പ്രിയപ്പെട്ട അമ്മേ,
ആ പശുക്കളെ അന്നേ വിറ്റത് നന്നായി. നാല് പശുക്കളുണ്ടായിരുന്നില്ലേ നമുക്ക്. രണ്ട് വെളുത്ത കറാച്ചിപശുക്കള്‍. മൂന്നോ നാലോ ലിറ്റര്‍ പാലാണ് കിട്ടിയിരുന്നത്. കോമ്പയില്‍ നിന്ന് വാങ്ങിയ തമിഴത്തി രണ്ട് നേരംകൂടെ കറന്നാല്‍ ഏഴ് ലിറ്റര്‍. വലിയ വിലകൊടുത്തുവാങ്ങിയ ജേഴ്സിപ്പശു പതിനഞ്ച് ലിറ്റര്‍ പാലുമായി വിലസി, അല്ലേ...?


അമ്മേ, 
വിശാലമായ പറമ്പിലും പാടത്തുമായി അവരങ്ങനെ മേഞ്ഞുനടക്കുന്നത് എനിക്ക് നല്ല ഓര്‍മ്മയുണ്ട്. ഞങ്ങളെ പഠിപ്പിക്കനും പെങ്ങമ്മാരുടെ കല്യാണത്തിനും സഹകരണബാങ്കിലെ കടംവീട്ടാനുമായി പറമ്പു മുക്കാലും വിറ്റു. പോറ്റാനുള്ള ഇടംകുറഞ്ഞപ്പോള്‍ കറവവറ്റിയ പശുക്കളെ ഒന്നൊന്നായി വിറ്റു. അകിടുവീക്കം വന്ന് ജഴ്സിപ്പശുവിന്റെ കറവ നിന്നപ്പോള്‍ നിസാരവിലയ്ക്ക് ഏതോ തോല്‍ വ്യാപാരിയാണ് വാങ്ങിക്കൊണ്ടുപോയത്.


അമ്മേ, 
ഇന്നായിരുന്നെങ്കില്‍ വൃദ്ധരും രോഗികളുമായി നാലുപശുക്കളെയും അവയുടെ സന്തതിപരമ്പരകളെയും നോക്കി മുടിഞ്ഞ് കുത്തുപാളയെടുത്തേനെ. നിരന്നു നില്‍ക്കാന്‍ സ്ഥലമില്ലാത്ത നമ്മുടെ പഴയ തൊഴുത്ത് പുതുക്കിപ്പിപ്പണിയാന്‍ കിടപ്പാടം വില്‍ക്കേണ്ടിവന്നേനെ. വിറ്റും ഭാഗംവെച്ചും വിസ്താരംകുറഞ്ഞ പുരയിടത്തില്‍ പശുക്കള്‍ മേയാന്‍ പെടാപ്പാടുപെട്ടേനെ, അവറ്റയുടെ വയറുനിറക്കാന്‍ അമ്മയും. പശുക്കളെ പട്ടിണിക്കിട്ടതിന് അമ്മ ചിലപ്പോള്‍....


അമ്മേ,
പശുവളര്‍ത്തല്‍ നിര്‍ത്തിയത് നന്നായി. അകിടുവീക്കം വന്ന് രോഗിയായ നമ്മുടെ ജഴ്സിപ്പശുനെ അച്ഛന്‍ പതിനയ്യായിരം രൂപക്കല്ലെ അന്ന് വാങ്ങിയത്.? വിറ്റത് എനിക്കോര്‍മ്മയുണ്ട് എഴുനൂറ്റമ്പത് രൂപക്ക്. തോല്‍ വിലയാണെത്രെ.! ഇന്നായിരുന്നെങ്കില്‍..... ആര് വാങ്ങാന്‍.? ചികില്‍സിക്കാനുള്ള ചെലവ്? പശു മരിച്ചാല്‍...ജഴ്സിപ്പശുവിന്റെ മരണം ആത്മഹത്യയോ കൊലപാതകമോ... ? സചിത്ര ഫീച്ചറില്‍ അമ്മ മുഖം കുനിച്ച് നില്‍ക്കുന്നത്....ഹോ! ഓര്‍ക്കാനേ വയ്യ.