കുറച്ചു വര്‍ഷങ്ങളായി ഇവിടെ വളരെ അധികം വരണ്ട കാലാവസ്ഥയും കുറഞ്ഞ  മഴയുമാണ്  അനുഭവപ്പെടുന്നത് . ലോക പൈതൃകപ്പട്ടികയിലുള്ള ഓസ്ട്രേലിയന്‍ മഴക്കാടുകള്‍ കത്തിക്കൊണ്ടിരിക്കുന്നു. തെക്ക് കിഴക്കന്‍ ഓസ്ട്രേലിയയിലെ പ്രത്യേകിച്ച് ടാസ്മാനിയയുടെ കിഴക്കന്‍ തീരത്തെ ഭീമാകാരമായ കടല്‍ച്ചെടിക്കാടുകള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി സമുദ്രശാസ്ത്രപരമായ അവസ്ഥകള്‍ മാറിയതിനാല്‍ ക്രമേണ നഷ്ടപ്പെട്ടു.  

 

 

ഓസ്‌ട്രേലിയയില്‍ ഇത്തവണ ഉണ്ടായത് സാധാരണ കാട്ടുതീയല്ല. ചരിത്രത്തിലെ ഏറ്റവും കടുത്ത നാശനഷ്ടങ്ങളുണ്ടായ, അതിതീവ്രമായ കാട്ടുതീയാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായുണ്ടാക്കിയ റെക്കോര്‍ഡ് താപനിലയും കടുത്ത വരള്‍ച്ചയും കാറ്റും കാരണം 2019 സെപ്റ്റംബര്‍ മുതല്‍ തെക്കുകിഴക്കന്‍ ഓസ്ട്രേലിയയിലെ കുറ്റിക്കാടുകളില്‍ തീ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുകയാണ്. 2019 ഒക്‌ടോബര്‍ മുതല്‍ 27 പേരാണ് കാട്ടുതീയില്‍ കൊല്ലപ്പെട്ടത്. ദക്ഷിണ കൊറിയയുടെ അത്രയുമുള്ള, രണ്ടര കോടി ഏക്കര്‍ ഭൂമി കത്തിയെരിഞ്ഞു. രണ്ടര ലക്ഷം പേരോടാണ് സര്‍ക്കാര്‍ മാറിത്താമസിക്കാന്‍ ആവശ്യപ്പെട്ടത്. ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ എന്നീ സംസ്ഥാനങ്ങളിലാണ് അഗ്‌നി ഏറ്റവും നാശം വിതച്ചത്. കത്തിയെരിഞ്ഞ ഹെക്ടറു കണക്കിന് ഭൂമി, വെന്തു മരിച്ച കന്നുകാലികള്‍, ഉയര്‍ന്നുപൊങ്ങുന്ന പുക, മറ്റു മലിനീകരണ പ്രത്യാഘാതങ്ങള്‍, ഉയര്‍ന്ന താപനില, നഷ്ടപ്പെട്ട വീടുകളുടെ എണ്ണം, മരണപ്പെട്ട അല്ലെങ്കില്‍ അപായത്തില്‍പ്പെട്ട മനുഷ്യരുടെ എണ്ണം എന്നിവയൊക്കെ ചരിത്രം കുറിക്കുകയാണ്. 


എന്തുകൊണ്ടാണ് ഇത്ര ഭീകരമായ കാട്ടുതീ?
കാലാവസ്ഥാ വ്യതിയാനമുണ്ടാക്കിയ പ്രത്യാഘാതങ്ങളുടെ ഭാഗമായാണ് കാട്ടുതീ അതിന്റെ ഏറ്റവും ഭയാനകമായ അവസ്ഥയിലെത്തിയത്. ഏതാണ്ട് അഞ്ച് മാസം മുമ്പ് തുടങ്ങിയ തീ ഇപ്പോഴും പടരുക തന്നെയാണ്. ഓസ്‌ട്രേലിയന്‍ ചരിത്രത്തിലെ ഏറ്റവും കഠിനമായ വേനല്‍ക്കാലമായിരുന്നു 2019 -ലേത്. ഓസ്ട്രേലിയയിലെ ഏറ്റവും ചൂടേറിയ കാലം. കഴിഞ്ഞ മാസം ഇവിടെ താപനില 49.9 ഡിഗ്രി ആയിരുന്നു ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ്  താപനില. ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥ തീ പടര്‍ന്നു പിടിക്കാന്‍ അനുയോജ്യമാണ്. ചെറിയ ഒരു തീപ്പൊരി മതി ആപത്ത് വിതയ്ക്കാന്‍. 

തീപിടുത്തങ്ങള്‍ തുടങ്ങിവച്ചതില്‍ മനുഷ്യര്‍ക്കും വലിയ പങ്കുണ്ടാവാം. വൈദ്യുതി ലൈനുകളില്‍ നിന്നുള്ള തീപ്പൊരി, വാഹനങ്ങളില്‍ നിന്നുള്ള തീ, തീയും മറ്റും കൈകാര്യം ചെയ്തതിലെ അപാക, സാമൂഹ്യവിരുദ്ധരുടെ ആക്രമണം എന്നിവയെല്ലാം കാരണമായിട്ടുണ്ടാവാം. മലിനീകരണ പുക നിറഞ്ഞതിനാല്‍ ഉഷ്ണ മേഘങ്ങളായ പൈറോക്യൂമിലസ് മേഘങ്ങളും രൂപപ്പെട്ടിട്ടുണ്ട്. ഈ മേഘങ്ങള്‍ ഇടിമിന്നലുകള്‍ക്ക് കാരണമാകും, ഇടിയും മിന്നലുകളും തീപിടുത്തത്തിന്റെ  സ്വാഭാവിക കാരണങ്ങളാണ്. മിന്നലുകള്‍ വരണ്ട സസ്യങ്ങളില്‍ തീപിടുത്തത്തിന് കാരണമാവുകയാണ് ചെയ്യുന്നത്. 

കുറ്റിക്കാടുകളില്‍ പടര്‍ന്നു പിടിക്കുന്ന കാട്ടുതീ മഴയുടെ അഭാവത്തില്‍ കൂടുതല്‍ ശക്തമാകുന്നു. ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍  മാസങ്ങളായി പോസിറ്റീവ് ഘട്ടത്തിലാണ്, അതിനര്‍ത്ഥം ഓസ്ട്രേലിയയുടെ മഴ കുറയുകയും താപനില കൂടുകയും ചെയ്യുമെന്നാണ്. ഈ വര്‍ഷമുണ്ടായിരുന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ (ഐ ഒ ഡി) ആയിരുന്നു. ഇതുകൂടാതെ ഈ വര്‍ഷം ഓസ്ട്രേലിയന്‍ മണ്‍സൂണ്‍ വൈകുകയും ചെയ്തു. മഴക്കാലം വൈകിവന്നതിനു പിന്നിലും ഐ ഒ ഡിക്ക്  വലിയ പ്രാധാന്യമുണ്ട്. കൂടാതെ ഇന്ത്യന്‍ മണ്‍സൂണ്‍ പിന്‍വാങ്ങുന്നത് വൈകിയതും ഓസ്ട്രേലിയന്‍ മണ്‍സൂണ്‍ വൈകിയതിനു കാരണമായതായി ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ് മീറ്റര്‍യോളൊജി (BoM) പറയുന്നു.

കാലാവസ്ഥാ വ്യതിയാനം എന്ന ഭീഷണി
കാലാവസ്ഥാവ്യതിയാനമാണ് ഇതിന്റെയൊക്കെ പിന്നിലെന്നതില്‍ അതിശയം ഇല്ല. കുറച്ചധികം നാളുകളായി ഓസ്ട്രേലിയ ഇതിന്റെ ഫലം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ചു വര്‍ഷങ്ങളായി ഇവിടെ വളരെ അധികം വരണ്ട കാലാവസ്ഥയും കുറഞ്ഞ  മഴയുമാണ്  അനുഭവപ്പെടുന്നത് . ലോക പൈതൃകപ്പട്ടികയിലുള്ള ഓസ്ട്രേലിയന്‍ മഴക്കാടുകള്‍ കത്തിക്കൊണ്ടിരിക്കുന്നു. തെക്ക് കിഴക്കന്‍ ഓസ്ട്രേലിയയിലെ പ്രത്യേകിച്ച് ടാസ്മാനിയയുടെ കിഴക്കന്‍ തീരത്തെ ഭീമാകാരമായ കടല്‍ച്ചെടിക്കാടുകള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി സമുദ്രശാസ്ത്രപരമായ അവസ്ഥകള്‍ മാറിയതിനാല്‍ ക്രമേണ നഷ്ടപ്പെട്ടു.  

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റുകളുടെ വ്യൂഹം ഓസ്ട്രേലിയയിലെ ക്വീന്‍സ്‌ലന്‍ഡ് തീരങ്ങളിലാണുള്ളത്. പതിറ്റാണ്ടുകളിലെ ആഗോളതാപനത്തിന്റെ ഫലമായി ഇതില്‍ പകുതിയും നശിച്ചു കഴിഞ്ഞു. ഇതുകൂടാതെയുണ്ടായ വന്‍ വെള്ളപ്പൊക്കങ്ങളില്‍ പല ഓസ്ട്രേലിയന്‍ പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഇതിനൊക്കെ പുറകെയാണ് കൂനിന്മേല്‍ കുരു എന്നപോലെ ഹെക്ട റുകണക്കിനു ഓസ്ട്രേലിയന്‍ കുറ്റിക്കാട് പ്രദേശങ്ങള്‍ കത്തിക്കൊണ്ടിരിക്കുന്നത്. 

ഓസ്ട്രേലിയയിലെ മൃഗങ്ങളുടെ എണ്ണവും വ്യത്യസ്ത ജീവിവര്‍ഗ്ഗങ്ങളും സവിശേഷമാണ് . കംഗാരുക്കളും കോലകളും ഉള്‍പ്പെടെ പല ഇനങ്ങളും ഓസ്ട്രേലിയയുടെ സവിശേഷതയാണ്.അവയില്‍ ലക്ഷക്കണക്കിനു മൃഗങ്ങളാണ് ഈ കാട്ടുതീയില്‍ ഇല്ലാതായത്. കോടിക്കണക്കിനു ചെറുപ്രാണികളും പക്ഷികളും ഇതിന് ഇരകളായി.