ഒരു 'ഉമ്മ'യാകാന്‍  കൊതിച്ചു മാതൃത്വം ഏറ്റുവാങ്ങിയവളല്ല ഞാന്‍. എന്റെ കുഞ്ഞിനെ ഒരുനോക്ക് കാണാന്‍ വെമ്പല്‍ കൊണ്ട ഒരു ഉമ്മ ആയിരുന്നില്ല ഞാന്‍, എല്ലാത്തിനുമുപരി സിസേറിയന്‍ ടേബിളിലെ ആ തണുപ്പില്‍ കിടക്കുമ്പോള്‍ പോലും ഒരുമ്മയാവാനുള്ള മാനസിക തയ്യാറെടുപ്പ് എന്നിലില്ലായിരുന്നു. എനിക്കെന്റെ സ്‌കൂളിലേക്ക് തിരികെ പോകണമായിരുന്നു. മുറിഞ്ഞുപോയ എന്റെ പഠനം എനിക്ക് പൂര്‍ത്തിയാക്കണമായിരുന്നു, എന്റെ പതിനൊന്നാം  ക്ലാസ്സിലെ  പരീക്ഷ എനിക്ക് എഴുതണമായിരുന്നു. എന്റെ കൂട്ടുകാരെ കാണണമായിരുന്നു. സെബിയുടെ ഉമ്മ  എനിക്ക് വേണ്ടി കൂടി കൊടുത്തയയ്ക്കുന്ന രുചിയൂറുന്ന ആഹാരം കഴിക്കാനും സ്‌കൂള്‍ ഗ്രൗണ്ടില്‍ ബാഡ്മിന്റന്‍ കളിക്കാനും ഞാന്‍ കൊതിച്ചു. എപ്പഴോ ഇതിനടിയില്‍ എന്റെ ചിന്തകളെ കീറി മുറിച്ചു കൊണ്ട് എന്റെ കാതുകളിലേക്ക്  ഒരു കുഞ്ഞികരച്ചിലെത്തി-ഡോക്ടര്‍ പറഞ്ഞു: 'മോളെ നോക്കൂ, നിനക്ക്  ആണ്‍കുട്ടിയാണ്' 

എന്റെ പ്രിയപ്പെട്ട ജാഫൂ, 

എന്റെ മോനെ, നിനക്ക് ഉമ്മയുടെ ജന്മദിനാശംസകള്‍. 

നിന്റെ പതിനെട്ടാം പിറന്നാള്‍ കടന്നു പോകുമ്പോള്‍, ഈ  ദിവസം വരെ നമ്മള്‍ അതിജീവിക്കുമോയെന്ന്, ഒരിക്കല്‍ ഉമ്മ  ഭയന്നകാര്യം ഓര്‍മ്മവരുന്നു. ഈയൊരു ദിവസം ഒരുപാട് അകലെയായിരുന്നെന്ന് ഒരിക്കല്‍ നമ്മള്‍ കരുതിയിരുന്നു. ഒടുവിലിതാ, കരുതിയതിലും എത്രയോ വേഗം ആ ദിവസം വന്നെത്തിയിരിയ്ക്കുന്നു!  പ്രപഞ്ചത്തിലെ ഓരോ ജീവനും  അതിജീവിയ്ക്കാന്‍ കൂടി കരുത്തു നല്‍കിയിരിയ്ക്കുന്ന അല്ലാഹുവിന് നന്ദി. 

എട്ടുമണിക്കൂറോളം നീണ്ട പ്രസവവേദനയ്‌ക്കൊടുവിലാണ് ഡോക്ടര്‍മാര്‍ എനിക്ക് സിസേറിയന്‍ നടത്താമെന്ന് തീരുമാനിക്കുന്നത്. ശാരീരികമായും മാനസികമായും പാകത കൈവരാത്ത, ലോകത്തെ അറിയാത്ത ഒരു പെണ്ണ്. അതായിരുന്നു അന്ന് നിന്റെ ഉമ്മ. ഒരു കൗമാരക്കാരിക്ക് ആ പ്രായത്തില്‍ കിട്ടാവുന്ന ഏറ്റവും ഭയപ്പെടുത്തുന്ന ഓര്‍മ്മ തന്നെയായിരുന്നു ആ ശസ്ത്രക്രിയ. എന്റെ അവസ്ഥകണ്ടു അലിവ് തോന്നിയിട്ടാവണം അന്ന് ഡോക്ടര്‍ പദ്മാക്ഷി എനിക്ക് പ്രിയപ്പെട്ട പാട്ട് ചോദിച്ചറിഞ്ഞു അത് എന്നെ കേള്‍പ്പിക്കാന്‍ ശ്രമിച്ചത് എനിക്കിന്നും നേരിയ ഓര്‍മ്മയുണ്ട്. എന്നാല്‍ പിന്നെ എപ്പോഴോ ഞാന്‍ പൂര്‍ണ്ണമായും ബോധത്തിനും അബോധത്തിനുമിടയിലേക്ക് വഴുതി വീണുപോയിരുന്നു. 

ഒരു കൗമാരക്കാരിയായ പെണ്‍കുട്ടിക്ക് മാനസികമായും ശാരീരികമായും ആത്മീയമായും വല്ലാത്ത കഷ്ടപ്പാടായിരുന്നു ആ ശസ്ത്രക്രിയ. അനസ്‌തേഷ്യയുടെ  മയക്കത്തിനിടയിലും എന്റെ ശരീരം കീറി മുറിക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു. 

ഒരു മത്സ്യത്തിന്റെ ഇറച്ചിയില്‍ വരയും പോലെ എന്നെയും വരയുന്നത് ഞാന്‍ നിസ്സഹായയായി അറിയുന്നുണ്ടായിരുന്നു. ശസ്ത്രക്രിയാമുറിയിലെ യന്ത്രങ്ങളുടെ ബീപ് ശബ്ദത്തിനൊപ്പം എന്റെ പല്ലുകളും കിടുകിടാ വിറയ്ക്കുന്നുണ്ടായിരുന്നു. ആ മുറിയ്ക്കുള്ളിലെ തണുപ്പില്‍ അകവും പുറവും മരവിച്ചു ഞാന്‍ ചലനമറ്റു കിടന്നു. പക്ഷെ അപ്പോഴും എനിക്ക് എന്റെ സ്‌കൂളും എന്റെ പ്രിയപ്പെട്ട കൂട്ടുകാരെയും കാണാമായിരുന്നു. അവരെനിക്ക് എന്നെന്നേക്കുമായി 'ഗുഡ് ബൈ ' പറയുന്നതും എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ വായുവില്‍ പറന്നു പോകുന്നതും അവ കൈയെത്തിപിടിക്കാന്‍ ഞാന്‍ വ്യഥാ ശ്രമിക്കുന്നതും എനിക്ക് കാണാമായിരുന്നു. ക്ലാസ് മുറിയില്‍ സാഹിറ ടീച്ചര്‍ ആല്‍ജിബ്രാ പഠിപ്പിക്കുന്നത് ഞാന്‍ കണ്ടു, ഉച്ചനേരത്ത് ഹോസ്റ്റല്‍ മെസ്സിലേക്ക് ഞാന്‍ നടക്കുന്നത് കണ്ടു. എവിടെയോ എന്റെ സ്‌കൂള്‍ മണി മുഴങ്ങികൊണ്ടേയിരുന്നു. ഞാനറിയാതെ എന്റെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞ് അപ്പോഴും ഒഴുകികൊണ്ടിരുന്നു.

ഒരു 'ഉമ്മ'യാകാന്‍  കൊതിച്ചു മാതൃത്വം ഏറ്റുവാങ്ങിയവളല്ല ഞാന്‍. എന്റെ കുഞ്ഞിനെ ഒരുനോക്ക് കാണാന്‍ വെമ്പല്‍ കൊണ്ട ഒരു ഉമ്മ ആയിരുന്നില്ല ഞാന്‍, എല്ലാത്തിനുമുപരി സിസേറിയന്‍ ടേബിളിലെ ആ തണുപ്പില്‍ കിടക്കുമ്പോള്‍ പോലും ഒരുമ്മയാവാനുള്ള മാനസിക തയ്യാറെടുപ്പ് എന്നിലില്ലായിരുന്നു. എനിക്കെന്റെ സ്‌കൂളിലേക്ക് തിരികെ പോകണമായിരുന്നു. മുറിഞ്ഞുപോയ എന്റെ പഠനം എനിക്ക് പൂര്‍ത്തിയാക്കണമായിരുന്നു, എന്റെ പതിനൊന്നാം  ക്ലാസ്സിലെ  പരീക്ഷ എനിക്ക് എഴുതണമായിരുന്നു. എന്റെ കൂട്ടുകാരെ കാണണമായിരുന്നു. സെബിയുടെ ഉമ്മ  എനിക്ക് വേണ്ടി കൂടി കൊടുത്തയയ്ക്കുന്ന രുചിയൂറുന്ന ആഹാരം കഴിക്കാനും സ്‌കൂള്‍ ഗ്രൗണ്ടില്‍ ബാഡ്മിന്റന്‍ കളിക്കാനും ഞാന്‍ കൊതിച്ചു. എപ്പഴോ ഇതിനടിയില്‍ എന്റെ ചിന്തകളെ കീറി മുറിച്ചു കൊണ്ട് എന്റെ കാതുകളിലേക്ക്  ഒരു കുഞ്ഞികരച്ചിലെത്തി-ഡോക്ടര്‍ പറഞ്ഞു: 'മോളെ നോക്കൂ ,നിനക്ക്  ആണ്‍കുട്ടിയാണ്' 

അവര്‍ നിന്റെ  കവിള്‍ എന്റെ കവിളില്‍ മുട്ടിച്ചതും ഒരു ഇളം ചൂട് എന്നിലേക്ക് പടര്‍ന്നു. എന്റെ കണ്ണില്‍ നിന്നും ചുടുനീര് ഒലിച്ചിറങ്ങി.

എനിക്ക് ജീവിക്കാന്‍, ജീവിതത്തെ സ്‌നേഹിക്കാന്‍, അതിജീവിക്കാന്‍ ഇതാ ഒരു 'കാരണം' ഉണ്ടായിരിക്കുന്നു.  മോനെ, അന്ന് മുതല്‍ ഈ ഉമ്മ ജീവിക്കുന്നത് നിനക്ക് വേണ്ടിയാണ്.

...................................................................................................................................................................................................................

നീയാണ് ജാഫൂ എന്റെ ലോകം, നീ എല്ലാ അര്‍ഥത്തിലും സന്തോഷവാനായി കഴിയുന്നത് മാത്രം കണ്ടാല്‍ മതിയെനിക്ക്.

അയിഷ സനയും മകനും
 

നീ വന്ന ദിവസം എന്റെ ഉള്ളിലെന്ന പോലെ തന്നെ  പുറത്തും  അപ്രതീക്ഷിതമായി വലിയ മഴ പെയ്യുന്നുണ്ടായിരുന്നു. ആദ്യമായി നിന്റെ കുഞ്ഞിളം കണ്ണുകള്‍ എന്നെ നോക്കിയ ആ നോട്ടം, അതിന്നും എന്റെ മനസ്സിലുണ്ട്. എന്റെ 'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്'. എന്റെ ആദ്യാനുരാഗം!  മുറിവേറ്റു കിടന്ന  എന്റെ മനസ്സില്‍ നീ എങ്ങനെയൊക്കെയാണ് സന്തോഷം നിറച്ചതെന്ന് നിനക്ക് ഓര്‍മ്മയുണ്ടാകില്ല. ചിതറിക്കിടന്ന എന്റെ ജീവിതത്തില്‍ നീ പ്രതീക്ഷ നിറച്ചു, എന്നെ വീണ്ടും  ചിരിക്കാന്‍ പഠിപ്പിച്ചു. നമ്മള്‍ ഉമ്മയും മകനും ഒന്നിച്ചാണ് വളര്‍ന്നത്, അത് തന്നെയാണ് നമ്മുടെ ബന്ധത്തിന്റെ ഏറ്റവും വലിയ ശക്തിയും സൗന്ദര്യവും. നിന്നെ പോലെ മിടുക്കനും സുന്ദരനും അലിവും സ്‌നേഹവുമുള്ള  ഒരു മകനെ ഒറ്റയ്ക്ക് വളര്‍ത്തി വലുതാക്കാന്‍ സാധിച്ചതില്‍ ഒരു ഉമ്മ എന്ന നിലയില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നുണ്ട്.

ഇപ്പോള്‍ നിനക്ക് പതിനെട്ടു വയസ്സ് പൂര്‍ത്തിയായിരിക്കുന്നു. ലോകത്തിന്റെ കണ്ണില്‍ നീ പ്രായപൂര്‍ത്തിയായ ഒരു പുരുഷനായിരിക്കുന്നു. നിന്റെ ജീവിതത്തില്‍ പുതിയൊരു അദ്ധ്യായം ഇവിടെ ആരംഭിക്കുകയാണ്. നിനക്കറിയാം ജീവിതം നമുക്ക് ഒരുപാട് കൈപ്പേറിയ അനുഭവങ്ങള്‍ തന്നിരിക്കുന്നു. നമ്മള്‍ വിചാരിച്ചത േപോലെയല്ല പലപ്പോഴും കാര്യങ്ങള്‍ നടന്നിട്ടുള്ളത്. കുറെയേറെ ബുദ്ധിമുട്ടുകള്‍ നമ്മള്‍ അനുഭവിച്ചിട്ടുണ്ട്.

കാലം കഴിയുന്തോറും ആ കഷ്ടപ്പാടുകള്‍ നമ്മള്‍ മറക്കുകയും നല്ല കാര്യങ്ങള്‍ ഓര്‍മ്മയില്‍ നിലനില്‍ക്കുകയും ചെയ്യും. കാലം പോകപ്പോകെ നമ്മള്‍ നല്ല അനുഭവങ്ങള്‍ മാത്രം ഓര്‍ക്കും, മോശം കാര്യങ്ങള്‍ നമ്മള്‍ മറക്കും. അത് കാലത്തിന്റെ ഒരു അത്ഭുതമാണ്, നിയമമാണ്.

എന്റെ ഏറ്റവും മനോഹരമായ ഓര്‍മ്മകള്‍ എല്ലാം നിനക്കൊപ്പമാണ്. ആദ്യമായി നിന്റെ കുഞ്ഞിക്കൈകള്‍ എന്റെ കണ്ണീരൊപ്പിയത്, ഓഫീസില്‍ നിന്നും ക്ഷീണിച്ചെത്തിയ എനിക്കായി നീ ആദ്യമായി നൂഡില്‍സ്  തനിയെ ഉണ്ടാക്കി തന്നത്, നീ സ്‌കൂള്‍ ക്യാപ്റ്റനായത്, എന്നെക്കാള്‍ ഉയരം വെച്ചത്, എന്നെ എടുത്തുകൊണ്ടു നടന്നത്, ഞാന്‍ ഹോസ്പിറ്റലില്‍ കിടന്ന സമയത്തൊക്കെ നീയെന്നെ കൂടെയിരുന്ന് പരിചരിച്ചത്. ഒരിക്കല്‍ ഒരു യാത്രയ്ക്കിടയില്‍ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥന്‍ നിന്നെ എന്റെ ഭര്‍ത്താവായി തെറ്റിദ്ധരിച്ചത്. നമ്മള്‍ എത്ര ചിരിച്ചു. എത്രയെത്ര നല്ല ഓര്‍മ്മകളാണ് മോനെ!

നിന്നെക്കുറിച്ച് എനിക്ക് ഒരുപാട് പ്രതീക്ഷകളുണ്ട് എന്ന് നീയറിയണം. ഞാന്‍ എല്ലാം തികഞ്ഞ ഒരാളൊന്നുമല്ലെങ്കിലും നിനക്ക് വഴികാണിച്ചു തരാന്‍ എനിക്ക് കഴിയും. 

എല്ലാ കാര്യങ്ങളും പഠിച്ച ഒരാളല്ലെങ്കിലും നിനക്ക് ചില കാര്യങ്ങള്‍ പഠിപ്പിച്ച് തരാന്‍ എനിക്ക് പറ്റുമായിരിക്കും. ബുദ്ധിയും ശക്തിയും അതിലേറെ ആര്‍ദ്രതയുള്ള മനസ്സുമുള്ള പുരുഷന്മാരെയാണ് നമ്മുടെ സമൂഹത്തിനാവശ്യം. എത്രയൊക്കെ പ്രതിരോധിക്കേണ്ടി വന്നാലും നീയെന്നും സത്യത്തിനൊപ്പം മാത്രം നില്‍ക്കണം. 

ഒരു 'സിംഗിള്‍ മദര്‍ ' ആയിരുന്നു നിന്റെ ഉമ്മ. നിനക്കറിയാം നിന്റെ ഉമ്മയുടെ ആത്മാഭിമാനം എത്ര വട്ടം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്ന്. എന്റെ നിസ്സഹായാവസ്ഥ ഏറ്റവും കൂടുതല്‍ മനസില്ലാക്കിയിട്ടുള്ളത് നീയല്ലേ. ഒരു മകനെന്ന നിലയില്‍ നീ ഈ ഉമ്മാക്ക് ഒരുറപ്പ് നല്‍കണം-ഒരു പെണ്‍കുട്ടിയുടെയും കണ്ണ് നിറയാന്‍ നീ കാരണമാകരുത്. അത് നിന്റെ കൂട്ടുകാരിയുടെയായാലും കാമുകിയുടേതായാലും ഭാര്യയുടേതായാലും ശരി, അവളെ താഴ്ത്തിക്കെട്ടും മുമ്പ് നിന്റെ ഉമ്മ കാലമിത് വരെ കടന്നു വന്ന നൊമ്പരങ്ങളും വേദനകളും അപമാനങ്ങളും മാത്രം ആ നിമിഷം നീ ഓര്‍ത്താല്‍ മതി.

എനിക്കറിയാം ജീവിതത്തിലെ കുഞ്ഞുകുഞ്ഞു കാര്യങ്ങളെ പോലും വിലമതിക്കാന്‍ നീ പഠിച്ചിട്ടുണ്ട്. നിന്റെ കൂട്ടുകാര്‍ക്കൊക്കെ ഉള്ളതു പോലെ ഒരു 'പരമ്പരാഗത കുടുംബത്തില്‍' ഉള്ള കാര്യങ്ങളെല്ലാം നിനക്ക് തരാന്‍ എനിക്കൊരിക്കലും കഴിഞ്ഞിട്ടില്ല. 

എന്നാലും എന്നെക്കൊണ്ട് കഴിയുംപോലെ വാപ്പയുടെയും ഉമ്മയുടെയും  റോള്‍ ഏറ്റെടുത്ത് നിന്നെ വളര്‍ത്താനും പഠിപ്പിക്കാനും ഞാന്‍ ആവുന്നത്ര  ശ്രമിച്ചിട്ടുണ്ട്. എക്കാലവും അഭിപ്രായസ്ഥിരതയില്ലാത്ത ഈ സമൂഹത്തെ നീ ഒരിക്കലും ഭയക്കേണ്ടതില്ല. നിന്റെ ശരികള്‍ക്ക് വേണ്ടിയാവണം നീ ജീവിക്കേണ്ടത്.  എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാനുള്ള ബാധ്യത നമുക്കില്ല. എന്റെ ഏറ്റവും വലിയ സമ്പത്ത്, അത് നീ മാത്രമാണ് മോനെ.

നിന്റെ വളര്‍ച്ചയുടെ പല ഘട്ടങ്ങളിലും നിന്റെ സ്വഭാവം ഞാനോര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരാളെ പോലെയാകുമോ എന്ന് ഞാന്‍ വേവലാതിപ്പെട്ടിട്ടുണ്ട്. പക്ഷെ , നീയെപ്പോഴും നീ തന്നെയാണെന്ന് തെളിയിച്ചിട്ടുണ്ട്. ദിവസം ചെല്ലും തോറും നീ കൂടുതല്‍ കൂടുതല്‍ എന്റെ പ്രതീക്ഷകള്‍ക്ക് ചിറകുനല്‍കി.

.............................................................................................................................................................................................................................

എനിക്കറിയാം ജീവിതത്തിലെ കുഞ്ഞുകുഞ്ഞു കാര്യങ്ങളെ പോലും വിലമതിക്കാന്‍ നീ പഠിച്ചിട്ടുണ്ട്.


 

ഒരിക്കല്‍ നിന്റെ ജീവിതത്തിലേക്കും ഒരു പെണ്‍കുട്ടി കടന്നു വരും. അവളുടെ ജാതിയോ മതമോ പണമോ പദവിയോ സൗന്ദര്യമോ എനിക്ക് വിഷയമല്ല. പക്ഷെ നിങ്ങള്‍ എന്നും പരസ്പരം ബഹുമാനിക്കണം, നിങ്ങള്‍ക്കിടയില്‍ എന്നും സ്‌നേഹവും വിശ്വാസവും ഉണ്ടായിരിക്കണം. അത് മാത്രമാണ് എന്റെ പ്രാര്‍ഥന. ഞാനും നിന്റെ പിതാവും ഒരിക്കലും പരസ്പരം തിരിച്ചറിഞ്ഞിട്ടില്ല, ഞങ്ങള്‍ എന്നും അപരിചിതരായിരുന്നു. വിവാഹമോചനം എന്ന തീരുമാനം പോലും ഞങ്ങള്‍ക്കിടയില്‍ യാതൊരു വികാരവിക്ഷോഭങ്ങളും ഉണ്ടാക്കിയിട്ടില്ല. അപരിചിതരായി കുറച്ചു കാലം ഒരു കൂരയ്ക്കുള്ളില്‍ കഴിഞ്ഞു അപരിചിതരായി തന്നെ വേര്‍പിരിഞ്ഞവരാണ് ഞങ്ങള്‍. പക്ഷെ ഇതൊരിക്കലും നിന്റെ ജീവിതത്തില്‍ ആവര്‍ത്തിക്കാന്‍ ഞാനനുവദിക്കില്ല. ഒന്നോര്‍ക്കുക നീ സ്‌നേഹിക്കുന്ന, നിന്നെ സ്‌നേഹിക്കുന്ന പെണ്‍കുട്ടിക്ക് നിന്നെ സ്വീകരിക്കാനും തിരസ്‌കരിക്കാനുമുള്ള അധികാരമുണ്ട്, അതിനെ ഒരിക്കലും നീ ചോദ്യം ചെയ്യരുത്. അതിനുള്ള സ്വാതന്ത്ര്യം അവള്‍ക്കുണ്ടെന്ന് നീ എപ്പോഴും ഓര്‍ക്കുക, അംഗീകരിക്കുക. 'she has the right to love you and leave you '.

നിന്നെ തീരെ ചെറുപ്പത്തില്‍ തന്നെ ഞാന്‍ അത്യാവശ്യം വീട്ടുജോലികള്‍ പഠിപ്പിച്ചിട്ടുണ്ട്. അതെന്തിനായിരുന്നു എന്ന് നീ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്നെനിക്ക് അറിയില്ല. പക്ഷെ നീയറിയണം, ഈ ലോകത്ത് ഏറ്റവും കൂടുതല്‍ ക്ഷമയും കഠിനാധ്വാനവും  ക്രിയാത്മകതയും ആവശ്യമായ ജോലി വീട്ടുജോലി തന്നെയാണ്. നിനക്ക് 10 വയസ്സുള്ളപ്പോള്‍ തന്നെ സ്വന്തം വസ്ത്രങ്ങള്‍ അലക്കാനും സോക്സുകള്‍ ഒന്നിച്ചെടുത്തു വെക്കാനും ഞാന്‍ പഠിപ്പിച്ചത് ഓര്‍മയില്ലേ?.. നമുക്ക് ആഹാരം ഉണ്ടാക്കിത്തരുന്ന , നമ്മുടെ വസ്ത്രങ്ങള്‍ കഴുകിത്തേച്ചു തരുന്ന ഒരാളെ നമ്മള്‍ ഒരിക്കലും വിലകുറച്ച് കാണരുത്. പിന്നെ , വീട്ടുജോലി എന്നാല്‍ അത് ഒരു പെണ്ണിന്റെ മാത്രം ഉത്തരവാദിത്തമല്ല എന്ന് നീ മനസിലാക്കണം. ഒരു കുടുംബത്തില്‍ സ്ത്രീയ്‌ക്കൊപ്പം തന്നെ പുരുഷനും അതില്‍ തുല്യപങ്കാളിത്തമുണ്ട്. ഒരു കുടുംബം ഭംഗിയായി കൊണ്ടുപോകുന്ന സ്ത്രീയെ ബഹുമാനിക്കുക, അവളെ സ്‌നേഹിക്കുക, അഭിനന്ദിക്കുക.

നിന്റെ കാര്യങ്ങള്‍ നോക്കാനല്ല നീ ഒരു പെണ്ണിന്റെ തുണ തേടേണ്ടത്. നിന്റെ ഉമ്മ നിന്നെ പരിചരിച്ചത് പോലെ അവളും നിന്നെ പരിചരിക്കണം എന്ന് വിചാരിക്കുന്ന സര്‍വ്വസാധാരണ ആണുങ്ങളെപ്പോലെ ഒരിക്കലും നീ ആവരുത് മോനെ.

അവള്‍ നിന്റെ നല്ല പാതിയാണ്, നിന്റെ മേല്‍നോട്ടക്കാരിയല്ല. നിനക്ക് ചെയ്യാവുന്ന എല്ലാ കാര്യങ്ങളും അവള്‍ക്കും ചെയ്യാം. പരസ്പര ബഹുമാനമാണ് ഒരു നല്ല ബന്ധത്തിന്റെ താക്കോല്‍.

മോനെ, നീ ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മള്‍ റോഡിലൂടെ കാറില്‍ പോകുമ്പോള്‍ ഒരു സ്ത്രീയാണ് വാഹനമോടിക്കുന്നതെങ്കില്‍ പല പുരുഷന്മാരുടെയും മുഖത്ത് വരുന്നൊരു സ്ഥായീഭാവം പരിഹാസമാണ്. ഞാന്‍ അത് പലവട്ടം അനുഭവിച്ചവളാണ്.  പക്ഷെ ഞാന്‍ പറയട്ടെ നീ ഒരിക്കലും അറിയാതെ പോലും സ്വയം കാര്‍ ഡ്രൈവ് ചെയ്യുന്ന, സ്വന്തമായി കാര്യങ്ങള്‍ ചെയ്യുന്ന ഒരു സ്ത്രീയെ പുച്ഛത്തോടെ കാണരുത്. ഒരു പെണ്ണിനേയും നീ ഒരുതരത്തിലും  വിലകുറച്ചു കാണരുത്. നിന്നെ പോലെ എല്ലാ കഴിവുകളുമുള്ള , ഈ ഭൂമിയില്‍ ജീവിക്കാന്‍ അര്‍ഹതയുള്ള ഒരുവളാണ് അവളും. സ്‌നേഹവും ബഹുമാനവും അങ്ങോട്ട് നല്‍കിയാല്‍ മാത്രമേ നമുക്കും തിരിച്ചു ലഭിക്കുകയുള്ളൂ എന്നത് സദാ ഓര്‍ക്കുക. നമ്മളെ വേദനിപ്പിച്ചവരെ സ്‌നേഹിക്കാന്‍ പഠിച്ചു നോക്കൂ. അത് നിന്നെ തന്നെ മാറ്റിമറിക്കും. അവിടെ നമ്മള്‍ മാത്രമേ ജയിക്കുന്നുള്ളൂ.

നീ കൂടുതല്‍ ശക്തനോ ബലവാനോ ആണെന്നത് ഒരിക്കലും നിന്റെ അധികാരം സ്ഥാപിക്കാനുള്ള കുറുക്കുവഴിയല്ല. പകരം നിന്റെ ശക്തിയും കരുത്തും  നീ നിന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ ഉപയോഗിക്കുക. 

എപ്പോഴും നീയൊരു നല്ല കേള്‍വിക്കാരന്‍ ആയിരിക്കാന്‍ ശ്രമിക്കുക. അവളെ കേള്‍ക്കാനും മനസ്സിലാക്കാനും ശ്രമിക്കുക.  കാര്യങ്ങള്‍ അംഗീകരിക്കാനും ചര്‍ച്ച ചെയ്യാനും വിസമ്മതിക്കാതിരിക്കുക. പരസ്പരം സംസാരിക്കുക, ഒരു ബന്ധത്തിന്റെ ശക്തി ഇതൊക്കെയാണ്. 

എല്ലാവരുടേയും കണ്ണില്‍ എപ്പോഴും 'നല്ലവന്‍' ആകാന്‍ നമുക്ക് സാധിക്കില്ല. എല്ലാവരുടെയും കണ്ണിലെ 'നല്ലവന്‍' എപ്പോഴും നല്ലവനായിരിക്കണമെന്നുമില്ല.  നിന്റെ സന്തോഷവും ആന്തരിക മൂല്യവും വര്‍ധിപ്പിക്കുമെന്ന് തോന്നുന്ന കാര്യങ്ങള്‍ മാത്രം ചെയ്യുക. നിന്റെ ജീവിതപങ്കാളിയായെത്തുന്ന പെണ്ണിന്റെ  പ്രൊഫഷണലും  വ്യക്തിപരവുമായ വളര്‍ച്ചയ്ക്കായി എപ്പോഴും നീ  കൂടെ നില്‍ക്കുക.

സാമ്പത്തികമായി അവളെ സ്വയം പര്യാപ്തയാക്കുക. ബൗദ്ധിക കാര്യങ്ങളില്‍ അവളെ സഹായിക്കുക. ഒരിക്കലും ഒരു സ്ത്രീയെ ശാരീരികമായി ചൂഷണം ചെയ്യരുത്. അവള്‍ പറയുന്ന കാര്യങ്ങളോട് യോജിക്കുന്നില്ലെങ്കില്‍ പറഞ്ഞു മനസിലാക്കുക. അല്ലെങ്കില്‍ നല്ല രീതിയില്‍ വിയോജിക്കുക. ഒരു കാരണവശാലും ശാരീരികമായി ഉപദ്രവിക്കാതിരിക്കുക.

എല്ലാം തികഞ്ഞ ഒരു വ്യക്തിയാവാന്‍ ശ്രമിക്കാതിരിക്കുക. കാരണം, 'പൂര്‍ണത എന്നത് ഒരു മിഥ്യാ ധാരണയാണ്'. നമ്മള്‍ നമ്മളാവുക! എപ്പോഴും വിശ്വസ്തനായിരിക്കുക.

തകര്‍ന്ന ഒരു ദാമ്പത്യത്തില്‍ നിന്നും എനിക്ക് സ്വന്തമായി കിട്ടിയത് നിന്നെ മാത്രമാണ്. പല സുഹൃത്തുക്കളും എന്നോട് ചോദിച്ചിട്ടുണ്ട് എങ്ങനെയാണ് എന്നെ  ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച ഒരാളുടെ കുഞ്ഞിനെ ഇങ്ങനെ പ്രാണനെ പോലെ സ്‌നേഹിക്കാന്‍ സാധിക്കുന്നുവെന്ന്. എനിക്കവരോട് ഒന്നേ പറയാനുള്ളൂ -'എല്ലാ വേദനകളും സഹിച്ച് ഞാന്‍ ഇക്കാലമത്രയും ജീവിതത്തോടു പൊരുതിയിട്ടുണ്ടെങ്കില്‍, അത് എന്റെ മകന്റെ സാന്നിധ്യം ഒന്ന് കൊണ്ട് മാത്രമാണ്. അവന്‍ ഞാന്‍ തന്നെയാണ്, ഞാന്‍ അവനും...'

നീയാണ് ജാഫൂ എന്റെ ലോകം, നീ എല്ലാ അര്‍ഥത്തിലും സന്തോഷവാനായി കഴിയുന്നത് മാത്രം കണ്ടാല്‍ മതിയെനിക്ക്. അതില്‍പ്പരം ഒന്നുമെനിക്ക് വേണ്ട. നിന്നെ ഓര്‍ത്ത് വാനോളം  അഭിമാനത്തോടെ 

നിന്റെ സ്വന്തം ഉമ്മ..