Asianet News MalayalamAsianet News Malayalam

'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ...'

ഒരൊറ്റ വൈറസ് മതി, നമ്മുടെയെല്ലാം സമയം മാറ്റിയെഴുതാന്‍. 'വാതിലിനപ്പുറം'- കെ. പി റഷീദ് എഴുതുന്ന ലോക്ക്ഡൗണ്‍ കാല കുറിപ്പുകള്‍ ആരംഭിക്കുന്നു

 

beyond the closed doors column on lock douwn days Covid 19 by KP Rasheed
Author
Thiruvananthapuram, First Published Mar 25, 2020, 10:46 PM IST

കൃത്യ സമയങ്ങളുടെ മുള്ളുവേലികള്‍ ജീവിതങ്ങളെ നിര്‍ണയിക്കുന്ന കശ്മീരിലെ മനുഷ്യരാവണം കര്‍ഫ്യൂ എന്ന വാക്കിനു വന്നുപെട്ട ഈ മാറ്റങ്ങളെക്കുറിച്ചാലോചിച്ച് ഏറ്റവുമേെറ അമ്പരന്നിരിക്കുക. അതു കൊണ്ടാവണം, 232 ദിവസങ്ങളുടെ തടങ്കലിനു ശേഷം ഹരിനിവാസില്‍നിന്നും പുറത്തിറങ്ങിയ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല തമാശമട്ടില്‍ ഇങ്ങനെ പറഞ്ഞത്: ''ക്വാറന്‍ൈറനും ലോക്ക് ഡൗണും അതിജീവിക്കുന്നതിനുള്ള വല്ല ടിപ്‌സും വേണമെങ്കില്‍, ചോദിക്കാന്‍ മറക്കണ്ട, മാസങ്ങള്‍ കൊണ്ട് ഞാനതില്‍ വിദഗ്ധനായിരിക്കുന്നു.''

 

beyond the closed doors column on lock douwn days Covid 19 by KP Rasheed

 


പെട്ടെന്നാണ്, ആ പൊലീസ് വാഹനം എത്തിയത്.

'അടയ്ക്കൂ, കട അടക്കൂ, സമയമായി'-അതിലുള്ള പൊലീസുകാര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു, ശേഷം, ആരെയും നോക്കാതെ പാഞ്ഞുപോയി. 'അടച്ചില്ലേല്‍ ഇനി വഴക്കു കേള്‍ക്കേണ്ടിവരും'-പൊലീസുകാരെ കണ്ടതും കടക്കാരന്‍ തികഞ്ഞ പക്വതയോടെ, മുന്നിലെ ഇരുമ്പു വാതില്‍ പാതി ചാരി വെച്ചു.

അഞ്ചു മണിയാവാന്‍ പത്ത് മിനിറ്റ് ബാക്കിയുണ്ടായിരുന്നു. തിരുവനന്തപുരം നഗരത്തിലെ കേശവദാസപുരത്തിനടുത്തുള്ള ആ ചെറിയ കടയ്ക്കു മുന്നില്‍, സാധനങ്ങള്‍ വാങ്ങാനായി അന്നേരം രണ്ടേ രണ്ടുപേര്‍. ഞാനും പിന്നെ അല്‍പ്പം മുതിര്‍ന്നൊരു സ്ത്രീയും. കടയ്ക്കടുത്തുള്ള ഊടുവഴിയിലെവിടെയോ ഉള്ള വീട്ടില്‍നിന്നിറങ്ങി, ചെറിയൊരു സഞ്ചിയുമായി വന്നതാണ് അവര്‍.

'പെട്ടെന്ന് പറ, കട അടക്കണം' -ആ സ്ത്രീ അടുത്ത സാധനത്തിന്റെ പേര് ലിസ്റ്റില്‍നിന്ന് വളരെപ്പതുക്കെ തപ്പിയെടുക്കുന്ന നേരത്ത് കടക്കാരന്‍ ചൂടായി.

പറഞ്ഞു തീര്‍ന്നതും റോഡരികിലുള്ള കടയ്ക്കു മുന്നില്‍ വന്നു നിന്നു, മറ്റ് മൂന്ന് പൊലീസ് വാഹനങ്ങള്‍. അതിലൊന്നിനു മുകളില്‍ ഘടിപ്പിച്ച ഉച്ചഭാഷിണിയിലൂടെ, അവശ്യ സാധനങ്ങള്‍ വില്‍ക്കാനായി തുറന്ന വ്യാപാരസ്ഥാപനങ്ങള്‍ ഉടന്‍ തന്നെ അടക്കണമെന്നും അല്ലാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു. അതിലുള്ള പൊലീസുകാര്‍ കട അടക്കാന്‍ വീണ്ടും ആവശ്യപ്പെട്ടതോടെ കടക്കാരന്‍ ഇരുമ്പു വാതില്‍ മുഴുവനായി ചാരി. പൊലീസ് വാഹനങ്ങള്‍ നീങ്ങി.

അഞ്ചു മണിയാവാന്‍ ഇനിയും അഞ്ച് മിനിറ്റ്. ക്ലോക്കില്‍ നോക്കിയശേഷം, 'സമയമായില്ലല്ലോ, ഇനിയും വേണം നാല് സാധനങ്ങള്‍' എന്ന് അവര്‍ ഉറക്കെ, പറഞ്ഞു.

'ഇനി പറ്റില്ല. എനിക്ക് നാളെയും തുറക്കാനുള്ളതാണ്' -കടക്കാരന്‍ ഉറപ്പിച്ചു പറഞ്ഞ് അകത്തേക്ക് പോയി. എങ്കില്‍, ഇതു മതി, ബാക്കി നാളെ വാങ്ങാം എന്നു പറഞ്ഞ്, കൈയില്‍ ചുരുട്ടിപ്പിടിച്ച കാശ് കടക്കാരനു കൊടുത്ത് അവര്‍ കടയ്ക്കരികിലുള്ള ഊടുവഴി ഇറങ്ങിപ്പോയി. 'നല്ലൊരു കാര്യത്തിനല്ലേ, അടക്കാതെ എന്തു ചെയ്യാന്‍' എന്നു പറഞ്ഞ് കടക്കാരന്‍ പൂട്ട് തപ്പി.


നല്ല ബെസ്റ്റ് ടൈം!

ഉറപ്പാണ്, അവരിനി ഈ സമയപരിധി മറക്കില്ല. ഏറ്റവും ചുരുങ്ങിയത്, കട അടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഇനിയവര്‍ കടയില്‍ എത്തും. എന്നാല്‍, ഇത്രനാളും അങ്ങനെയായിരുന്നില്ല അവരുടെയും നമ്മുടെയും സമയത്തെക്കുറിച്ചുള്ള ധാരണകള്‍. അഞ്ചു മണിക്ക് തുടങ്ങുന്ന പരിപാടികള്‍ ആറു മണിക്കും തുടങ്ങാത്ത നാട്ടുനടപ്പായിരുന്നു നമുക്ക് പരിചിതം. സമയം കഴിഞ്ഞാലും എല്ലാമങ്ങ് നടക്കുമെന്ന ഒഴുക്കന്‍ മട്ട്. എന്നാല്‍, ഇപ്പോള്‍ അതല്ല കാര്യങ്ങള്‍. അഞ്ച് മണിക്ക് കടകള്‍ അടക്കണമെന്നു പറഞ്ഞാല്‍, നാലേ അമ്പതിന് കടക്കാര്‍ തയ്യാറായിരിക്കുന്നു. മാറിയത് കടക്കാര്‍ മാത്രമല്ല.  നമ്മളും രാപ്പകല്‍ പൊള്ളിപ്പാഞ്ഞു നടക്കുന്ന പൊലീസുകാരും ഭരണകൂടവുമെല്ലാം അടിമുടി മാറിയിരിക്കുന്നു. നമ്മുടെ ജീവിത രീതികളെ, ജീവിതത്തോടുള്ള കാഴ്ചപ്പാടുകളെ അടിമുടി മാറ്റുകയാണ്, ഇൗ കാലം. അതെ, നമ്മുടെ സമയം മാറിയിരിക്കുന്നു. ലോകമെങ്ങും നിന്നുള്ള, സാമ്പത്തിക മാന്ദ്യത്തിന്റെയും അടച്ചുപൂട്ടലുകളുടെയും വാര്‍ത്തകള്‍ പറയുന്നതും പേടിപ്പിക്കുംവിധം ശാന്തമായ ആ വാസ്തവമാണ്. നല്ല ബെസ്റ്റ് ടൈം, എന്ന് കോമഡി ഷോയില്‍ പറയുന്ന അതേ അവസ്ഥ.

സത്യത്തില്‍, ആരാണ് നമ്മുടെ സമയമിങ്ങനെ മാറ്റിയത്? പൊലീസുകാരോ അവര്‍ക്ക് ഉത്തരവ് നല്‍കുന്ന ഭരണാധികാരികളോ അവരെ അതിനു പ്രേരിപ്പിക്കുന്ന സാഹചര്യങ്ങളോ ഒന്നുമല്ല ആ പണി എടുക്കുന്നത്. എല്ലാവര്‍ക്കുമറിയുന്നതുപോലെ അതൊരു വൈറസാണ്. കാലത്തെയും ലോകത്തെയും നമ്മളെത്തന്നെയും മാറ്റുന്നൊരു കുഞ്ഞന്‍ വൈറസ്.  പുറം രാജ്യങ്ങളില്‍ കണ്ടു തുടങ്ങിയ കാലത്ത് കൊറോണ എന്നും പിന്നീട് കൊവിഡ് 19 എന്നും പേരിട്ട് വിളിക്കാന്‍ നാം പഠിച്ച ഒരു രോഗം പരത്തുന്ന sars-cov-2  എന്ന കീടാണു. കൊടുങ്കാറ്റ് പോലെ മനുഷ്യശരീരങ്ങളെ കടപുഴക്കുന്ന ഒന്ന്. മരണം കൊണ്ടല്ലാതെ, ലോകത്തെ ഭയപ്പെടുത്തുന്ന ചട്ടമ്പി. ലോക ജനസംഖ്യയുടെ കാല്‍ ഭാഗത്തെയും സ്വകാര്യ ഇടങ്ങള്‍ക്കുള്ളില്‍ അടച്ചിടാന്‍ അതിനു കഴിഞ്ഞു. അവരുടെ സമയക്രമങ്ങള്‍ ഇനി താന്‍ നിര്‍ണയിക്കുമെന്ന് ഉത്തരവിറക്കി. പറഞ്ഞതുപോലെ, ആളുകള്‍ എപ്പോള്‍ വീടുകളില്‍ നില്‍ക്കണമെന്നും എപ്പോള്‍ പുറത്തിറങ്ങാമെന്നും അവനാണിപ്പോള്‍ നിശ്ചയിക്കുന്നത്. അലസമായി നമ്മുടെ സൗകര്യത്തിന് കൈകാര്യം ചെയ്തുപോന്നിരുന്ന സമയക്രമങ്ങളെ ചൂരലും പിടിച്ചുനില്‍ക്കുന്ന കടുംപിടിത്തക്കാരനായ ഹെഡ് മാസ്റ്ററെപ്പോലെ, അവന്‍ മാറ്റിമറിച്ചിരിക്കുന്നു.

സ്വഭാവം മാറിയത് സമയത്തിനു മാത്രമല്ല. വാക്കുകള്‍ക്കുമാണ്. സംശയമുള്ളവര്‍ കര്‍ഫ്യൂ എന്ന വാക്കിനെ ഒന്നോര്‍മ്മിക്കുക. ആളെപ്പേടിപ്പിക്കാന്‍ ഭരണകൂടങ്ങള്‍ സാധാരണ ഉപയോഗിക്കുന്ന വാക്കാണ് കര്‍ഫ്യൂ. പൗരന്‍മാര്‍ക്കു നേരെ നിര്‍ണായക ഘട്ടങ്ങളില്‍ പൊട്ടുന്ന വെടിയുണ്ട പോലൊന്ന്. ആ വാക്കിനാണ് നമ്മുടെ ദേശരാഷ്ട്ര സാഹചര്യങ്ങളില്‍ ഒരൊറ്റ ദിവസം കൊണ്ട് അര്‍ത്ഥപരിണാമം വന്നത്. രാജ്യത്തെ രക്ഷിക്കാന്‍, ജനതയെ രക്ഷിക്കാന്‍ നിങ്ങളൊരു ദിവസം കര്‍ഫ്യൂ ആചരിക്കാമോ എന്ന് നമ്മുടെ ഭരണാധികാരി നമുക്കു മുന്നില്‍ വന്ന് ചോദിച്ചിരിക്കുന്നു. അധികാര പ്രയോഗങ്ങളുടെ കൂര്‍ത്ത മുനകള്‍ കൊണ്ട് വേലി കെട്ടിയ കര്‍ഫ്യൂ എന്ന സങ്കല്‍പ്പം ഒരൊറ്റ നാള്‍ കൊണ്ട് ജനങ്ങള്‍ അനുഷ്ഠിക്കേണ്ട കടമയായി, ജനതാ കര്‍ഫ്യൂ ആയി മാറിയിരിക്കുന്നു. കൃത്യ സമയങ്ങളുടെ മുള്ളുവേലികള്‍ ജീവിതങ്ങളെ നിര്‍ണയിക്കുന്ന കശ്മീരിലെ മനുഷ്യരാവണം കര്‍ഫ്യൂ എന്ന വാക്കിനു വന്നുപെട്ട ഈ മാറ്റങ്ങളെക്കുറിച്ചാലോചിച്ച് ഏറ്റവുമേെറ അമ്പരന്നിരിക്കുക. അതു കൊണ്ടാവണം, 232 ദിവസങ്ങളുടെ തടങ്കലിനു ശേഷം ഹരിനിവാസില്‍നിന്നും പുറത്തിറങ്ങിയ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല തമാശമട്ടില്‍ ഇങ്ങനെ പറഞ്ഞത്: ''ക്വാറന്‍ൈറനും ലോക്ക് ഡൗണും അതിജീവിക്കുന്നതിനുള്ള വല്ല ടിപ്‌സും വേണമെങ്കില്‍, ചോദിക്കാന്‍ മറക്കണ്ട, മാസങ്ങള്‍ കൊണ്ട് ഞാനതില്‍ വിദഗ്ധനായിരിക്കുന്നു.'' 2019 ഓഗസ്ത് അഞ്ചിന് ജീവിതം ലോക്ക് ഡൗണായ ഉമര്‍ അബ്ദുല്ല കഴിഞ്ഞ ദിവസം മാതാപിതാക്കള്‍ക്കൊപ്പം ഉച്ച ഭക്ഷണം കഴിച്ചതിനെ വിശേഷിപ്പിച്ചത്, ജീവിതത്തിലാദ്യമായെന്നോണം എന്നാണ്.

 

അവരവരിലേക്കുള്ള ദൂരങ്ങള്‍

ഇവിടെ മാത്രമല്ല, ലോകമെങ്ങും സമയവും ശീലവും മാറുക തന്നെയാണ്. തീവ്രവലതുപക്ഷം നിയന്ത്രിക്കുന്ന ലോകക്രമത്തിനകത്തുനിന്ന് അല്‍പ്പം മാറിനിന്ന്, ലോകരാജ്യങ്ങള്‍ ശത്രുതയെയും സ്‌നേഹത്തെയും കുറിച്ച് പുനരാലോചന നടത്തുന്നു. കുടിയേറ്റക്കാരാണ് ലോകത്തിന്റെ ശത്രുക്കളെന്നു സദാസമയം വിളിച്ചുപറയുന്നവര്‍, ഒറ്റയടിക്ക് അതെല്ലാം മറന്ന്, ഒരേ വൈറസ് -പേടിക്കുമുന്നില്‍ സ്വയം അടഞ്ഞിരിക്കുന്നു. ഏതുനിമിഷവും ദുരന്തമെത്തുമെന്ന വേവലാതിയില്‍ വാതിലുകള്‍ കൊട്ടിയടച്ച് അവരവരിലേക്കുള്ള ദൂരങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നു. അത്രയും കാലം ശത്രുരാജ്യങ്ങളെന്നു കരുതിപ്പോന്ന രാജ്യങ്ങളില്‍നിന്നുള്ള അപ്രതീക്ഷിത സഹായങ്ങള്‍ക്കു മുന്നില്‍,  സൈക്കിളില്‍നിന്നുവീണ ചിരിയോടെ, നന്ദിയോടെ, ഭരണാധികാരികള്‍ അറ്റന്‍ഷനായി നില്‍ക്കുന്നു. ഒരൊറ്റ ദിവസത്തെ പണിമുടക്ക് വന്നാല്‍, അതുണ്ടാക്കുന്ന കഷ്ടനഷ്ടങ്ങളെക്കുറിച്ച് വ്യാകുലപ്പെടാറുള്ള രാഷ്ട്രീയ-ഭരണ നേത്വത്വങ്ങള്‍, ചുമ്മാ കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട്, രാജ്യങ്ങള്‍ തന്നെ ആഴ്ചകളോളം അടച്ചിടുന്നത് നാം കാണുന്നു. ആകാശം പൊട്ടിവീണാലും മാറ്റിവെയ്ക്കാറില്ലാത്ത പരീക്ഷകള്‍ രണ്ടാമതൊരു ആലോചന പോലുമില്ലാതെ മാറ്റിവെയ്ക്കപ്പെട്ടിരിക്കുന്നു. എല്ലാ കടുത്ത വ്യവസ്ഥകളെയും അനായാസം അയച്ചിടാനും അവഗണിക്കാനും ലോകജനത നിമിഷനേരങ്ങള്‍ കൊണ്ട് പഠിച്ചിരിക്കുന്നു.

അതെ, നമ്മള്‍ അസാധാരണമായ നിമിഷങ്ങളിലാണ്. നാളെ എന്താവുമെന്ന ഉറച്ച ബോധ്യത്തോടെ ഇതുവരെ കൊണ്ടുനടന്നിരുന്ന കണക്കുകൂട്ടലുകളെ നിമിഷങ്ങള്‍ കൊണ്ട് നാം വലിച്ചെറിഞ്ഞിരിക്കുന്നു. 'നോര്‍മല്‍' എന്ന് നമുക്കുറപ്പുള്ള ജീവിതം അത്ര 'നോര്‍മല്‍' ഒന്നുമായിരുന്നില്ലെന്ന് പകപ്പോടെ തിരിച്ചറിഞ്ഞിരിക്കുന്നു. ഒരൊറ്റ ദുരന്തം നമ്മളിലെ, ഒളിച്ചുവെയ്ക്കപ്പെട്ട നന്‍മകളെ തിരിച്ചെടുത്തിരിക്കുന്നു. ഇക്കാലത്ത് ജീവിക്കാന്‍ ആവശ്യമില്ലാത്തത് എന്നു കരുതി നമ്മള്‍ മാറ്റിവെച്ച മനുഷ്യപ്പറ്റിനെ തല്‍ക്കാലത്തേക്കെങ്കിലും ഗസ്റ്റ് റോളില്‍ കൂട്ടിക്കൊണ്ടു വന്നിരിക്കുന്നു. ഞാനും എന്റെ ഓളും കുട്ട്യോളും മാത്രം വിചാരിച്ചാല്‍ അതിജീവിക്കാനാവില്ലെന്നും മറ്റുള്ളവര്‍ കൂടി അതിനാവശ്യമുണ്ടെന്നും തിരിച്ചറിയുന്നു, പരസ്പരം സ്‌നേഹിക്കുന്നു. സ്‌നേഹം, അതെ, അതു തന്നെ ആ വാക്ക്. പുതിയ കാലത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ആറിത്തണുത്തുപോയ അത്തരം വാക്കുകള്‍ക്കാണ് ഇപ്പോള്‍ പൊന്നുംവില.

ഞാനാദ്യം പറഞ്ഞ കേശവദാസപുരത്തെ ആ സ്ത്രീയെപ്പോലെ, നമ്മളെല്ലാവരും പുതിയ തിരിച്ചറിവുകളിലേക്കു കൂടിയാണ് വാതില്‍ കൊട്ടിയടച്ചിരിക്കുന്നത്. പൊതുനന്‍മ എന്ന വലിയ കാന്‍വാസ്, നാടോടിക്കാറ്റിലെ വിജയനെപ്പോലെ, തല്‍ക്കാലത്തേങ്കിലും നമ്മുടെ മുഖത്തുനോക്കി ചിരിയോടെ പറയുന്നു, 'എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ ദാസാ...'

Follow Us:
Download App:
  • android
  • ios