2012 -ൽ ചൈനീസ് പ്രസിഡന്റ് സിൻ ജിൻ‌പിംഗ് അധികാരത്തിൽ വന്നപ്പോൾ ഏറ്റെടുത്ത വെല്ലുവിളികളിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു 2020 -ടെ ചൈനയെ പൂർണമായും ഒരു ദാരിദ്ര്യ നിർമ്മാർജ്ജന രാജ്യമാക്കി മാറ്റുകയെന്നത്. ഈ വർഷം തീരാൻ ഒരു മാസം ബാക്കിനിൽക്കെ ചൈന ആ ലക്ഷ്യത്തിലെത്തി ചേർന്നിരിക്കുന്നു എന്നാണ് സർക്കാർ വാർത്താ ഏജൻസി സിൻ‌ഹുവ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതിനെ കുറിച്ച് പരസ്യമായൊരു പ്രഖ്യാപനം ഉടനെ ഉണ്ടാകില്ലെന്നാണ് പറയുന്നത്.  

പതിറ്റാണ്ടുകളോളം ചൈന ലോകത്തിലെ ഏറ്റവും ദാരിദ്ര്യമുള്ള രാജ്യങ്ങളിലൊന്നായിരുന്നു. ദാരിദ്ര്യത്തെ പൂർണമായും അവസാനിപ്പിക്കുകയെന്നത് കമ്മ്യൂണിസ്റ്റ് ചൈനയുടെ ഏറ്റവും സുപ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. അടുത്തവർഷം ജൂലൈയിൽ ചൈനയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിതമായതിന്റെ നൂറാം വാർഷികമാണ്. അതിന് മുന്നോടിയായി 2020 അവസാനത്തോടെ രാജ്യം ആ ലക്ഷ്യം പൂർത്തീകരിക്കുമെന്ന് ചൈനീസ് നേതാവ് മുൻപ് പ്രതിജ്ഞയെടുത്തിരുന്നു. അതാണ് ഇന്ന് ലക്ഷ്യം കണ്ടിരിക്കുന്നതെന്നാണ് പറയുന്നത്. കഴിഞ്ഞ 40 വർഷത്തിനിടയിൽ, കാർഷിക സമ്പദ്‌വ്യവസ്ഥയിൽ നിന്ന് ചൈന അതിവേഗം നഗരവത്കരിക്കുന്ന രാജ്യങ്ങളിലൊന്നായി മാറിയിരിക്കുന്നു.   

നഗരങ്ങൾ വികസിക്കാൻ തുടങ്ങിയപ്പോൾ ജനങ്ങൾ അവിടേക്ക് കുടിയേറാൻ തുടങ്ങി. അപ്പോൾ ഗ്രാമങ്ങളിൽ ജനസംഖ്യ കുറയുകയും തൊഴിലവസരങ്ങൾ കുറയുകയും ചെയ്തു. എന്നാൽ, ഇതിനെ തുടർന്ന്, സർക്കാർ ഗ്രാമപ്രദേശങ്ങളെ കേന്ദ്രീകരിച്ച് കൂടുതൽ പ്രവർത്തനങ്ങൾ നടത്തി. ഈ നയത്തിന്റെ ഭാഗമായി, 2014 മുതൽ ചൈനയിലുടനീളമുള്ള 832 ദാരിദ്ര്യം നിറഞ്ഞ കൗണ്ടികളെ സമ്പൂർണദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ കഴിഞ്ഞുവെന്നും സർക്കാർ അവകാശപ്പെടുന്നു. ബാക്കിയുണ്ടായ ഒൻപത് കൗണ്ടികളെ കൂടി കഴിഞ്ഞ തിങ്കളാഴ്ച ദാരിദ്ര്യത്തിന്റെ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി സിൻ‌ഹുവ പ്രഖ്യാപിച്ചു. ഇതോടെ ചൈനയിൽ കണക്ക് പ്രകാരം ദാരിദ്ര്യമുള്ള ഒരു കൗണ്ടിയും അവശേഷിക്കാതായി. 

അതേസമയം, ദാരിദ്ര്യം അവസാനിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർണമായും പൂർത്തിയായിട്ടില്ലെന്നാണ് ചൈനയിലെ ദാരിദ്ര്യ ലഘൂകരണ ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടർ സിയ ഗെങ്‌ഷെങ് പറയുന്നത്. വിശദമായ പരിശോധനകളും, സെൻസസുകളും നടത്തിയശേഷം എല്ലാ മാനദണ്ഡങ്ങളും പാലിച്ചാൽ മാത്രം, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റി ഈ കാര്യം പരസ്യമായി പ്രഖ്യാപിക്കുമെന്ന് ഗെങ്‌ഷെങ് പറയുന്നു. ദാരിദ്ര്യ നിർമാർജന ഫലങ്ങൾ ചൈനീസ് സർക്കാർ കുറച്ചുകൂടി സമഗ്രമായി അവലോകനം ചെയ്യേണ്ടതുണ്ടെന്നും 2021 -ന്റെ ആദ്യപകുതിയിൽ ഫലം പ്രഖ്യാപിക്കണമെന്നും വിദഗ്ദ്ധരെ ഉദ്ധരിച്ച് സ്റ്റേറ്റ് ടാബ്ലോയിഡ് ഗ്ലോബൽ ടൈംസും അഭിപ്രായപ്പെട്ടു.

എന്നാൽ, ചൈനീസ് സർക്കാരിനെ സംബന്ധിച്ചിടത്തോളം സമ്പൂർണദാരിദ്ര്യമെന്നത് പ്രതിവർഷം 2,300 യുവാൻ (350 ഡോളർ) -ൽ താഴെയാണ്. ദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായ സർക്കാർ കൊണ്ടുവന്ന സബ്‌സിഡികൾ പിൻവലിച്ചാൽ ചിലർ വീണ്ടും ദാരിദ്ര്യത്തിലേക്ക് വീഴുമോ എന്ന ഒരാശങ്കയും നിലനില്ക്കുന്നുണ്ട്. കൂടാതെ, കൊറോണ വൈറസ് മൂലമുണ്ടായ സാമ്പത്തികതടസ്സങ്ങളുടെ ആഘാതം ചൈനയിലെ സമൂഹത്തിലെ ദരിദ്രരായ അംഗങ്ങളെ ബാധിച്ചിട്ടുണ്ടെന്നും വിലയിരുത്തപ്പെടുന്നു. ഇവിടെയുണ്ടായ സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് ദരിദ്ര ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾക്ക് ജോലി നഷ്‌ടപ്പെടാനുള്ള സാധ്യത കൂടുതലാണ്.   

ചൈനയിലെ ദാരിദ്ര്യ നിർമാർജന ഓഫീസിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത് ദരിദ്രരായ കുടിയേറ്റ തൊഴിലാളികളുടെ എണ്ണം 2019 -ൽ 27 ദശലക്ഷത്തിൽ നിന്ന് 2020 -ൽ 29 ദശലക്ഷമായി ഉയർന്നു എന്നാണ്. അതുപോലെ തന്നെ സമ്പൂർണ ദാരിദ്ര്യനിർമാർജനത്തിലേക്കുള്ള നീക്കം, സമ്പന്നരും ദരിദ്രരും തമ്മിലുള്ള സാമ്പത്തിക വിടവ് ഇല്ലാതാക്കുന്നുമില്ല. മറിച്ച് അത് വർധിച്ച് വരികയാണ് എന്നതാണ് വാസ്തവം. മാത്രവുമല്ല, ചൈന ഇപ്പോഴും ലോകത്തിലെ ഏറ്റവും വലിയ നഗര-ഗ്രാമീണ സാമ്പത്തിക വിടവ് ഉള്ള രാജ്യങ്ങളിൽ ഒന്നാണ്. ഔദ്യോഗികമായി ചൈനയിൽ ഇപ്പോൾ ദരിദ്ര കൗണ്ടികളില്ലെങ്കിലും, നഗര ഗ്രാമീണ അന്തരം തുടരുമെന്നാണ് ചൈനീസ് അക്കാദമി ഓഫ് സോഷ്യൽ സയൻസസിലെ ഗ്രാമവികസന ഇൻസ്റ്റിറ്റ്യൂട്ട് മേധാവി വെയ് ഹൗകായ് പറയുന്നത്.