അര്‍ത്ഥം കൃത്യമായി മനസ്സിലാകാത്ത കേള്‍വിക്കാരെപ്പോലും വലിച്ചടുപ്പിക്കുന്ന എന്തോ ഒരു കാല്‍പനികസൗന്ദര്യമുണ്ട് ഗസലുകള്‍ക്ക്. ഗസലുകളെ നെഞ്ചോടുചേര്‍ക്കുന്ന മലയാളികള്‍ക്കായി ഒരു പരമ്പര ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ആരംഭിക്കുന്നു. നമ്മുടെ പ്രിയഗസലുകള്‍, പശ്ചാത്തലം, ഗായകര്‍, കഠിനമായ ഉര്‍ദു വാക്കുകളുടെ അര്‍ത്ഥവിചാരം എന്നിവയാവും ഈ കുറിപ്പുകളില്‍. കൃത്യമായ അര്‍ത്ഥമറിയാതെ കേട്ടുകൊണ്ടിരുന്ന പല പ്രിയ ഗസലുകളെയും ഇനി അവയുടെ കാവ്യ, സംഗീതാംശങ്ങളെ അടുത്തറിഞ്ഞ് കൂടുതല്‍ ആസ്വദിച്ച് കേള്‍ക്കാം. വരൂ, ഗസലുകളുടെ മാസ്മരിക ലോകത്തിലൂടെ നമുക്കൊരു സ്വപ്നസഞ്ചാരമാവാം.

 

ഫൈസ് അഹമ്മദ് ഫൈസിന്റെ 'മുഝ്‌സേ പെഹ്‌ലി സി മൊഹബ്ബത്ത്...' എന്നുതുടങ്ങുന്ന വിശ്വപ്രസിദ്ധമായ ഒരു നസം ആണ് ഇനി. ആദ്യവായനയിൽ ഒരു കാല്പനിക പ്രണയഗീതം എന്ന തെറ്റിദ്ധാരണയുളവാക്കുന്ന ഈ നസമിന്റെ പശ്ചാത്തലവും അതിന്റെ സൂക്ഷ്മമായ ഗൂഢാർത്ഥങ്ങളുമൊക്കെ വിശകലനം ചെയ്യാനുള്ള ശ്രമമാണ് ചുവടെ.

ഈ നസമിന്റെ ആദ്യത്തെയും അവസാനത്തെയും വരി ഒന്നുതന്നെയാണ്. 'मुझसे पहली-सी मुहब्बत मिरे महबूब न मांग...' 'മുഝ്‌സേ പെഹ്‌ലി സി മൊഹബ്ബത്ത് മേരെ മെഹബൂബ് നാ മാംഗ്‌...!' അതായത്, എന്നോട് ആ പഴയ സ്നേഹം തന്നെ വേണമെന്ന് വാശിപിടിക്കരുത് പ്രിയേ..! എന്ന്.  തുടക്കത്തിൽ തന്റെ കാമുകിയോട് വളരെ ലാഘവത്തോടെ പറഞ്ഞുവെച്ച ആ വരിക്ക്, കവിത അതേവരിയിൽ തന്നെ  പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും കൈവരുന്ന 'ഭാരം' (वज़न) ഏറെ വലുതാണ്. അത് മറ്റുവരികളുടെ അർത്ഥവും അതിന്റെ രാഷ്ട്രീയ സാഹചര്യങ്ങളും പരിശോധിച്ചാൽ വ്യക്തമാകും. ഈ നസം ഫൈസ് സാബിന്റെ ആദ്യ കവിതാ സമാഹാരമായ 'നക്ഷ്-എ-ഫരിയാദി'യുടെ ഭാഗമാണ്. 'नक्श-ए-फरियादी' എന്നുവെച്ചാൽ 'പരാതിക്കാരന്റെ ചിത്രം' എന്നാണർത്ഥം. ഇത് അദ്ദേഹത്തിന്റെ കവിതകളുടെ കൂട്ടത്തിൽ ഒരു  വഴിത്തിരിവെന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഒരെഴുത്താണ്. അതുവരെ അദ്ദേഹം എഴുതിയിരുന്ന കവിതകളുടെ സ്വഭാവം ഈ കവിതയോടെ പാടെ മാറുകയാണ്. ഇതുപോലൊരു കവിത അദ്ദേഹം അതിനുമുമ്പ് എഴുതിയിരുന്നില്ല.

ഈ നസമിന്റെ ഏറ്റവും പ്രസിദ്ധമായ ആലാപനം മാഡം നൂർജഹാന്റെതാണ്

1936 വരെയുള്ള തന്റെ ജീവിതത്തിന്റെ ആദ്യത്തെ 25 വർഷങ്ങൾ സന്തോഷം നിറഞ്ഞവയായിരുന്നു. 1928 ലാഹോറിൽ എത്തിയ ശേഷമുള്ള രണ്ടു വർഷവും, അതിനു തൊട്ടുമുമ്പായി സിയാൽ കോട്ടിൽ ചെലവിട്ട രണ്ടു വർഷവും അദ്ദേഹം ഏറെ ആഹ്ളാദവാനായിരുന്നു. ഏറെ കാല്പനികമായ ഒരു ജീവിതകാലം. പ്രണയകവിതകളെഴുതിയും പ്രണയത്തിൽ മുഴുകിയും തന്നെയാണ് അന്നദ്ദേഹം കഴിഞ്ഞിരുന്നത്. അതുകൊണ്ട് സുന്ദരമായ പ്രണയഗീതങ്ങൾ ആദ്യകവിതാ സമാഹാരത്തിന്റെ ഭാഗമായി. ഗുലോം മേം രംഗ് ഭരേ... ഒക്കെ ഈ സമാഹാരത്തിന്റെ ഭാഗമാണ്. ജീവിതത്തിൽ പ്രണയമുണ്ടായിരുന്ന കാലമായിരുന്നു ഇത്. അക്കൂട്ടത്തിൽ തന്നെയാണ് അദ്ദേഹം ഇനിവരുന്ന എഴുത്തിലേക്കുള്ള ചൂണ്ടുപലകയായ ഈ നസമും പ്രസിദ്ധപ്പെടുത്തിയത്.

1936 -ലായിരുന്നു ഫൈസിന്റെ അച്ഛന്റെ വിയോഗം. അത് ഫൈസിനെ വല്ലാതെ പിടിച്ചുലച്ചു. അച്ഛനോട് അദമ്യമായ സ്നേഹമുണ്ടായിരുന്ന കവിക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോവുക ഏറെ ദുഷ്കരമായിത്തുടങ്ങി. ഒടുവിൽ ലാഹോർ വിട്ട് അമൃത്സറിലേക്ക് പോവേണ്ടി വന്നു കവിക്ക്. ലാഹോർ നഗരത്തിന്റെ ഉത്സവവീഥികളിൽ നിന്ന് അമൃത്സറിന്റെ വിരസമായ ഗലികളിലേക്കുള്ള മാറ്റം കവിക്ക് വല്ലാത്ത വൈകാരിക വിക്ഷുബ്ധതയാണ് സമ്മാനിച്ചത്. ഉള്ളിൽ ഏറെ പ്രണയമുണ്ടായിരുന്ന ലാഹോർ നഗരം വിട്ട്, അമൃത്സർ പോലൊരു അജ്ഞാതനഗരത്തിലേക്ക് ജീവിതം പറിച്ചുനടേണ്ടി വന്നത് കവിക്ക് പ്രയാസങ്ങളുണ്ടാക്കി.

ഭഗ്നഹൃദയനായി അമൃത്സറിലേക്കെത്തിയ ഫൈസ് എന്ന കവിയെ അവിടെ അന്ന് ജീവിച്ചിരുന്ന രണ്ടുപേർ സസന്തോഷം ഏറ്റെടുത്തു. പ്രൊഫ. മഹ്മൂദുസ്സഫറും അദ്ദേഹത്തിന്റെ ബീഗം ഡോ. റഷീദ് ജഹാനും. അതെ, അംഗാരെ എന്ന പേരിലുള്ള നിരോധിതമായ ചെറുകഥാസമാഹാരം എഴുതിയ അതേ ദമ്പതികൾ തന്നെ. അവിടത്തെ എംഎഓ കോളേജിന്റെ വൈസ് പ്രിൻസിപ്പൽ ആയിരുന്നു പ്രൊഫ. മഹ്മൂദുസ്സഫർ, ബീഗം ഒരു പ്രാക്ടീസിങ് ഡോക്ടറും. സങ്കടത്തിൽ മുങ്ങിത്താണുകൊണ്ടിരുന്ന ഫൈസിനെ വൈകാരികമായി താങ്ങിനിർത്തിയത് അവരിരുവരുമാണ്. അവർ ഇല്ലായിരുന്നെങ്കിൽ ഇന്ന് ഫൈസോ, അദ്ദേഹത്തിന്റെ കവിത നൽകിയ പ്രചോദനത്താൽ കവിതയെഴുതിയ മറ്റു കവികളോ ഉണ്ടാവില്ലായിരുന്നു.  

സൊഹ്‌റാ സെഗാളിന്‍റെ ആലാപനം

കാല്പനികതയുടെയും ആത്മദുഃഖത്തിന്റെയും സ്വാർത്ഥമായ വഴികളിൽ തിരിഞ്ഞു കളിച്ചുകൊണ്ടിരുന്ന ഫൈസിനോട് ഈ ദമ്പതികളാണ്, സ്വന്തം സങ്കടം എന്ന സ്വാർത്ഥചിന്ത വെടിഞ്ഞ് ലോകത്തെ ആർദ്രമായ കണ്ണുകളോടെ നോക്കിക്കാണാൻ പഠിക്കൂ എന്നുപദേശിച്ചത്. പ്രണയമെന്ന ഒരു സംഘർഷം മാത്രമല്ല ഈ ലോകത്തുള്ളത് എന്ന ബോധ്യം ഫൈസിലുണ്ടാക്കിയത് അവരാണ്. അവരുടെ സമയോചിതമായ ഇടപെടൽ ഇല്ലായിരുന്നു എങ്കിൽ ഫൈസ് മറ്റുപല കവികളെയും പോലെ പ്രണയത്തിന്റെ ഗീതങ്ങൾ മാത്രമെഴുതി കടന്നുപോയിരുന്നേനെ. ഇന്നത്തെ ഫൈസ് ആവില്ലായിരുന്നു അദ്ദേഹം. അതോടെയാണ് ഫൈസിന്റെ ശ്രദ്ധ നാട് അനുഭവിച്ചുകൊണ്ടിരുന്ന അടിമത്തത്തിനു നേരെ തിരിഞ്ഞതും അദ്ദേഹത്തിന്റെ കവിതകൾ വിപ്ലവത്തിന്റെ പ്രതിഷേധഗീതികളായി മാറിയതും. തന്റെ പ്രതിഷേധം എന്നും പ്രണയത്തിന്റെ മറപിടിച്ചുകൊണ്ടാണ് കവി ലോകത്തോട് വിളിച്ചു പറഞ്ഞിരുന്നത് എന്നുമാത്രം. ഒറ്റനോട്ടത്തിൽ പ്രണയഗാനം എന്ന് തോന്നിക്കുന്ന പലതും സത്യത്തിൽ വിപ്ലവത്തിന്റെ ഭാവഗീതങ്ങളായിരിക്കും. പിന്നെ ഫൈസ് പ്രണയിനി എന്ന് വിളിച്ചത് തന്റെ ജന്മനാടിനെയാണ്. തന്റെ സഹജീവികൾ നേരിടുന്ന ചൂഷണങ്ങൾക്കെതിരെ അദ്ദേഹം പ്രതികരിച്ചു. കവിതകളെഴുതി. ഉറക്കെ പാടിനടന്നു. അങ്ങനെ ഫൈസ് എഴുതിയ അതിസുന്ദരമായ ഒരു നസം ആണ് 'മുഝ്‌സേ പെഹ്‌ലി സി മൊഹബ്ബത്ത്...'

ആദ്യവരിയിൽ നിന്ന് തുടങ്ങാം. "മുഝ്‌ സേ പെഹ്‌ലി സി മൊഹബ്ബത്ത് മേരെ മെഹബൂബ് നാ മാംഗ്‌...! "എന്നോട് ആ പഴയ സ്നേഹം തന്നെ വേണമെന്ന് വാശിപിടിക്കരുത് പ്രിയേ..! എന്തിനാണ് കവി തന്റെ പ്രണയിനിയോട് ഇങ്ങനെ വിചിത്രമായ ഒരു കാര്യം പറയുന്നത്? അത് അദ്ദേഹം പ്രണയം നിരസിക്കുന്നതാണോ? വായനക്കാരൻ ഒറ്റവരികൊണ്ടുതന്നെ വല്ലാത്ത ഒരു കുതൂഹലത്തിന് അടിപ്പെടുകയാണ്. ആദ്യവരിയിൽ തന്നെ എന്തുകൊണ്ടാണ് കവി ഇങ്ങനെ പറഞ്ഞിരിക്കുന്നത് എന്നറിയാൻ അതിനുശേഷമുള്ള വരികളിലൂടെ വായനക്കാരൻ ഏറെ ഉദ്വേഗത്തോടെ സഞ്ചരിക്കുകയാണ് പിന്നെ. വായനക്കാരന് സ്വാഭാവികമായും ഒരു സംശയം തോന്നാം. പ്രണയത്തിലുള്ള കവിയുടെ വിശ്വാസം അസ്തമിച്ചുവോ?  

എന്നാൽ, തുടർന്നുള്ള വരികളിൽ ഒരു കാര്യം വ്യക്തമാണ്. പ്രണയത്തെ തിരസ്കരിക്കുന്നില്ല  കവി. കാമുകിയോടുള്ള പ്രണയം അദ്ദേഹത്തിന്റെ നെഞ്ചിൽ ഇപ്പോഴുമുണ്ട്. ഇല്ലാതായത് ആ പഴയ ആവേശം മാത്രമാണ്. 'പെഹ്‌ലി സി മൊഹബ്ബത്ത്' അഥവാ 'അഥവാ പഴയ പോലുള്ള പ്രണയം' അതെന്നിൽ നിന്ന് നീയിനി പ്രതീക്ഷിക്കരുതേ എന്നാണ് കവി ഏറെ നിർവികാരനായി പറയുന്നത്.  

ഉർദുവിൽ അന്നുവരെ എഴുതപ്പെട്ടിരുന്ന കാല്പനിക കവിതകളിൽ കണ്ടുകൊണ്ടിരുന്നത് പ്രണയിനിയോട്, അല്ലെങ്കിൽ പ്രണയത്തെക്കുറിച്ച് പാടുന്ന കവിതകളായിരുന്നു. ഫൈസ് എഴുതിത്തുടങ്ങുന്ന കാലത്ത് ഹസ്രത് മൊഹാനിയും അഖ്തർ ഷിരാനിയും പോലുള്ള കവികൾ ഉർദുവിൽ സജീവമാണ്. തന്റെ പൂർവ്വസൂരികളിൽ നിന്നൊക്കെ വ്യത്യസ്തമായ വഴികളാണ് കവിതയിൽ ഫൈസ് അവലംബിച്ചത്. അത് വ്യക്തമാക്കുന്ന അടുത്ത വരികളിലേക്ക്.

मैनें समझा था कि तू है तो दरख़शां है हयात
മേംനെ സംഝാ ഥാ, കി തൂ ഹേ തോ ദരക്ഷാൻ ഹേ ഹയാത്...

ഞാൻ കരുതിയിരുന്നത്,
നീയുണ്ടെങ്കിൽ ഈ ലോകം
പ്രഭാപൂരിതമാണ് എന്നാണ്...!

അങ്ങനെ ആണെന്നല്ല കവി പറയുന്നത്, 'അങ്ങനെയാണ് എന്നാണ് ഞാൻ കരുതിയിരുന്നത്' എന്ന്. കവിയുടെ ജീവിതത്തിലെ എല്ലാ നിലാവെളിച്ചങ്ങളും നിന്നിൽ നിന്നാണ് ഉദിച്ചിരുന്നത് എന്ന്.

കഠിനപദങ്ങൾ :

ദരക്ഷാൻ: പ്രഭാപൂരിതം. ഹയാത്ത് - ലോകം

तेरा ग़म है तो ग़मे-दहर का झगड़ा क्या है
തേരാ ഗം ഹേ തോ ഗമേ ദഹർ കാ ഝഗ്‌ഡാ ക്യാ ഹേ..?

നിന്നെക്കുറിച്ചുള്ള ദുഖമുണ്ടെങ്കിൽ
പിന്നെ ഇഹലോകദുഃഖങ്ങൾ
എന്നെയേശുമോ?

നിങ്ങളുടെ  ജീവിതത്തിലെ സുഖങ്ങളുടെയും പ്രതീക്ഷകളുടെയും അത്ഭുതങ്ങളുടെയും ജിജ്ഞാസയുടെയും ഭീതിയുടെയുമെല്ലാം ചരടുകൾ ഒരേയൊരാളുമായി ബന്ധിപ്പിക്കപ്പെട്ടുകഴിഞ്ഞാൽ, സ്വാഭാവികമായും അവിടെ നിന്ന് നിങ്ങൾക്ക് മോഹഭംഗങ്ങളും ഉണ്ടായെന്നുവരാം. മോഹഭംഗങ്ങൾ ഒപ്പം സങ്കടവും കൊണ്ടുവരും. സഹതാപലേശമില്ലാത്ത പെരുമാറ്റം കാമുകിയിൽ നിന്നുണ്ടായാൽ നിങ്ങളുടെ അന്തരംഗത്തിൽ കൂരിരുൾ പടരും. അവളുടെ ഒരു ഏറുനോട്ടം നിങ്ങളിൽ  'ലോകത്തിൽ വച്ചേറ്റവും ധനികനായി' എന്ന തോന്നലുണ്ടാക്കും. അതേസമയം പ്രണയിനിയിൽ നിന്നുണ്ടാവുന്ന അവഗണന നിങ്ങൾക്ക് അസഹ്യമായിരിക്കും.  

കഠിനപദങ്ങൾ

ഗം : സങ്കടം, ഗമേ ദഹർ: ഇഹലോക ദുഃഖം, ഝഗ്‌ഡാ: സംഘർഷം

तेरी सूरत से है आलम में बहारों को सबात

തേരി സൂരത് സെ ഹേ ആലം മേം
ബഹാരോം കോ സബാത്

നിന്റെ രൂപഭംഗിയാലാണ്
ഈ ലോകത്ത് വസന്തങ്ങൾ
അസ്തമിക്കാത്തത്...

കഠിനപദങ്ങൾ
സൂരത് : രൂപം, ആലം : ലോകം, ബഹാർ: വസന്തം, സബാത് : സ്ഥിരത

तेरी आखों के सिवा दुनिया में रक्खा क्या है

തേരി ആംഖോം കെ സിവാ
ദുനിയാ മേം രഖാ ക്യാ ഹേ

നിന്റെ കണ്ണുകളല്ലാതെ
ഈ ലോകത്ത് മറ്റെന്താണുള്ളത്?

तू जो मिल जाये तो तकदीर नगूं हो जाये

തൂ ജോ മിൽ ജായേ തോ
തകദീർ നിഗൂ ഹോ ജായേ...

നിന്നെയെനിക്ക് കിട്ടിയാൽ
ഞാൻ വിധിയെ വെല്ലുന്നവനാകും

'നിന്റെ പ്രേമം എനിക്ക് സാധിച്ചാൽ പിന്നെ എനിക്ക് മറ്റൊന്നും വേണ്ട. മറ്റൊന്നും നേടാൻ എനിക്ക് മോഹമില്ല. നിന്നോടുള്ള പ്രണയം സാക്ഷാത്കരിക്കാനായാൽ ജീവിതത്തിനുതന്നെ സാഫല്യമാകും'. അങ്ങനെ ആണെന്നല്ല, അങ്ങനെയാണ് താൻ ധരിച്ചുവെച്ചിരുന്നത് എന്നാണ് കവി പറയുന്നത്.

കഠിനപദങ്ങൾ
തകദീർ നിഗൂ : വിധിയെ വെല്ലുന്നവൻ

यूं न था, मैनें फ़कत चाहा था यूं हो जाये
യൂം ന ഥാ, മേം നെ ഫകത് ചാഹാ ഥാ
കെ യൂം ഹോ ജായേ...

അങ്ങനെ ആണെന്നല്ല,
അങ്ങനെയായിരുന്നെങ്കിലെന്ന്
ഞാൻ ആഗ്രഹിച്ചിരുന്നു എന്ന്.

കാമുകി ഉണ്ടായിരുന്നു എങ്കിലും, ഈ ലൗകികജീവിതത്തിന്റെ സങ്കടങ്ങൾ കവിയെ അലട്ടിയിരുന്നു. കാമുകിയ്ക്ക് പുറമെയും കവിയുടെ ചുറ്റും വസന്തങ്ങൾ വേറെയുമുണ്ടായിരുന്നു. അവളുടെ നീലജലാശയം പോലുള്ള കണ്ണുകളെക്കുറിച്ചല്ലാതെയും മറ്റു പലതിനെക്കുറിച്ചും കവി ഓർത്തിരുന്നു ഇടക്കൊക്കെ

और भी दुख हैं ज़माने में मुहब्बत के सिवा
राहतें और भी हैं वसल की राहत के सिवा

വേറെയും ദുഃഖങ്ങളുണ്ടീ ലോകത്ത്
പ്രണയം ഒന്നുമാത്രമല്ല.
ആശ്വാസങ്ങൾ വേറെയുമുണ്ടീ ലോകത്ത്
സംഗമസുഖം ഒന്നുമാത്രമല്ല..!

ഈ വരികൾ തൊട്ടാണ് കവിയുടെ ചിന്ത വഴിമാറുന്നത്. പ്രണയത്തിലേക്ക് ഒതുങ്ങിക്കൂടാതെ, ഈ ലോകത്തെ മുഴുവൻ കണ്ണുതുറന്നു കാണുകയാണ് കവി. പ്രണയം എന്ന ഒരൊറ്റ ചിന്തമാത്രമല്ല കവിക്ക് പിന്നെ. കാമുകിയുമായി മനസ്സും ശരീരവും ഒന്നായി സംഗമിക്കുക എന്നത് ലോകത്തിലെ ഒരേയൊരു സുഖമോ സന്തോഷമോ ആശ്വാസമോ അല്ല എന്നയാൾ തിരിച്ചറിയുന്നു.

കഠിനപദങ്ങൾ

റാഹത് : ആശ്വാസം, വസ്ൽ : സംഗമം

ഇവിടം തൊട്ട് കവിയുടെ ചിന്തയുടെ കാൻവാസ്‌ വിസ്തൃതമാവുകയാണ്. കവി കാമുകിയിൽ ഒതുങ്ങുന്നില്ല ഇനിയങ്ങോട്ട്. തന്നെ ചൂഴ്ന്നുനിൽക്കുന്ന ഈ ലോകത്തെ കൺ‌തുറന്നു കാണാനുള്ള സിദ്ധി അയാൾക്ക് തിരികെകിട്ടിക്കഴിഞ്ഞു. സങ്കല്പലോകത്തു നിന്ന് കാമുകനായ കവി, യാഥാർഥ്യത്തിന്റെ പരുക്കൻ നിലത്തേക്ക് ഇറങ്ങി വരുന്ന ഘട്ടമാണിത്. ഈ ലോകത്ത് ദുഃഖങ്ങൾ വേറെയുമുണ്ട്, പ്രണയം ഒന്നുമാത്രമല്ല എന്ന് കവി ഉറക്കെ വിളിച്ചു പറയുകയാണ്. അടുത്ത നാലുവരികൾ ആ ദുഃഖങ്ങൾ എന്തൊക്കെയാണ് എന്നതിന്റെ വർണ്ണനകളാണ്.

अनगिनत सदियों के तारीक बहीमाना तिलिसम
रेशमो-अतलसो-किमख्वाब में बुनवाए हुए
जा-ब-जा बिकते हुए कूचा-ओ-बाज़ार में जिस्म
ख़ाक में लुथड़े हुए, ख़ून में नहलाये हुए

അൻഗിനത് സദിയോം കെ താരീഖ് ബഹിമാനാ തിലിസ്‌മ്
രേഷമോ അത്‌ലസോ കംഖ്വാബ് മേം ബുൻവായെ ഹുവേ
ജാ-ബ-ജാ ബിക്‌തെ ഹുവേ കൂചാ-ഓ-ബസാർ മേം ജിസ്‌മ്
ഖാക് മേം ലുഥ്ഡേ ഹുവേ, ഖൂൻ മേം നഹ്‌ലായെ ഹുവേ

നൂറ്റാണ്ടുകളായി പുലരുന്ന അന്ധകാരത്തിന്റെ
അടിമത്തത്തിന്റെ ഈ ദുർമന്ത്രവാദം
അനീതിയെ വിലകൂടിയ മൃദുലമായ
പട്ടിൽ പൊതിഞ്ഞു വെക്കുകയാണിവിടെ...
പട്ടാപ്പകൽ നാട്ടുകാർ കാൺകെ
ഇവിടെ ശരീരം വില്‍ക്കപ്പെടുകയാണ്...
വെണ്ണീറിൽ പുതഞ്ഞ്, ചോരയിൽ കുളിച്ച്
ഉടലുകൾ..!

ഫൈസ് പറയാൻ ആഗ്രഹിക്കുന്ന കാര്യം ഇതാണ്. ദുരാചാരങ്ങളെ, അടിമത്തത്തെ, അനീതികളെ, കേൾക്കാൻ ഇമ്പമുള്ള വാക്കുകളിൽ അവതരിപ്പിച്ചുകൊണ്ട് സമൂഹം/അധികാരികൾ നാട്ടിലെ ജനങ്ങളെ വഞ്ചിച്ചു. 'രേഷം, അത്‍ലസ്, കംഖ്വാബ്' ഇതുമൂന്നും മുന്തിയ ഇനം തുണികളാണ്. ദേഹത്തുരസുമ്പോൾ സുഖം തോന്നുന്ന, പതുപതുപ്പുള്ള പട്ടുതുണികൾ. അതിൽ പൊതിഞ്ഞിട്ടാണ് ഈ അനീതിയുടെയും ദുരാചാരങ്ങളുടേയുമൊക്കെ കള്ളിമുൾച്ചെടികളൊക്കെ അധികാരികൾ പൊതുജനങ്ങളെ കാണിച്ചത്.

അടിമത്തത്തിൽ തുടരാൻ പറയുന്ന കാരണങ്ങൾ പലതാകാം. ചിലപ്പോൾ അത് രാജാവിനോടോ, ഭരണാധിപനോടോ പ്രജകൾ കൂറ് കാണിക്കണം എന്നുള്ള ആഹ്വാനമാകാം. അധികാരികളെ ജനങ്ങളുടെ അന്നദാതാക്കളായി ചിത്രീകരിച്ചുകൊണ്ടുള്ള പ്രചാരണങ്ങൾ ആകാം. സൂഫിവര്യന്റെ കാലടി തൊട്ടുനമസ്കരിച്ചാൽ സ്വർഗത്തിലേക്കുള്ള ടിക്കറ്റുകിട്ടും എന്നുള്ള പ്രചാരണമാകാം. അങ്ങനെ അന്ന് നിലനിന്നിരുന്ന പലതും അദ്ദേഹം ഈ പരാമർശത്തിലൂടെ ഉദ്ദേശിക്കുന്നുണ്ട്. അനാചാരങ്ങളായിരുന്നു. അനീതിയായിരുന്നു സ്വേച്ഛാധിപത്യമായിരുന്നു ഇതൊക്കെ.

സുരേഖ സിക്രിയുടെ ആലാപനം
 

കവിയടക്കമുള്ള പൊതുജനം അങ്ങനെ അന്ന് നാട്ടിൽ അടിച്ചമർത്തപ്പെടുകയാണ് അധികാരികളാൽ. അവസ്ഥ ഇതായിരിക്കെ, പ്രണയിനിയുണ്ടെങ്കിൽ ലോകം പ്രഭാപൂരിതമാണ്, അവളുടെ രൂപഭംഗി ഒന്നുകൊണ്ടുമാത്രം വസന്തങ്ങൾ അസ്തമിക്കില്ല എന്നൊക്കെ എങ്ങനെ ഇനിയും പാടും കവി? അവളുടെ കണ്ണുകളിലെ ജലാശയങ്ങളിൽ മുങ്ങി, ഈ ദുഖങ്ങളൊക്കെ കണ്ടില്ലെന്നു നടിക്കുന്നതെങ്ങനെ? വേദനിപ്പിക്കുന്ന യാഥാർത്ഥ്യങ്ങൾ മറക്കുന്നതെങ്ങനെ കവി?

കവിയുടെ സഹജീവികൾ നിരന്തരം ചൂഷണങ്ങൾക്കും, പീഡനങ്ങൾക്കും വിധേയരാവുകയാണ്. അത് കണ്മുന്നിൽ നിർബാധമിങ്ങനെ തുടരുന്നത് കവി കാണുന്നു. അവരുടെ ദേഹങ്ങൾ പകൽ വെളിച്ചത്തിൽ അങ്ങാടിയിൽ വിൽക്കപ്പെടുകയാണ്. അവരുടെ ശരീരങ്ങൾ വെണ്ണീറിൽ മുങ്ങി നിൽക്കയാണ്, ചോരയിൽ കുളിച്ചു നിൽക്കയാണ്.

ഈ വരികൾ അത്ര ലളിതമല്ല. ഏറെ ആഴമുള്ള വരികളാണിത്. അദ്ദേഹം പറയുന്നത് അങ്ങാടിയിൽ വിൽക്കപ്പെടുന്ന സ്ത്രീശരീരത്തെപ്പറ്റിയല്ല. സ്ത്രീ എന്നൊരു വാക്കുപോലും അദ്ദേഹം ഇവിടെ പറയുന്നില്ല. രാജ്യസ്നേഹത്തിന്റെയും, പ്രത്യയശാസ്ത്രങ്ങളുടെയും മതസ്നേഹത്തിന്റെയും ഒക്കെ പേരും പറഞ്ഞ് പ്രചോദിപ്പിച്ചും , പ്രകോപിപ്പിച്ചും  യുദ്ധങ്ങൾക്കും രാഷ്ട്രീയ പോരാട്ടങ്ങൾക്കും കളത്തിലിറക്കി ചോരചിന്തുന്ന യുവാക്കളുടെ ദേഹങ്ങളാണിവ. പ്രജാപതികൾ പൗരന്മാരുടെ കൂറ്, അടിമത്തം ഒക്കെ വിലയ്ക്ക് വാങ്ങുകയായിരുന്നു അന്ന്. അവരുടെ ജീവനും ശരീരത്തിനും ഒക്കെ വിലപറയുകയായിരുന്നു. എന്നാൽ, വാസ്തവത്തിൽ അവർ തങ്ങളുടെ യുദ്ധങ്ങൾക്ക് ഈ സാധുക്കളെ കരുവാക്കുകയായിരുന്നു. കുരുതി കൊടുക്കുകയായിരുന്നു എന്നാണ് കവി പറയാൻ ഉദ്ദേശിക്കുന്നതിവിടെ. തുച്ഛമായ പ്രതിഫലം വെച്ചുനീട്ടി, മനുഷ്യന്റെ കഴിവും, പ്രതിഭയും, അവന്റെ അപൂർവ സിദ്ധികളും വിലയ്ക്ക് വാങ്ങി അവരെ ചൂഷണം ചെയ്യുന്ന മുതലാളിത്തത്തിന്റെ ചന്തകളെയും കവി ഇവിടെ പരോക്ഷമായി ആക്രമിക്കുന്നുണ്ട്‌.

കഠിനപദങ്ങൾ

അൻഗിനത് : എണ്ണമറ്റ സദി: നൂറ്റാണ്ട്  താരീഖ് : ഇരുളടഞ്ഞ, ബഹിമാനാ: മൃഗീയമായ തിലിസ്‌മ്: ദുരാചാരം, രേഷം, അത്‍ലസ്, കംഖ്വാബ് - മുന്തിയ ഇനം തുണികൾ, ബുൻവാനാ : തുന്നുക, ജാ-ബ-ജാ - സർവത്ര, ബിക്‌തെ ഹുവേ - വിൽക്കപ്പെട്ടുകൊണ്ട്, കൂചാ-ഓ-ബസാർ മേം - മുക്കിലും മൂലയിലും, ചന്തയിൽ,  ജിസ്‌മ് - ദേഹം, ഖാക് - വെണ്ണീർ, ലുഥ്ഡേ ഹുവേ - മുങ്ങിയ, മൂടിയ,  ഖൂൻ മേം നഹ്‌ലായെ ഹുവേ - ചോരയിൽ കുളിച്ച

जिस्म निकले हुए अमराज़ के तन्नूरों से
पीप बहती हुयी गलते हुए नासूरों से
लौट जाती है उधर को भी नज़र क्या कीजे
अब भी दिलकश है तिरा हुस्न मगर क्या कीजे

ജിസ്‌മ് നിക്‌ലേ ഹുവേ അമ്രാസ് കെ തന്നൂറോം സെ
പീപ് ബെഹതി ഹുവി ഗൽതേ ഹുവേ നാസൂറോം സെ
ലോട്ട് ജാതീ ഹേ ഉധർ കോ ഭി നസർ ക്യാ കീജെ
അഭ് ഭി ദിൽകഷ് ഹേ തേരാ ഹുസ്‌ന് മഗർ ക്യാ കീജെ

രോഗപീഡകളുടെ ചൂളകളിൽ നിന്ന്
ദേഹങ്ങൾ ഇറങ്ങിവരുന്നു,
പഴുത്ത വ്രണങ്ങളിൽ നിന്ന്
ചലം ഒലിച്ചിറങ്ങുന്നു.
അവിടേക്കും എന്റെ കണ്ണുകൾ
അറിയാതെ പോകുന്നു, ഞാനെന്തു ചെയ്യട്ടെ?
നിന്റെ സൗന്ദര്യം അത്രമേൽ ഇന്നും
എന്നെയാകർഷിക്കുന്നുണ്ട്,
പക്ഷേ, ഞാനെന്തു ചെയ്യട്ടെ?

കഠിനപദങ്ങൾ
ജിസ്‌മ് : ദേഹം, അമ്രാസ് : രോഗപീഡകൾ തന്നൂർ : അടുപ്പ്  
പീപ് - ചലം, ഗൽതേ ഹുവേ - പഴുത്ത, നാസൂർ: വ്രണം, ദിൽകഷ് : ആകർഷകം, ഹുസ്‌ന് - സൗന്ദര്യം

और भी दुख हैं ज़माने में मुहब्बत के सिवा
राहतें और भी हैं वसल की राहत के सिवा

मुझसे पहली-सी मुहब्बत मिरे महबूब न मांग...!

ഓർ ഭി ദുഖ്‌ ഹേ സമാനെ മേം
മൊഹബ്ബത് കെ സിവാ
റാഹതേം ഓർ ഭി ഹേ
വസ്ൽ കി റാഹത് കെ സിവാ
 
മുഝ്‌സേ പെഹ്‌ലി സി മൊഹബ്ബത്ത്
മേരെ മെഹബൂബ് നാ മാംഗ്‌...!

വേറെയും ദുഃഖങ്ങളുണ്ടീ ലോകത്ത്
പ്രണയം ഒന്നുമാത്രമല്ല.
ആശ്വാസങ്ങൾ വേറെയുമുണ്ടീ ലോകത്ത്
സംഗമസുഖം ഒന്നുമാത്രമല്ല..!
അതുകൊണ്ട്, എന്നോട്
ആ പഴയ സ്നേഹം തന്നെ
വേണമെന്നു മാത്രം
നീ പറയരുത് പ്രിയേ..!

തന്റെ സഹജീവികളോട്, സഹോദരങ്ങളോട് അധികാരവും, മുതലാളിത്തവും, സ്വേച്ഛാധിപത്യവും നടത്തുന്ന ചൂഷണങ്ങളും, അധികാര ദുർവിനിയോഗങ്ങളും, അടിച്ചമർത്തലുകളും ഒക്കെ കവി കണ്ടുതുടങ്ങി എന്നാണ് പറയുന്നത്. കാമുകിയുടെ സൗന്ദര്യം ഇന്നും കവിയുടെ ഹൃദയത്തെ അത്രതന്നെ ആകർഷിക്കുന്നുണ്ട്... കാമുകിക്ക് കവി തന്റെ പ്രണയം നിഷേധിക്കുന്നുമില്ല. എന്നാൽ, പണ്ടത്തെപ്പോലെ ചങ്കുപറിച്ചുകൊടുത്തുകൊണ്ട്, കണ്ണടച്ചുകൊണ്ട് പ്രേമിക്കാൻ ഇനിയും തനിക്കാവില്ല, തന്റെ സഹജീവികളോടുള്ള വൈകാരികൈക്യവും, അവർക്കുവേണ്ടിയുള്ള നിരന്തരമായ പോരാട്ടങ്ങളും ഒക്കെ തന്റെ ജീവിതത്തിന്റെ ഭാഗമാണിനി, അത് കാമുകി ഉൾക്കൊണ്ടേ മതിയാകൂ എന്നാണ് കവി പറയുന്നത്.

കവി ഇന്ന് ചിന്തിക്കുന്നത് സ്വന്തം പ്രണയത്തെക്കുറിച്ച് മാത്രമല്ല, തന്റെ സഹജീവികളുടെ സങ്കടങ്ങളും ഇന്ന് അയാളുടെ വിചാരങ്ങളുടെ ഭാഗമാണ്.  നാട്ടിൽ പലർക്കും സ്വൈര്യമായി ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുമ്പോൾ, എന്റെ നിരപരാധികളായ സഹോദരങ്ങൾ വേട്ടയാടപ്പെടുമ്പോൾ അവരുടെ വേദനകൾ കണ്ടില്ലെന്നു നടിക്കാൻ തനിക്കാവില്ല, കാമുകിയിലേക്കുമാത്രം ഒതുങ്ങാനും. അതുകൊണ്ടാണ്, ഇനിയും പഴയപോലെ അന്ധമായ പ്രണയം പ്രതീക്ഷിക്കരുത് എന്ന് കവി പറയുന്നത്.

അതോടെ ഉത്തരമാകുന്നത്, ആദ്യത്തെ വരി വായിച്ചു കഴിഞ്ഞപ്പോൾ വായനക്കാരന്റെ മനസ്സിൽ തോന്നിയ ചോദ്യങ്ങൾക്കാണ്. പ്രണയസാഫല്യത്തിനിടെയും കവി തന്റെ സഹജീവികളുടെ വേദനകളോട് പ്രകടിപ്പിക്കുന്ന സംവേദനക്ഷമത, അതുതന്നെയാണ് ഈ കവിതയുടെ കരുത്തും.

ടീനാ സാനിയുടെ ആലാപനം

ഗസലറിവ് പരമ്പരയില്‍ ഇതുവരെ :

1. ചുപ്‌കേ ചുപ്‌കേ രാത് ദിൻ... 

2. 'ഏക് ബസ് തൂ ഹി നഹി' 

3. വോ ജോ ഹം മേം തും മേം കരാർ ഥാ

4. യേ ദില്‍ യേ പാഗല്‍ ദില്‍ മേരാ

5. രഞ്ജിഷ് ഹി സഹി

6.  ഹസാറോം ഖ്വാഹിഷേം ഐസീ

7.  ഹംഗാമാ ഹേ ക്യൂം ബര്‍പാ

8. മുഹബ്ബത്ത് കര്‍നേ വാലേ

9. ശോലാ ഥാ, ജൽ ബുഝാ ഹൂം

10. കോംപ്‌ലേ ഫിർ ഫൂട്ട്‌ ആയീ

11.മേം ഖയാൽ ഹൂം കിസീ ഓർ കാ

12. 'ഗോ സറാ സീ ബാത് പെ..'

13'ദില്‍ മേം ഏക് ലെഹര്‍ സി'

14.മേരെ ഹം നഫസ്‌ മേരെ ഹംനവാ

15. ഗുലോം മേം രംഗ് ഭരേ