Asianet News MalayalamAsianet News Malayalam

മഴ തോര്‍ന്നതിനു പിന്നാലെ തുടങ്ങിയ ഖനനങ്ങളുടെ  അലര്‍ച്ച ആരുടെ ലാഭമോഹങ്ങളുടെ തിടുക്കമാണ്?

എനിക്കും ചിലത് പറയാനുണ്ട്. ഷിജു ആര്‍  എഴുതുന്നു 

Speak up kerala after floods  Shiju R
Author
Thiruvananthapuram, First Published Aug 26, 2019, 1:25 PM IST

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

Speak up kerala after floods  Shiju R
 

പതുക്കെ നാമെല്ലാം മറന്നുതുടങ്ങി. ഒരു പിടിയരിയും മാറിയുടുക്കാനുള്ള ഒന്നുരണ്ടു ജോഡി വസ്ത്രങ്ങളുമായി അവര്‍, പച്ച മനുഷ്യര്‍, നമ്മുടെ സഹജീവികള്‍ ക്യാമ്പുകളില്‍ നിന്ന് ഇറങ്ങിപ്പോയി. ഒരായുസ്സുകൊണ്ട് സ്വരുക്കൂട്ടിയ വീടിനും പുരയിടങ്ങള്‍ക്കും മുകളില്‍ വന്നു വീണ മണ്‍കൂമ്പാരങ്ങള്‍ക്കും പാറക്കഷ്ണങ്ങള്‍ക്കും മുന്നില്‍ ഇനിയവര്‍ തനിച്ചാണ്. അവയ്ക്കിടയില്‍ ഇനിയും തിരിച്ചു കിട്ടാത്ത പ്രിയപ്പെട്ടവര്‍.  ചതഞ്ഞരഞ്ഞ സ്വപ്‌നങ്ങള്‍.

നഷ്ടങ്ങളുടെ, തീരാദു:ഖങ്ങളുടെ തോരാമഴ ഇനി നനയേണ്ടത് അവര്‍ മാത്രമാണ്. ഒരു സമാശ്വാസത്തിന്റെ കുടയ്ക്കും രക്ഷിക്കാന്‍ കഴിയാത്ത വിധം. 
അവരുടെ തലയ്ക്കു മുകളില്‍, ഇളകി നില്‍ക്കുന്ന പച്ചമണ്ണിനുമേല്‍ വീണ്ടും മണ്ണുമാന്തിയന്ത്രങ്ങളും പാറപൊട്ടിക്കല്‍ സാമഗ്രികളും മുരള്‍ച്ച തുടങ്ങിക്കഴിഞ്ഞു. മണ്ണടിഞ്ഞവരുടെ മൃതശരീരങ്ങള്‍ കണ്ടെത്തും മുമ്പേ തുടങ്ങിയ ഖനനങ്ങളുടെ ഈ അലര്‍ച്ച ആരുടെ ലാഭമോഹങ്ങളുടെ തിടുക്കമാണ്? ഒരു പൗരജാഗ്രതയ്ക്കും ഉണര്‍ത്താന്‍ കഴിയാത്തവിധം അധികാരകേന്ദ്രങ്ങളെ ഉറക്കം നടിക്കാന്‍ പ്രേരിപ്പിക്കുന്നതെന്താണ്? 

ദുരന്തമുഖത്ത്  പ്രാണന് പിടയുന്നവരുടെ മുഖത്തുനോക്കി പ്രളയം മനുഷ്യന്റെ അഹന്തയ്ക്കുള്ള പ്രകൃതിയുടെ ശിക്ഷയാണെന്നൊക്കെ പറയുന്നത് മറ്റൊരു ദുരന്തമാണ്. പരിസ്ഥിതി സ്‌നേഹമെന്നല്ല , വിവേകത്തിന്റെ ഒരു മിന്നാമിന്നി വെളിച്ചമുള്ളിലുള്ളവര്‍ക്ക് അങ്ങനെ പറയാനാവില്ല. കാരണം നിയമം വളച്ചൊടിച്ചും പണംകൊണ്ടതിന്റെ കണ്ണുകെട്ടിയും പ്രകൃതിവിഭവങ്ങള്‍ കൊള്ള ചെയ്തവര്‍ക്കല്ലല്ലോ ഈ ദുരന്തത്തിന്റെ ആഘാതമേറ്റവും കൂടുതല്‍ ഏറ്റുവാങ്ങേണ്ടി വന്നത്. (ഇതൊരു ശിക്ഷയാണെങ്കില്‍.) 

പ്രളയം പണമുള്ളവനേയും പാവപ്പെട്ടവനേയും ഒരു പോലെയാക്കി എന്നൊക്കെ ദുരിതാശ്വാസ ക്യാമ്പിലെ രണ്ടു ദിവസത്തെ ജീവിതം വെറുതേ തോന്നിപ്പിക്കുകയാണ്. അതിജീവനത്തിന്റെയും വീണ്ടെടുപ്പുകളുടേയും ഗതിവേഗത്തിലുണ്ട് ദരിദ്രരും  ധനികരും തമ്മിലുള്ള അന്തരം.  മൂന്നാം നിലയിലുള്ളവര്‍ അതിന്റെ മേല്‍ കയറി നിന്ന് ഹെലികോപ്റ്ററിന് നിലവിളിക്കുമ്പോഴേക്കും താഴെ മണ്ണോടു പറ്റിയ കൂരകള്‍ ഒഴുകിത്തുടങ്ങിയിരുന്നു, കഴിഞ്ഞ പ്രളയകാലത്ത്. 

പരിസ്ഥിതിക്കു വേണ്ടി സംസാരിക്കുന്നതും  പ്രകൃതിയെക്കുറിച്ചോര്‍മ്മിപ്പിക്കുന്നതും അരാഷ്ട്രീയവാദമാണെന്ന ബാലിശനിലപാടുകള്‍ മാറ്റിവയ്‌ക്കേണ്ടതുണ്ട്. അതിലൊരു നിസ്വവര്‍ഗ്ഗ രാഷ്ട്രീയത്തെ സ്ഥാപിച്ചെടുക്കേണ്ടതുണ്ട്. 

മാധവ് ഗാഡ്ഗിലിനെയും അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിനെയും പരിഹസിക്കുന്ന പോസ്റ്റുകള്‍ ധാരാളമുണ്ട് ഭരണാനുകൂല പ്രൊഫൈലുകളില്‍ നിന്ന്. അതൊരു പഠനറിപ്പോര്‍ട്ട് മാത്രമായിരുന്നു. സ്വയമേവ ഒരു നയമോ നിയമമോ ആവാന്‍ ശേഷിയില്ലാത്ത ഒന്ന്. രാഷ്ട്രീയക്കാരും വിദഗ്ധരും ബഹുജനങ്ങളുമെല്ലാം ചേര്‍ന്ന് സംവാദാത്മകമാക്കേണ്ടിയിരുന്ന ഒന്ന്. 

പക്ഷേ, സംഭവിച്ചതെന്താണ് ? ആ റിപ്പോര്‍ട്ടിനെതിരെ ഭീകര വിദ്വേഷ പ്രചാരണമായിരുന്നു. മൂന്നിലേറെ ഹര്‍ത്താലുകള്‍, നിരവധി സംഘര്‍ഷ സമരങ്ങള്‍ എന്നിവയിലൂടെ വിവാദങ്ങള്‍ ആളിക്കത്തിച്ച് സംവാദസാദ്ധ്യതകളുടെ നാമ്പു നുള്ളുകയായിരുന്നു രാഷ്ട്രീയകേരളം. 

മാധവ് ഗാഡ്ഗില്‍ ബ്രാഹ്മണനാണെന്നും അദ്ധ്വാനിക്കുന്ന കുടിയേറ്റക്കാരോടുള്ള വംശീയ വിവേചനമാണാ റിപ്പോര്‍ട്ടിന്റെ അബോധ മന:ശാസ്ത്രമെന്നുമൊക്കെയുള്ള വിചിത്രവാദങ്ങളാണ് ചിലര്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ ഉയര്‍ത്തിയത്. താല്‍ക്കാലിക വിജയത്തിന് കേരളത്തിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്ക് സംഘപരിവാരത്തിന് ഇതുപോലെ സിദ്ധാന്തങ്ങള്‍ കൊണ്ട് പാലം കെട്ടിക്കൊടുക്കുന്ന അല്പബുദ്ധികള്‍ ചെയ്യുന്നതെന്താണെന്നവര്‍ അറിയുന്നില്ല. ശാസ്ത്ര സാഹിത്യ പരിഷത്ത് , നിരവധി പരിസ്ഥിതി സംഘടനകള്‍ തുടങ്ങിയവയ്‌ക്കൊപ്പം സംഘപരിവാറും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്തിരുന്നു.  

കുരിശു കൃഷിക്കാര്‍ക്കും മല തുരന്ന് ദേവാലയങ്ങള്‍ സ്ഥാപിച്ചവര്‍ക്കും വന്‍കിട റിസോര്‍ട്ടുകള്‍ക്കും കോര്‍പ്പറേറ്റ് എസ്റ്റേറ്റുകള്‍ക്കും മുമ്പില്‍ കവാത്ത് മറന്ന നമ്മുടെ ബ്യൂറോക്രസിയുടെയും പങ്കും  ചെറുതല്ല, ഈ വിദ്വേഷ മന:ശാസ്ത്രത്തിന്റെ നിര്‍മ്മിതിയില്‍. മേല്‍പ്പറഞ്ഞവരുടെ നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍ബാധം നടന്ന ഹൈറേഞ്ചിലാണ് നാഴിയിടങ്ങരി മണ്‍കൂനയില്‍ ഒരു കൂര കെട്ടാനും അതിന്റെ നികുതിയടക്കാനും ചെന്നവരുടെ മുന്‍പില്‍ നിയമം വാപിളര്‍ന്ന് നില്‍ക്കുക. നിലവില്‍ തന്നെ നൂറായിരം നൂലാമാലകളില്‍ പെട്ടുഴറുന്ന സാധാരണക്കാരന് പുതിയ പരിസ്ഥിതി പഠനറിപ്പോര്‍ട്ടുകള്‍ തലയ്ക്കു മേല്‍ തൂങ്ങിയ വാളുപോലെ തോന്നിയില്ലെങ്കിലേ അദ്ഭുതമുള്ളൂ. അങ്ങനെയാണ് എസ്റ്റേറ്റ് മുതലാളിത്തം മുതല്‍ ലയങ്ങളില്‍ പാര്‍ക്കുന്നവര്‍ വരെയുള്ളവരുടെ മലയോര സ്വത്വമുന്നണി രൂപം കൊണ്ടത്. മറ്റെല്ലാ മുന്നണികളിലുമെന്നപോലെ മുഴങ്ങിക്കേള്‍ക്കുന്ന മുദ്രാവാക്യങ്ങളല്ല, ഉള്ളിലിരുന്ന ചരടുവലിക്കുന്ന മൂലധന താല്പര്യങ്ങളാണ് ഈ മുന്നണിയും സാക്ഷാല്‍ക്കരിക്കാന്‍ പോവുന്നത്. 

മുന്‍വിധികള്‍ മാറ്റിവച്ച, ബഹുജന താല്പര്യങ്ങളും പാരിസ്ഥിതികഭാവിയും കാലാവസ്ഥാ പരിണാമങ്ങളും സമന്വയിക്കുന്ന ചര്‍ച്ചകളാണ് നമുക്കിന്നാവശ്യം. വിഭാഗീയവും സങ്കുചിതവുമായ നിഴല്‍യുദ്ധങ്ങളല്ല.

എനിക്കും ചിലത് പറയാനുണ്ട്: ഈ പംക്തിയില്‍ നേരത്തെ വന്ന കുറിപ്പുകള്‍ ഇവിടെ വായിക്കാം

Follow Us:
Download App:
  • android
  • ios