Asianet News MalayalamAsianet News Malayalam

വയനാട്ടില്‍ കര്‍ശന നിയന്ത്രണങ്ങള്‍; നിരീക്ഷണത്തില്‍ 4281 പേര്‍, ഇന്ന് മാത്രം 1355 പേര്‍കൂടി നിരീക്ഷണത്തില്‍

ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളിലുമായി 806 വാഹനങ്ങളില്‍ എത്തിയ 1241 പേരെ പരിശോധിച്ചതില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
 

wayanad covid 19 4281 under quarantine
Author
Wayanad, First Published Mar 27, 2020, 11:17 PM IST

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം അയ്യായിരത്തോട് അടുക്കുന്നു. 1355 പേര്‍ കൂടി ഇന്ന് നിരീക്ഷണത്തിലായി. ഇതോടെ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുവരുടെ എണ്ണം 4281 ആയി. അഞ്ച് പേര്‍  ആശുപത്രിയില്‍  നിരീക്ഷണത്തിലുണ്ട്. 63 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 43 സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്. 19 ഫലം ലഭിക്കുവാനുണ്ട്.

ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളിലുമായി 806 വാഹനങ്ങളില്‍ എത്തിയ 1241 പേരെ പരിശോധിച്ചതില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥനങ്ങളില്‍ നിന്നും ജില്ലയില്‍ എത്തി  ക്വാറന്റയിന്‍ നിര്‍ദേശിച്ച വ്യക്തികള്‍ പുറത്തിറങ്ങാതിരിക്കാന്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ആരോഗ്യ പ്രവര്‍ത്തകരും  പൊലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംയുക്ത ടീമാണ് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍  സ്‌ക്വഡുകളായി പരിശോധന നടത്തുന്നത്. ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന ചെക്ക് പോസ്റ്റുകളില്‍ 24 മണിക്കൂറും പൊലിസിന്റെ സേവനമുണ്ട്. തമിഴ്നാടിന്റ  അതിര്‍ത്തി ചെക്ക് പോസ്റ്റുകളായ ചോലാടി, കോട്ടൂര്‍, താളൂര്‍, കക്കണ്ടി, ചീരാല്‍ ,നൂല്‍പ്പുഴ എന്നീ ബോര്‍ഡറുകളിലും കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന ചെക്ക് പോസ്റ്റുകളായ മുത്തങ്ങ, തോല്‍പ്പെട്ടി, ബാവലി എന്നിവിടങ്ങളും കര്‍ശന നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കണ്ണൂര്‍, കോഴിക്കോട് ജില്ലകളുമായി ബന്ധപ്പെടുന്ന ലക്കിടി, പക്രന്തളം, പേര്യ, ബോയ്സ് ടൗണ്‍, എന്നിവിടങ്ങളിലും 24 മണിക്കൂറും ചെക്കിങ്   നടത്തുന്നുണ്ട്.  അതിര്‍ത്തികളില്‍ നിന്നും ജില്ലയിലേക്കുള്ള  കാട്ടുപാതകള്‍ ഫ്ളൈയിങ് സ്‌ക്വാഡിന്റെ നിരീക്ഷണത്തിലാണ്. കൊവിഡ് -19 മായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും പരാതികള്‍ അറിയിക്കുന്നതിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസിന്റെ കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്.
 

Follow Us:
Download App:
  • android
  • ios