Asianet News MalayalamAsianet News Malayalam

പ്രണയത്തിന്‍റെയും വിഷാദത്തിന്‍റെയും ചൂണ്ടക്കൊളുത്തൊളിപ്പിച്ച വരിയും ഈണവും...

ഗസല്‍: കേട്ട പാട്ടുകള്‍, കേള്‍ക്കാത്ത കഥകള്‍. പരമ്പര നാലാം ഭാഗം. 'രൻജിഷ് ഹീ സഹീ' 

indian classical gazal series ranjish hi sahi
Author
Thiruvananthapuram, First Published Sep 8, 2019, 12:52 PM IST

അര്‍ത്ഥം കൃത്യമായി മനസ്സിലാകാത്ത കേള്‍വിക്കാരെപ്പോലും വലിച്ചടുപ്പിക്കുന്ന എന്തോ ഒരു കാല്‍പനികസൗന്ദര്യമുണ്ട് ഗസലുകള്‍ക്ക്. ഗസലുകളെ നെഞ്ചോടുചേര്‍ക്കുന്ന മലയാളികള്‍ക്കായി ഒരു പരമ്പര ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ആരംഭിക്കുന്നു. നമ്മുടെ പ്രിയഗസലുകള്‍, പശ്ചാത്തലം, ഗായകര്‍, കഠിനമായ ഉര്‍ദു വാക്കുകളുടെ അര്‍ത്ഥവിചാരം എന്നിവയാവും ഈ കുറിപ്പുകളില്‍. കൃത്യമായ അര്‍ത്ഥമറിയാതെ കേട്ടുകൊണ്ടിരുന്ന പല പ്രിയ ഗസലുകളെയും ഇനി അവയുടെ കാവ്യ, സംഗീതാംശങ്ങളെ അടുത്തറിഞ്ഞ് കൂടുതല്‍ ആസ്വദിച്ച് കേള്‍ക്കാം. വരൂ, ഗസലുകളുടെ മാസ്മരിക ലോകത്തിലൂടെ നമുക്കൊരു സ്വപ്നസഞ്ചാരമാവാം.

indian classical gazal series ranjish hi sahi

രഞ്ജിഷ് ഹി സഹീ..!

കാല്പനികതയുടെ മൂർത്തിമദ്ഭാവമാണ് ഈ ഗസൽ. മെഹ്ദി ഹസ്സന്റെ ഗസലുകളിൽ നിറഞ്ഞു നിൽക്കുന്ന സ്ഥായീഭാവം വിഷാദമാണ്. അഹമ്മദ് ഫറാസ് എഴുതിയ മറ്റൊരു വിഷാദമധുരമായ ഗസലാണ് ഇനി. 'രഞ്ജിഷ് ഹി സഹി..'. കവി തന്റെ പ്രണയിനിയെ വിളിക്കുകയാണ്. നിനക്കെന്നോട് വെറുപ്പാവും. അതെനിക്ക് നന്നായറിയാം.  വെറുത്താലും സാരമില്ല..!  എന്റെ മനസ്സിനെ മുറിപ്പെടുത്താനായെങ്കിലും നീ ഒന്നിങ്ങു വരൂ. എന്നെ ഒരിക്കൽക്കൂടി ഉപേക്ഷിച്ചിട്ടുപോകാനായെങ്കിലും, ഒന്ന് നീ വരൂ.

കേരളത്തിൽ ഇതുപോലെ ജനപ്രിയമായ മറ്റൊരു മെഹ്ദി ഹസ്സൻ ഗസലില്ല. ഏതൊരു മെഹ്ഫിലും ഇ ഗസൽ പാടാനുള്ള നിർബന്ധം കേൾക്കാതെ തീരില്ല. പലരും ഗസൽ കേൾക്കാൻ തുടങ്ങുന്നത് തന്നെ ഈയൊരു ഗസലിന്റെ കൊളുത്തിൽ കുടുങ്ങിയിട്ടാണ്. അത്രയ്ക്ക് മാരകമാണ് ഇതിന്റെ വൈകാരികസ്വാധീനം.

സ്‌നേഹിച്ച് സ്നേഹിച്ച് വെറുക്കുക എന്നൊക്കെ പറയില്ലേ. ഒരാളെ പ്രാണൻ പറിച്ചുകൊടുത്ത് സ്നേഹിച്ചാൽ, അതിനു ശേഷമുണ്ടാകുന്ന മോഹഭംഗം നമുക്ക് പകരുക ചിലപ്പോൾ അന്തമില്ലാത്ത വെറുപ്പായിരിക്കും. ഒരുപാടുകാലം തമ്മിൽ സ്നേഹിച്ച് ഒടുവിൽ വേർപെട്ടുപോയ യുവമിഥുനങ്ങൾ. അതിലൊരാൾ,  വർഷങ്ങൾക്ക് ശേഷം തന്റെ പ്രണയിക്ക് അയക്കുന്ന സന്ദേശമാണിത്. ഒന്നെന്റെ അരികിൽ വരൂ. നമ്മൾ ഒന്നിക്കാനായല്ല..! ഒന്ന് കാണാൻ മാത്രം. നിനക്ക് എന്നോട് വെറുപ്പാണെന്നറിയാം. നിന്റെ കുത്തുവാക്കുകൾ എന്റെ മനസ്സിനെ മുറിക്കും എന്നുമറിയാം. എങ്കിലും.. എന്നെ വീണ്ടും കളഞ്ഞിട്ടു പോകാനായിട്ടാണെങ്കിൽ കൂടി, ഒന്ന് വാ..!

I

रंजिश ही सही दिल ही दुखाने के लिए आ
आ फिर से मुझे छोड़ के जाने के लिए आ

രൻജിഷ് ഹീ സഹീ
ദിൽ ഹി ദുഖാനേ കെ ലിയേ ആ
ആ ഫിർ സേ മുഝേ ഛോഡ്കെ
ജാനേ കെ ലിയേ ആ

എന്നെ വെറുത്തോളൂ, സാരമില്ല...
എന്നാലും, എന്റെയുള്ളുനോവിക്കാനെങ്കിലും
ഒന്നിങ്ങോട്ട് വരൂ...
വീണ്ടുമെന്നെ വിട്ടുപോവാനായെങ്കിലും
ഒന്ന് അരികിൽ വരൂ..

രഞ്ജിഷ് എന്നത് സങ്കടം കലർന്ന ഒരു വെറുപ്പാണ്. ഒരാളെ സ്നേഹിച്ചു സ്നേഹിച്ചു പരമാവധി സ്നേഹം കഴിഞ്ഞാൽ പിന്നെ എത്തിപ്പെടുന്ന അദമ്യമായ വെറുപ്പ്. നിനക്കെന്നോട് വെറുപ്പിന്റെ അങ്ങേയറ്റമാകും എന്നെനിക്കറിയാം. എങ്കിലും, നീ എന്റെ ഹൃദയം വ്രണപ്പെടുത്താനായെങ്കിലും ഒന്ന് വരൂ. എന്നെ ഒരിക്കൽ കൂടി ഉപേക്ഷിച്ചിട്ട് പോകാനായെങ്കിലും ഒന്നുവരൂ എന്നാണ് കവി പറയുന്നത്.

കഠിനപദങ്ങൾ :

രൻജിഷ് - നീരസം, വെറുപ്പ്, ശത്രുത,
ഛോഡ്കെ ജാനാ - വിട്ട് പോവുക

II

पहले से मरासिम न सही फिर भी कभी तो
रस्म-ओ-रह-ए-दुनिया ही निभाने के लिए आ

പെഹ്‌ലേ സെ മരാസിം ന സഹീ
ഫിർ ഭി കഭീ തോ,
രസ്ം-ഓ-രഹെ-ദുനിയാ ഹി
നിഭാനേ കെ ലിയേ ആ...

പണ്ടത്തെ അടുപ്പം തന്നെ
വേണമെന്ന് ഞാൻ പറയുന്നില്ല,
എന്നാലും, ഈ ലോകത്തിന്റെ രീതികൾ
പാലിക്കാനായെങ്കിലും, ഒന്ന് വരൂ...

പല പ്രണയങ്ങളും അങ്ങനെയാണ്. ചങ്കുപറിച്ചുകൊടുത്ത് തമ്മിൽ സ്നേഹിക്കും രണ്ടുപേർ ഏറെക്കാലം. ആദ്യത്തെ ആ ഒരു കൗതുകകാലം കഴിയുമ്പോൾ തമ്മിൽ പിണങ്ങും. വഴക്കടിച്ച് പിരിയും. രണ്ടും രണ്ടുവഴിക്കാകും. പിന്നെ അവഗണനയുടെ ഒരു ഇടവേളയാകും. ആ ഇടവേളയിൽ, മൗനത്തിന്റെ ബ്രൂവറികളിലിരുന്ന് അദമ്യമായ പ്രണയം വീണ്ടും പുളിച്ച് വീഞ്ഞാകും. അതിന്റെ ലഹരി വീണ്ടും സിരകളിൽ പടരുമ്പോൾ, പ്രണയികളിൽ ഒരാൾക്ക് വീണ്ടും പഴയ പ്രേമത്തെ കാണാൻ, കേൾക്കാൻ, ആ പഴയ അടുപ്പം, സ്നേഹം ഒക്കെ അനുഭവിക്കാൻ തോന്നും. അവിടെയാണ് അതിന്റെ ട്രാജഡി. നേരത്തെ ഉപേക്ഷിച്ചിട്ട് നമ്മൾ കടന്നുകളഞ്ഞ നമ്മുടെ പ്രണയിക്ക് ഒരു പക്ഷേ, ക്ഷതങ്ങൾ ഉണങ്ങിക്കാണില്ല. ആ പുണ്ണുകൾ ആറിയിട്ടുണ്ടാവില്ല. അതിൽ കൊള്ളിവെക്കലാകും നമ്മുടെ ക്ഷേമാന്വേഷണങ്ങൾ ചിലപ്പോൾ. അത് ക്ഷണിച്ചുവരുത്തുക കടുത്ത പ്രതികരണങ്ങളാകും. അത്തരം പ്രതികരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് ജാമ്യമെടുത്തുകൊണ്ടുള്ള സംവേദനങ്ങളാണ് ഈ ഗസലിലെ ഓരോ വരികളും. പഴയ ആ അടുപ്പം ഇനി പുനഃസ്ഥാപിക്കാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. നമ്മൾ ഒന്നുമില്ലെങ്കിലും പഴയ പരിചയക്കാരല്ലേ..നാട്ടുനടപ്പ് പാലിക്കാനായെങ്കിലും, ഒന്ന് വരൂ.. എന്നാണ് കവിയുടെ അപേക്ഷ.


കഠിനപദങ്ങൾ :

മരാസിം - അടുപ്പം,
രസ്ം-ഓ-രഹെ-ദുനിയാ - ലോകത്തിന്റെ രീതികൾ,
നിഭാനാ - പാലിക്കുക)

III

किस किस को बताएँगे जुदाई का सबब हम
तू मुझ से ख़फ़ा है तो ज़माने के लिए आ

കിസ് കിസ് കോ ബതായേംഗെ
ജുദായീ കാ സബബ് ഹം...
തൂ മുഝ്‌ സെ ഖഫാ ഹേ തോ
സമാനേ കെ ലിയേ ആ...

ആരാരോട് ഞാൻ പറയട്ടെ
നമ്മൾ പിരിഞ്ഞതിന്റെ കാരണങ്ങൾ
എന്നോട് പിണക്കത്തിലാണെങ്കിൽ നീ
മറ്റുള്ളവരെ കാണിക്കാനായെങ്കിലും ഒന്ന് വരൂ...

നമ്മൾ എന്തിനാണ് തമ്മിൽ പിരിഞ്ഞത് എന്ന ചോദ്യത്തിന് എനിക്ക് എന്നോടുതന്നെ ഉത്തരമില്ല. ഞാൻ ആരോടൊക്കെയാണ് നമ്മുടെ വേർപാടിന്റെ കാരണങ്ങൾ പറയേണ്ടുന്നത്. എനിക്ക് വയ്യ. നീ എന്നോട് പിണക്കത്തിലാണെങ്കിൽ ആയിക്കോട്ടെ, അത് മാറ്റാൻ ഞാൻ പറയുന്നില്ല. നാട്ടുകാരെ കാണിക്കാൻ വേണ്ടിയെങ്കിലും നീ ഒരു വട്ടം ഒന്ന് വന്നിട്ട് പോകൂ. ആളുകൾ എന്തുവിചാരിക്കും. ഒരു വട്ടം... ഒന്ന് വന്നിട്ട് പോകൂ... നമ്മൾ തമ്മിൽ പിരിയാനുണ്ടായ കാരണങ്ങൾ കേട്ടാൽ ആളുകൾ നമ്മളെ പുച്ഛിക്കും. അത്രയ്ക്ക് കാര്യമില്ലാത്ത കാരണങ്ങൾ പറഞ്ഞാണ് നമ്മൾ തെറ്റിയത്. പിരിഞ്ഞത്. തമ്മിൽ വെറുത്തത്. അതൊക്കെ അവിടെ നിൽക്കട്ടെ. തമ്മിൽ ഇനിയും അടുപ്പത്തിലാകണം എന്നല്ല പറയുന്നത്. ഈ സമൂഹത്തെ ബോധിപ്പിക്കാനായെങ്കിലും, നമ്മൾ തമ്മിൽ പണ്ടുണ്ടായിരുന്ന ആ അടുപ്പത്തിന്റെ പുറത്ത് നീ ഒരുവട്ടം കൂടി എന്നെക്കാണാൻ ഒന്ന് വരൂ..!

കഠിനപദങ്ങൾ :

ജുദായി - വേർപിരിയൽ, 
സബബ് - കാരണം
ഖഫാ ഹോനാ - പിണങ്ങുക
സമാനാ - സമൂഹം

IV

कुछ तो मिरे पिंदार-ए-मोहब्बत का भरम रख
तू भी तो कभी मुझ को मनाने के लिए आ

കുഛ് തോ മെരേ പിന്ദാർ-എ-
മൊഹബ്ബത് കാ ഭരം രഖ്...
തൂ ഭീ തോ കഭീ മുഝ്കോ
മനാനേ കെ ലിയേ ആ...

എന്റെ സ്നേഹത്തിന്റെ ആഴത്തെ
നീ ഒന്ന് മാനിക്കൂ.
ഒരിക്കലെങ്കിലും നീയും
എന്നെ സമാധാനിപ്പിക്കാൻ വേണ്ടി
ഒന്നു വരൂ...

എനിക്ക് നിന്നോടുള്ള പ്രണയത്തിന്റെ ആഴം മറ്റാരേക്കാളും നിനക്കാണ് അറിവുള്ളത്. അതിനെ ഓർത്തെങ്കിലും ഒന്ന് വാ നീ. ഒന്നുമില്ലെങ്കിലും ഒരുകാലത്ത് അത്രയ്ക്ക് നിന്നെ സ്നേഹിച്ചവനല്ലേ വിളിക്കുന്നത്. നിനക്കും, വല്ലപ്പോഴുമൊക്കെ ഒന്ന് എന്റെ പരിഭവം മാറ്റാനായെങ്കിലും, എന്നെ സമാധാനിപ്പിക്കാനായെങ്കിലും ഒരു വട്ടമെന്നെ ഒന്ന് കാണാൻ വന്നാലെന്താ..! ഒന്ന് വരൂ..!

കഠിനപദങ്ങൾ :

പിന്ദാർ-എ-മൊഹബ്ബത്ത് - പ്രണയത്തിന്റെ ആഴം
ഭരം രഖ്നാ - മാനിക്കുക
മനാനാ - സമാധാനിപ്പിക്കുക, പിണക്കം തീർക്കുക

V

इक उम्र से हूँ लज़्ज़त-ए-गिर्या से भी महरूम
ऐ राहत-ए-जाँ मुझ को रुलाने के लिए आ

എക് ഉമ്ര് സെ ഹൂം ലസ്സത്-ഏ-
ഗിരിയാ സേ ഭി മെഹറൂം..
ഏ രാഹത്-ഏ-ജാൻ, മുഝ്കോ
രുലാനേ കെ ലിയേ ആ...

ഒന്നുകരഞ്ഞ് വിഷമങ്ങൾ തീർക്കാൻപോലും
എനിക്ക് പറ്റാതായിട്ട് നാളെത്രയായെന്നോ...
ജീവന്റെ ആശ്വാസമേ, നീ ഒരുവട്ടമെന്നെ
കരയിക്കാനായെങ്കിലും, ഒന്ന് വരൂ...

എനിക്ക് ഒന്ന് കരയാൻ പോലും ആവാതെയായിട്ട് വർഷങ്ങൾ കഴിഞ്ഞു. നമ്മൾ പിരിഞ്ഞതിൽ പിന്നെ ഞാൻ കരഞ്ഞിട്ടേയില്ല ഒന്നിന്റെയും പേരിൽ. വർഷകാല മേഘങ്ങൾ എന്റെ കൺകോണുകളിൽ പ്രത്യക്ഷമായിട്ട് എത്ര ഋതുക്കൾ കഴിഞ്ഞുവെന്നോ. എന്റെ ജീവന്  ആശ്വാസം പകരുന്നവളേ, ഇനി എന്നെ കരയിക്കാൻ, അങ്ങനെയെങ്കിലും ഈ മനസ്സിൽ ഒരിത്തിരി നനവുപടർത്താൻ നിനക്കെ ഇനി കഴിയൂ... ഇങ്ങോട്ടൊന്നു വരൂ... നീ വന്നിട്ടുവേണം എനിക്കൊന്നു പൊട്ടിക്കരയാൻ. വർഷങ്ങളായി പറയാനാകാതെ കല്ലിച്ചു കിടക്കുന്ന ഒരുപാട് സങ്കടങ്ങളുണ്ട് ഉള്ളിൽ. അതൊക്കെ ഒന്നെനിക്ക് അണ പൊട്ടിച്ച് വിടണം. ഇതെല്ലാം നെഞ്ചിലേറ്റിക്കൊണ്ട് നടന്ന് വീർപ്പുമുട്ടുന്നു. നീ ഒന്ന് വന്നെങ്കിൽ. ദയവ് ചെയ്ത് ഒരുപ്രാവശ്യത്തേക്ക് ഒന്ന് വരൂ.. എന്നെ കരയിക്കാനായെങ്കിലും ഒന്നുവരൂ..!  

കഠിനപദങ്ങൾ :

ലസ്സത്-ഏ-ഗിരിയാ - കരഞ്ഞാൽ കിട്ടുന്ന ആശ്വാസം
മെഹ്റൂം - നിഷിദ്ധം

VI  

अब तक दिल-ए-ख़ुशफ़हम को तुझ से हैं उम्मीदें
ये आखिरी शमएँ भी बुझाने के लिए आ

അബ് തക് ദിൽ-ഏ-ഖുഷ് ഫെഹം കോ
തുഝ്സേ ഹേ ഉമ്മീദേം...
യേ ആഖ്രീ ഷമ്മേ ഭി
ബുഝാനേ കെ ലിയേ ആ...

ശുഭാപ്തി വിശ്വാസിയായ എന്റെ ഹൃദയത്തിന്‌
ഇന്നും നിന്നിൽ കെടാത്ത പ്രതീക്ഷകളുണ്ട്,
ഈ അവസാന വിളക്കുകളും കെടുത്താനായെങ്കിലും
ഈ വഴി ഒന്നു വരൂ...

എന്റെയീ ഹൃദയം ഇന്നും വല്ലാത്ത ശുഭാപ്തി വിശ്വാസം കാത്തുസൂക്ഷിക്കുന്ന ഒന്നാണ്. എത്രവലിയ ഇരുൾ വീണുകിടക്കുമ്പോഴും ചക്രവാളത്തിലെവിടെയോ പ്രതീക്ഷകളുടെ തരിവെളിച്ചങ്ങൾ അത് കാത്തുസൂക്ഷിക്കുന്നുണ്ട്. നീ എന്നെങ്കിലും എന്നെ സ്നേഹിച്ചേക്കും എന്ന അവസാനപ്രതീക്ഷകളുടെ ചെരാതുകളും കെടുത്താനായെങ്കിലും ഒന്നുവരൂ. ഇങ്ങുവന്നിട്ട് വേണമെങ്കിൽ എന്റെ ഹൃദയം മുറിപ്പെടുത്തിക്കോളൂ. എന്നാലും, ഒരു വട്ടം കാണാൻ, ഒന്നിങ്ങുവരൂ..!

കഠിനപദങ്ങൾ :

ദിൽ-എ-ഖുഷ് ഫെഹം - ശുഭാപ്തി വിശ്വാസിയായ ഹൃദയം,
ഉമ്മീദ് - പ്രതീക്ഷ
ഷമ്മ - വിളക്ക്, ബുഝാനാ- കെടുത്തുക

ഇനി വരുന്ന ആഷാർ തലബ് ബാഗ്പതിയുടേതാണെങ്കിലും, മെഹ്ദി ഹസ്സൻ സാബ് ഇവ സ്ഥിരമായി കച്ചേരികളിൽ ആലപിച്ചുകാണാറുണ്ട്. അതുകൊണ്ട് അവയും മൊഴിമാറ്റുന്നു.


VII  

माना कि मोहब्बत का छुपाना है मोहब्बत
चुपके से किसी रोज़ जताने के लिए आ

മാനാ കേ മുഹബ്ബത് കാ
ഛുപാനാ ഹേ മുഹബ്ബത്ത്
ചുപ്കേ സെ കിസീ റോസ്
ജതാനേ കെ ലിയേ ആ...

പ്രണയം ഒളിച്ചുവെക്കലാണ്‌
യഥാർത്ഥപ്രണയമെന്നത് ശരി
എന്നാലും, ഒരു ദിവസം നീ ഒളിച്ചൊളിച്ച്
എന്നോട് പ്രണയമറിയിക്കാനായും
ഒന്നീ വഴി വരൂ...

ശരിയാണ്. നീ എന്നും എന്നോട് പറയാറുള്ളതാണ്. മാലോകരോട് വിളിച്ചുപറഞ്ഞുകൊണ്ടു നടക്കാനുള്ളതല്ല പ്രണയം. അറിയാം. എന്നാലും, ഇന്നൊരു ദിവസത്തേക്ക് പ്രണയം ഒന്ന് വെളിപ്പെടുത്താനായി, ആരുമറിയാതെ നീ വാ...!  

കഠിനപദങ്ങൾ :
ചുപാനാ - ഒളിപ്പിക്കുക 
ജതാനാ - വെളിപ്പെടുത്തുക

VIII

जैसे तुझे आते हैं, न आने के बहाने
ऐसे ही किसी रोज़ न जाने के लिये आ

ജൈസേ തുമേ ആതേ ഹേ
ന ആനേ കെ ബഹാനേ
ഐസേ ഹി കിസീ രോസ്
ന ജാനേ കെ ലിയേ ആ

എന്റെയരികിൽ വരാതിരിക്കാനുള്ള
കാരണങ്ങളുണ്ടാക്കാൻ നിനക്കറിയുമല്ലോ..
അതുപോലൊരു നാൾ,
ഇനി തിരിച്ചു പോവാതിരിക്കാനായി
ഒന്ന് വരൂ...

നിന്റെ സ്നേഹം ഞാനർഹിക്കുന്നില്ല.  എനിക്കറിയാം.അതുകൊണ്ടുതന്നെയാണ് ഒഴിവുകഴിവുകൾ പറഞ്ഞ് നീ വരാതിരിക്കുന്നത്. എന്നുവെച്ച് ഞാൻ എങ്ങനെ ശ്രമിക്കാതിരിക്കും. നീ പറയാൻ പോകുന്ന കാരണങ്ങളൊന്നും തന്നെ എനിക്ക് കേൾക്കണ്ട. നീ വാ.. ഇനി ഒരിക്കലും എന്നെ വിട്ടുപോകാതിരിക്കാനായി, അവസാനം ഒരുവട്ടം കൂടി നീ വാ..!

കഠിനപദങ്ങൾ :
ബഹാനാ - ഒഴിവുകഴിവ്

കവി പരിചയം

യഥാർത്ഥ നാമം സയ്യിദ് അഹമ്മദ് ഷാ എന്നാണെങ്കിലും ആളുകൾ അഹമ്മദ് ഫറാസ് എന്ന തഖല്ലുസ് പറഞ്ഞാലേ അറിയൂ. 1935  ജനുവരി 12 -ന് പാകിസ്ഥാനിലെ ഖൈബർ പഖ്‌തൂൺവാ പ്രവിശ്യയി നൗഷേറ  ജില്ലയിലെ ഒരു പത്താൻ കുടുംബത്തിൽ ജനനം. അവിടെ നിന്നും പെഷാവറിലേക്ക് കുടിയേറിയ അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം അവിടത്തെ എഡ്വേർഡ്‌സ് കോളേജിൽ നിന്നായിരുന്നു. പെഷവാർ സർവകലാശാലയിൽ നിന്ന് ഉർദുവിലും പേർഷ്യനിലും ബിരുദാനന്തര ബിരുദങ്ങൾ. പഠനം പൂർത്തിയാക്കിയ ശേഷം യൂണിവേഴ്‌സിറ്റിയിൽ തന്നെ അല്പകാലം റീഡറായി തുടർന്നു ഫറാസ്.

indian classical gazal series ranjish hi sahi

കോളേജ് പഠനകാലത്ത് ഫെയ്‌സ് അഹമ്മദ് ഫൈസിനെയും അലി സർദാർ ജാഫ്രിയെയും ആരാധനയോടെ കണ്ടിരുന്നു ഫറാസ്. ഫൈസിനോളം തന്നെ മതിക്കപ്പെട്ടിരുന്നു അക്കാലത്ത് പാകിസ്ഥാനിൽ ഫറാസും ഒരു കവി എന്ന നിലയിൽ.

പാകിസ്താനിലും ഇന്ത്യയിലും ഏറെ പ്രസിദ്ധനായിരുന്നു കവി. അദ്ദേഹത്തിന്റെ ജനപ്രിയതയുടെ ഒരു കുഞ്ഞുദാഹണം പറയാം. ഒരിക്കൽ അദ്ദേഹം ഒരു മുഷായിരയിൽ പങ്കുകൊള്ളാനായി അമേരിക്കയിൽ  പോയി. ആലാപനമൊക്കെ കഴിഞ്ഞപ്പോൾ ഓട്ടോഗ്രാഫിനായി ആരാധകരുടെ തിക്കും തിരക്കുമായി. കൂട്ടത്തിൽ അതി സുന്ദരിയായൊരു ചെറുപ്പക്കാരി. ഓട്ടോഗ്രാഫിലെഴുതാനായി അദ്ദേഹം കുട്ടിയോട് പേരുചോദിച്ചു. അവൾ പറഞ്ഞു, 'ഫറാസാ'. പേരുകേട്ടമ്പരന്ന ഫറാസ് ചോദിച്ചു, "ഇതെന്തൊരു പേരാണ്..?" അപ്പോഴാണ് അവൾ അതിനുപിന്നിൽ കഥ പറയുന്നത്. അച്ഛനുമമ്മയും അഹമ്മദ് ഫറാസിന്റെ ആരാധകരായിരുന്നു. ജനിക്കുന്ന കുട്ടി ആണാണെങ്കിൽ അവന് ഫറാസ് എന്നുതന്നെ പേരിടണം എന്നും അവർ കരുതിയിരുന്നു. എന്നാൽ, ജനിച്ചത് പെണ്ണായിപ്പോയി. അതുകൊണ്ട് അവർ പേര് ചെറുതായൊന്നു മാറ്റി, 'ഫറാസാ..'

അദ്ദേഹം അവൾക്ക് തത്സമയം ഒരു ഷേർ കുറിച്ചു നൽകി,

"ഓർ ഫറാസ് ചാഹിയെ കിത്നെ മൊഹബ്ബത് തുഝേ
 മാവോം നെ തേരെ നാം പർ ബച്ചോം കാ നാം രഖ് ദിയാ..."

ഇനിയും എത്ര സ്നേഹം വേണം നിനക്ക് ഫറാസ്..?
ഇവിടെ അമ്മമാർ നിന്റെ പേര് സ്വന്തം കുട്ടികൾക്കിടുന്നുണ്ട്..!

രഞ്ജിഷ് ഹി സഹി അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തായിരുന്നു. അതേപ്പറ്റി ഒരിക്കൽ അദ്ദേഹം പറഞ്ഞത്, "മെഹ്ദി സാബ് ഇത് പാടിപ്പാടി അനശ്വരമാക്കി. ഇനിയിപ്പോൾ രഞ്ജിഷ് ഹി സഹി എന്റെ ഗസൽ എന്ന് പറയുന്നതിനേക്കാൾ ശരി മെഹ്ദി സാബിന്റെ എന്ന് പറയുന്നതാകും..." എന്നായിരുന്നു. ഈ ഗസൽ അദ്ദേഹം ഇന്ത്യൻ കഥക് നർത്തകി പുഷ്പാ ഡോഗ്രയ്ക്കു വേണ്ടി എഴുതിയതാണ് എന്നൊരു കേട്ടുകേൾവിയുണ്ടെങ്കിലും അദ്ദേഹം അത് ശരിവെച്ചിട്ടില്ല.

ഫറാസിന്റെ 'അബ് കെ ഹം ബിച്ഛ്ഡെ...' എന്ന ഗസലും ഏറെ ജനപ്രിയമാണ്. അതൊരു വേർപാടിന്റെ ഭാവഗീതമാണ്. ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്, എന്നെ സ്നേഹിച്ചവരിൽ ഭൂരിഭാഗവും സങ്കടപ്പെടുന്നവരാണ് എന്നായിരുന്നു.

പാകിസ്താനിലെ സാഹിത്യ പുരസ്കാരങ്ങളിൽ ഏറ്റവും വലുതായ ഹിലാൽ -എ- ഇം‌തിയാസ് അദ്ദേഹത്തെ തേടിയെത്തി എങ്കിലും, പിന്നീട് ജനറൽ പർവേസ് മുഷാറഫിനോടുള്ള പ്രതിഷേധ സൂചകമായി അത് മടക്കി നല്കുകയുണ്ടായിരുന്നു. നാട്ടിൽ ജനാധിപത്യം പുനഃസ്ഥാപിക്കാൻ എന്ന വാക്കുനല്കി വഞ്ചിച്ചതിനോടുള്ള പ്രതിഷേധമായിരുന്നു ഇത്.

രാഗവിസ്താരം

യമൻ രാഗത്തിന്റെ സകല സൗന്ദര്യവും ആവാഹിക്കുന്ന ഒരു ഗസലാണിത്. റോയൽ ആൽബർട്ട് ഹാളിൽ ഹാർമോണിയത്തിന്റെയും തബലയുടെയും സാരംഗിയുടെയും അകമ്പടിയോടെ ഉസ്താദ് മെഹ്ദി ഹസ്സൻ സാബ് ഇത് ആലപിക്കുമ്പോൾ സദസ്സ് കാതുകൂർപ്പിച്ചിരുന്നുപോകും. മെഹ്ദി ഹസന് പുറമെ റൂണാലൈല, എന്നിവരും ഇതേ ഗസൽ ആലപിച്ചുകേട്ടിട്ടുണ്ട്.

ദേസ് രാഗത്തിൽ രഞ്ജിഷ് ഹി സഹിയുടെ ഒരു വ്യത്യസ്തമായ ആവിഷ്‌കാരം നടത്തിയിട്ടുള്ളത് ഇക്‌ബാൽ ബാനോ ആണ്. അതിൽ പക്ഷേ, ഠും‌രിയുടെ  ഭാവങ്ങളാണ് പ്രകടമായിട്ടുള്ളത്.

Follow Us:
Download App:
  • android
  • ios