Asianet News MalayalamAsianet News Malayalam

ഞാൻ പൊലീസ് മർദ്ദനത്തിന് എതിരാണ്, നിങ്ങൾ ലോക്ക് അപ്പ് ചെയ്യൂ, ഡീറ്റൈൻ ചെയ്യൂ, ദേഹോപദ്രവം ഏൽപ്പിക്കാതിരിക്കൂ...

കൊറോണ എന്നത് നീതി ആവശ്യപ്പെടുന്ന ഒരു കാലമാണ്; രാജ്യാതിർത്തികൾ അടയ്ക്കുക എന്നതിന്റെ അർഥം രാജ്യം ജയിലാവുകയും അവിടത്തെ ജനങ്ങൾ ക്രിമിനലുകൾ ആവുകയും ആണെന്നല്ല. പൊലീസ് നടപടികൾ തെറ്റാണെന്നുണ്ടെങ്കിൽ അത് വിമര്‍ശിക്കപ്പെടുക തന്നെ ചെയ്യണം. 

johny ml in speak up
Author
Thiruvananthapuram, First Published Mar 28, 2020, 12:50 PM IST

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

johny ml in speak up

 

കൊറോണാ കാലത്തെ പൊലീസ് കുറേക്കൂടി മനുഷ്യത്വപരമാകണം പറയുകയുണ്ടായി ഇന്ന് രാവിലെ. യഥാർത്ഥത്തിൽ കേരളാ പൊലീസിനെ നോക്കിയല്ല ഇന്ന് രാവിലെ അങ്ങനെ പറഞ്ഞത്. ഉത്തരേന്ത്യയിൽ പലയിടങ്ങളിൽ നിന്നും വരുന്ന ഭീകരമായ മനുഷ്യത്വ ധ്വംസനത്തിന്റെ വീഡിയോകളിൽ പ്രതി പൊലീസ് തന്നെയാണെന്ന് കണ്ടതിൽ നിന്നുള്ള ഒരു പ്രതികരണമായിരുന്നു തുടക്കത്തിൽ അത്. കുറേക്കഴിഞ്ഞപ്പോൾ കേരളത്തിൽ നിന്നും അവിടവിടങ്ങളിൽ നിന്ന് പൊലീസ് അട്രോസിറ്റിയെ സംബന്ധിക്കുന്ന വിവരങ്ങൾ വരാൻ തുടങ്ങി. വക്കീലും ബുദ്ധിജീവിയും സാമൂഹ്യ നിരീക്ഷകനുമായ പ്രമോദ് പുഴങ്കരയ്ക്ക് നേരെയും പോലീസ് അസഭ്യം പറച്ചിൽ ഉണ്ടായി. ഒരുപക്ഷെ അതെന്നെ കൂടുതൽ ചിന്തിപ്പിച്ചു. അതേത്തുടർന്നുള്ള കൊടുക്കൽ വാങ്ങലുകൾ എന്നിലുണ്ടാക്കിയ ചില ദാർശനികമായ പ്രശ്നങ്ങളെയാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്.

ഒരു ആധുനിക സമൂഹം നിലനിൽക്കുവാൻ ഉണ്ടായ ദ്വന്ദങ്ങളിൽ പ്രധാനമായ ഒന്നാണ് രക്ഷയും ശിക്ഷയും. വ്യക്തിയുടെ സ്വാതന്ത്ര്യം സമൂഹത്തിന്റെ മൊത്തം നന്മയുമായും ഗുണപരമായ പുരോഗതിയുമായും ഒപ്പം ഭരണകൂടത്തിന് ഭീഷണിയില്ലാതെ നിലനിൽക്കാൻ കഴിയുന്ന അവസ്ഥയുമായി കൂട്ടിക്കെട്ടുമ്പോഴാണ് രക്ഷ എന്നാൽ എന്തായിരിക്കണം ശിക്ഷ എന്നാൽ എന്തായിരിക്കണം എന്ന ഒരു തീർപ്പിൽ എത്തുന്നത്. വ്യക്തിയായ പൗരനെ പൗരനായ വ്യക്തിയായി നിരന്തരം നിർവചിക്കുന്ന/അടയാളപ്പെടുത്തുന്ന/ഓർമ്മപ്പെടുത്തുന്ന ഒരു പ്രക്രിയയാണിത്. അതിനാൽ സാമൂഹികമായ ഏതൊരു പ്രശ്നം ഉണ്ടാകുമ്പോഴും വ്യക്തിയായ പൗരനെ പിന്തള്ളിക്കൊണ്ട് പൗരനായ വ്യക്തി മുന്നോട്ട് വരികയും അത്തരത്തിലുള്ള അനവധി പൗരന്മാരുമായി ചേർന്ന് കൊണ്ട് ഒരു പൗര സമൂഹം പൊടുന്നനെ ഏകാത്മകമായി രൂപപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ രൂപപ്പെടുന്ന ജനസഞ്ചയം മിക്കവാറും ഭരണകൂടത്തിന്റെ ഇച്ഛയ്ക്ക് അനുസരിച്ചു പ്രവർത്തിക്കുന്നത് ആയിരിക്കും. എന്നാൽ ഈ ജനസഞ്ചയത്തിൽത്തന്നെ ഭരണകൂടം ആവശ്യപ്പെടുന്ന ഉത്തരവാദിത്തങ്ങൾ അതെ രൂപത്തിൽ മനസ്സിലാക്കാൻ ബൗദ്ധികമായ കഴിവില്ലാത്തവരും ഉണ്ടാകും.

ഈ ജനസഞ്ചയം രക്ഷയ്ക്കായി ഭരണകൂടത്തെ ഉറ്റുനോക്കുന്നതും ഭരണകൂടത്തിന്റെ ആനുകൂല്യങ്ങൾ പറ്റിക്കഴിയുന്നവരും ആയിരിക്കും. അതിനുള്ളിൽത്തന്നെയുള്ള ചില ഇടർച്ചകളാണ്, ഭരണകൂടത്തിന്റെ നിർദ്ദേശങ്ങളെ മനസ്സിലാക്കാതെ പതഞ്ഞു പൊന്തുകയോ ചൊരിഞ്ഞു വീഴുകയോ ചെയ്യുന്നത്. ഇനി മറ്റൊരു  തരത്തിലുള്ള ജനസഞ്ചയമുണ്ട്. അത് ഏകദേശം ബി രാജീവൻ മാഷ് പറയുന്ന തരത്തിലുള്ള ഒന്നാണ്. അത് അടിത്തട്ടിൽ നിന്ന് രൂപപ്പെട്ടു വരുന്നതാണ്. അതിലും വ്യക്തിയായ പൗരന്റെ സാന്നിധ്യം കുറവായിരിക്കും. പക്ഷേ, വ്യക്തിബോധം ഉള്ള, സ്വാധികാരവും (ഹേഗെമോണി) സ്വച്ഛന്ദതയും (ഓട്ടോണോമി) ഉള്ള ഒരു പൗര സമൂഹമായി വളരാനുള്ള വ്യഗ്രത ഈ സമൂഹം കാണിക്കും. പക്ഷെ അത് ഭരണകൂടത്തിന്റെ രക്ഷ-ശിക്ഷ ദ്വന്ദങ്ങളെ അതെപടി വിഴുങ്ങുന്നവർ ആയിരിക്കില്ല. ഒരു കീഴാള ജനാധിപത്യബോധമായിരിക്കും അവർക്ക് ഉണ്ടായിരിക്കുന്നത്. എന്നാൽ ചരിത്രത്തിന്റെ സവിശേഷമായ ബലതന്ത്രങ്ങൾ കൂടാതെ ഒരു അധികാരശക്തിയായോ അധികാരശക്തിയെ വെല്ലുവിളിക്കുന്ന ശക്തിയായോ ഇതിന് ഉയരാൻ കഴിയില്ല.

ഈ ഒരു പശ്ചാത്തലത്തിൽ ആണ് ഞാൻ കൊറോണാ കാലത്തെ പൊലീസിങ്ങിനെ കുറിച്ച് പറയാൻ ആഗ്രഹിക്കുന്നത്. ആദ്യം പറഞ്ഞ പൗരസമൂഹത്തിലെ അംഗങ്ങൾ ആണ് സാമൂഹികമാധ്യമങ്ങളിലും ഗാർഹിക-പൊതു മണ്ഡലങ്ങളിലും പൊലീസിന്റെ ശാരീരികമായ ആക്രമണങ്ങളെ ഏതൊരു കാലത്തും അംഗീകരിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം പിതൃഅധികാരം കൈയാളുന്ന ഭരണകൂടത്തിന്റെ ഒരു നിയന്ത്രണോപാധിയാണ് പൊലീസ്. അതിനെ അംഗീകരിക്കാതെ നിവൃത്തിയില്ല. അതോടെ പൊലീസ് പ്രയോഗങ്ങളെ എതിർക്കുകയോ വിമർശിക്കുകയോ ചെയ്യുന്നവർ അപ്പാടെ ഭരണകൂടത്തിനും ദേശത്തിനും എതിരെ നിൽക്കുന്നവർ ആയി മാറുന്നു. അതിനാലാണ് ഇരയുടെ വീഡിയോ എടുക്കാൻ തുനിഞ്ഞ പ്രമോദ് പുഴങ്കരയ്ക്ക് നേരെ 'രാജ്യദ്രോഹി' എന്ന വിശേഷണം വരുന്നത്. ഒരു പൊലീസുകാരനാണ് ഇത് വിളിച്ചതെന്നതിൽ നാം അത്ഭുതപ്പെടേണ്ടതില്ല കാരണം ഈ വിഷയം പുറത്തുവരുമ്പോൾ നേരത്തെ പറഞ്ഞ പൗര സമൂഹം അപ്പാടെ പ്രമോദിനെ അങ്ങിനെ വിളിക്കും. ഇതേ രീതിയിലാണ് കനയ്യാ കുമാറും ഉമർ ഖാലിദും, അരുന്ധതി റോയിയും, ആനന്ദ് തെൽതുംബ്‌വേയും, പ്രൊഫെസ്സർ സായിബാബയും ഹർഷ് മന്ദറും തുടങ്ങി റോണാ വിത്സൺ വരെയുള്ളവർ രാജ്യദ്രോഹികൾ ആകുന്നത്. ഈ പൗരസമൂഹത്തിനു അവരെ രാജ്യദ്രോഹികളായി കാണുന്നതിന് വലതുപക്ഷ പ്രത്യയശാസ്ത്രവുമായി യാതൊരു ബന്ധവും വേണമെന്നില്ല. അവർ ഇടതുപക്ഷമായിരിക്കുമ്പോൾപ്പോലും വലതുപക്ഷപ്രത്യയശാസ്ത്ര ധാരണകൾക്ക് വശംവദരായിരിക്കുന്നു.

ഈ വിഭാഗത്തിൽ തന്നെയുള്ള ഒരു പതഞ്ഞു പൊങ്ങുന്ന അല്ലെങ്കിൽ ചൊരിഞ്ഞു വീഴുന്ന പൗരന്മാരെക്കുറിച്ചു പറഞ്ഞു. ഇവരാണ്, സ്വന്തം സമൂഹത്താൽത്തന്നെ തള്ളിപ്പറയപ്പെടുന്ന ഈ 'വിലക്ക് അനുസരിക്കാതെ പുറത്തിറങ്ങി നടക്കുന്നവർ.' അവർക്ക് രണ്ടു കിട്ടണം എന്നുള്ളത് മേൽപ്പറഞ്ഞ പൗരസമൂഹത്തിന്റെ ആഗ്രഹമാണ്. അതിനാൽ അവർ പൊലീസ് നടപടിയെ സർവാത്മനാ സ്വാഗതം ചെയ്യുന്നു. ഈ സ്വീകാരത്തിൽ ഒരേ സമയം പകപോക്കലും കുറ്റബോധവും അടങ്ങിയിരിക്കുന്നു. തങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഈ പുറത്തുപോകൽ/ വിലക്ക് ലംഘിക്കൽ എന്നതിനെ ചെയ്യുന്നവരോടുള്ള പ്രതികാരബോധമാണ് പോലീസ് നടപടിയെ അംഗീകരിക്കുന്നതിനുള്ള ഒരു കാര്യം. കുറ്റബോധം എന്നത്, തങ്ങൾ എത്രയും ശക്തമായി ആഗ്രഹിക്കുന്ന ആ സ്വാതന്ത്ര്യം നേടാനുള്ള ഇച്ഛാശക്തി തങ്ങൾക്കില്ലല്ലോ എന്ന കുറ്റബോധം. ഈ കുറ്റബോധം വെളിപ്പെടുന്നത് വിചിത്രവും ഭീഷണവുമായ രീതികളിൽ ആയിരിക്കും; ചിലപ്പോൾ അത് രാജ്യസ്നേഹത്തിന്റെ രൂപമെടുക്കും ചിലപ്പോൾ അത് വംശീയതയുടെ രൂപം എടുക്കും (കാസർകോട് പൊലീസ് അടിച്ചു നിരത്തണം എന്ന് പറയുന്ന ധാരാളം പേരെ ഞാൻ കണ്ടു. അത് സുപ്തമായ വംശീയതയുടെ ഉണർന്നെണീപ്പാണ്), ചിലപ്പോളത് നല്ല നടപ്പിന്റെയും ഉത്തരവാദിത്തബോധത്തിന്റെയും രൂപമെടുക്കും. ഇത്തരം പൗരസമൂഹത്തിന് സ്വയം തോളിൽത്തട്ടി അഭിനന്ദിക്കാനുള്ള ഒരു അവസരമാണിത്. അതേസമയം, ഈ പൊലീസിന്റെ ശിക്ഷാ നടപടിയ്ക്ക് ഇരയായ വ്യക്തികളാകട്ടെ അടുത്തപ്രാവശ്യം ഭരണകൂടത്തിന്റെ അതെ വാക്കുകളെ ആവർത്തിക്കുകയും പൊലീസ് നടപടി വേണമെന്ന് ശക്തമായി ആവശ്യപ്പെടുകയും ചെയ്യും. (സ്ത്രീധനപീഡനത്തിന് ഇരയായ സ്ത്രീ അമ്മായിയമ്മ ആകുമ്പോൾ തന്റെ മരുമകളെ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുന്ന പ്രത്യയശാസ്ത്ര പുനരുത്പാദനം ഇങ്ങനെയാണ് നടക്കുന്നത്).

ഇനി രണ്ടാമത്തെ പൗരസമൂഹത്തെ എടുക്കുക. ഇവർ സ്വയം രൂപപ്പെടുന്നതും പലപ്പോഴും ഭരണകൂടത്തിന്റെ ഔദാര്യങ്ങൾ നേടുന്നതും എന്നാൽ സാമൂഹ്യ വ്യവസ്ഥയിൽ തുല്യതാബോധം അനുഭവിക്കാനുള്ള അവസരങ്ങൾ ലഭിക്കാത്തവരും ആകും. നിരോധനാജ്ഞ നടക്കുന്ന സമയത്ത് ഇവർ പുറത്തു വരുന്നത് ഭരണകൂടത്തെ വെല്ലുവിളിക്കാനോ പൊലീസിനെ ധിക്കരിക്കാനോ പൗരസമൂഹത്തിൽ രോഗം പടർത്താനോ അല്ല. കേവലമായ അതിജീവനത്തിന്റെ വിഷയമാകും അവരെ തെരുവിൽ ഇറക്കുന്നത്. പക്ഷെ, അവരുടെ മേൽ ശക്തമായ പൊലീസ് ആക്രമണങ്ങൾ ഉണ്ടാകുന്നത് ഭരണകൂടം അന്ധമാകുമ്പോഴോ ഭരണകൂടം തത്കാലം നേരിടുന്ന പ്രശ്‌നങ്ങൾക്കെല്ലാം കാരണമായി എടുത്തുകാട്ടാൻ ഇത്തരം ഒരു നിരാലംബജനതയെ ചുളുവിൽ കിട്ടുന്നതോ കൊണ്ടാണ്. ഉത്തരേന്ത്യയിൽ പൊലീസ് കയറി അടിച്ചതെല്ലാം നിരാലംബമായ ഈ പൗരസമൂഹങ്ങളെ ആയിരുന്നു എന്ന് മനസ്സിലാക്കുക. നമ്മുടെ ഉപഭോഗസംസ്കാരത്തിന്റെ ചണ്ടികളാണ് അവർ. 'തികച്ചും അനാരോഗ്യകരമായ സാഹചര്യങ്ങളിൽ ഇടുങ്ങിയ ഇടങ്ങളിൽ വൃത്തിഹീനമായാണ് അന്യസംസ്ഥാനത്തൊഴിലാളികൾ' ജീവിച്ചിരുന്നതെന്ന പത്രറിപ്പോർട്ടുകൾ യഥാർത്ഥത്തിൽ നമ്മുടെ ഭരണകൂടത്തിനെ അനുവർത്തിക്കുന്ന സമൂഹം ഉണ്ടാക്കിയ ഒരു അവക്ഷിപ്ത ജനതയുടെ കാര്യമാണ് പറയുന്നത്. നമ്മൾ മുഖം ചുളിക്കേണ്ടതില്ല. നമ്മുടെ തന്നെ പിൻഭാഗമാണ് അവർ. അവരെയാണ് റോഡിലിട്ടടിക്കുന്നതും തവളച്ചാട്ടം ചാടിക്കുന്നതും.

പൊലീസ് അതിക്രമങ്ങളെ ന്യായീകരിക്കുന്നവരെല്ലാം തന്നെ പറയുന്ന ഒരു കാര്യം എന്നത്, അടി കൊണ്ടവർ എല്ലാം കൊറോണ പരത്താൻ സാധ്യതയുള്ളവർ ആണ് എന്നാണ്. എന്നാൽ, രണ്ടു ദിവസങ്ങൾക്ക് മുൻപ് അല്ലെങ്കിൽ കുറച്ചു നേരത്തിനു മുൻപ് ഏതെങ്കിലും ഒരു വലിയ സൂപ്പർമാർക്കറ്റിൽ, മത്സ്യച്ചന്തയിൽ, കോഴിക്കടയിൽ ഒക്കെ തിക്കിത്തിരക്കി, കൊറോണാ വിലക്കുകളെ ഒക്കെ ലംഘിച്ചവരാണ് നമ്മൾ എന്ന കാര്യം നമ്മൾ മനഃപൂർവം മറന്നു കളയുന്നു. രണ്ടാമത്തെ കാര്യം 'വലിയ ത്യാഗം സഹിച്ചു വഴിയിൽ നിൽക്കുന്ന പൊലീസുകാർ ഫ്രസ്‌റ്റേറ്റഡ്‌' ആണെന്ന് മറ്റൊരു ന്യായം പറയുന്നു. എന്നാൽ ആരാണ് ഫ്രസ്‌റ്റേറ്റഡ്‌? ഇരുപത്തിയൊന്നോളം ദിവസങ്ങൾ കൈയിൽ ഒരു പൈസപോലുമില്ലാതെ എങ്ങിനെ ജീവിക്കും എന്ന് കരുതി ആത്മഹത്യയെക്കുറിച്ചും മറ്റു രൂക്ഷമായ ജീവിത പരിഹാരങ്ങളെക്കുറിച്ചും ചിന്തിക്കുന്നവരാണോ അതോ പൊലീസാണോ ഫ്രസ്‌റ്റേറ്റഡ്‌? ഈ ഫ്രസ്‌റ്റേഷൻ എന്ത്കൊണ്ട് നമ്മുടെ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരോ സാമൂഹ്യരംഗത്ത് പ്രവർത്തിക്കുന്നവരോ കാണിക്കുന്നില്ല? ഒന്നാലോചിച്ചു നോക്കൂ പൊലീസുകാർ പെരുമാറുന്ന വിധത്തിൽ നമ്മുടെ ഡോക്ടർമാരും നഴ്‌സുമാരും ആംബുലൻസ് ഡ്രൈവർ മാരും പെരുമാറുമെങ്കിൽ എന്തായിരിക്കും സ്ഥിതി? അവരും ഫ്രസ്‌റ്റേറ്റഡ്‌ ആണെന്ന് പറഞ്ഞു നമ്മൾ ന്യായീകരിക്കുമോ?

മറ്റൊരു വാദം, കൊറോണാക്കാലം കഴിയുന്നത് വരെ പൊലീസിന്റെ ചെയ്തികളെ വിമർശിക്കാതിരിക്കുക എന്നതാണ്. എന്തൊരു അബദ്ധവാദമാണത്! കടലിലെ തിര അടങ്ങിയ ശേഷം കുളിക്കാൻ ഇറങ്ങാം എന്ന് കരുതുന്നത് പോലെയാണത്. പൊലീസ് എന്നത് സത്യത്തിൽ നിയമം അടിച്ചേൽപ്പിക്കുന്ന ഒരു സംവിധാനം അല്ല. നിയമം നിലനിര്‍ത്താനുള്ള ഒരു സംവിധാനമാണ്. നൈതികമായ ഒരു സമൂഹത്തിലാണ് നീതിബദ്ധമായ ഒരു പൊലീസ് പ്രവർത്തിക്കേണ്ടത്. കൊറോണ എന്നത് നീതി ആവശ്യപ്പെടുന്ന ഒരു കാലമാണ്; രാജ്യാതിർത്തികൾ അടയ്ക്കുക എന്നതിന്റെ അർഥം രാജ്യം ജയിലാവുകയും അവിടത്തെ ജനങ്ങൾ ക്രിമിനലുകൾ ആവുകയും ആണെന്നല്ല. പൊലീസ് നടപടികൾ തെറ്റാണെന്നുണ്ടെങ്കിൽ അത് വിമര്‍ശിക്കപ്പെടുക തന്നെ ചെയ്യണം. അതിന് കൊറോണാക്കാലം കഴിയുന്നത് വരെ കാക്കേണ്ടതില്ല. അതിർത്തികൾ മാത്രമേ അടച്ചിട്ടുള്ളൂ; നമ്മുടെ ധിഷണകൾ അടച്ചിട്ടില്ല.

ബുദ്ധിജീവികളെക്കൊണ്ട് കൊറോണക്കാലത്ത് എന്ത് പ്രയോജനം എന്ന് കരുതുന്ന നാം ആദ്യം കണ്ട പൗരസമൂഹത്തിനോട് ഒരു വാക്ക്. ഈ ബുദ്ധിജീവി സമൂഹമാണ്, ഏറ്റവും രൂക്ഷമായ സാമൂഹ്യസാഹചര്യത്തിൽപ്പോലും സമൂഹത്തിനു മുന്നോട്ട് പോകാനുള്ള ആശയങ്ങൾ ഉത്പാദിപ്പിച്ചിട്ടുള്ളത്; ഇപ്പോൾ ഉത്പാദിപ്പിക്കുന്നതും. കൊറോണയെക്കുറിച്ചു ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്ര സഭയും മോദിയും ട്രംപും പറയുന്നതിനേക്കാൾ കൂടുതൽ ഒരുപക്ഷെ ലോകം കേൾക്കാൻ ആഗ്രഹിക്കുന്നത് നോം ചോംസ്കിയും സ്ലാവോജ് സിസെക്കും യുവാൽ നോവ ഹരാരിയും ജോർജിയോ ആഗംബേനും ഒക്കെ കൊറോണയെക്കുറിച്ച് എന്ത് പറഞ്ഞു എന്നറിയുന്നതിനാണ്. നിങ്ങൾ ചാനൽ മാറിമാറിക്കണ്ടു ഉറങ്ങി തിന്ന് വിസര്‍ജ്ജിച്ചു ഭോഗിച്ചു കളയുന്ന മണിക്കൂറുകളിൽ ലോകത്തെ ബുദ്ധിജീവികൾ കൊറോണാനന്തര നഗരങ്ങളും പൊതുമണ്ഡലവും സ്വകാര്യമണ്ഡലവും സാമ്പത്തികരംഗവും ഒക്കെ എന്താകും എന്ന ആലോചനയിലാണ്. നിങ്ങൾ വാങ്ങിക്കൂട്ടി നിങ്ങളുടെ ഫ്രിഡ്ജുകൾ നിറയ്ക്കുമ്പോൾ ലോക്ക് ഡൌൺ അല്ലാതെ വേറെന്ത് വഴി എന്ന് ജോസഫ് സ്റ്റിഗ്ലിറ്റിസിനെ പോലുള്ള സാമ്പത്തിക ശാസ്ത്രജ്ഞമാർ ചിന്തിച്ചു കൊണ്ടിരിക്കുകയാണ്. 'എങ്ങു മനുഷ്യനു ചങ്ങല കൈകളിൽ അങ്ങ് എൻ കയ്യുകൾ നൊന്തീടുകയാണ്' എന്ന് പറയാൻ എൻ വി കൃഷ്ണവാര്യരെ പോലുള്ള ഒരു ബുദ്ധിജീവിക്കേ കഴിയൂ. അതിനാൽ പ്രമോദ് പുഴങ്കരയെപ്പോലുള്ള ഒരു ബുദ്ധിജീവിയെ പൊലീസ് തെറിവിളിച്ചാൽ ബുദ്ധിജീവികൾക്ക് എതിർപ്പുണ്ടാകും.

അവസാനമായി ഒന്ന് കൂടി; നല്ല അടിയാണ് വിലക്ക് ലംഘിച്ചു പുറത്തിറങ്ങുന്നവർക്ക് കൊടുക്കേണ്ടത് എന്ന് പറയുന്നവര്‍ മനസ്സിൽ വലതുപക്ഷ തീവ്രവാദം പേറുന്നവരാണോ എന്ന് കൂടി ചിന്തിച്ചുപോകുന്നു. ചർച്ച ചെയ്യേണ്ടുന്നിടത്ത് ഇടിച്ചും അടിച്ചും ജയിക്കാം എന്ന് കരുതുന്ന ഒരു മനോഭാവമാണത്. ആ മനോഭാവമാണ് കശ്മീർ പ്രശ്നത്തെ സാധൂകരിച്ചവർ കാട്ടിയത്. ആ മനോഭാവമാണ് ഷാഹീൻബാഗ് പാടില്ലെന്നും ഡൽഹി കലാപം ഒരു പാഠമാണെന്നും വാദിക്കുന്നത്. ഗാന്ധിയെ ഉടുപ്പിലും ഗോഡ്‌സെയെ മനസ്സിലും തൂക്കിയിട്ടു നടക്കുന്നവർക്കാണ് പൊലീസിന്റെ അടിയിലൂടെ നീതി നടപ്പാകും എന്ന് കരുതുന്നത്. ഞാൻ പൊലീസ് മർദ്ദനത്തിന് എതിരാണ്. നിങ്ങൾ ലോക്ക് അപ്പ് ചെയ്യൂ. ഡീറ്റൈൻ ചെയ്യൂ. പക്ഷെ ദേഹോപദ്രവം ഏൽപ്പിക്കാതിരിക്കൂ. അപമാനവീകരണത്തിന്റെ ഏറ്റവും വലിയ പ്രതീകമാണ് ദേഹോപദ്രവം. പൊലീസിൽ അത്തരം മനോഭാവക്കാരുണ്ടെങ്കിൽ ആ കള പറിച്ചു കളയുകയാണ് ഒരു പുരോഗമനഭരണകൂടം ചെയ്യേണ്ടത്. അടിച്ചൊതുക്കുന്നത് പ്രാകൃതമാണ്; അത് ജനാധിപത്യ വിരുദ്ധമാണ്.

Follow Us:
Download App:
  • android
  • ios