഗസ്ഥരുടെ വിലയിരുത്തലും നിര്‍ദ്ദേശങ്ങളുമുണ്ടാവും. ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ ഉള്‍പ്പെടെയുള്ള ഉന്നതര്‍ അടുക്കളയിലെത്തി തങ്ങളെ അനുമോദിച്ചത് അഭിമാനത്തോടെയാണിവര്‍ കരുതുന്നത്. ഇതിനിടയില്‍ പലപ്പോഴായി സമൂഹ അടുക്കളയിലേക്ക് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ സംഭാവന നല്‍കാനുള്ളവരുമെത്തും. ഓരോന്നും എത്തിച്ചവരുടെ പേരും ഇനവും തിരിച്ച് രജിസ്റ്ററില്‍ രേഖപ്പെടുത്തി വക്കുന്ന ജോലിയുമുണ്ട്. ഇതു കൂടാതെ അടുക്കകളയിലേക്ക് തികയാതെ വരുന്ന സാധനങ്ങള്‍ നഗരത്തില്‍ തുറന്ന കടകള്‍ കണ്ടെത്തി വാങ്ങുകയും വേണം. ലോകം ദുരിതത്തിലായ ഈ സമയത്ത് തങ്ങളാലാവുന്ന സേവനം ചെയ്യാനാവുന്നതിന്റെ സംതൃപ്തിയിലാണിവര്‍. ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നത് വരെ തങ്ങള്‍ കലവറയിലെത്തി ജോലി ചെയ്യുമെന്ന ഉറച്ച തീരുമാനത്തിലാണീ ഏഴംഗ സംഘം.