അതിരപ്പള്ളിക്ക് കൊലക്കത്തി ഒരുങ്ങുന്നതിനിടെ, വൈദ്യുതി മന്ത്രി എംഎം മണിക്ക് ഹൈറേഞ്ചില്‍നിന്നൊരു തുറന്ന കത്ത്. കെ.പി ജയകുമാര്‍ എഴുതുന്നു 

 

പ്രിയപ്പെട്ട മണിയാശാന്, 

തോരാതെപെയ്തിരുന്ന ഒരു മഴക്കാലമുണ്ടായിരുന്നില്ലേ നമുക്കും. കര്‍ക്കിടകത്തിലെ മഴ. ഹൈറേഞ്ചില്‍ മഴയെന്നാല്‍ മഴ മാത്രമായിരുന്നു. പുത്തനുടുപ്പുകളും പുസ്തകങ്ങളും നനച്ചുകൊണ്ട് കൃത്യമായി ജൂണ്‍ ഒന്നിന് കാലത്ത് മഴ തുടങ്ങിയിരുന്നു. മുഖത്തേയ്ക്ക് പാറിവീഴുന്ന ചാറ്റല്‍ മഴ. പിന്നീട് ആറ്മാസവും മഴയായിരുന്നു.  ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെ മഴയുടെ കലണ്ടര്‍ മറിഞ്ഞുപോകും. കര്‍ക്കിടകത്തിലോ, ചിങ്ങത്തിലോ ചിലപ്പോള്‍ കുറച്ചൊന്നു തോര്‍ന്നാലായി.

പക്ഷെ, കര്‍ക്കിടകവും ചതിച്ചാശാനേ,

കര്‍ക്കിടത്തിലെങ്ങാന്‍ മഴ തോര്‍ന്നാല്‍ പ്രായമായവര്‍ പഴമൊഴി പറയും. 'കര്‍ക്കിടകത്തില്‍ പത്തുണക്കുള്ളതാ...'. ഇതിപ്പോ പത്തായിരുന്നില്ല. കര്‍ക്കിടകം മുക്കാലും ഉണങ്ങി. ചിങ്ങമെത്തി. ഓണവെയിലിന് കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ഹൈറേഞ്ചില്‍ മഴ വേറേതന്നെയായിരുന്നില്ലേ? അത് ചിങ്ങത്തിലും തോര്‍ന്നിരുന്നില്ല. സമതലങ്ങളില്‍ മഴപെയ്യുന്നതുപോലെ കോരിച്ചൊരിയും മഴയും പിന്നാലെ  തെളിഞ്ഞ ആകാശവുമല്ല ഹൈറേഞ്ചില്‍. മഴ എപ്പോഴും പെയ്തുകൊണ്ടിരിക്കും. കാറ്റിനൊപ്പം പാറിവീഴുന്ന നൂല്‍മഴ. അതൊരിക്കലും കുത്തിയൊലിച്ച് പെയ്തിരുന്നില്ല.  ഒരിക്കലും തോരുന്നുമില്ല.  കന്നിതുലാമാസങ്ങളില്‍  മഴയുടെ ഭാവം മാറും. തുമ്പിക്കൈ വണ്ണത്തില്‍ മഴയിറങ്ങും. മരങ്ങളും ചെടികളും കൃഷിയിടങ്ങളും വീടും മനുഷ്യരുമെല്ലാം തണുത്തുവിറച്ച് മഴത്തോര്‍ച്ചക്കായി കാത്തിരിക്കും.

ഇതിപ്പോ ചിങ്ങത്തിലും പെയ്യുന്നില്ല. ഓണവെയിലിന് മാനം തെളിയുന്നത് കാത്തിരുന്ന കാലം പോയാശാനെ, 'അത്തം കറുത്താല്‍ ഓണം വെളുക്കും.....അത്തം വെളുത്താല്‍ ഓണം കറുക്കും' എന്നിങ്ങനെ  പഴഞ്ചൊല്ലുകള്‍കൊണ്ട് കുടപിടിച്ചാണ് ഹൈറേഞ്ചുകാര്‍ വെയിലിന്റെ വരവുകാത്തിരുന്നത്.  പഴഞ്ചൊല്ല് പതിരായിപ്പോയി. മഴ അതിനിഷ്ടമുള്ളപ്പോള്‍ പെയ്തും തോര്‍ന്നും വന്നുപോകുന്നു. നമ്മുടെ കാലവും കലണ്ടറും തെറ്റിച്ചുകൊണ്ട്.

ഇന്ന് പാറകളില്‍ ഒഴുക്കിന്റെ മിനുസമുള്ള അടയാളങ്ങള്‍മാത്രം ബാക്കിനിര്‍ത്തി ജലം പിന്‍വാങ്ങിയിരിക്കുന്നു.

 

കൈലാസപ്പാറ മലമുകളില്‍ നിന്ന് ഒരു നീര്‍ച്ചാലായി പുറപ്പട്ട്,  ഒരുപാട് നീരുറവകളിലൂടെ കനംവച്ച് കാടകങ്ങളിലൂടെ, മലഞ്ചെരിവുകളിലൂടെ, വീട്ടു തൊടിയിലൂടെ ഒഴുകി തിടംവച്ച് ഞങ്ങളുടെ പറമ്പിന്റെ അതിരില്‍ ഉയര്‍ന്നുനില്‍ക്കുന്ന പാറക്കെട്ടിന് മുകളിലൊരു കൊച്ചു തടാകമായി ചുറ്റി കീഴോട്ട് കുത്തനെ പതിക്കുന്ന ഒരു ജലപാതമുണ്ടായിരുന്നു. പറമ്പിനെ രണ്ടായി പകുത്ത് വളഞ്ഞൊഴുകി കോമ്പയാറ്റില്‍ പതിക്കുന്ന നീര്‍ച്ചോല. പാറക്കെട്ടില്‍ നിന്നും വെള്ളം കീഴോട്ട് കുത്തിവീഴുന്നതിന്റെ ഇരമ്പം വര്‍ഷം മുഴുവന്‍ കേള്‍ക്കാമായിരുന്നു. മലമുകളില്‍ നിന്ന് മഴയിരമ്പി വരുന്നതുപോലെ ഒരാരവം സദാകേട്ടുകൊണ്ടിരുന്നു. വിരുന്നിനെത്തുന്ന പുറമേക്കാര്‍ ഏറെ നേരം ഈ ശബ്ദത്തെ ചെവികൊണ്ടും കണ്ണുകൊണ്ടും പിന്തുടരും ഉത്തരം കിട്ടാതെ ഒടുവില്‍ തിരക്കും 'അതെന്താണൊരു ഇരമ്പല്‍....?'. 'അതാ തോട്ടിലെ വെള്ളച്ചാട്ടമാ..' എന്ന് അനായാസമായി പറയാനും മാത്രം വിസ്മയ രഹിതമായിരുന്നു ഞങ്ങള്‍ക്ക് ആ ഇരമ്പം. വര്‍ഷകാലത്ത് കനത്തും വേനല്‍ കാലത്ത് നേര്‍ത്തും ജലത്തിന്റെ ശബ്ദസാന്നിധ്യം.

ആ ജലഭരിതമായ രാപ്പകലുകള്‍ തോര്‍ന്നിരിക്കുന്നു. മഴക്കാലത്ത് മാത്രം മെലിഞ്ഞും വേനലെത്തുംമുമ്പ് പിന്‍വാങ്ങിയും ഒച്ചയുമനക്കുവുമില്ലാതെ ഒരു ജലസ്മൃതി.

ഭൂമിക്കടിയിലേക്ക് ആണ്ടാണ്ട് പോകുന്ന കിണറിലെ ജലഛായ നോക്കി നെടുവീര്‍പ്പിടുന്ന ഒരമ്മയുണ്ട്.

 

ഈ ചിങ്ങം നമുക്ക് എന്താകുമെന്നറിയില്ലാശാനേ...

പണ്ട് മഴക്കാലത്ത് തോടുകള്‍ നിറഞ്ഞിരുന്നു. കവിഞ്ഞൊഴുകിയ വെളളം കണ്ടത്തില്‍ നിറഞ്ഞ് ചിറയാകും. വെള്ളം കലക്കല്‍മാറി തെളിനീരാകും. മുട്ടറ്റം വെള്ളത്തില്‍ കണ്ടത്തിലൂടെ ഇറങ്ങിനടക്കുമ്പോള്‍ ചെറുമീനുകള്‍ മിന്നിമറയും. വര്‍ഷകാലത്ത് ആറ്റില്‍ നിന്നും ഈ തെളിനീരൊഴുക്കിലൂടെ വലിയ മീനുകള്‍ മുകളിലേക്ക് കയറിവരും. വരാലും കൂരിയും പരലും തോട്ടില്‍ നിന്നും കണ്ടത്തിലേക്ക് ഊളിയിടും. മീന്‍ പിടിക്കാന്‍ കുട്ടികളും മുതിര്‍ന്നവരുമിറങ്ങും. ഒരു മീനുല്‍സവമായിരുന്നു അത്. ഇപ്പോള്‍ മീനുകള്‍ വരാറില്ല. ആറ്റിലേക്ക് ചെന്നുചേരുന്ന നീരൊഴുക്കുകളില്‍ പലതും നിലച്ചുപോയിരിക്കുന്നു. അവശേഷിക്കുന്നവ നൂലുപോലെ ഒഴുകി തീരുകയാണ്. ആനക്കല്‍ മലകളില്‍ ആരംഭിച്ച് പാലാറെന്നും കോമ്പയാറെന്നുമുള്ള പേരുകളിലൂടെ ഒഴുകി കല്ലാര്‍ കടന്ന് തൂവല്‍ വെള്ളച്ചാട്ടത്തില്‍ കുത്തനെ പതിക്കും.  കമ്പം മെട്ട് മലഞ്ചെരിവുകളില്‍ രണ്ടിടങ്ങളില്‍ നിന്നും പുറപ്പെടുന്ന രണ്ടാറുകള്‍ കൂട്ടിമുട്ടുന്ന സ്ഥലമാണ് കൂട്ടാര്‍. ആ പുഴ തൂക്കുപാലം വഴി ചുറ്റി മുണ്ടിയെരുമയിലൂടെ ഒഴുകി താന്നിമൂടിന് കിഴക്ക് കോമ്പയാറുമായി ചേരുന്നു. ഈ സ്ഥലമാണ് രണ്ടാറുമുക്ക്.  എത്രയോ മധ്യവേനലുകള്‍ അലഞ്ഞുതീര്‍ത്തത് ഈ ആറ്റിറമ്പത്തായിരുന്നു. ഈ ആറിന് കുറുകെ നീന്താന്‍ എത്രയോ തവണ മല്‍സരം നടന്നിട്ടുണ്ട്. ഇരുപത്തിയഞ്ച് വര്‍ങ്ങള്‍ ഈ വഴിയിലൂടെ ഒഴികിപ്പോയിട്ടുണ്ട്. ഇന്ന് പുഴയുടെ സ്ഥാനത്ത്, ജലസ്പര്‍ശമില്ലാത്ത മിനുത്ത പാറയിലൂടെ ആറിന്റെ ശ്മാശാനം മുറിച്ചു കടക്കുമ്പോള്‍ ഒരു കുട്ടിക്കാലം ദാഹിച്ചു പൊരിയുന്നുണ്ട്.

കല്ലാറിന്റെ ഇരുകരകളിലും നിറയെ പൈന്‍ മരങ്ങളായിരുന്നു. പിടിമുറ്റാത്ത കൂറ്റന്‍ മരങ്ങള്‍. ഇടക്കിടെ ആറ്റുവഞ്ചിയും  ഞാവലുമുണ്ട്. നട്ടുച്ചക്കും വെയിലിറങ്ങാത്ത ചോലകളുണ്ടായിരുന്നു.  പൈന്‍മരത്തില്‍ കല്ലുകൊണ്ട് ഇടിച്ച് കറവരുത്തും. പിറ്റേന്ന് ചെല്ലുമ്പോള്‍ ആ കറ ഉണങ്ങി കട്ടിപിടിച്ചിരിക്കും. അതാണ് കുന്തിരിക്കം. വൈകുന്നേരങ്ങളില്‍ പുഴക്കരയിലെ വീടുകളില്‍ കുന്തിരിക്കം മണത്തു.

തോടുകളും നീരൊഴുക്കുകളും വറ്റിപ്പോയ ഹൈറേഞ്ചിന് ഒരു ജലസ്മാരകം.

 

ഇടുക്കി ജലവൈദ്യുത പദ്ധതിയിലേക്ക് കൂടുതല്‍ വെള്ളം എത്തിക്കുന്നതിന്റെ ഭാഗമായി ഇടുക്കിയിലെ എല്ലാ നീരൊഴുക്കുകള്‍ക്കും കുറുകെ ഡാമുകള്‍ നിര്‍മ്മിക്കുന്ന പദ്ധതി അക്കാലത്താണ് വരുന്നത്. പടിഞ്ഞാറോട്ടൊഴുകി തൂവലിലെ വെള്ളച്ചാട്ടത്തില്‍ പതിച്ച് പതഞ്ഞൊഴുകിപ്പോയിരുന്ന കല്ലാറിനെ അണകെട്ടിനിര്‍ത്താനും ഗതി തിരിച്ചുവിട്ട് തുരങ്കം വഴി ഇരട്ടയാറ്റിലെത്തിക്കാനുമായിരുന്നു പദ്ധതി. ഇരട്ടയാര്‍ ഡാമില്‍ എത്തിച്ചേരുന്ന മറ്റ് പുഴകളെയെല്ലാം ചേര്‍ത്ത് അഞ്ചുരുളിയിലെത്തിക്കുന്നതോടെ ഇടുക്കി പദ്ധതിയുടെ റിസര്‍വോയര്‍ നിറയുന്നു. 

എല്ലായിടത്തും വെള്ളിവെളിച്ചം. നാടിന് വികസനം. ആറിന് ഇരുകരയിലും താമസിച്ചിരുന്നവരെ കുടിയിറക്കി. ആറ്റുതീരത്ത് താല്‍ക്കാലിക ഷെഡുകള്‍ നിരന്നു. കമ്പികള്‍, സിമന്റുകള്‍. സിമന്റ് കൂട്ടുന്ന യന്ത്രങ്ങള്‍. പാറതുരക്കുന്ന പടുകൂറ്റന്‍ യന്ത്രങ്ങള്‍, പൊടിഞ്ഞു വീഴുന്ന കല്ലുകള്‍ ദൂരെ ദിക്കിലേക്ക് കൊണ്ടുപോകാന്‍ മക്ക് ലോറികളുടെ  (ടോറസ് പോലെയുള്ള വലിയ വണ്ടികളെ നാട്ടുകാര്‍ മക്ക് ലോറിയെന്ന് വിളിച്ചു, മക്ക് എന്നാല്‍ പൊടിഞ്ഞ കല്ലെന്ന് നാട്ടുവഴക്കം.) നീണ്ടനിര. ഡാം പണി പൂര്‍ത്തിയാകുമ്പോള്‍ ഉയരാന്‍ സാധ്യതയുള്ള ജലനിരപ്പിനെ മുന്‍കൂട്ടി കണ്ട് ഇരുവശങ്ങളിലുമുള്ള റോഡുകള്‍ക്ക് ഉയരം കൂട്ടാന്‍ പ്രത്യേക പദ്ധതി. കല്ലാറ്റില്‍ നിന്നും ഇരട്ടയാര്‍വരെ അഞ്ചാറ് കിലോമീറ്റര്‍ ദൂരത്തില്‍ തുരന്നെടുത്ത് പാറക്കല്ലുകള്‍കൊണ്ടാണ് താന്നിമൂട് കല്ലാര്‍ റോഡിന്റെ ഉയരം കൂട്ടിയത്. പുഴയുടെ ഇരുകരയിലുമുള്ള വന്‍മരങ്ങള്‍ മുറിച്ചുമാറ്റാന്‍ പ്രത്യേക പദ്ധതിവന്നു. കൂറ്റന്‍ പൈന്‍ മരങ്ങള്‍ നിലം പൊത്തി. മരങ്ങള്‍ വലിച്ചുകയറ്റാന്‍ ആനകള്‍വന്നു. മരങ്ങളുടെ  ശവഘോഷയാത്ര.

വര്‍ഷങ്ങളിലൂടെ കല്ലാറിന്റെ ഇരുകരകളും തരിശാക്കപ്പെട്ടു. ആളുകളും മരങ്ങളും ഒഴിഞ്ഞുപോയി. ഡാമിന്റെ പണി പൂര്‍ത്തിയായി. ജലം വന്നുനിറഞ്ഞു. കവിഞ്ഞുനില്‍ക്കുന്ന ജലസംഭരണി കാണാന്‍ സ്‌കൂളുകളില്‍ നിന്നും പഠനയാത്രകളായി കുട്ടികള്‍വന്നു. വര്‍ഷകാലത്ത് കവിഞ്ഞും വേനലില്‍ നിറഞ്ഞും ഒഴുകിയ പുഴയുടെ കാലം വേഗം കഴിഞ്ഞുപോയി.  നോക്കിനില്‍ക്കെയാണ് കല്ലാര്‍ വരണ്ടുണങ്ങിയത്. കാടുപിടിച്ച് കിടക്കുന്ന ഒരു ചതുപ്പാണ് ഇന്നത്തെ കല്ലാര്‍ ജലസംഭരണി. തോടുകളും നീരൊഴുക്കുകളും വറ്റിപ്പോയ ഹൈറേഞ്ചിന് ഒരു ജലസ്മാരകം.

ഭൂമിക്കടിയിലേക്ക് ആണ്ടാണ്ട് പോകുന്ന കിണറിലെ ജലഛായ നോക്കി നെടുവീര്‍പ്പിടുന്ന ഒരമ്മയുണ്ട്. ഒരുപാടമ്മമാരുണ്ട്. ഹൈറേഞ്ചില്‍. 'തുലാവര്‍ഷമെങ്കിലും...' എന്ന് നിരാശാഭരിതമായി മാനത്തേയ്ക്ക് നോക്കുന്ന കണ്ണുകളില്‍ വെയില്‍ കുത്തുന്നു.

തുലാവര്‍ഷവും ചതിക്കുമോ ആശാനേ...

ചെറുതും വലുതുമായി ഇരുപതിലധികം ഡാമുകളുണ്ട് ഹൈറേഞ്ചില്‍. കൃഷിയാവശ്യത്തിനായി നിര്‍മ്മിച്ച തടയണകളും സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങള്‍ കൃഷിക്കും ഉല്ലാസത്തിനുമായി നിര്‍മ്മിച്ചിട്ടുള്ള ജലസംഭരണികളുമുണ്ട്. സഹ്യഗിരിയില്‍ നിന്നും പടിഞ്ഞാറോട്ട് ഒഴുകുന്ന ഏതാണ്ടെല്ലാ നീരൊഴുക്കുകളും തടയപ്പെട്ടിരിക്കുന്നു. ജലമൂറിവരുന്ന വഴികളിലെ വനങ്ങളും അടിക്കാടുകളും ചോലകളും നശിപ്പിക്കപ്പെട്ടിരിക്കുന്നു.

സഹ്യഗിരിയില്‍ നിന്നും പടിഞ്ഞാറോട്ട് ഒഴുകുന്ന ഏതാണ്ടെല്ലാ നീരൊഴുക്കുകളും തടയപ്പെട്ടിരിക്കുന്നു.

 

ആശാനേ, ഇനി പഴയതുപോലെ ഒഴുകില്ല ഒരു പുഴയും.

ഹൈറേഞ്ചിന്റെ സംസ്‌കാരം മുളപൊട്ടിവളര്‍ന്നത് രണ്ട് നദീ തീരങ്ങളിലാണ്. സഹ്യഗിരിയില്‍ ഉത്ഭവിച്ച് വിവിധ നീരൊഴുക്കുകളിലൂടെ കനം വച്ച് പടിഞ്ഞാറോട്ട് ഒഴുകുന്ന പെരിയാറിന്റെയും കിഴക്കന്‍ മലകളില്‍ നിന്നും മറയൂര്‍ തടംവഴി കൂടുതല്‍ കിഴക്കോട്ടൊഴുകി തമിഴകത്തേക്ക് പരക്കുന്ന പാമ്പാറിന്റെയും തീരത്താണ് ആദിമ ജനത പാര്‍പ്പുറപ്പിച്ചത്. ഈ രണ്ട് നദികളുമായി ഇഴചേര്‍ന്ന് വികസിച്ചതാണ് സഹ്യഗിരിയുടെ ഗോത്ര ചരിത്രവും നാഗരികതയും. കൈവഴികളിലോരോന്നിലും അണകെട്ടി നീര്‍മുട്ടിച്ചതാണ് പെരിയാറിന്റെ ദുരന്തം. പെരിയാറിന്റെ ബാക്കിയായ നീരൊഴുക്കിലേക്ക് നഗരവ്യവസായ മാലിന്യങ്ങള്‍ വിഷം തുപ്പുന്നു. മുല്ലപ്പെരിയാറില്‍ ഡാമിന്റെ ഉയരം കൂട്ടണമെന്നും അല്ല പുതിയ ഡാം വേണമെന്നുമുള്ള തര്‍ക്കത്തിനിടയില്‍ അവശേഷിക്കുന്ന പെരിയാറിന്റെ ജൈവഭൂപടം വിധികാത്ത് കിടക്കുന്നു.

മറയൂര്‍ തടത്തിലൂടെ കിഴക്കോട്ടൊഴുകുന്ന പാമ്പാറിന്റെ തീരത്താണ് മധ്യശിലായുഗത്തിന്റെ തിരുശേഷിപ്പുകള്‍ കണ്ടെടുത്തത്. കേരളത്തിന് ലോക ശിലായുഗ ഭൂപടത്തില്‍ സ്ഥാനം നേടിക്കൊടുത്തത് ഹൈറേഞ്ചാണ്. കേരളത്തില്‍ ശിലായുഗമനുഷ്യര്‍ ഉണ്ടായിരുന്നില്ല എന്ന ധാരണയെ തിരുത്തിക്കൊണ്ടാണ് ഹൈറേഞ്ചിന്റെ കിഴക്കന്‍ ഭൂപ്രദേശമായ മറയൂരില്‍ നിന്നും മധ്യശിലായുഗ കാലത്തെ മനുഷ്യവാസ സൂചനകള്‍ കിട്ടിയത്. ചരിത്രാതീത ഗോത്രസ്മരണകളും ബുദ്ധ ജൈന പാരമ്പര്യങ്ങളുടെ ചരിത്രമുദ്രകളും പാമ്പാറിന്റെ തടങ്ങളില്‍ നിന്നും പില്‍ക്കാലം വായിച്ചെടുത്തു. ആയിരത്താണ്ടുകലുടെ സ്മൃതിപേറുന്ന പാമ്പാര്‍, ജലസമൃദ്ധിയുടെ ഭൂതകാലം കൊത്തിവച്ച ശിലാസ്മാരകമാണ്. ജലത്തിന്റെ കറകള്‍ പറ്റിപ്പിടിച്ച പാറക്കെട്ടുകള്‍. ജലംവാര്‍ന്നുപോയ നദി..

ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ക്ലാസിലിരുന്ന് നോക്കിയാല്‍ കാണുന്നത് കോട്ടപോലെ ഉയര്‍ന്നുനില്‍ക്കുന്ന ഒരു വന്‍മലയാണ്. വന്‍പാറക്കെട്ടുകളും പുല്‍മേടുകളും നിറഞ്ഞ സഹ്യശിഖരം. വെള്ളിവരകള്‍പോലെ ഒഴുകിയിറങ്ങുന്ന നീര്‍ച്ചോലകള്‍. താഴെ കാര്‍ഷിക സമൃദ്ധമായ തടഭൂമിയിലെത്തി പുഴകളില്‍ ലയിക്കുന്ന ജലസഞ്ചാരം. ഈ തടങ്ങളിലെ ജലതീരങ്ങളലാണ് ഹൈറേഞ്ചിന്റെ ജീവിതം തിടംവച്ചത്. ഇന്ന് പാറകളില്‍ ഒഴുക്കിന്റെ മിനുസമുള്ള അടയാളങ്ങള്‍മാത്രം ബാക്കിനിര്‍ത്തി ജലം പിന്‍വാങ്ങിയിരിക്കുന്നു.

സുരേഷ് ദാമോദറിന്റെ ഒരു സുന്ദരി പുഴയുടെ മരണം എന്ന കവിത ഇങ്ങനെയാണ് അവസാനിക്കുന്നത്: 

'ദൈവത്തിന്റെ കുഞ്ഞാടുകള്‍ക്കായി
രക്തവും മാംസവും
ചേര്‍ന്നൊഴുകിപ്പോയ
ജലത്തിന്റെ കറകള്‍.'

അതിരപ്പിള്ളിയില്‍ ജലം നിറഞ്ഞ് തുളുമ്പുകയായിരുന്നു.

 

ആശാനെ,

ഈ ഏപ്രിലില്‍,  വാല്‍പ്പാറയില്‍ നിന്ന് മലയ്ക്കപ്പാറവഴി അതിരപ്പള്ളിയിലേക്ക് കാട്ടിലൂടെ സഞ്ചരിക്കുമ്പോള്‍ മരങ്ങള്‍ പെയ്യുന്നുണ്ടായിരുന്നു. തൊട്ടുമുമ്പ് തോര്‍ന്ന മഴയുടെ ഈര്‍പ്പമത്രയും കാറ്റിനുണ്ടായിരുന്നു. ചാലക്കുടിപ്പുഴ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഇളവെയില്‍ കായുന്ന ഇളംപുല്ലുകള്‍ കടിച്ച് പുള്ളിമാന്‍കൂട്ടങ്ങള്‍ അലസമായി മേഞ്ഞുനടന്നിരുന്നു. ചീന്തിയ മുളങ്കാടുകള്‍ ഒരാനക്കൂട്ടത്തിന്റെ സഞ്ചാരം ആവിഷ്‌കരിക്കുന്നുണ്ടായിരുന്നു. കാടിന്റെ ഘനമൗനത്തിനുമേല്‍ ഇടക്കിടെ മലമുഴക്കി വേഴാമ്പലുകള്‍ ചിലച്ച് തൊടുത്ത് പാഞ്ഞുപോയിരുന്നു. അതിരപ്പിള്ളിയില്‍ ജലം നിറഞ്ഞ് തുളുമ്പുകയായിരുന്നു.
 
അതിരപ്പിള്ളി ജലപാതത്തിന് താഴെ നില്‍ക്കെ, മകള്‍ വെയിലും കാറ്റും ചേര്‍ന്ന് മഴവില്ലുകള്‍ വരഞ്ഞും മായ്ച്ചും കളിക്കുന്ന വിസ്മയത്തില്‍ കണ്ണിമചിമ്മാതെ നില്‍ക്കെ, മുഖത്തേയ്ക്ക് പാറിവീഴുന്ന ജലത്തിന്റെ നൂലിഴകള്‍.

എന്താവും അവള്‍ കല്ലില്‍ കുറിച്ചത്...? അതിരപ്പിള്ളി എന്റെ ജന്‍മാവകാശമാണ് എന്നോ?

 

സമയമായെന്ന്, പിരിയുവാന്‍ നേരമായെന്ന് വനപാലകര്‍ വിളിച്ചുപറഞ്ഞപ്പോള്‍ ഞങ്ങള്‍ തിരിഞ്ഞു നടന്നു. ജലധാരയിലലിഞ്ഞ് മകള്‍ വരാന്‍ മടിച്ചു. പിന്നെ, പാറയില്‍ വിരല്‍കൊണ്ടെന്തോ എഴുതി. തിരിഞ്ഞു നടന്നു.

എന്താവും അവള്‍ കല്ലില്‍ കുറിച്ചത്...?

അതിരപ്പിള്ളി എന്റെ ജന്‍മാവകാശമാണ് എന്നോ?

ആശാനെ,

അണക്കെട്ടുകള്‍ വന്‍ പരാജയങ്ങളാണെന്നു തെളിയിച്ച ഒരുനാടിന്റെ ജനപ്രതിനിധിയാണ് താങ്കള്‍.  കാലവും കാലാവസ്ഥയും കീഴ്‌മേല്‍ മറിഞ്ഞ ഒരു നാടിന്റെ പ്രതിനിധി. 

ആശാന് വായിക്കാനാവുന്നുണ്ടോ, വരും തലമുറ ജലത്തിലെഴുതുന്ന വിപത്‌സൂചനകള്‍. നമ്മുടെ ഹൈറേഞ്ചിന്റെ നാഡീഞരമ്പുകള്‍ ഓര്‍ത്ത്, വറ്റിപ്പോയ കിനാക്കള്‍ ഓര്‍ത്ത്, സ്വന്തം വീടിനു ചുറ്റും എരിയുന്ന തീവെയില്‍ ഓര്‍ത്ത്, നമ്മുടെ വരും തലമുറയ്ക്ക് വേണ്ടി, അതിരപ്പിള്ളിയെ വെറുതെ വിട്ടുകൂടേ, ആശാന്. 

സ്‌നേഹത്തോടെ,
ഹൈറേഞ്ചില്‍നിന്ന് 
കെ.പി ജയകുമാര്‍