971 ഡിസംബര്‍ 5. ഇന്ത്യ- പാകിസ്ഥാന്‍  യുദ്ധം നടക്കുകയാണ്. അഞ്ച് ഇന്ത്യന്‍ പൈലറ്റുമാരെ പാക്കിസ്ഥാന്‍ ജീവനോടെ പിടികൂടിയതായി റേഡിയോ വാര്‍ത്തകള്‍ എത്തി. പിറ്റേന്നത്തെ പത്രങ്ങളിലും അതേവാര്‍ത്ത. രാജ്യം ആകാംക്ഷയുടെ മുള്‍മുനയിലായി. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മുന്‍ ബാഡ്മിന്റണ്‍ താരമായ ദമയന്തിയെ തേടി ഗവണ്‍മെന്റില്‍ നിന്നും ഒരു ടെലഗ്രാം എത്തി. പിടികൂടിയ പൈലറ്റുമാരില്‍ ഒരാള്‍ ദമയന്തിയുടെ ഭര്‍ത്താവ് വിജയ് വസന്ത് ആണെന്നായിരുന്നു അതിന്റെ ഉള്ളടക്കം. 

ഞെട്ടലോടെയാണ് വാര്‍ത്തയറിഞ്ഞതെങ്കിലും ദമയന്തി പ്രതീക്ഷ കൈവിട്ടില്ല. കാണാതാവുകയല്ല, യുദ്ധത്തടവുകാരനായി പിടിക്കപ്പെടുകയാണ് ചെയ്തിരിക്കുന്നത്. നയതന്ത്രതലത്തില്‍ സമ്മര്‍ദ്ദം ചെലുത്തി തന്റെ ഭര്‍ത്താവിനെ രാജ്യം തിരികെ കൊണ്ടുവരുമെന്ന് തന്നെ ദമയന്തി പ്രതീക്ഷിച്ചു. എന്നാല്‍  ദില്ലിയിലെ മുനീര്‍ക വിഹാറിലെ ചെറുഫ്ളാറ്റില്‍ ഇന്നും ഭര്‍ത്താവിന് വേണ്ടിയുള്ള ദമയന്തിയുടെ ആ കാത്തിരിപ്പ് തുടരുകയാണ്. നീണ്ട 47 വര്‍ഷങ്ങള്‍. ഇന്ത്യയ്ക്ക് തിരികെ കൊണ്ടുവരാനാകാതെ പോയ 54 സൈനികരില്‍ ഒരാളാണ് ഇന്നും വിജയ് വസന്ത് - മൂന്ന് തവണ ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യനായിരുന്ന ദമയന്തിയുടെ, ഭര്‍ത്താവ്.

ഇന്ദിരാഗാന്ധി മുതല്‍ നരേന്ദ്രമോദി വരെ ഇതുവരെ വന്നഎല്ലാ പ്രധാനമന്ത്രിമാരെയും ദമയന്തി ചെന്നുകണ്ട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്, തന്റെ ഭര്‍ത്താവിനെ തിരികെ കൊണ്ടുവരാന്‍.

വിവാഹം കഴിഞ്ഞ് ഒന്നരവര്‍ഷം പിന്നിട്ടപ്പോഴാണ് വിജയ് വസന്ത് പാക്കിസ്ഥാന്റെ പിടിയിലാകുന്നത്. അന്നുതൊട്ടിന്നോളം തന്റെ ഭര്‍ത്താവിനെ തിരികെ ഇന്ത്യയിലെത്തിക്കാനായി ദമയന്തി മുട്ടാത്ത വാതിലുകളില്ല, കയറിയിറങ്ങാത്ത ഓഫീസുകളില്ല, പരാതി നല്‍കാത്ത നേതാക്കന്മാരില്ല.  ഇന്ദിരാഗാന്ധി മുതല്‍ നരേന്ദ്രമോദി വരെ ഇതുവരെ വന്നഎല്ലാ പ്രധാനമന്ത്രിമാരെയും ദമയന്തി ചെന്നുകണ്ട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്, തന്റെ ഭര്‍ത്താവിനെ തിരികെ കൊണ്ടുവരാന്‍. എല്ലാം വിഫലമായി.

ഒരിക്കല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണയനുസരിച്ച് പാകിസ്ഥാനിലെ ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുന്ന ബന്ധുക്കളെ തിരിച്ചറിയാന്‍ പോയ ഇന്ത്യന്‍ സംഘത്തോടൊപ്പം ദമയന്തിയും ഉണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ സംഘത്തിന് മടങ്ങേണ്ടി വന്നു. 1983 ലായിരുന്നു അത്. പിന്നീട് പാക്കിസ്ഥാനില്‍ നിന്നും മടങ്ങിവരാന്‍ ഭാഗ്യമുണ്ടായ യുദ്ധത്തടവുകാരില്‍ ചിലര്‍ വിജയ് വസന്തിനെ കണ്ടതായി ദമയന്തിയെ അറിയിച്ചു.

ഒരു കുര്‍ത്ത ധരിച്ച് പത്രം വായിച്ചിരിക്കുകയായിരുന്ന വിജയിയെ അദ്ദേഹം തിരിച്ചറിഞ്ഞു. പക്ഷേ അടുത്തുചെന്നു കാണാനോ സംസാരിക്കാനോ അധിക്യതര്‍ അനുവദിച്ചില്ല

ഒരിക്കല്‍ പാക്കിസ്ഥാനിലെ ഫൈസ്ലാബാദിലുള്ള ജയിലുകളിലൊന്നില്‍ വിജയ് ആണെന്ന് തോന്നിപ്പിക്കുന്ന ഒരു ഇന്ത്യന്‍ തടവുകാരനെ കണ്ടതായി ബംഗ്ലാദേശ് നേവല്‍ ഓഫീസറായ ടി.എ യൂസുഫ് വെളിപ്പെടുത്തി. അന്ന് യൂസുഫിന്റെ സഹതടവുകാരനായിരുന്നു അയാള്‍. അയാള്‍ തന്റെ ജയിലറയില്‍ 'തമ്പയ്' എന്ന് കോറിയിട്ടിരുന്നതായി യൂസുഫ് പറഞ്ഞു. വിജയ് വസന്തിന്റെ കുടുംബപ്പേരാണ് തമ്പയ് എന്നത്. അന്ന് വിജയുടെ താടിയെല്ലിന് പരിക്കേറ്റിരുന്നതായും യൂസുഫ് ഓര്‍ക്കുന്നു.

1989 ല്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിന്റെ മാനേജരായി പാക്കിസ്ഥാനിലെത്തിയ വിജയുടെ അമ്മാവന്‍ അദ്ദേഹത്തെ ല്യാല്‍പൂരിലെ ജയിലിലെത്തി കണ്ടിരുന്നു. ഒരു കുര്‍ത്ത ധരിച്ച് പത്രം വായിച്ചിരിക്കുകയായിരുന്ന വിജയിയെ അദ്ദേഹം തിരിച്ചറിഞ്ഞു. പക്ഷേ അടുത്തുചെന്നു കാണാനോ സംസാരിക്കാനോ അധിക്യതര്‍ അനുവദിച്ചില്ല.

ഏറ്റവുമൊടുവില്‍ 2007 ജൂണിലും യുദ്ധത്തടവുകാരുടെ ബന്ധുക്കളുടെ ഒരു സംഘത്തിന് പാകിസ്ഥാനിലെ ജയിലുകള്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ തടവുകാരെ കാണാന്‍ സംഘത്തിന് കഴിഞ്ഞില്ല. തടവുകാരുടെ റെക്കോഡുകള്‍ പരിശോധിക്കാന്‍ മാത്രമേ പാക്ക് അധിക്യതര്‍ അനുവദിച്ചുള്ളു. അന്നും ദമയന്തിക്ക് വെറുംകൈയോടെ മടങ്ങേണ്ടി വന്നു.

ഇന്ന് ദമയന്തിയെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് ഒന്നരവര്‍ഷം മാത്രം നീണ്ടു നിന്ന ദാമ്പത്യത്തിനിടെ വിജയ് സമ്മാനിച്ചുപോയ ഓര്‍മകളും കുറച്ചു ഫോട്ടോഗ്രാഫുകളുമാണ്

അലഹബാദിലായിരുന്നു ദമയന്തിയുടെ ജനനം. മൂന്ന് തവണ ഇന്ത്യയുടെ ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യനായിട്ടുണ്ട് ദമയന്തി. മൂന്നാം കിരീടനേട്ടത്തിന് തൊട്ടുമുമ്പായിരുന്നു വിജയ് തമ്പയുമായുള്ള വിവാഹം. ഇന്ന് ദമയന്തിക്ക് 70 വയസ്സായി. 2013 ല്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചു. മകനെ കാണാതായതിന് ശേഷം വിജയ് വസന്തിന്റെ അച്ഛന്‍ നല്‍കിയ നിര്‍ദേശമനുസരിച്ചാണ് ദമയന്തി ഡല്‍ഹിയില്‍ ജോലിയില്‍ പ്രവേശിച്ചത്. കേന്ദ്രഗവണ്‍മെന്റിലെ ഉന്നത ഉദ്യോഗസ്ഥരെ കണ്ട് ഭര്‍ത്താവിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കാന്‍  ദില്ലിയിലെ ഈ ജോലി സഹായകമായി. പക്ഷേ ഒന്നിനും ഫലമുണ്ടായില്ലെന്നു മാത്രം.

ഇന്ന് ദമയന്തിയെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് ഒന്നരവര്‍ഷം മാത്രം നീണ്ടു നിന്ന ദാമ്പത്യത്തിനിടെ വിജയ് സമ്മാനിച്ചുപോയ ഓര്‍മകളും കുറച്ചു ഫോട്ടോഗ്രാഫുകളുമാണ്. അതില്‍ പലതിലും വിജയ് കുത്തിക്കുറിച്ച ചില വരികളുമുണ്ട്...

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്ത യുദ്ധസ്മാരകത്തില്‍ വിജയ് തമ്പയുടെ പേരും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈ ചിത്രം ആരോ വാട്ട്സാപ്പില്‍ പകര്‍ത്തി ദമയന്തിയ്ക്ക് അയച്ചുകൊടുത്തു. ഭാരതത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ് വിജയ് ഇപ്പോള്‍ എന്നുകരുതി ആശ്വസിക്കാന്‍ ശ്രമിക്കുകയാണ് ദമയന്തി ഇന്ന്.

1979 ല്‍ ഇന്ത്യയുടെ 40 സൈനികര്‍ പാക്ക് കസ്റ്റഡിയിലുണ്ടെന്ന് അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന സമരേന്ദ്ര കുണ്ടു പാര്‍ലമെന്റിനെ അറിയിച്ചു. പിന്നീട് 1983 ല്‍ അത് 54 ആയി ഉയര്‍ന്നു. അടുത്തിടെ പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണം ചെറുക്കുന്നതിനിടെ അവിടുത്തെ സൈനികരുടെ പിടിയിലായ അഭിനന്ദന്‍ വര്‍ദ്ധമാന്‍ എത്ര ഭാഗ്യം ചെയ്തയാളാണെന്ന് ഇപ്പോള്‍ ഊഹിക്കാമല്ലോ...