Asianet News MalayalamAsianet News Malayalam

മഞ്ഞിനെ മാറ്റുന്ന പീരങ്കി, ഓക്‌സിജന്‍ ബാറുകള്‍,  വായു നിറച്ച ക്യാന്‍; ദില്ലി ജീവിക്കുന്നത് ഇങ്ങനെയൊക്കെയാണ്!

ദില്ലിയിലെ കൊടുംതണുപ്പ് നമുക്ക് നല്‍കുന്ന സൂചനകള്‍ എന്തൊക്കെയാണ്? 

Cold wave grips Delhi analysis by Gopika Suresh
Author
Panaji, First Published Dec 30, 2019, 6:19 PM IST

മൂടല്‍ മഞ്ഞു കാരണം ഞായറാഴ്ച രാവിലെ  ദില്ലിയിലെ ദൃശ്യത (വിസിബിലിറ്റി) 0 മുതല്‍ 50 മീറ്റര്‍ വരെയായിരുന്നു. വായുവിന്റെ സ്വാഭാവം 'കാഠിന്യമേറിയത്' എന്ന വിഭാഗത്തിലേക്ക് താഴ്ന്നു. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (IQA) ആനന്ദ് വിഹാറില്‍ 462 ആയി. ഒഖ്ല ഫേസ് -2 ല്‍ ്ഇത് 494 ആണ്. ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 15 എണ്ണവും ഇന്ത്യയിലാണുള്ളത്. ഏറ്റവും മോശം വായുവുള്ള തലസ്ഥാനമായി ദില്ലി മാറിയതായി സ്വിറ്റ്‌സര്‍ലാന്‍ഡ് ആസ്ഥാനമായ ഐക്യു എയര്‍വിഷ്വലും ഗ്രീന്‍പീസ് ഇന്ത്യയും സൂചിപ്പിക്കുന്നു. വാഹന, വ്യാവസായിക മേഖലകളില്‍നിന്നുള്ള കാര്‍ബന്‍ പുറത്തുവിടല്‍, കെട്ടിട നിര്‍മ്മാണ സ്ഥലങ്ങളില്‍ നിന്നുള്ള പൊടി, മാലിന്യങ്ങള്‍ കത്തുന്നതില്‍ നിന്നുള്ള പുക, പാടങ്ങളിലെ വിളകള്‍ വമ്പിച്ചതോതില്‍ കത്തിക്കല്‍ എന്നിവയാണ് ഇത്ര വലിയരീതിയിലുള്ള വായു മലിനീകരണത്തിലേക്ക് ദില്ലിയെ എത്തിച്ചത്.

Cold wave grips Delhi analysis by Gopika Suresh

 

കനത്ത മൂടല്‍ മഞ്ഞ് കണികണ്ടുകൊണ്ടാണ് ഇന്ന് രാവിലെ ദില്ലിയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ ഉണര്‍ന്നത്. മൂടല്‍മഞ്ഞ് റോഡ്, റെയില്‍, വിമാന ഗതാഗതം എന്നിവയെ കാര്യമായി ബാധിച്ചതിനാല്‍, ആറ് പേരാണ് ദില്ലിയില്‍ മരിച്ചത്. മൂടല്‍ മഞ്ഞുകാരണം ഗ്രേറ്റര്‍ നോയിഡയില്‍ ഒരു കനാലിലേക്ക് കാര്‍ ഇടിച്ചുകയറി രണ്ട് കുട്ടികളടക്കം ആറ് പേര്‍ മുങ്ങിമരിക്കുകയായിരുന്നു. ദില്ലിയില്‍ നിന്ന് 16 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു, എട്ട് വിമാനങ്ങള്‍ വൈകി, നാലെണ്ണം റദ്ദാക്കി. ദില്ലിയില്‍നിന്നും സമീപപ്രദേശങ്ങളില്‍ നിന്നുമുള്ള മുപ്പതോളം ട്രെയിനുകള്‍ വൈകി ഓടുന്നു. ദില്ലിയില്‍ ഇന്ന് താപനില 2.8 ല്‍ നിന്നും 2.6 ലേക്ക് താഴ്ന്നു.


എന്താണ് ഈ കൊടും തണുപ്പിന് കാരണം?

അടുത്ത ദിവസങ്ങളിലായി ദില്ലിയിലും പരിസര പ്രദേശങ്ങളിലും പെയ്ത മഴ അന്തരീക്ഷത്തിലേക്ക് കൂടുതല്‍ ഈര്‍പ്പം കൊണ്ടുവന്നു. ഈ ഈര്‍പ്പം ദില്ലിയില്‍ അതിരാവിലെ മൂടല്‍മഞ്ഞിന് കാരണമായി. 100-300 മീറ്റര്‍ ഉയരത്തില്‍ ഉയര്‍ന്ന മൂടല്‍മഞ്ഞ് കാണപ്പെടുന്നു. ഈ മേഘപടലം സൂര്യപ്രകാശം ഭൂമിയിലേക്കെത്തുന്നത് തടയുന്നു. ഇത് താപനില കുറക്കാന്‍ കാരണമാകുന്നു. കൂടാതെ ഹിമാലയത്തില്‍ നിന്നുള്ള തണുത്ത വടക്കന്‍ ശീതക്കാറ്റ് വീശുന്നതിനാല്‍ താപനില പിന്നെയും കുറയാന്‍ കാരണമായി. കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി തീവ്ര അന്തരീക്ഷ സ്ഥിതികള്‍ (extreme weather events ) ഉണ്ടാകുന്നതും ഇതിനു കാരണമാണ്. ഇത് ഒരു മനുഷ്യനിര്‍മിത ദുരന്തം കൂടിയാണെന്ന് പറയണം. ലാഭത്തിനായി പരിസ്ഥിതിയെ വെട്ടിമുറിക്കാന്‍ മിടയില്ലാത്തവര്‍, ഈ പ്രദേശങ്ങളെ ചൂടില്‍ നിന്നും തണുപ്പില്‍ നിന്നും സംരക്ഷിക്കുന്ന അരവാലി മലനിരകളെ നശിപ്പിച്ചതും ഇതിനു കാരണമാണ്.

 

ദില്ലി അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങള്‍ എന്തൊക്കെ?

മൂടല്‍മഞ്ഞു കാരണം ഞായറാഴ്ച രാവിലെ ദില്ലിയിലെ ദൃശ്യത (വിസിബിലിറ്റി) 0 മുതല്‍ 50 മീറ്റര്‍ വരെയായിരുന്നു. വായുവിന്റെ സ്വാഭാവം 'കാഠിന്യമേറിയത്' എന്ന വിഭാഗത്തിലേക്ക് താഴ്ന്നു. എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (IQA) ആനന്ദ് വിഹാറില്‍ 462 ആയി. ഒഖ്‌ല ഫേസ് -2 ല്‍ ഇത് 494 ആണ്. ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 15 എണ്ണവും ഇന്ത്യയിലാണ്്. ഏറ്റവും മോശം വായുവുള്ള തലസ്ഥാനമായി ദില്ലി മാറിയതായി സ്വിറ്റ്സര്‍ലാന്‍ഡ് ആസ്ഥാനമായ ഐക്യു എയര്‍വിഷ്വലും ഗ്രീന്‍പീസ് ഇന്ത്യയും സൂചിപ്പിക്കുന്നു. വാഹന, വ്യാവസായിക മേഖലകളില്‍നിന്നുള്ള കാര്‍ബണ്‍ പുറത്തുവിടല്‍, കെട്ടിട നിര്‍മ്മാണ സ്ഥലങ്ങളില്‍ നിന്നുള്ള പൊടി, മാലിന്യങ്ങള്‍ കത്തുന്നതില്‍ നിന്നുള്ള പുക, പാടങ്ങളിലെ വിളകള്‍ വമ്പിച്ച തോതില്‍ കത്തിക്കല്‍ എന്നിവയാണ് ഇത്ര വലിയരീതിയിലുള്ള വായു മലിനീകരണത്തിലേക്ക് ദില്ലിയെ എത്തിച്ചത്.

ദില്ലിയിലും സമീപ പ്രദേശങ്ങളിലും ശൈത്യ കാലത്തിന്റെ തുടക്കത്തോടെ ഉണ്ടാവുന്ന കഠിനമായ വായുമലിനീകരണം വലിയ രീതിയില്‍ ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്. മലിനീകരണ പ്രതിസന്ധിയെ നേരിടാന്‍ ഓക്സിജന്‍ മാസ്‌ക് മുതല്‍ കൃത്രിമ മഴ ഉണ്ടാക്കുന്നതിനുള്ള പദ്ധതികള്‍ വരെ നിരവധി സംരംഭങ്ങളും ആശയങ്ങളും കഴിഞ്ഞ വര്‍ഷം ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. അത്തരം നിരവധി വഴികള്‍ സ്വീകരിച്ചാണ് ദില്ലി ഇപ്പോള്‍ ജീവിക്കുന്നത്. 

ദില്ലിയുടെ അതിജീവന മാര്‍ഗങ്ങള്‍ എന്തൊക്കെ?

ശുദ്ധവായു നിറച്ച ക്യാന്‍

ആമസോണിലും ഫ്ളിപ്കാര്‍ട്ടിലുമടക്കം മിക്ക എല്ലാ ഓണ്‍ലൈന്‍ ഇ കൊമേഴ്സ് സൈറ്റുകളിലും ലഭ്യമാവുന്ന ഒന്നാണ് ക്യാനില്‍ നിറച്ച ശുദ്ധവായു. ഒരു ശരാശരി മനുഷ്യന്‍ ഒരു മിനുട്ടില്‍ ഏകദേശം എട്ട് ലിറ്റര്‍ വായുവാണു ശ്വാസോഛാസം ചെയ്യുന്നത്. ഇത് കണക്കാക്കിയാണ് ശുദ്ധവായു വാങ്ങുന്നത്.

ശരീരത്തില്‍ ധരിച്ചുകൊണ്ട് നടക്കാവുന്ന വായു ശുദ്ധീകരണ ഉപകരണം 

ശ്വസനത്തിനാവശ്യമായ സ്ഥലത്ത് നിന്ന് വൈറസുകള്‍, ബാക്ടീരിയകള്‍, പൂമ്പൊടികള്‍ തുടങ്ങിയവ നീക്കംചെയ്ത് വായു ശുദ്ധീകരിക്കുന്ന ഒരു വ്യക്തിഗത വായു ശുദ്ധീകരണ ഉപകരണമാണിത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഗ്ലോബല്‍കാര്‍ട്ടില്‍ പ്രത്യേകമായി അവതരിപ്പിച്ച എയര്‍ പ്യൂരിഫയര്‍ ആമസോണ്‍, പേടിഎം മാള്‍ എന്നിവിടങ്ങളിലും ലഭ്യമാണ്. നിലവില്‍ 9,999 രൂപയാണ് വില.

ഓക്സിജന്‍ ബാറുകള്‍

ഇപ്പോള്‍ ദില്ലിയില്‍ മാത്രമാണെങ്കിലും താമസിയാതെ മറ്റിടങ്ങളിലും ഇതുവരും. വിനോദത്തിനായി ഓക്സിജന്‍ വില്‍ക്കുന്ന ഒരു സ്ഥാപനമാണ് ഓക്സിജന്‍ ബാര്‍. വ്യക്തിഗത താല്‍പ്പര്യമനുസരിച്ച് സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ക്കാം. ലാവെന്‍ഡര്‍, ചെറുനാരങ്ങ, കറുവപ്പട്ട എന്നിങ്ങനെ ഏഴ് വ്യത്യസ്ത സുഗന്ധങ്ങളില്‍ ലഭ്യമാണ്. 15 മിനിറ്റ്ിന് 500 രൂപയാണ് 'ഓക്സിജന്‍ സമ്പുഷ്ടമായ വായു'വിന് വിവിധ ബാറുകള്‍ ഈടാക്കുന്നത് . 

മൂടല്‍മഞ്ഞിനെതിരെയുള്ള പീരങ്കി

ഇത് തീ തുപ്പുന്ന പീരങ്കിയല്ല, അന്തരീക്ഷം ശുദ്ധീകരിക്കുന്ന പീരങ്കി. ഈ പീരങ്കികൊണ്ട് 50 മീറ്റര്‍ വരെ ഉയരത്തില്‍ ചെറിയ തുള്ളിയായി വെള്ളം തളിക്കുകയും കൃത്രിമ മൂടല്‍മഞ്ഞ് സൃഷ്ടിക്കുകയും ചെയ്യുന്നു, ഇത് വായുവിലൂടെയുള്ള മലിനീകരണ വസ്തുക്കളോട് പറ്റിനില്‍ക്കുകയും അവയെ നിലത്തേക്ക് ഇറക്കുകയും ചെയ്യും. ഇത് ഒരു വാട്ടര്‍ ടാങ്കറുമായി ബന്ധിപ്പിച്ചിട്ടുണ്ടായിരിക്കും.

ഒറ്റ-ഇരട്ട നമ്പര്‍ പദ്ധതി

നവംബറില്‍ രാവിലെ 8 മുതല്‍ രാത്രി 8 വരെ നടപ്പിലാക്കിയ മലിനീകരണ വിരുദ്ധപദ്ധതിയാണ് ഒറ്റ-ഇരട്ട കാര്‍ പദ്ധതി. ഒറ്റ അക്കത്തില്‍ (1, 3, 5, 7, 9) അവസാനിക്കുന്ന രജിസ്ട്രേഷന്‍ നമ്പറുകളുള്ള ഗതാഗതേതര നാല് ചക്ര വാഹനങ്ങള്‍ നവംബര്‍ 4, 6, 8, 12, 14 തീയതികളില്‍ റോഡുകളില്‍ അനുവദിച്ചില്ല.  രജിസ്ട്രേഷന്‍ നമ്പര്‍ ഇരട്ട അക്കത്തില്‍ (0, 2, 4, 6, 8) അവസാനിക്കുന്ന വാഹനങ്ങള്‍ നവംബര്‍ 5, 7, 9, 11, 13, 15 തീയതികളില്‍ റോഡുകളില്‍ അനുവദിച്ചില്ല. 

കാളിങ്ക് എന്ന ഫില്‍ട്ടറിംഗ് ഉപകരണം

ഐഐടി ദില്ലിയിലെ വിദ്യാര്‍ത്ഥികളാണ് കറുത്ത നിറമുള്ള 'കാല'' എന്ന ഹിന്ദി പദത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ കാളിങ്ക് എന്ന ഫില്‍ട്ടറിംഗ് ഉപകരണം വികസിപ്പിച്ചെടുത്തത്, അത് ഒരു എക്‌സ്‌ഹോസ്റ്റ് പൈപ്പില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന ഒരു സ്റ്റീല്‍ സിലിണ്ടര്‍ അടങ്ങിയതാണ്. ചെറിയ യന്ത്രസാമഗ്രികളിലെ പുക പോലെയോ അല്ലെങ്കില്‍ വായുവില്‍ നിന്ന് നേരിട്ട് പുറത്തേക്ക് പോകുന്നതുപോലെയോ ഏതെങ്കിലും ഉറവിടത്തില്‍ നിന്ന് വായു മലിനീകരണം ഫില്‍ട്ടര്‍ ചെയ്യുന്നതിന് കാലിങ്കിന് കഴിയും. എന്നിട്ട് അത് പുകപ്പൊടിയാക്കി മാറ്റും, തുടര്‍ന്ന് ജലാംശം ഉപയോഗിച്ച് മഷി രൂപപ്പെടുത്തി പേനയിലും മാര്‍ക്കെറിലും ഉപയോഗിക്കാം. ഓരോ മാര്‍ക്കറിലും ഏകദേശം 30 മില്ലി ലിറ്റര്‍ AIR-INK ഉണ്ട്, ഇത് ഏകദേശം 45 മിനിറ്റ് ഡീസല്‍ കാര്‍ മലിനീകരണത്തിന് തുല്യമാണ്.


താജ് മഹലില്‍ എയര്‍ പ്യൂരിഫയറുകള്‍

ഉത്തരേന്ത്യ കടുത്ത മലിനീകരണത്തിനെതിരെ പോരാടുമ്പോള്‍, താജ്മഹലില്‍ അധികൃതര്‍ രണ്ടു എയര്‍ പ്യൂരിഫയറുകള്‍ വിന്യസിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് (യുപിപിസിബി) വിന്യസിച്ച എയര്‍ പ്യൂരിഫയര്‍ വാനിന് 300 മീറ്റര്‍ ചുറ്റളവില്‍ എട്ട് മണിക്കൂറിനുള്ളില്‍ 15 ലക്ഷം ക്യുബിക് മീറ്റര്‍ വായു ശുദ്ധീകരിക്കാന്‍ ശേഷിയുണ്ട്.

റോഡ് സൈഡുകളില്‍ എയര്‍ പ്യൂരിഫയറുകള്‍

റോഡരികിലെ പൊടിയും വാഹന മലിനീകരണവും നേരിടാന്‍ ഡല്‍ഹിയിലെ തിരക്കേറിയ കവലകളില്‍ ഡസന്‍ കണക്കിന് ഭീമന്‍ എയര്‍ പ്യൂരിഫയറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.  ചൈനയിലേതുപോലെ മലിനീകരണ വാക്വം ക്ലീനര്‍മാരായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സ്മോഗ് ടവറുകള്‍ സ്ഥാപിക്കാന്‍ നവംബറില്‍ ഇന്ത്യയുടെ പരമോന്നത കോടതി ഉത്തരവിട്ടിട്ടുമുണ്ട്.

കൃത്രിമ മഴ പെയ്യിക്കല്‍

രാസവസ്തുക്കള്‍ ഉപയോഗിച്ച് കൃത്രിമമായി മഴ പെയ്യുകയോ മഴ വര്‍ദ്ധിപ്പിക്കുകയോ ചെയ്യുന്ന ഒരു രീതിയാണിത്. ഡ്രൈ ഐസ് (സോളിഡ് കാര്‍ബണ്‍ ഡൈ ഓക്സൈഡ്), സില്‍വര്‍ അയോഡൈഡ്, ഉപ്പ് പൊടി മുതലായവ ഈ മേഘങ്ങളില്‍ ചേര്‍ക്കുന്ന കണങ്ങളാണ് (ഇത് ക്‌ളൗഡ് സീഡിംഗ് ടെക്‌നിക് എന്നറിയപ്പെടുന്നു). വിമാനങ്ങളോ റോക്കറ്റുകളോ ഉപയോഗിച്ചാണ് ക്‌ളൗഡ് സീഡിംഗ് നടത്തുന്നത്. ഇതു ചേര്‍ക്കുമ്പോള്‍ ഈ ബാഹ്യ ഏജന്റുകളുടെ പ്രതിപ്രവര്‍ത്തനത്താല്‍ മേഘങ്ങളുടെ പിണ്ഡം വര്‍ധിക്കുന്നു. പിന്നീട് മഴ ലഭിക്കുന്നു.
 

Follow Us:
Download App:
  • android
  • ios