ഇനിയൊരു 150 വര്‍ഷത്തില്‍ ഭൂമി വാസയോഗ്യമല്ലാതാകുമെന്നാണ് അനുമാനിക്കപ്പെടുന്നത്. പലരും ഭൂമിയുടെ അവസാനത്തെ കുറിച്ച് പല പ്രവചനങ്ങളും നടത്തുന്നു. അതുകൊണ്ട് തന്നെ മറ്റുള്ള ഗ്രഹങ്ങളില്‍ മനുഷ്യന് താമസിക്കാന്‍ സാധ്യമാണോ എന്ന് ഗവേഷണങ്ങളും, പഠനങ്ങളും നടന്നു വരികയാണ്. ചന്ദ്രനിലും, ചൊവ്വയിലും അതിനുള്ള സാധ്യതകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍. 

ഇതിന്റെ ഭാഗമായി ചൈന ചന്ദ്രനില്‍ ആദ്യമായി ഒരു പരുത്തി വിത്ത് മുളപ്പിച്ചു. ലോക ചരിത്രത്തില്‍ ആദ്യമായാണ് ഏതെങ്കിലും ജൈവവസ്തുക്കള്‍ ചന്ദ്രനില്‍ വളരുന്നത്. 'മൂവിംഗ് ടു മാര്‍സ്' എന്ന പരിപാടിയുടെ ഭാഗമായാണ് ചോങ്കിംഗ് സര്‍വകലാശാലയിലെ എഫ്.സി ജെങ്സിന്‍ ഇത് അവതരിപ്പിച്ചത്. ബഹിരാകാശത്തും, മറ്റ് ഗ്രഹങ്ങളിലും മനുഷ്യര്‍ക്ക് ദീര്‍ഘകാലം നിലനില്‍ക്കാന്‍ അനുവദിക്കുന്ന വിവിധ സാങ്കേതിക വിദ്യകള്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത് നടപ്പിലാക്കിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ മുമ്പ് സസ്യങ്ങള്‍ വളര്‍ത്തിയിട്ടുണ്ടെങ്കിലും, ചന്ദ്രനില്‍ ഇതാദ്യമായിട്ടാണ് സസ്യങ്ങള്‍ വളരുന്നത്.

ചന്ദ്രനില്‍ വിത്തുകള്‍ മുളപ്പിക്കുന്നതിനായി ഒരു സിലിണ്ടര്‍ ഗാര്‍ഡന്‍ കാപ്‌സ്യൂള്‍ ഗവേഷകര്‍ ഉണ്ടാക്കി. അതിനകത്തു പരുത്തിയുടെയും, ഉരുളക്കിഴങ്ങിന്റെയും, വിത്തുകളും, ഈച്ചയുടെ മുട്ടയും കുറച്ച് യീസ്റ്റും നിക്ഷേപിച്ചു. സൂര്യപ്രകാശം അകത്ത് കടക്കാനായി കാപ്‌സ്യൂളിന്റെ മുകളില്‍ ഒരു പൈപ്പ് നിര്‍മ്മിച്ചു, കൂടാതെ വിത്ത് കൃത്യമായ ഇടവേളകളില്‍ നനയ്ക്കാന്‍ ഒരു ജലസേചന സംവിധാനവും അവര്‍ ഉണ്ടാക്കി.

സിലിണ്ടറിനുള്ളിലെ അന്തരീക്ഷമര്‍ദ്ദം ഭൂമിയിലുള്ള പോലെ പാകപ്പെടുത്ി. ആന്തരിക താപനില 98 ° ഫാരന്‍ഹീറ്റില്‍ നിലനിര്‍ത്താന്‍ അവര്‍ പ്രത്യേക തണുപ്പിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചു. കാരണം, ചന്ദ്രനിലെ ബാഹ്യ താപനില 260 ° ഫാരന്‍ഹീറ്റാണ്. അതില്‍ സസ്യങ്ങള്‍ക്ക് അതിജീവിക്കാനാകില്ല. ഓരോ 10 മണിക്കൂറിലും വിത്തുകളുടെ പുരോഗതി ചിത്രീകരിക്കുന്നതിനും അവയുടെ വികസനം നിരീക്ഷിക്കുന്നതിനും ടീം രണ്ട് ബില്‍റ്റ്-ഇന്‍ ക്യാമറകളും ഘടിപ്പിച്ചു.

കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍, പരുത്തി വിത്തില്‍ നിന്ന് രണ്ട് ഇലകള്‍ മുളപ്പൊട്ടി. എന്നാല്‍ അതിന്റെ വേരുകള്‍ നേരെ താഴേക്ക് പോകാതെ വശങ്ങളിലേക്കാണ് വളര്‍ന്നത്. ആ ചെടിയെ 29 ദിവസത്തോളം നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞു. ചന്ദ്രനിലെ ഒരു പകലെന്നാല്‍ ഭൂമിയുടെ 29 ദിവസങ്ങളാണ്. ചന്ദ്രനില്‍, രാത്രികാല താപനില -279 ° ഫാരന്‍ഹീറ്റ് വരെ താഴെ പോകും. അതുകൊണ്ടു തന്നെ രാത്രി അതിന് അതിജീവിക്കാനായില്ല.

ഈ നേട്ടത്തില്‍ ടീമംഗങ്ങള്‍ വളരെ അഭിമാനിക്കുന്നു. ഇത് ഭാവിയില്‍ ബഹിരാകാശയാത്രികര്‍ക്കോ, ബഹിരാകാശ സഞ്ചാരികള്‍ക്കോ സസ്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഓക്‌സിജന്‍ ശ്വസിക്കാനും അവിടെ ജീവിക്കാനും, അവസരമൊരുക്കുമെന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്.