Asianet News MalayalamAsianet News Malayalam

സ്ത്രീകള്‍ സന്തോഷത്തോടെ ജീവിക്കുന്ന 10 രാജ്യങ്ങള്‍; പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം

വിവിധ രാജ്യങ്ങളിലെ 9800 സ്ത്രീകളിലാണ് സര്‍വേ നടത്തിയത്.  മനുഷ്യാവകാശം, ലിംഗസമത്വം, സാമ്പത്തിക സമത്വം, വളര്‍ച്ച, സുരക്ഷ എന്നിവയായിരുന്നു മാനദണ്ഡങ്ങള്‍. 73 രാജ്യങ്ങളുടെ പട്ടികയാണ് പുറത്ത് വിട്ടത്. 

Best Countries for Women; US news and world report survey
Author
New York, First Published Mar 8, 2020, 2:22 AM IST

ന്ന് മാര്‍ച്ച് എട്ട്, മറ്റൊരു വനിതാ ദിനം വന്നെത്തിയിരിക്കുകയാണ്. സമൂഹത്തില്‍ സ്ത്രീകളുടെ അവകാശവും തുല്യതയും ഓര്‍മിപ്പിക്കുകയും കൂടി ചെയ്താണ് ഓരോ വനിതാ ദിനവും കടന്നുപോകുന്നത്. ഈ വര്‍ഷത്തെ വനിതാ ദിനത്തിന് മുമ്പ് ഏതൊക്കെ രാജ്യങ്ങളിലാണ് സ്ത്രീകള്‍ ഏറ്റവും സന്തോഷം അനുഭവിക്കുന്നതെന്ന് കണ്ടെത്താനായി അമേരിക്കയിലെ യുഎസ് ന്യൂസ് ആന്‍ഡ് വേള്‍ഡ് റിപ്പോര്‍ട്ട് സര്‍വേ  നടത്തുകയും കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു. എല്ലാ വര്‍ഷവും ഇവര്‍ റിപ്പോര്‍ട്ട് പുറത്തിറക്കാറുണ്ട്. വിവിധ രാജ്യങ്ങളിലെ 9800 സ്ത്രീകളിലാണ് സര്‍വേ നടത്തിയത്.  മനുഷ്യാവകാശം, ലിംഗസമത്വം, സാമ്പത്തിക സമത്വം, വളര്‍ച്ച, സുരക്ഷ എന്നിവയായിരുന്നു മാനദണ്ഡങ്ങള്‍. 73 രാജ്യങ്ങളുടെ പട്ടികയാണ് പുറത്ത് വിട്ടത്. 

മുന്‍ വര്‍ഷങ്ങളിലേത് പോലെ സ്കാന്‍ഡനേവിയന്‍ രാജ്യങ്ങളാണ് സ്ത്രീ സന്തോഷത്തിലും മുന്നില്‍ നില്‍ക്കുന്നത്. ഡെന്മാര്‍ക്കാണ് പട്ടികയില്‍ ഒന്നാമത്. രണ്ടാമത് സ്വീഡന്‍, നെതര്‍ലന്‍ഡ്, നോര്‍വേ, കാനഡ എന്നീ രാജ്യങ്ങളാണ് തൊട്ട് പിന്നില്‍. ഫിന്‍ലന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, ന്യൂസീലാന്‍ഡ്, ഓസ്ട്രേലിയ, ഓസ്ട്രിയ എന്നീ രാജ്യങ്ങളാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം പിടിച്ചത്. ജര്‍മനിക്കും(11) ബ്രിട്ടനും(13) ഫ്രാന്‍സിനും(14) പിന്നിലായി 15ാമതാണ് അമേരിക്കയുടെ സ്ഥാനം. ജപ്പാന്‍ 18ാം സ്ഥാനത്തും ചൈന 22ാംസ്ഥാനത്തുമാണ്. 2019നെ അപേക്ഷിച്ച് ചൈന നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. 31ാണ് റഷ്യയുടെ സ്ഥാനം. 2019ല്‍ സ്വീഡനായിരുന്നു മുന്നില്‍. 2019ല്‍ 20000 സ്ത്രീകളിലായിരുന്നു സര്‍വേ നടത്തിയായിരുന്നു 80 രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടത്. 

പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം

73 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 58ാമതാണ്. 2019ല്‍ 57ാം സ്ഥാനത്തായിരുന്നു. സൗദി അറേബ്യ(42), ശ്രീലങ്ക(54), ഇന്തോനേഷ്യ(53), ഇസ്രായേല്‍(45), ഖത്തര്‍(38), യുഎഇ(26) എന്നീ രാജ്യങ്ങള്‍ ഇന്ത്യക്ക് മുന്നിലാണ്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളൊന്നും പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല. മൊറോക്കോ, ഘാന, കെനിയ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളും ഇന്ത്യക്ക് പിന്നിലാണ്. പ്രധാന ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ ബ്രസീല്‍(32), അര്‍ജന്‍റീന(36), ചിലെ(40), മെക്സിക്കോ(51) തുടങ്ങിയ രാജ്യങ്ങളും ഇന്ത്യക്ക് മുന്നിലാണ്. 

Follow Us:
Download App:
  • android
  • ios