മുംബൈ: രാജ്യമാകെ ചൂട് തെരഞ്ഞെടുപ്പ് പിടിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയായി നരേന്ദ്രമോദി തുടരണോ അതോ രാഹുല്‍ ഗാന്ധി വേണോ.? ഇതൊന്നുമറിയാതെ ഒരു ഗ്രാമമുണ്ട് ഇന്ത്യയില്‍. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മഹിസ്മല്‍ എന്ന സ്ഥലത്ത്. ഈ ഗ്രാമത്തിലെ സ്ത്രീകള്‍ രാത്രി സമാധാനത്തോടെ ഉറങ്ങിയിട്ട് ദിവസങ്ങളായി. കാരണം ഒരു കുടം വെള്ളം കിട്ടണമെങ്കില്‍ ഇവര്‍ക്ക് രാത്രിമുഴുവന്‍ കാത്തിരിക്കണം. രണ്ട് കിലോമീറ്റര്‍ ചെങ്കുത്താല മലനിരകളില്‍ കൂടിയിറങ്ങി ചെറിയ കുളത്തില്‍നിന്നാണ് ഇവര്‍ വെള്ളമെടുക്കുക. കൊടും വെയിലില്‍ പകല്‍ കുളത്തില്‍ വെള്ളമുണ്ടാകില്ല. രാത്രിയില്‍ ഊറിവരും. ഉറക്കമില്ലാതെ കാത്തിരുന്ന് ഈ പുലര്‍ച്ചെ ഓരോ കുടം വെള്ളവുമായി സ്ത്രീകള്‍ മടങ്ങും. 
കുളത്തിലേക്ക് വെയിലേല്‍ക്കാതിരിക്കാന്‍ മരച്ചില്ലകളും ഇലകളുമുപയോഗിച്ച് ചെറിയ മറയുണ്ടാക്കിയിട്ടുണ്ട്. അഞ്ച് കി.മീ ദൂരം താണ്ടിയാണ് ചിലര്‍ വെള്ളത്തിനെത്തുന്നത്. വെള്ളത്തിനെത്തിയ സ്ത്രീയെ പുലി ആക്രമിച്ച സംഭവം വരെയുണ്ടായിട്ടുണ്ട്.

 

ഇപ്പോള്‍ എല്ലാവരും ഒരുമിച്ചാണ് വെള്ളമെടുക്കാനെത്തുക. തീകൂട്ടി, നാട്ടുവര്‍ത്തമാനം പറഞ്ഞ് അവര്‍ സമയം കളയും.  പക്ഷേ ഉള്ളില്‍ നീറ്റലുണ്ടെങ്കിലും വരള്‍ച്ചയെക്കുറിച്ച് ഒന്നും പറയില്ല. എല്ലാവര്‍ക്കും അത് ശീലമായിരിക്കുന്നു. ചിലര്‍ക്ക് രണ്ടും മൂന്നും തവണ വെള്ളമെടുക്കാനായി എത്തേണ്ടി വരും. 

ഗ്രാമത്തില്‍ ആകെ 65 കുടുംബങ്ങളിലായി 495 പേരാണ് താമസിക്കുന്നത്. വര്‍ഷങ്ങളായി വരള്‍ച്ച ബാധിത പ്രദേശമാണ്. ഒരു ഗ്ലാസ് വെള്ളം പങ്കിട്ടെടുക്കേണ്ട അവസ്ഥയാണ് ഒരോ കുടുംബത്തിലും. അപ്പോള്‍പിന്നെ മറ്റ് കാര്യങ്ങള്‍ പറയേണ്ടല്ലോ. അയല്‍ ഗ്രാമങ്ങളായ ഖല്‍വാഡ്, സിരിഷ്പഡ, മൊറാണ്ട എന്നിവയുടെ അവസ്ഥയെല്ലാം സമാനം. നിരവധി ചെറുപ്പക്കാര്‍ ഗ്രാമമുപേക്ഷിച്ച് നഗരങ്ങള്‍ തേടി പോയി. നിരവധി തവണ സര്‍ക്കാറിന് മുന്നിലെത്തിയിട്ടും ഒരു പരിഹാരവുമുണ്ടായിട്ടില്ല. കല്‍വാന്‍ നിയോജക മണ്ഡലത്തിലുള്‍പ്പെടുന്ന പ്രദേശമാണിത്. സി.പി.എമ്മിലെ ജെ.പി. ഗവിതാണ് എം.എല്‍.എ. ഗ്രാമത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ നിരവധി തവണ ഇടപെട്ടെങ്കിലും സര്‍ക്കാര്‍ അനങ്ങുന്നില്ല. ഈയടുത്ത് ജലസേചന വകുപ്പിന് ഒരു പദ്ധതി നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. അതും തടഞ്ഞുവെച്ചിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.