ഇടുക്കി: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ പൊലീസിനായി മൂന്നാം കണ്ണായി പ്രവര്‍ത്തിച്ചത് ഈ ഡ്രോണ്‍ ഓപ്പറേറ്ററുമാര്‍. അതീവ ജാഗ്രതയോടെ കൊവിഡ് പ്രതിരോധമൊരുക്കിയിട്ടുള്ള മൂന്നാറില്‍ രണ്ട് പേരാണ് ഇത്തരത്തില്‍ പൊലീസിനും റവന്യു സംഘത്തിനും സഹായികളായിരുന്നത്. പൊലീസിന്റെ കണ്ണുവെട്ടിച്ച് ഉള്‍മേഖലകളില്‍ ലോക്ക് ഡൗണ്‍നിര്‍ദ്ദേശ ലംഘനങ്ങള്‍ ഏറിയതോടെയായിരുന്നു ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും നിരീക്ഷണവും ആരംഭിച്ചത്.

സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലെന്ന പോലെ മൂന്നാറിലും പോലീസ് ക്യാമറക്കണ്ണുകളുടെ സാധ്യത പ്രയോജനപ്പെടുത്തിയിരുന്നു. മൂന്നാര്‍ സ്വദേശിയായ സാജന്‍ ജോര്‍ജ്, സെബിന്‍ എന്നീ യുവാക്കളായിരുന്നു മൂന്നാറില്‍ പോലീസിനും റവന്യു സംഘത്തിനും ഡ്രോണ്‍ പരിശോധനക്ക് കരുത്തായത്. മൂന്നാര്‍ സ്വദേശിയായ സാജന്‍ ജോര്‍ജ്ജ് പൊലീസ് വേണ്ടി ഡ്രോണ്‍ പറത്തിയപ്പോള്‍ റവന്യു സംഘത്തിന് വേണ്ടി സെബിന്‍ ആകാശകണ്ണ് ചലിപ്പിച്ചത്. കൊവിഡ് കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കാന്‍ സാധിച്ചതില്‍ സന്തോമുണ്ടെന്ന് ഇരുവരും പറയുന്നു. 

ജില്ലയിലെ മറ്റ് മേഖലകളെ അപേക്ഷിച്ച് അതിര്‍ത്തി മേഖലയെന്ന നിലയില്‍ മൂന്നാറും വട്ടവടയുമടങ്ങുന്ന ഇടങ്ങളില്‍ ഡ്രോണ്‍ പരിശോധന പൊലീസിനും റവന്യു സംഘത്തിനും ഏറെ ആശ്വാസകരമായിരുന്നു.നേരിട്ടെത്താന്‍ പറ്റാത്ത ഇടങ്ങളില്‍ പോലും ഡ്രോണുകള്‍ പറന്നെത്തി പ്രതിരോധമൊരുക്കിയിരുന്നു. ഇനിയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കാന്‍ തയ്യാറാണെന്ന് ഡ്രോണ്‍ ഓപ്പറേറ്ററുമാരായ ഈ യുവാക്കള്‍ പറയുന്നു.