സി വി രാമൻ, ശ്രീനിവാസ രാമാനുജൻ, വിക്രം സാരാഭായി, ഹോമി ജെ ഭാഭ, എം എസ് സ്വാമിനാഥൻ എന്നിവരെപ്പറ്റിയൊക്കെ കേട്ടിട്ടുള്ള നിങ്ങൾ യെല്ല എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന യെല്ലപ്രഗത സുബ്ബറാവുവിനെ കുറിച്ച് ഒരുപക്ഷേ, കേട്ടിരിക്കാൻ ഇടയില്ല. പക്ഷേ, മേല്‍പ്പറഞ്ഞ എല്ലാവരോടൊപ്പമോ അവരെക്കാൾ കൂടുതലോ നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരാളാണിദ്ദേഹം. കാരണം രക്താർബുദത്തിന് എതിരെ ഉള്ള ആദ്യത്തെ കീമോതെറാപ്പി മരുന്നായ മെത്രൊട്രെക്‌സേറ്റ് (Methotrexate: For treating Acute lymphoblastic leukemia) മുതൽ ന്യൂമോണിയ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ടെട്രാസൈക്ലിൻ എന്ന ആന്‍റിയോബിയോട്ടിക് വരെ, വിളർച്ച ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഫോളിക് ആസിഡിന്റെ കൃത്രിമമായ നിർമാണ പ്രക്രിയ മുതൽ കോശങ്ങളിലെ ഊർജ്ജ ഉറവിടമായ ATP വേർതിരിച്ചതും , അതിന്റെ ഉപയോഗം തിരിച്ചറിഞ്ഞതും വരെ ഇദ്ദേഹമാണ്. ഇന്നത്തെ കാലത്താണെങ്കിൽ ഇത്രയും കണ്ടുപിടുത്തങ്ങൾക്ക് ഇദ്ദേഹത്തിന് എപ്പോൾ നോബൽ സമ്മാനം ലഭിച്ചു എന്ന് ചോദിച്ചാൽ മതി. പക്ഷേ, ഒരു ശാസ്ത്ര സമ്മാനവും ലഭിക്കാതെ ഭൂരിഭാഗം ഇന്ത്യക്കാർക്ക് പോലും അറിയാത്ത ഒരു പേരായി അവസാനിച്ച ഒരാളാണ് യെല്ല.

1895 -ൽ ആന്ധ്രാപ്രദേശിലെ ഭീമാവാരത്ത് ജനിച്ച്, തെലുഗു മീഡിയത്തിൽ പഠിച്ച്, ഇന്ത്യയിൽ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹത്തിന് പക്ഷേ ഗാന്ധിജിയുടെ വിദേശ വസ്ത്ര ബഹിഷ്കരണത്തിൽ പങ്കെടുത്തു എന്ന കാരണം കൊണ്ട് MBBS ഡിഗ്രി കൊടുക്കാൻ ഇദ്ദേഹത്തിന്‍റെ പ്രൊഫസ്സർ വിസമ്മതിച്ചു. പകരം LMS എന്ന കുറഞ്ഞ ഒരു ഡിഗ്രി ആണ് ഇദ്ദേഹത്തിന് സമ്മാനിച്ചത്. ഒരു സ്കോളർഷിപ്പ് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹം 1922 -ൽ ഹാർവാർഡിൽ പഠനത്തിന് ചേർന്നു. കയ്യിൽ അധികം പണമില്ലാതിരുന്ന ഇദ്ദേഹം ഹാർവാർഡ് ആശുപത്രിയിൽ സെക്യൂരിറ്റി ഗാർഡ് ആയും, തറ തുടക്കുന്ന തൂപ്പുകാരനായും മറ്റുമാണ് ആദ്യം ജോലി ചെയ്തിരുന്നത്.

യെല്ല ഡോക്ടർ ആയിരുന്നെങ്കിലും അടിസ്ഥാനപരമായി ഒരു കെമിസ്റ്റ് ആയിരുന്നു. ആധുനിക 1830 -ൽ മാത്രമാണ്, ജീവികൾ പല കോശങ്ങൾ കൊണ്ടാണ് നിർമിക്കപ്പെട്ടതെന്ന സെൽ തിയറി നിലവിൽ വന്നത്. യെല്ലയുടെ താല്‍പര്യം കോശങ്ങളുടെയും മറ്റും രാസ ഘടന പഠിക്കുക എന്നതായിരുന്നു. പല രാസവസ്തുക്കളും കോശങ്ങളിൽ ഏതുതരത്തിലുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന അടിസ്ഥാന പരീക്ഷണങ്ങൾ ബോസ്റ്റണിലെ കടുത്ത തണുപ്പിൽ ബ്രിഗം വിമൻസ് ഹോസ്പിറ്റലിലെ (second largest teaching hospital of Harvard Medical School) ബേസ്‌മെന്‍റിലെ ഒരു ലാബിൽ അദ്ദേഹം നടത്തി. അവിടെ വച്ചാണ് ATP അദ്ദേഹം വേർതിരിച്ചതും, അതിന്റെ പ്രവർത്തനം കണ്ടുപിടിച്ചതും. പക്ഷേ, അതുപോലും, നന്നായി ഇംഗ്ലീഷ് സംസാരിക്കാത്ത, വെജിറ്റേറിയൻ ആയ, എപ്പോഴും ലാബിൽ അടച്ചിരുന്നുള്ള അദ്ദേഹത്തിന്റെ ജോലി കരാർ നീട്ടാൻ സഹായിച്ചില്ല.

പക്ഷേ, അതൊരു അനുഗ്രഹമായി മാറി, കാരണം ന്യൂ യോർക്കിലെ ലെഡർലെ എന്ന ലാബിൽ അദ്ദേഹത്തിന് ജോലി കിട്ടിയത് ഹാർവാർഡിലെ നിന്ന് പിരിച്ചുവിടപ്പെട്ടതുകൊണ്ടാണ്. അവിടെവെച്ചാണ് അദ്ദേഹം ഫോളിക് ആസിഡ് കൃത്രിമമായി നിർമിച്ചത്. ലോകത്തിലെ പല ഭാഗങ്ങളിലും അന്ന് വളരെ അധികം കാണപ്പെട്ടിരുന്ന വിളർച്ചയ്ക്കുള്ള പ്രധാനപ്പെട്ട മരുന്നായിരുന്നു ഫോളിക് ആസിഡ്. അത് കൃത്രിമമായി നിർമ്മിക്കുക വഴി അദ്ദേഹം ആ ലാബിനും, വ്യക്തിപരമായും സാമ്പത്തിക നേട്ടമുണ്ടാക്കി. പക്ഷേ, ഫോളിക് ആസിഡ് കണ്ടുപിടിക്കാൻ വേണ്ടി നടത്തിയ പരീക്ഷണങ്ങളിൽ കൂടി ആയിരുന്നു ഒരുപക്ഷേ, അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടുത്തമായ കീമോതെറാപ്പി മരുന്നായ മെത്രൊട്രെക്‌സേറ്റ് കണ്ടുപിടിക്കപ്പെട്ടത്.

നമ്മുടെ കോശങ്ങളുടെ ഉപരിതലത്തിൽ എൻസൈം ലിങ്ക്ഡ് റിസെപ്റ്റർ എന്നൊരു സംഭവമുണ്ട്. സാധാരണയായി സെല്ലുകൾ എൻസൈം സ്വീകരിക്കുന്നത് ഇവ വഴിയാണ്. പക്ഷേ, ചിലപ്പോഴെല്ലാം നമുക്ക് ഇവയെ പറ്റിക്കാൻ കഴിയും. എൻസൈമുകളെ പോലെ ഘടനയുള്ള ചില രാസപദാർത്ഥങ്ങൾ നിർമ്മിക്കുക വഴിയാണിത്. ഇവ ഇത്തരം റിസെപ്റ്ററുകളിൽ പറ്റിപ്പിടിച്ച് ഇരിക്കുന്നതുകൊണ്ട് കോശത്തിൽ ആവശ്യത്തിന് എൻസൈം കിട്ടാതെവരും.

ഫോളിക് ആസിഡ് കൃത്രിമമായി നിർമ്മിക്കാൻ നടത്തിയ പരീക്ഷണങ്ങളുടെ ഭാഗമായി യെല്ലയും ടീമും കണ്ടുപിടിച്ച ചില രാസപദാർത്ഥങ്ങൾ ഇതുപോലെ കോശങ്ങളിൽ പറ്റിപ്പിടിക്കുകയും ഫോളിക് ആസിഡ് ചെയുന്ന കോശവിഭജനം വേഗത്തിലാക്കുന്ന പ്രവൃത്തിയുടെ നേർവിപരീതമായി കോശവിഭജനം തടയുകയും ചെയ്തു. കാൻസർ ചികിത്സയിൽ നമുക്ക് വേണ്ടതും കോശവിഭജനം തടയുകയോ സാവധാനം അയക്കുകയോ ആണ്. ഇതാണ് ലോകത്തിലെ ആദ്യ രക്താർബുദ കീമോ തെറാപ്പി മരുന്നായ മെത്രൊട്രെക്‌സേറ്റ് കണ്ടുപിടിക്കുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചത്.

1948 ഓഗസ്റ്റ് എട്ടാം തീയതി 53 -ാമത്തെ വയസിൽ ഹാർട്ട് അറ്റാക്ക് വന്നു ന്യൂ യോർക്കിൽ വച്ച് അന്തരിക്കുമ്പോൾ താൻ ഇന്ത്യയിൽ വിട്ടിട്ടു വന്ന കുടുംബത്തെ കണ്ടിട്ട് ഒരു ദശകത്തിലേറെ ആയിരുന്നു. എത്രയും പെട്ടെന്ന് തിരിച്ചു വരണം എന്നപേക്ഷിച്ച് ഭാര്യ അയച്ച കത്തുകൾക്കൊക്കെ മനുഷ്യന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്ന ഒരു ശാസ്ത്രഞ്ജന്റെ പ്രതിബദ്ധത ഉയർത്തിക്കാട്ടി വ്യക്തിപരമായ സന്തോഷങ്ങൾ മാറ്റിവയ്ക്കുന്ന ഒരു വലിയ മനുഷ്യസ്നേഹിയെ നമുക്ക് കാണാം. ഒരു ഫംഗസ് ജെനുസിന് Subbaromyces എന്ന് പേരിട്ടതും ഭാരത സർക്കാർ 1995 -ൽ ഒരു സ്റ്റാമ്പ് ഇറക്കിയതും മാത്രമാണ് ഇതുവരെ ഇദ്ദേഹത്തിന്റെ പേര് ഓർത്തുവയ്ക്കാൻ നമ്മൾ ചെയ്തിട്ടുള്ളത്. അടുത്ത തവണ കീമോതെറാപ്പി എന്ന് കേൾക്കുമ്പോഴെല്ലാം നമുക്ക് ആധുനിക കീമോതെറാപ്പിയുടെ പിതാവായ യെല്ലപ്രഗത സുബ്ബറാവുനെ ഓർക്കാം.

നോട്ട്: അസൂയ മൂലം ഇദ്ദേഹത്തിന്റെ പല കണ്ടുപിടുത്തങ്ങളും ഇദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്തിരുന്ന Cyrus Fiske എന്ന ഒരാൾ ഒളിപ്പിച്ചു വയ്ക്കുകയും നശിപ്പിക്കുകയും ചെയ്തത് മൂലം യഥാർത്ഥത്തിൽ വേറെ എന്തൊക്കെ കണ്ടുപിടുത്തം യെല്ല നടത്തിയിട്ടുണ്ട് എന്നത് ഇന്നും ആർക്കും അറിയില്ല. ഇങ്ങനെ നശിപ്പിക്കപ്പെട്ട യെല്ല വേർതിരിച്ച പല ന്യൂക്‌ളിയോടൈഡ്സും പല വർഷങ്ങൾക്ക് ശേഷം ആണ് പിന്നീട് വേർതിരിച്ചെടുക്കാൻ കഴിഞ്ഞത്.

(Ref: The Emperor of all Maladies : Siddhartha Mukherjee)