Asianet News MalayalamAsianet News Malayalam

വിശ്വസിക്കാനാവുമോ ഈ നാടിന്‍റെ മാറ്റം? ഇത് ഗ്രാമവാസികളുടെ അധ്വാനത്തിന്‍റെ ഫലം...

എന്നാൽ, അതിന് മുൻപ് ഒരു ദുരിതകാലമുണ്ടായിരുന്നു അവർക്ക്. ജലക്ഷാമവും, കഠിനമായ ചൂടും അവരെ ചൂഴ്ന്ന് നിന്നൊരു കാലം. ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപായിരുന്നു അത്. അന്ന് കടുത്ത വേനലും ജലക്ഷാമവും മൂലം പർവതത്തിന് ചുറ്റുമുള്ള 20-21 ഗ്രാമങ്ങളിൽ താമസിക്കുന്ന മുപ്പതിനായിരത്തോളം ആളുകളുടെ  ജീവിതം ദുഷ്കരമായിരുന്നു.

A village in West Bengal restored a forest
Author
West Bengal, First Published Feb 16, 2020, 12:36 PM IST

വെസ്റ്റ് ബംഗാളിലെ ജാർബാഗ്‌ദ ഗ്രാമത്തിലാണ് ജമിനി മോഹൻ മഹന്തി താമസിക്കുന്നത്. 91 വയസ്സായ അദ്ദേഹം ഇപ്പോഴും പൂർണ്ണ ആരോഗ്യവാനാണ്. എന്നാൽ, അദ്ദേഹം തൻ്റെ ആരോഗ്യത്തിൻ്റെ കാരണമായി ചൂണ്ടികാണിക്കുന്നത് അവരുടെ ഗ്രാമത്തിൽ നിലകൊള്ളുന്ന ഒരു പർവ്വതമാണ്. “ഞാൻ പണ്ടേ മരിക്കേണ്ടതായിരുന്നു. പക്ഷേ, ഈ പർവ്വതം എനിക്ക് ഒരു പുതിയ ജീവിതം നൽകി. കാരണം അത് ഞങ്ങളുടെ പരിസ്ഥിതിയെ ശുദ്ധമാക്കുകയും, മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു” അദ്ദേഹം പറഞ്ഞു.

നാടിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ പർവ്വതം ആ നാടിൻ്റെ ശ്വാസകോശമാണ്. വിശാലമായ പച്ചപ്പും, ജൈവവൈവിധ്യവും കൊണ്ട് സമ്പന്നമാണ് അത്. എന്നാൽ കുറച്ചു വർഷം മുൻപ് അതൊരു തരിശുനിലമായിരുന്നു. നശിച്ചു കൊണ്ടിരുന്ന ഒരു ഗ്രാമത്തെ ജീവൻ വയ്പ്പിക്കാൻ ജനങ്ങൾ കൈയും മെയ്യും മറന്നു പ്രവർത്തിച്ചതിൻ്റെ ഫലമായാണ് ഇപ്പോൾ അത് പച്ചപ്പ് നിറഞ്ഞ ഭൂമിയായി തീർന്നത്. ഒരു നേതാക്കളുടെയും കാല് പിടിക്കാൻ അവർ പോയില്ല, അവർ അനുഭവിച്ച ദുരിതങ്ങൾക്ക് ഒരു നേതാവിനെയും പഴിചാരി തെരുവിൽ സമരത്തിന് ഇറങ്ങിയില്ല. പകരം അവർ തന്നെ മുന്നോട്ട് വന്നു അതിന് ഒരു പരിഹാരം കാണുകയായിരുന്നു. ഗ്രാമീണരുടെ കൂട്ടായ പരിശ്രമത്തിൻ്റെയും, അധ്വാനത്തിൻ്റെയും ഫലമായാണ് ഇന്നീ നാട് ജീവസുറ്റതായി തീർന്നത്.  

എന്നാൽ, അതിന് മുൻപ് ഒരു ദുരിതകാലമുണ്ടായിരുന്നു അവർക്ക്. ജലക്ഷാമവും, കഠിനമായ ചൂടും അവരെ ചൂഴ്ന്ന് നിന്നൊരു കാലം. ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപായിരുന്നു അത്. അന്ന് കടുത്ത വേനലും ജലക്ഷാമവും മൂലം പർവതത്തിന് ചുറ്റുമുള്ള 20-21 ഗ്രാമങ്ങളിൽ താമസിക്കുന്ന മുപ്പതിനായിരത്തോളം ആളുകളുടെ  ജീവിതം ദുഷ്കരമായിരുന്നു. ഭൂഗർഭജലനിരപ്പ് കുറഞ്ഞതിനാൽ ഗ്രാമം കടുത്ത ജലക്ഷാമം നേരിട്ടിരുന്നു. കുടിവെള്ളത്തിനായി അവിടത്തെ സ്ത്രീകൾക്ക് കിലോമീറ്ററോളം നടക്കേണ്ടി വന്നിരുന്നു. ഗ്രാമത്തിലെ ടാപ്പുകളിൽ വെള്ളം പങ്കിടുന്നതിനെച്ചൊല്ലി പലപ്പോഴും ഏറ്റുമുട്ടലുകളും വഴക്കുകളും ഉണ്ടായിരുന്നു. ഇത് ഗ്രാമത്തിന്റെ ഐക്യത്തെയും ബാധിച്ചു.

ഇതിനെല്ലാം പുറമെ, വേനൽക്കാലത്ത് ശക്തമായ ചൂടും, കാറ്റും മൂലം ജീവിതവും ദുഷ്‌കരമായിതീർന്നു. അവിടെ മഴക്കാലമായാൽ പർവതത്തിൽ നിന്നുള്ള മണ്ണൊലിച്ച് കുളങ്ങളെ മലിനപ്പെടുത്തുകയും, കൃഷിയെ ബാധിക്കുകയും ചെയ്തിരുന്നു. പർവതത്തിനടുത്തുള്ള ഗ്രാമങ്ങളിൽ താമസിക്കാൻ പോലും ആളുകൾക്ക്  ബുദ്ധിമുട്ടായി തുടങ്ങി. ആളുകൾ പതുക്കെ ആ ഗ്രാമം വിട്ടു പോകാൻ തുടങ്ങി.

മരങ്ങൾ ഇല്ലാത്തതിനാൽ വിറക് ആവശ്യത്തിന് ലഭിക്കാത്തതും മറ്റൊരു പ്രധാന പ്രശ്നമായിരുന്നു. വിറകിനായി അവിടത്തെ സ്ത്രീകൾക്ക് മൂന്ന് നാല് കിലോമീറ്റർ നടക്കേണ്ടിവന്നു. സ്ത്രീകൾ തലയിൽ വിറക് ചുമന്ന് ഇത്രയും ദൂരം നടക്കുന്നത് അപകടകരവും ബുദ്ധിമുട്ടുള്ളതുമായിരുന്നു. കൂടാതെ, ചിലർക്ക് വിറക് വാങ്ങാൻ ആവശ്യമായ പണവും ഉണ്ടായിരുന്നില്ല.

ഈ പ്രശ്നങ്ങൾക്കുള്ള ഏക പോംവഴി തരിശായി കിടക്കുന്ന പർവ്വതത്തിനെ ഹരിതാഭമാക്കി മാറ്റുക എന്നതായിരുന്നു. അവിടെനിന്ന് പിന്നെ അതിജീവത്തിൻ്റെയും, പോരാട്ടത്തിൻ്റെയും ഒരു കാലമായിരുന്നു. 376 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഈ പർവ്വതത്തെ മാറ്റിയെടുക്കാനായി വിപുലമായ അധ്വാനവും ഫണ്ടും ആവശ്യമായിരുന്നു. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട ഒരു എൻ‌ജി‌ഒ അവരുടെ രക്ഷയ്‌ക്കെത്തി. ലാഭേച്ഛയില്ലാതെ ഗ്രാമങ്ങൾക്കായി പ്രവർത്തിച്ചിരുന്ന ടാഗോർ സൊസൈറ്റി ഫോർ റൂറൽ ഡെവലപ്മെന്റ് നിലത്തിൻ്റെ തോട്ടം പണി മുഴുവനായും ഏറ്റെടുക്കാമെന്ന് സമ്മതിച്ചു. അതേസമയം അത് പരിപാലിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ഉത്തരവാദിത്തം സമൂഹത്തിന് നൽകി. “ഒരു കൂട്ടം ഗ്രാമവാസികൾ ഞങ്ങളെ ബന്ധപ്പെടുകയും അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പറയുകയും ചെയ്തു. ഒരു വനം വളർത്താനുള്ള അവരുടെ അഭിനിവേശം ഞങ്ങളെ അതിശയിപ്പിച്ചു. ഞങ്ങൾ അതിനായി പ്രവർത്തിക്കാൻ തീരുമാനിച്ചു” എൻ‌ജി‌ഒയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പ്രഹലാദ് ചന്ദ്ര മഹാട്ടോ പറഞ്ഞു.

A village in West Bengal restored a forest



തുടർന്ന്, 1999 -ൽ, 300 ഏക്കറോളം വരുന്ന ഭൂമിയിൽ മരങ്ങൾ നട്ടുവളർത്തുന്നതിനായി മൻബസാർ -1 ബ്ലോക്കിലെ  ജാർബാഗ്ഡ ഗ്രാമത്തിലെ 60 അംഗങ്ങളെ ഉൾപ്പെടുത്തി ഒരു ഗ്രാമസമിതി രൂപീകരിച്ചു. നാല് ഗ്രാമങ്ങളും കൂടി  2001 -ൽ ഈ സംരംഭത്തിനായി കൈകോർത്തപ്പോൾ 67 ഏക്കർ ഭൂമി കൂടി അതിനോട് ചേർക്കപ്പെട്ടു. കമ്മിറ്റി അംഗങ്ങൾ 90 ആയി ഉയർന്നു.

രണ്ട് പരിസ്ഥിതി പ്രേമികളുടെ സ്മരണയ്ക്കായി ഗ്രാമവാസികൾ ഇതിനെ 'മക്കിനോ രഘുനാഥ് പർവ്വതം' എന്ന് നാമകരണം ചെയ്തു. വിശ്വഭാരതി സർവകലാശാലയിൽ പഠിപ്പിക്കുകയും നാട്ടുകാർക്കിടയിൽ വനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്ത ജാപ്പനീസ് പ്രൊഫസർ സൈജി മക്കിനോയും, അറിയപ്പെടുന്ന ഒരു പ്രദേശവാസിയായ രഘുനാഥ് മഹന്തിയുമാണ് ആ രണ്ടുപേർ. മൂന്നുവർഷത്തിനിടെ 72 ഇനം പഴങ്ങളും, ഔഷധസസ്യങ്ങളും, തടികൊണ്ടുള്ള മരങ്ങളും ഉൾപ്പെടെ 3.26 ലക്ഷത്തിലധികം വൃക്ഷങ്ങൾ പർവതപ്രദേശത്തും സമീപ പ്രദേശത്തുമായി നട്ടുപിടിപ്പിച്ചു.

ഏതാനും വർഷങ്ങൾക്കുള്ളിൽ, ഗ്രാമങ്ങളിൽ മാറ്റങ്ങൾ കണ്ട് തുടങ്ങി. ഇന്ധനത്തിനായി വിറക് എളുപ്പത്തിൽ ലഭ്യമാകാൻ തുടങ്ങി. മരങ്ങളിൽ നിന്ന് വീണ ഉണങ്ങിയ ഇലകൾ ശേഖരിച്ച് ഗ്രാമവാസികൾ ഇന്ധനമായി ഉപയോഗിച്ചു തുടങ്ങി. കിലോമീറ്ററുകളോളം നടക്കുന്നത് ഒഴിവാക്കാനും, ഇന്ധനത്തിനായി മരം വാങ്ങുന്നതിനുള്ള ചെലവ് കുറയ്ക്കാനും ഇതുവഴി സാധിച്ചു. ഭൂഗർഭജലനിരപ്പ് വർദ്ധിക്കുന്നതിനും ഈ വനം കാരണമായി. അങ്ങനെ കൃഷിക്ക് ആവശ്യമായ വെള്ളം ലഭ്യമായി. നാട് അഭിവൃദ്ധി പ്രാപിച്ചു. കൂടാതെ വനത്തിൽ പതുക്കെ വന്യജീവികൾ വന്നു തുടങ്ങി. ഇടതൂർന്ന വനപ്രദേശം ജൈവവൈവിധ്യത്തിൻ്റെ ഉറവിടമാവുകയും, ഒരിക്കൽ തരിശായി കിടന്നിരുന്ന വനത്തിലൂടെ ആനകൾ വീണ്ടും സഞ്ചരിക്കാൻ തുടങ്ങുകയും ചെയ്തു, “2005 -ലാണ് ആനകളെ ഞങ്ങൾ ആദ്യമായി വനത്തിൽ കണ്ട് തുടങ്ങിയത്. പാമ്പുകളെയും മറ്റ് മൃഗങ്ങളെയും പിന്നീട് നിരന്തരം കാണാൻ തുടങ്ങി. പക്ഷികൾ ഇപ്പോൾ ഇവിടെ പതിവാണ്” -40 കാരനായ ബികാഷ് മഹാന്തി പറഞ്ഞു.

ഇടതൂർന്ന മരങ്ങൾ ഗ്രാമങ്ങളിലെ മെർക്കുറി നില കുറയ്ക്കുകയും വേനൽക്കാലത്ത് വായുവിനെ തണുപ്പിക്കുകയും ചെയ്തു. “മരങ്ങളുടെ സാന്നിധ്യം കാരണം ഇപ്പോൾ താരതമ്യേന തണുപ്പാണ്‌. വേനൽക്കാലത്ത് ഞങ്ങൾ പലപ്പോഴും മരങ്ങളുടെ തണലിൽ ഇരിക്കുകയും വൈകുന്നേരങ്ങൾ അവിടെ ചെലവഴിക്കുകയും ചെയ്യുന്നു. മരങ്ങൾ മണ്ണൊലിപ്പ് തടയുകയും ചെയ്യുന്നു. ഓരോ വ്യക്തിയുടെയും നിലനിൽപ്പിന് പരിസ്ഥിതി സംരക്ഷണം എങ്ങനെ പ്രധാനമാണ് എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ഈ ഗ്രാമത്തിൻ്റെ കഥ. 

Follow Us:
Download App:
  • android
  • ios