ലി വെൻസു കഴിഞ്ഞ അഞ്ചുവർഷം തന്റെ അഭിഭാഷകനായ ഭർത്താവ് വാങ് ക്വാൻസാങ്ങിന്റെ മോചനത്തിനായി നിയമയുദ്ധം നടത്തുകയായിരുന്നു. ഒടുവിൽ അദ്ദേഹം ജയിൽ മോചിതനാവുകതന്നെ ചെയ്തു. പക്ഷേ, അദ്ദേഹത്തിന്റെ മോചനം അവർക്ക് ആശ്വാസമേകുന്നില്ല, കാരണം അപ്പോഴും അവരെയും മകനെയും കാണാൻ അദ്ദേഹത്തിന് അനുവാദം ഉണ്ടായിരുന്നില്ല. “നിരാശ തകർക്കാതിരിക്കാൻ വർഷങ്ങളായി ഞാൻ പഠിച്ച ഒരു കാര്യം പ്രതീക്ഷ നിലനിർത്തി ഈ ഒരു നിമിഷത്തിൽ മാത്രം ജീവിക്കുക എന്നതാണ്” ലി, സൗത്ത് ചൈന മോണിംഗ് പോസ്റ്റിനോട് പറഞ്ഞു. "ഏറ്റവും വേദനാജനകമായ അവസ്ഥയാണിത്" എന്നും അവർ കൂട്ടിച്ചേർത്തു. തന്‍റെ ഭര്‍ത്താവിനെ മാനസികമായി തകർക്കാൻ ചൈനീസ് ഭരണകൂടം ശ്രമിക്കുന്നുവെന്ന് അവർ ആരോപിച്ചു.ആരാണ് ഈ വാങ് ക്വാൻസാങ്ങ്? അധികൃതർ എന്തിനാണ് അദ്ദേഹത്തിനോട് ഈ രീതിയിൽ വിരോധം കാണിക്കുന്നത്? അദ്ദേഹം ചൈനയിലെ ഒരു മനുഷ്യാവകാശ പ്രവർത്തകനായ അഭിഭാഷകനാണ്. 2007 -ൽ ബെയ്ജിംഗിലാണ് വാങ് ക്വാൻഷാങ് തന്റെ അഭിഭാഷക ജീവിതം ആരംഭിച്ചത്. മതസ്വാതന്ത്ര്യം, ഭൂമി അവകാശം, മാധ്യമ സ്വാതന്ത്ര്യം എന്നിവ ഉൾപ്പെടുന്ന രാഷ്ട്രീയ പ്രക്ഷുബ്ധമായ മനുഷ്യാവകാശ കേസുകൾ അദ്ദേഹം ഏറ്റെടുക്കുമായിരുന്നു. ചൈനയുടെ സിവിൽ സമൂഹത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്ക് പുറമേ രാഷ്ട്രീയ വിശകലനത്തിന്റെ ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന ജനറൽ സെക്രട്ടറി സി ജിൻപിംഗ് തങ്ങളുടെ കണ്ണിലെ കരടായ, അധികാരത്തെ ചോദ്യചെയ്യുന്ന മനുഷ്യാവകാശ അഭിഭാഷകരെ തളക്കാനായി "709 ക്രാക്ക് ഡൗൺ" എന്നപേരിൽ ഒരു പദ്ധതി കൊണ്ടുവന്നു. അനവധി മനുഷ്യാവകാശ അഭിഭാഷകരെയാണ് അന്ന് ഇതിന്റെ ഭാ​ഗമായി അറസ്റ്റ് ചെയ്തത്. 2015 ഓഗസ്റ്റിൽ വാങ് ക്വാൻസാങ്ങിനെയും അറസ്റ്റുചെയ്തു. മൂന്നുവർഷത്തോളം അദ്ദേഹത്തെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. അതിനുശേഷം 2018 ഡിസംബറിൽ ഭരണകൂട അധികാരം അട്ടിമറിച്ചതിന് അദ്ദേഹത്തെ വിചാരണ ചെയ്തു. ഒടുവിൽ കോടതി അദ്ദേഹത്തിന് തടവുശിക്ഷ വിധിച്ചു. 2020 ഏപ്രിൽ നാലിനാണ് വാങ് ക്വാൻസോംഗ് ജയിൽ മോചിതനായത്.

ചൈനയില്‍ തെരുവില്‍ മൊട്ടയടിച്ച് നാല് സ്ത്രീകള്‍; ഇത് അവകാശലംഘനത്തോടുള്ള പ്രതിഷേധം...

എന്നാൽ, ഇപ്പോൾ കൊറോണ വൈറസ് എന്ന മഹാമാരിയുടെ പേരും പറഞ്ഞ് 2020 ഏപ്രിൽ നാല് മുതൽ രണ്ടാഴ്ചത്തേക്ക് അധികാരികൾ അദ്ദേഹത്തെ കിഴക്കൻ നഗരമായ ജിനാനിലെ 400 കിലോമീറ്റർ അകലെയുള്ള അദ്ദേഹത്തിന്റെ പഴയ വസതിയിലേക്ക് മാറ്റുകയായിരുന്നു.  കൊറോണയെ സർക്കാർ ഒരു ഒഴികഴിവായി ഉപയോഗിക്കുന്നുണ്ടെന്നും വാസ്തവത്തിൽ അദ്ദേഹത്തെ വീട്ടുതടങ്കലിൽ പാർപ്പിക്കുകയാണെന്നും ലി പത്രങ്ങളോട് പറഞ്ഞു. തന്റെ ഭർത്താവിന്റെ അവകാശങ്ങൾക്കായി പോരാടിയ ലി ഇതിന്റെ പേരിൽ ഒരുപാട് യാതനകൾ അനുഭവിച്ചു. സുപ്രീം പീപ്പിൾസ് കോടതിക്ക് മുന്നിൽ 30 തവണ അവർ പ്രതിഷേധം സംഘടിപ്പിച്ചു. ഒപ്പം ഭർത്താവിന്റെ ദുരവസ്ഥയെക്കുറിച്ച് അന്തർദ്ദേശീയവും ആഭ്യന്തരവുമായ അവബോധം വളർത്തുന്നതിനായി പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 

 

ലിയും മകനും പൊതുസുരക്ഷാ ഉദ്യോഗസ്ഥരുടെ നിരന്തരമായ നിരീക്ഷണത്തിനും വിധേയമായിരുന്നു. വാങ് ക്വാൻസാങ്ങിന്റെ വിചാരണയുടെ തലേദിവസം, ബെയ്ജിം​ഗിലെ അവരുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ ലിയെ അധികാരികൾ അനുവദിച്ചില്ല. അതുകൊണ്ടുതന്നെ ഭർത്താവിന്റെ വിചാരണയിൽ പങ്കെടുക്കാൻ അവർക്ക് കഴിഞ്ഞില്ല. കൂടാതെ അദ്ദേഹത്തിന്റെ മകനും ഇതിന്റെ പേരിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അടുത്തുള്ള സ്കൂളുകളിൽ പൊലീസ് ചെലുത്തിയ സമ്മർദ്ദത്തെത്തുടർന്ന് രണ്ടുതവണയാണ് അവനെ സ്കൂളിൽ നിന്ന് പുറത്താക്കിയത്. 2016 -ൽ മകനെ എടുക്കരുതെന്ന് ജില്ലയിലെ എല്ലാ കിന്റർഗാർട്ടൻമാരോടും പൊലീസിന്റെ ഉത്തരവുണ്ടായിരുന്നുവെന്നും ലി പറയുന്നു.എന്നാൽ, ഈ കാലയളവിൽ എല്ലാം ലി പിടിച്ചുനിന്നു. സ്വന്തം ഭർത്താവ് തിരിച്ചുവരുന്ന ദിവസം പ്രതീക്ഷിച്ചുകൊണ്ട് അവർ കൂടുതൽ വീറോടെ അദ്ദേഹത്തിന്റെ അവകാശങ്ങൾക്കായി പോരാടി. ഒടുവിൽ വാങ് മോചിതനായപ്പോൾ അദ്ദേഹത്തെ കുടുംബ വീട്ടിലേയ്ക്ക് കൊണ്ടുപോയി. അവിടെ രണ്ടാഴ്ച ക്വാറന്റൈനിൽ കഴിയണമെന്ന് ഭരണകൂടം അനുശാസിച്ചു. വിമർശകരുടെ നീക്കങ്ങൾ തടയാനോ നിയന്ത്രിക്കാനോ ചൈനീസ് അധികൃതർ നിർബന്ധിത ക്വാറന്‍റൈന്‍ ഒരായുധമായി ഉപയോഗിക്കുന്നു എന്നൊരു ആരോപണവും ഉയര്‍ന്നിട്ടുണ്ട്.. “സർക്കാർ അദ്ദേഹത്തിന്റെ വ്യക്തിപരമായ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുകയും ഞങ്ങളെ വേർപെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു. ഈ പ്രവൃത്തി ലജ്ജാകരമാണ്, ഞാൻ ഇതിനെ പൂർണ്ണമായും എതിർക്കുന്നു" ലി പറഞ്ഞു. മഹാമാരിയെ സർക്കാർ ഒരു ഒഴികഴിവായി ഉപയോഗിക്കുന്നുണ്ടെന്നും ലി പറഞ്ഞു. "ഇത് വെറും 14 ദിവസത്തേക്കാണ് എന്നാണ് അവർ പറയുന്നത്. പക്ഷേ, എനിക്ക് അത് വിശ്വാസമില്ല. എന്റെ ഭർത്താവ് തിരിച്ചുവരുന്നതുവരെ, ഞാൻ പോരാട്ടം തുടരും...” അവർ കൂട്ടിച്ചേർത്തു.


എന്നാൽ, അധികൃതരുടെ ഈ നീക്കത്തിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയർന്ന് വരികയാണ്. യൂറോപ്യൻ യൂണിയൻ ഈ മോചനത്തെ ഒരു നല്ല നീക്കമായി കാണുന്നുവെങ്കിലും, വാങ് ജയിലിൽ ഗുരുതരമായ പീഡനത്തിന് വിധേയമായി എന്ന റിപ്പോർട്ടുകളെ കുറിച്ച് സമഗ്രമായി അന്വേഷിക്കണം എന്നവർ ആവശ്യപ്പെട്ടു. വാങിന്റെ മോചനം നിരുപാധികമാകുമെന്ന് യൂറോപ്യൻ യൂണിയൻ പ്രതീക്ഷിക്കുന്നുവെന്നും, അദ്ദേഹത്തിന്റെ സഞ്ചാര സ്വാതന്ത്ര്യവും, കുടുംബവുമായി വീണ്ടും ഒത്തുചേരാനുള്ള അവസരവും ഭരണകൂടം ഉറപ്പാക്കണമെന്നും യൂറോപ്യൻ യൂണിയൻ ഒരു പ്രസ്താവനയിൽ പറയുകയുണ്ടായി. ഹോങ്കോങ്ങും തായ്‌വാനും കേന്ദ്രീകരിച്ച് പതിനൊന്ന് മനുഷ്യാവകാശ സംഘടനകളും മറ്റ് ​ഗ്രൂപ്പുകളും അദ്ദേഹത്തിന് സ്വാതന്ത്ര്യം അനുവദിക്കണമെന്ന് അധികാരികളോട് ആവശ്യപ്പെടുന്ന സംയുക്ത പ്രസ്താവനകൾ പുറത്തിറക്കിയിരുന്നു. ഒരു തെറ്റും ചെയ്യാതെ തന്നെ അദ്ദേഹത്തിന്റെ ജീവിതത്തിൽ അധികാരികൾ നടത്തുന്ന ഈ കടന്നുകയറ്റം എത്രയും വേഗം പിൻവലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. 

(ഫയല്‍ ചിത്രങ്ങള്‍, കടപ്പാട് :ഗെറ്റി)