ഫെബ്രുവരി ആറ് ബോബ് മാർലിയെന്ന പാട്ടുകാരന്‍, വിപ്ലവകാരി ജനിച്ച ദിവസമാണ്. 1945 -ല്‍ ജനിച്ച അദ്ദേഹം 1981 -ല്‍ മരിച്ചു. പക്ഷേ, മരിച്ച് കാലങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹത്തിന്‍റെ സംഗീതം ഇന്നും ആളുകളെ ഹരം കൊള്ളിക്കുന്നു. റഗ്ഗെ എന്ന നാടോടി സംഗീതത്തിന്‍റെ മാസ്‍മരികതയിൽ ലോകത്തെ ഇളക്കിമറിച്ച അദ്ദേഹം, സംഗീതം ആനന്ദിപ്പിക്കാൻ മാത്രമല്ല ചോദ്യം ചെയ്യാനും കൂടിയുള്ളതാണ് എന്ന് തെളിയിച്ചൊരാളാണ്. ഈ ജമൈക്കകാരനെ കുറിച്ചോർക്കുമ്പോൾ സംഗീതത്തോടൊപ്പം, നമ്മുടെ മനസ്സിൽ തെളിയുന്നത് അദ്ദേഹത്തിന്‍റെ കഞ്ചാവ് ശീലമായിരിക്കും. പലപ്പോഴും അദ്ദേഹത്തെ കഞ്ചാവിന്‍റെ പ്രചാരകനായിട്ടാണ് പലരും കാണുന്നത്. സത്യത്തിൽ റാസ്‍തഫാരിയനിസത്തിന്‍റെ വക്താവായിരുന്നു അദ്ദേഹം. ക്രിസ്‍തുവിൽ വിശ്വസിച്ചിരുന്ന ഒരു വിഭിന്ന മതമായിരുന്നു റാസ്‍തഫാരിയൻ. ആ മതവിശ്വാസത്തിൽ കഞ്ചാവ് ഉപയോഗിക്കുന്നത് സാധരണവുമായിരുന്നു. എന്നാൽ, അദ്ദേഹത്തെ അനുകരിക്കുന്ന പലരും ഇതറിയാതെയാണ് അദ്ദേഹത്തിന്‍റെ കഞ്ചാവ് ശീലവും അനുകരിക്കുന്നത്.   

ബോബ് മാര്‍ലി

അന്നത്തെക്കാലത്ത് അദ്ദേഹം ഉപയോഗിച്ചിരുന്ന 'സുപ്രീം ഗഞ്ച' എന്ന് വിളിക്കുന്ന ആ വീര്യം കൂടിയ കഞ്ചാവ് പക്ഷേ ഇന്ന് ലഭ്യമല്ല. അതൊരു തീരാനഷ്‍ടമായാണ് പലരും കരുതുന്നത്. എന്നാൽ, ഒരു ജമൈക്കൻ ശാസ്ത്രജ്ഞൻ അതിനൊരു പരിഹാരം കാണാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ്. ഒരു കഞ്ചാവ് പ്രേമി കൂടിയായ ഡോ. മിഷേൽ ഇമ്മാനുവൽ, ബോബ് മാർലി ഉപയോഗിച്ചിരുന്ന കഞ്ചാവ് വികസിപ്പിച്ചെടുക്കാനുള്ള ശ്രമമാരംഭിച്ചിട്ടുണ്ട്. പണ്ട് ലോകമെമ്പാടുമുള്ള കഞ്ചാവ് പുകവലിക്കാരുടെ പ്രിയ ഭൂമിയായിരുന്നു ജമൈക്ക. “50 മുതൽ 70 -കൾ വരെ ലാൻഡ്‌റേസ് കൃഷിക്ക് പേരുകേട്ടതായിരുന്നു ജമൈക്ക, ലാൻഡ്‌റേസ് തീർച്ചയായും ജമൈക്കയുടെ അന്താരാഷ്ട്ര പ്രശസ്തി ഉയർത്തിയിരുന്നു” ഡോ. ഇമ്മാനുവൽ വിശദീകരിച്ചു. പരിസ്ഥിതിയിൽ സ്വാഭാവികമായി വികസിച്ച കഞ്ചാവിനെയാണ് ലാൻ‌ഡ്റേസ് കഞ്ചാവ് എന്ന് വിളിക്കുന്നത്. അതായത് നല്ല ഒറിജിനൽ കഞ്ചാവ്. എന്നാൽ, പിന്നീട് മനുഷ്യന്‍റെ ഇടപെടൽ മൂലം അത് അപ്രത്യക്ഷമായി. 

ബോബ് മാര്‍ലി

1980 -കളിൽ മയക്കുമരുന്നിനെതിരായ യുഎസ് യുദ്ധം ലാൻ‌ഡ്റേസിന്‍റെ നിലനിൽപ്പിനെ തന്നെ ഇല്ലാതാക്കി. യുഎസ് ഭരണകൂടം, ഉയരത്തിൽ വളരുന്ന ലാൻഡ്‌റേസ് കഞ്ചാവിനെ എളുപ്പത്തിൽ കണ്ടുപിടിക്കുകയും നശിപ്പിക്കുകയും ചെയ്‍തു. അതോടെ ആ കൃഷി പൂർണ്ണമായും ഇല്ലാതായി. കാലക്രമേണ, സങ്കരയിനങ്ങൾ യഥാർത്ഥ ലാൻഡ്‌റേസ് കൃഷിയെ പുനഃസ്ഥാപിച്ചു. ഡൊമിനിക് സ്വദേശിയായ ഈ 35 -കാരൻ 2001 മുതൽ കഞ്ചാവ് വളർത്തുകയാണ്. ബയോളജിയിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം 2007 -ൽ ജമൈക്കയിലേക്ക് മാറി. ഗഞ്ചയുടെ ഒരു ആരാധകനായ അദ്ദേഹം  നഷ്ടപ്പെട്ട ലാൻഡ്‌റേസ് ഇനങ്ങളെ വീണ്ടെടുത്ത് തന്‍റെ ലാബിൽ പുനർനിർമ്മിക്കാൻ പരിശ്രമിക്കുകയായിരുന്നു.   

പക്ഷേ, അവയുടെ വിത്തുകൾ കണ്ടെത്തുക എന്നത് അത്ര എളുപ്പമായിരുന്നില്ല. കരീബിയൻ‌ രാജ്യത്തിന്‍റെ നാലു കോണുകളിലായി ലാൻഡ്‌റേസ് വിത്തുകൾ വ്യാപിച്ചു കിടന്നിരുന്നു. അത് അന്വേഷിച്ച് അദ്ദേഹം ഗ്വാഡലൂപ്പ്, ട്രിനിഡാഡ്, ഡൊമിനിക് എന്നിവിടങ്ങളിലേക്ക് യാത്രപോയി. ഒരുപാട് കഷ്ടപ്പെട്ട് അദ്ദേഹം വിത്തുകൾക്ക് വേണ്ടിയുള്ള അന്വേഷണം തുടർന്നു. ഒടുവിൽ ഒരു പർവതശിഖരത്തിൽ അദ്ദേഹം ഒരു റസ്‍തയെ കണ്ടെത്തി. റാസ്‍തഫാരിയൻ വിശ്വാസിയെയാണ് റസ്‍ത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആറുമണിക്കൂർ കാൽനടയായി യാത്രചെയ്‍തിട്ടാണ് ഡോക്ടർ അദ്ദേഹത്തെ കണ്ടെത്തിയത്. കഴിഞ്ഞ 40 വർഷമായി നാഗരികതയുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുകയായിരുന്നു ആ റസ്‍തമാൻ. ആ യാത്ര വെറുതെയായില്ല. അവിടെനിന്ന് ആ അപൂർവ്വമായ വിത്ത് അദ്ദേഹം കണ്ടെത്തുക തന്നെ ചെയ്തു. അങ്ങനെ മാമ്പഴം, ലിച്ചി, ജാക്ക്ഫ്രൂട്ട് എന്നിവയ്ക്കിടയിൽ ഡോ. മച്ചൽ ഇമ്മാനുവൽ ഡസൻ കണക്കിന് കഞ്ചാവ് ചെടികൾ നട്ടുവളർത്തി. കഞ്ചാവ് കിംഗ്സ്റ്റണിലെ വെസ്റ്റ് ഇൻഡീസ് യൂണിവേഴ്സിറ്റിയിലെ ബയോളജി ഡിപ്പാർട്ട്മെന്റിന്‍റെ ബൊട്ടാണിക്കൽ ഗാർഡനിലെ ലാബിലാണ് അദ്ദേഹം ഈ കഞ്ചാവ് കൃഷി ചെയ്യുന്നത്. 

'ബോബ് മാർലി ഉപയോഗിച്ച ശുദ്ധവും, പുരാതനവുമായ കഞ്ചാവ്' എന്ന പേരിൽ അത് മാർക്കറ്റിൽ ഇറക്കാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. കൂടാതെ അതിൽ ഒരു ഗൃഹാതുരത്വം കൂടിയുണ്ടെന്നും മിഷേൽ അഭിപ്രായപ്പെട്ടു. കഞ്ചാവ് വിപണിയിൽ അദ്ദേഹത്തിന്‍റെ ഈ പുതിയ സംരംഭം ഇതിനകം പ്രസിദ്ധമായിരുന്നു. പല വലിയ കമ്പനികളും, വ്യക്തികളും ഇതിനായി അദ്ദേഹത്തെ സമീപിക്കുകയും ചെയ്‍തിരുന്നു.