Asianet News MalayalamAsianet News Malayalam

കൊവിഡ്: കോഴിക്കോട് കൂടുതല്‍ നിയന്ത്രണങ്ങള്‍, ഈ പ്രദേശങ്ങളില്‍ വാഹന ഗതാഗതം നിരോധിച്ചു

വാര്‍ഡുകളില്‍ അവശ്യവസ്തുക്കളുടെ  വിതരണത്തിന് വരുന്ന വാഹനങ്ങള്‍ക്ക് നിരോധനം ബാധകമല്ല. അടിയന്തര വൈദ്യസഹായത്തിനല്ലാതെ വാര്‍ഡുകള്‍ക്ക് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവര്‍ ഈ വാര്‍ഡുകളിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചു

travel ban due to covid 19 in kozhikode
Author
Kozhikode, First Published Apr 8, 2020, 10:20 PM IST

കോഴിക്കോട്: കൊവിഡ് 19 വ്യാപനം തടയുന്നതിനായി കോഴിക്കോട് കൂടുതല്‍ നിയന്ത്രണങ്ങള്‍. കോര്‍പ്പറേഷന്‍ പരിധിയിലെ 42, 43, 44, 45, 54, 55, 56 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലും ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ്, കായക്കൊടി ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, എട്ട് എന്നീ വാര്‍ഡുകളിലും പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ച് ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിറക്കി. 

വാര്‍ഡുകളില്‍ അവശ്യവസ്തുക്കളുടെ  വിതരണത്തിന് വരുന്ന വാഹനങ്ങള്‍ക്ക് നിരോധനം ബാധകമല്ല. അടിയന്തര വൈദ്യസഹായത്തിനല്ലാതെ വാര്‍ഡുകള്‍ക്ക് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവര്‍ ഈ വാര്‍ഡുകളിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചു. വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ഭക്ഷ്യ/അവശ്യ വസ്തുക്കള്‍ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍ രാവിലെ എട്ട് മണിമുതല്‍ 11 മണിവരെയും പൊതുവിതരണ സ്ഥാപനങ്ങള്‍ രാവിലെ എട്ട് മണിമുതല്‍ ഉച്ചക്ക് രണ്ട് മണിവരെയും മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളു. യാതൊരു കാരണവശാലും വീടുകള്‍ക്ക് പുറത്ത് ആളുകള്‍ കൂട്ടംകൂടി നില്‍ക്കാന്‍ പാടില്ല.

വാര്‍ഡുകളില്‍ താമസിക്കുന്നവര്‍ക്ക് വാര്‍ഡുകള്‍ക്ക് പുറത്തുനിന്ന് അവശ്യവസ്തുക്കള്‍ ആവശ്യമായി വന്നാല്‍  വാര്‍ഡ് ആര്‍.ആര്‍.ടി കളുടെ സഹായം തേടാം. ഈ പ്രദേശങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്താനാവശ്യമായ നടപടികള്‍ ജില്ലാ പൊലീസ് മേധാവി സ്വീകരിക്കേണ്ടതാണെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണം ഈ വാര്‍ഡുകളില്‍  ശക്തിപ്പെടുത്തണം. ഉത്തരവ് പാലിക്കപ്പെടാത്തപക്ഷം ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 188, 269 പ്രകാരം ബന്ധപ്പെട്ടവരുടെ പേരില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. 

കൊറോണ വ്യാപനത്തിന്റെ ഹോട്ട്‌സ്‌പോട്ടായി കരുതുന്ന നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത ജില്ലയിലെ നാല് പേര്‍ക്കാണ് കൊറോണ സ്ഥീരീകരിച്ചത്. ഈ സാഹചര്യത്തില്‍ രോഗം കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനും ഇവരുമായി സമ്പര്‍ക്കത്തിലുണ്ടയിരുന്നവര്‍ സമൂഹത്തിലെ മറ്റുള്ളവരുമായി ഇടപെടുന്നത് നിയന്ത്രിക്കുന്നതിനുമാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയ റോഡുകള്‍

കപ്പക്കല്‍ പ്രദേശത്തെ (വാര്‍ഡ് 54,55,56) കോതിപാലം വഴിയുള്ള ഗതാഗതം, ഒ.ബി റോഡ്മാറാട്ഭാഗം റോഡ്, വട്ടക്കിണര്‍ വൈഎംആര്‍സി മില്ലത്ത് കോളനി ഭാഗത്തേക്കുള്ള റോഡ്, പന്നിയങ്കര മേല്‍ പാലത്തിന് പടിഞ്ഞാറ് ഭാഗത്തേക്കുള്ള ഗതാഗതം, കൊളത്തറ ഭാഗത്തെ (വാര്‍ഡ് 42,43,44,45,) ഒളവണ്ണ തൊണ്ടിലക്കടവ് റോഡ്, മോഡേണ്‍ ബസാര്‍ കൊളത്തറ റോഡ്, ഞളിയന്‍പറമ്പ് റഹ്മാന്‍ ബസാര്‍ റോഡ്, ശാരദാ മന്ദിരം റഹമാന്‍ ബസാര്‍ റോഡ്, ശാരദാമന്ദിരം കോട്ടാലട റോഡ്, പനയത്തട്ട് റോഡ്, കൊളത്തറ ചെറുവണ്ണൂര്‍ റോഡ് കണ്ണാട്ടികുളം റോഡ്, കൊളുത്തറ ജംഗ്ഷന്‍, നല്ലളംബസാര്‍ ഡിസ്‌പെന്‍സറി റോഡ്, നല്ലളം ഗീരീഷ് ജംഗ്ഷന്‍ ജയന്തി റോഡ്, പൂളക്കടവ് താഴത്തിയില്‍ റോഡ്, ഒളവണ്ണകൊളത്തറ ചുങ്കം റോഡ്, ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ (വാര്‍ഡ് 3) പാറക്കടവ് തോട്ടത്തികണ്ടി റോഡ്, തോട്ടത്തികണ്ടി അമ്പലം പുഴവക്ക് റോഡ്, കായക്കൊടി ഗ്രാമപഞ്ചായത്തിലെ (വാര്‍ഡ് 6,7,8) മുട്ടുങ്ങല്‍ പക്രന്തളം റോഡ്, ദേവര്‍കോവില്‍ അമ്പലം റോഡ്, അക്വഡറ്റ് പാലം പുത്തന്‍പുരയില്‍ റോഡ്, മുക്കില്‍ പീടിക ചെറുകുന്ന് റോഡ്, അക്വഡറ്റ് പാലം കനാല്‍റോഡ് (കള്ളാട് ), മുക്കില്‍പീടീകപുഴക്കല്‍ റോഡ്, മുക്കില്‍പീടികആലോള്ളതില്‍ റോഡ്,  പുഴക്കല്‍ പള്ളി കനാല്‍ റോഡ്, കാഞ്ഞിരോളിമുട്ടുനട റോഡ്, കാഞ്ഞിരോളി ചെറുവേലി റോഡ്, കുമ്പളം കണ്ടി നടപ്പാത, പുത്തന്‍ വീട്ടില്‍ റോഡ് (റഹ്മ കോളേജിന് മുന്‍വശം), കൊടക്കല്‍പ്പള്ളിനെല്ലോളിച്ചികണ്ടി (പുഴക്കല്‍ റോഡ്), കല്ലുക്കണ്ടി റോഡ് എന്നിവിടങ്ങളിലാണ് നിരോധനം.

Follow Us:
Download App:
  • android
  • ios